Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാനങ്ങൾക്കൊപ്പം അഭിനയ സ്പർശം

Reshmi Satheesh

ഗായിക എന്നാൽ മധുര ശബ്ദത്തിനുടമ എന്ന വാർപ്പ് മാതൃകകളെ പൊളിച്ചെറിഞ്ഞുകൊണ്ടാണ് രശ്മിയുടെ നാടൻ ചൂരുള്ള ശബ്ദം മലയാള സിനിമ കേട്ടത്. ഉറുമിയിലെ പാട്ടിലൂടെ ലഭിച്ചത് രശ്മി എന്ന ഗായികയെയാണെങ്കിൽ 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചത് നല്ലൊരു നടിയെയാണ്. ഉറുമി, ചാപ്പാ കുരിശ്, ബാച്ച്ലർ പാർട്ടി, മാറ്റിനി, ഖൂബ്സൂരത്ത് എന്നി ചിത്രങ്ങളിലെ രശ്മിയുടെ വേറിട്ട ശബ്ദം വളരെ അധികം ശ്രദ്ധിക്കപ്പെട്ടു. സൗണ്ട് റിക്കാഡിസ്റ്റായി സിനിമയിലെത്തി, ഗായികയും നടിയുമായി മാറിയ രശ്മി സതീഷ് മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

കുട്ടിക്കാലം മുതലേ കർണ്ണാടക സംഗീതം

കുട്ടിക്കാലം മുതലേ കർണ്ണാടക സംഗീതം അഭ്യസിക്കുന്നുണ്ട്. തിരുവനന്തപുരത്ത് പാറശാലയാണ് സ്വദേശം, തമിഴ്നാട്ടുകാരൻ മുത്തയ്യ ഭാഗവതരായിരുന്നു ആദ്യ ഗുരു. പിന്നീട് സ്വാമിനാഥൻ, ജയചന്ദ്രൻ, സരോജിനി ടീച്ചർ, ആലപ്പി ശ്രീകുമാർ തുടങ്ങിയവരുടെ കീഴിൽ സംഗീതം പഠിച്ചിട്ടുണ്ട്.

Reshmi Satheesh

നാടൻ പാട്ടുകളോട് താൽപര്യം

വയനാട്ടിലാണ് എംഎസ്ഡബ്ല്യു പഠിച്ചത്. സോഷ്യൽ വർക്കിന്റെ ഭാഗമായി വയനാട്ടിലെ ആദിവാസികളുടെ ഇടയിൽ പ്രവർത്തിച്ചിട്ടുണ്ട്. അങ്ങനെയാണ് നാടൻ പാട്ടുകളോടുള്ള താൽപര്യം തുടങ്ങുന്നത്. ഒരുപാട് പാട്ടുകൾ ശേഖരിച്ചിട്ടുണ്ട്. അവ പാടാറുമുണ്ട്. അത്തരത്തിൽ ലഭിച്ചൊരു ഗാനമായിരുന്നു ഇനിവരുന്നൊരു തലമുറയ്ക്ക് എന്ന ഗാനം.

സോഷ്യൽ മീഡിയ താരമാക്കി

ആദിവാസികളുടെ നിൽപ്പുസമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ വെച്ചാണ് ആ ഗാനം പാടിയത്. മുൻപ് പലവട്ടം ഞാൻ പാടിയിട്ടുണ്ടെങ്കിലും അവിടെ പാടിയതാണ് ലോകം ഏറെ അറിഞ്ഞത്. വയനാട്ടിൽ പഠിക്കുന്ന സമയത്ത് ട്വൽത്ത് അവേഴ്സ് സോങ് എന്ന പേരിൽ ഇനിവരുന്നൊരു തലമുറയ്ക്ക് ഒരു മ്യൂസിക്ക് വിഡിയോയാക്കിയിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ യൂട്യൂബിൽ നിന്നത് നീക്കം ചെയ്യേണ്ടി വന്നു. വളരെ അവിചാരിതമായാണ് നിൽപ്പ് സമരത്തിൽ ആ ഗാനം പാടുന്നത്, അന്നെടുത്ത വിഡിയോ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ചില അവസരങ്ങളിൽ ആ ഗാനത്തിന്റെ പേരിൽ അറിയപ്പെടുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ വഴി പാട്ടിന് ലഭിച്ച പ്രചാരം ചെറുതല്ല.

നാടൻ പാട്ടുകാരി മാത്രമാക്കരുത്

നാടൻ പാട്ടുകളോടുള്ള താൽപര്യം മൂലം അത്തരത്തിലുള്ള പാട്ടുകൾ ശേഖരിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഒരു നാടൻ പാട്ടുകാരി എന്ന ലേബലിൽ മാത്രം അറിയപ്പെടാൻ താൽപര്യമില്ല. എല്ലാത്തരത്തിലുള്ള പാട്ടുകളും ഇഷ്ടമാണ്. എന്റെ സിനിമാ ഗാനങ്ങൾ ഒരെണ്ണം മാത്രമേ നാടൻ ശൈലിയിലുള്ളു, ബാക്കിയെല്ലാം വ്യത്യസ്ത ശൈലിയിലുള്ള പാട്ടുകളാണ്. തമിഴിലും ഹിന്ദിയിലും പാടിയിട്ടുണ്ട്. അടുത്തിടെ സോനം കപൂർ നായികയായി പുറത്തിറങ്ങിയ ഖൂബ്സൂരത്ത് എന്ന ചിത്രത്തിലെ എഞ്ചിൻ കീ സീട്ടി എന്ന ഗാനം സുനീതി ചൗഹാനോടൊപ്പം ആലപിച്ചു. അതുകൊണ്ട് തന്നെ നാടൻ പാട്ടുകളല്ല എല്ലാ തരത്തിലുമുള്ള പാട്ടുകൾ പാടാൻ ഇഷ്ടമാണ്.

ഞാനൊരു സോഷ്യൽ ബീയിങ്

ഇനി വരുന്നൊരു... ഈ പാട്ട് കേട്ട് ഞാൻ വലിയ സോഷ്യൽ വർക്കറാണെന്ന് ധരിച്ചവരുണ്ട്. പരിസ്ഥിതി പ്രശ്നങ്ങൾക്ക് പരിപാടി അവതരിപ്പിക്കാൻ എന്നെ വിളിക്കാറുമുണ്ട്. സത്യത്തിൽ ഞാനൊരു ഫുൾ ടൈം സോഷ്യൽ ആക്ടിവിസ്റ്റൊന്നുമല്ല ഒരു സോഷ്യൽ ബീയിങ്ങാണ്. സംഗീതത്തിൽ എന്റേതായ വഴിയെ സഞ്ചരിക്കാനിഷ്ടപ്പെടുന്ന ആളാണ് ഞാൻ. എന്നാൽ ചില കാര്യങ്ങളിൽ എന്നെക്കൊണ്ടാകുന്ന രീതിയിൽ മനുഷ്യൻ എന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നു എന്നുമാത്രം.

Reshmi Satheesh ആഷിഖ് അബുവും രശ്മിയും 22എഫ്കെയുടെ ചിത്രീകരണത്തിനിടയിൽ

സംഗീതമാണ് എന്റെ ലോകം

ആഷിഖ് അബുവിന്റെ 22 ഫീമെയിൽ കോട്ടയം, ഇടുക്കി ഗോൾഡ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. എന്നാൽ 22 ഫീമെയിൽ കോട്ടയത്തിലെ സുബൈദ എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. അവിചാരിതമായാണ് അഭിനയത്തിലെത്തിയത്, സംഗീതമാണ് എന്റെ ലോകമെങ്കിലും നല്ല വേഷം കിട്ടിയാൽ ഇനിയും അഭിനയിക്കും. നാടക– സിനിമാനടി നിലമ്പൂർ ആയിഷയെക്കുറിച്ചെടുത്ത‘അഭിനേത്രി‘ എന്ന ഡോക്യുമെന്ററിയിലും സമീർ താഹിറിന്റെ ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി‘യിലും സഹസംവിധായികയായി പ്രവർത്തിച്ചിട്ടുണ്ട്. ഷോർട്ട്ഫിലിം, കോർപറേറ്റ് ഫിലിം, പരസ്യചിത്രം എന്നിവയിൽ സൗണ്ട് റെക്കോഡിസ്റ്റായിട്ടുമുണ്ട്.

മകരമഞ്ഞിലൂടെ സിനിമയിലേക്ക്

സിനിമയിൽ ആദ്യമെത്തുന്നത് സൗണ്ട് റെക്കോർഡിസ്റ്റായിട്ടാണ്. കൊൽക്കത്ത സത്യജിത്ത് റേ ഫിലിം ആന്റ് ടെലിഷൻ ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് ഓഡിയോഗ്രാഫി പൂർത്തിയാക്കി. 2011 ൽ പുറത്തിറങ്ങിയ ലെനിൻ രാജേന്ദ്രന്റെ മകരമഞ്ഞ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേയ്ക്കെത്തുന്നത്. ചിത്രത്തിലെ നായകനായ സന്തോഷ് ശിവനുമായുള്ള പരിചയമാണ് ഉറുമിയിൽ എത്തിക്കുന്നത്. ഉറുമിലെ രണ്ട് പാട്ടുകൾ പാടി. തുടർന്ന് ഉറുമി, ചാപ്പാകുരിശ്, ബാച്ചിലർ പാർട്ടി, മാറ്റിനി, സൗണ്ട്തോമ, റാസ്പ്പുട്ടിൻ, സന്തോഷ് ശിവന്റെ സിലോൺ (തമിഴ്), ഖൂബ്സൂരത്ത് (ഹിന്ദി) തുടങ്ങിയ സിനിമകളിൽ പാടിയിട്ടുണ്ട്.

സ്വതന്ത്ര സംഗീതത്തോട് കൂടുതൽ താൽപര്യമുണ്ട്

ഒരു കാലത്ത് നമ്മുക്കിടയിൽ സ്വതന്ത്ര സംഗീതത്തിൽ വളരെ സ്വീകാര്യതയുണ്ടായിരുന്നു, എന്നാൽ പിന്നീട് അവയുടെ ജനപ്രിയത കുറയുകയുണ്ടായി എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറി വരുകയാണ് ഒരുപാട് ബാൻഡുകളും സ്വതന്ത്ര ഗായകരും ഷോകളുമെല്ലാം വരുന്നുണ്ട്. അതൊരു പോസിറ്റീവ് സൈനായിട്ടാണ് കാണുന്നത്. സ്വതന്ത്ര ഗാനങ്ങളോട് എന്നും താൽപര്യമുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പ് തെയ്യേ എന്ന സിംഗിൾ പുറത്തിറക്കിയിരുന്നു. വിവേക് രാജഗോപാലൻ എന്ന സംഗീതജ്ഞനുമായി ചേർന്നായിരുന്നു ആ സിംഗിൾ പുറത്തിറക്കിയത്. അതുപോലെ വ്യത്യസ്ത സംഗീതജ്ഞരുമായി ചേർന്ന് സിംഗിളുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഒരു ബാൻഡ് തുടങ്ങാനും ലൈവ് പെർഫോമൻസ് നത്താനും ആഗ്രഹമുണ്ട്. പക്ഷേ, അതെപ്പോൾ നടക്കുമെന്ന് പറയാനാകില്ല.

Reshmi Satheesh

സന്തോഷകരമായൊരു യാത്രയാണ് സംഗീതം

സംഗീതം സന്തോഷകരമായൊരു യാത്രയായിട്ടാണ് തോന്നിയിട്ടുള്ളത്. ചെറുപ്പത്തിൽ കച്ചേരികൾ അവതരിപ്പിച്ചു. പിന്നീട് പല തരത്തിലുള്ള സംഗീതത്തെപറ്റി അറിഞ്ഞു. ചിലപ്പോൾ പഠിച്ചതെല്ലാം വഴിയിലുപേക്ഷിക്കും, ചിലപ്പോൾ അവയെല്ലാം കൂടെകൊണ്ടുപോകും... ഒന്നും പ്രവചിക്കാനാവാത്ത കാര്യങ്ങളാണ്. സംഗീതത്തിന്റെ അപരിചിതത്വം നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കാനാണിഷ്ടം. ഇതുവരെ പഠിച്ച സംഗീതത്തിൽ നിന്നെല്ലാം ചേർത്ത് എന്റേതായ ഒരു ശൈലി രൂപപ്പെടുത്തണമെന്ന് ആഗ്രഹമുണ്ട്.

ആലാപനത്തിലെ ഭാവാംശത്താൽ ഗായികയായും കഥാപാത്രത്തിലൂടെ അഭിനേത്രിയായും അറിയപ്പെടുകയെന്നത് അപൂർവ്വം ചിലർക്ക് മാത്രം ലഭിക്കുന്ന സൗഭാഗ്യമാണ്, ആ ഭാഗ്യം ലഭിച്ചയാളാണ് രശ്മി സതീഷ്, ഇനിയും നിരവധി ഗാനങ്ങൾക്കൊണ്ടും വ്യത്യസ്ത കഥാപാത്രങ്ങൾക്കൊണ്ടും രശ്മി വിസ്മയിപ്പിക്കട്ടേ...