Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡ് സിനിമകളുടെ 'ശബ്ദം' ഈ തലശേരിക്കാരൻ

shajith2 ഷജിത്

ഷജിത്തിന്റെ ഹൃദയത്തിൽ തുടിക്കുന്നത് തലശ്ശേരിയുടെ താളമാണ്. സഹപാഠികൾ പ്രസരിപ്പോടെ ഓടിനടന്ന സമയത്ത് രോഗബാധിതനായി ഇരുന്നു പോയവന്റെ മനസ്സിൽ ഉറഞ്ഞുകൂടിയ താളമാണത്. രോഗം മൂലം പ്രീഡിഗ്രി പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും മനസ്സിനുള്ളിലെ താളം ഷജിത്തിനെ എത്തിച്ചത് ഇന്ത്യയുടെ നെറുകയിൽ.

ബോളിവുഡിൽ ഇന്നിറങ്ങുന്ന മിക്ക വമ്പൻ സിനിമകളുടെയും പിന്നിൽ ഈ തലശ്ശേരിക്കാരനുണ്ട്. ബ്ലാക്ക്, സാവരിയ, ഡാം 999, ബർഫി, തൽവാർ, ഹൈദർ, തലാഷ്, ഇഷ്ഖിയ തുടങ്ങി 60ൽ അധികം സിനിമകൾക്കെല്ലാം ശബ്ദസൗന്ദര്യം നൽകിയത് ഷജിത്താണ്. തലശ്ശേരി ബ്രണ്ണൻ കോളജിൽ പ്രീഡിഗ്രി പഠനം ഇടയ്ക്കുവച്ച് നിർത്തിയപ്പോൾ, എന്നന്നേക്കുമായി വീടിനുള്ളിൽ കഴിയേണ്ടി വരുമെന്ന് കരുതിയതാണ്. എന്നാൽ ഷജിത്തിന് ജീവിതം ഒരുക്കിവച്ചത് തളം കെട്ടിനിന്ന നിശ്ശബ്ദതയ്ക്കപ്പുറമുള്ള സൗഭാഗ്യം.

തലശ്ശേരി സെന്റ് ജോസഫ്സ് സ്കൂളിൽ ഏതൊരു വിദ്യാർഥിയെയും പോലെ പാറിപ്പറന്നു നടന്ന കാലത്താണ് പേശികൾക്കും ശരീരഭാഗങ്ങൾക്കും വേദന അനുഭവപ്പെടുന്നതായി ശ്രദ്ധയിൽപ്പെടുന്നത്. റൂമറ്റോയിഡ് ആർത്തറൈറ്റിസ് എന്ന അസുഖത്തിന്റെ ആരംഭമായിരുന്നു. മനസ്സിനൊപ്പം ശരീരം സഞ്ചരിക്കില്ലെന്ന് സ്വയം തിരിച്ചറിയാൻ ആറുമാസം വേണ്ടി വന്നു. പിന്നീടുള്ള പല ദിവസങ്ങളിലും വീട്ടിനുള്ളിൽ തന്നെയിരുപ്പായി. യാത്രകളൊക്കെ കുറഞ്ഞു. പഠനം മുടങ്ങി. ചുറ്റുമുള്ള ലോകം അതിവേഗത്തിൽ കുതിച്ചപ്പോൾ താൻ മാത്രം ഒറ്റയ്ക്കാകുമെന്ന് ഷജിത്തിനെ തോന്നിപ്പിക്കാഞ്ഞത് ചില പുസ്തകങ്ങളും കൂട്ടുകാരുമാണ്.

തലശ്ശേരി പുന്നോലിലെ ശ്രീനാരായണ വായനശാലയിൽ ചുറ്റിലുമുള്ള ‌ഷെൽഫിൽ ആയിരക്കണക്കിനു കൂട്ടുകാർ ഷജിത്തിന് ഒപ്പം കൂടി. മൂന്നു വർഷത്തോളം ഈ ഇഷ്ടക്കാരുടെ കാര്യസ്ഥനായി. അങ്ങനെ ഷജിത്തിനു പ്രാദേശിക മാസികകൾ മുതൽ ലോകസാഹിത്യ കൃതികൾ വരെ കട്ടക്കമ്പനിക്കാരായി!

വണ്ടി കയറി മുംബൈയിലേക്ക്

സഹോദരിയോടൊപ്പം മുംബൈയിലേക്കുള്ള ഒരു യാത്രയാണ് ജീവിതം മാറ്റിമറിച്ചത്. ആദ്യം മടിയായിരുന്നു. പുന്നോലിലെ പുസ്തകക്കമ്പനി വിട്ട് എവിടെയും പോകാൻ ഷജിത്തിനെ മനസ്സനുവദിച്ചിരുന്നില്ല. ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നതിനാൽ സ്വന്തമായി പാകപ്പെടുത്തിയ ചുറ്റുപാടിൽ ഒതുങ്ങിക്കൂടാൻ പലതവണ തോന്നിയെങ്കിലും മനസ്സിന്റെ ഏതോ കോണിൽ ഒളിപ്പിച്ചുവച്ച ഊർജം കവിഞ്ഞൊഴുകി. ഒടുവിൽ ചേച്ചിക്കൊപ്പം മുംബൈയിലേക്ക്. ഒരു ദിവസമെന്നു പറഞ്ഞാണ് യാത്ര തുടങ്ങിയതെങ്കിലും അത് നീണ്ടത് നാലു മാസക്കാലം. ജീവിതത്തിലെ ഏറ്റവും നിർണായകമായ സമയമെന്നാവും ഷജിത്ത് അതിനെ വിശേഷിപ്പിക്കുക.

ചരിത്രം മാറ്റിയ ആ ‘ നോ’

മുംബൈയിൽ എത്തിപ്പെട്ടതിന്റെ പരിഭ്രമവും ഭയവും ആദ്യദിനങ്ങളിൽ പലതവണ അസ്വസ്ഥനാക്കി. താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ബാൽക്കണിയായിരുന്നു പുറംലോകവുമായുള്ള ഏക ബന്ധം. ദിവസവും രാവിലെയും വൈകിട്ടും ഫ്ലാറ്റിനു മുന്നിലൂടെ പോകുന്ന ഒരു പെൺകുട്ടിയിൽ കണ്ണുകളുടക്കി. അവളുമായുള്ള പരിചയം ഷജിത്തിനെ നയിച്ചത് ആ നഗരത്തിലെ മറ്റനേകം സൗഹൃദങ്ങളിലേക്ക്. മനസ്സില്ലാമനസ്സോടെ മുംബൈയിലെത്തിയ ഷജിത്തിനെയുമായി ചേച്ചി തിരിച്ചു നാട്ടിലേക്കു മടങ്ങാൻ തുടങ്ങിയ ദിവസം ഷജിത്തിന്റെ മറുപടി ഒരു വലിയ നോ ആയിരുന്നു. അതു പിന്നെ ചരിത്രമായി. മുംബൈയിൽ തനിച്ചായതോടെ കാര്യങ്ങളൊക്കെ സ്വന്തമായി ചെയ്തു തുടങ്ങി. പുത്തൻ സൗഹൃദങ്ങൾ നൽകിയ ഊർജം കരുത്തായി. തലശ്ശേരി മുതലേ തനിക്കടുത്തറിയാവുന്ന പ്രമുഖ സൗണ്ട് ഡിസൈനർ പി.എം.സതീഷിനെ വെറുതെയൊരു ദിനം ഫോൺ ചെയ്തു. അന്ധേരിയിൽ തന്റെ സ്റ്റുഡിയോയിലേക്ക് വരാനായിരുന്നു സതീഷിന്റെ ഉപദേശം. ഒരു ദിവസത്തേക്കായി അന്ധേരിയിലേക്ക് പോയ ഷജിത്ത് മാറിയിടാൻ ഒരു ജോടി വസ്ത്രം പോലുമില്ലാതിരുന്നിട്ടും തിരിച്ചെത്തിയത് ഏഴു ദിവസങ്ങൾക്കുശേഷം.!

ഇന്ത്യയിലെ തന്നെ ആദ്യത്തെ സൗണ്ട് ഡിസൈൻ സ്റ്റുഡിയോയിൽ അന്നു കേട്ട ശബ്ദങ്ങൾ ഇന്നും ഷജിത്തിന്റെ ഓർമയിലുണ്ട്. നാലു മാസങ്ങൾക്കു ശേഷം നാട്ടിൽ തിരിച്ചെത്തിയ ശേഷം അപ്രതീക്ഷിതമായാണ് സതീഷിന്റെ കോൾ വീണ്ടുമെത്തുന്നത്. മുംബൈയിലേക്ക് തിരികെ വരാനായിരുന്നു ക്ഷണം. ഒരു ഓഫിസ് ജോലിയായിരുന്നു പരമാവധി പ്രതീക്ഷ. ശബ്ദത്തിന്റെ ലോകത്തിലേക്കുള്ള യാത്രയായിരുന്നു അതെന്ന് വളരെ വൈകിയാണറിഞ്ഞത്. പ്രീഡിഗ്രി പോലും പൂർത്തീകരിക്കാത്ത തനിക്ക് പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിച്ചവരുടെ ഒപ്പമെത്താമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ലെന്ന് ഷജിത്ത് കരുതിയ ദിവസങ്ങൾ.

പൂജ്യത്തിൽ നിന്നു തുടങ്ങി

കംപ്യൂട്ടറിൽ തൊടാൻ പോലും പേടിയായിരുന്നു, പിന്നെയല്ലേ സൗണ്ട് ഡിസൈനിങ് സോഫ്റ്റ്‌വെയറുകൾ. "കൂടെയുള്ളവരെ പോലെയായിരുന്നില്ല, ഞാൻ പൂജ്യത്തിൽ നിന്നു തുടങ്ങുകയായിരുന്നു." രാപകലില്ലാത്ത പ്രയത്നത്തിന്റെ നാളുകൾ. ജോലി കൂടിയതോടെ അൽപം ഭേദമായിരുന്ന അസുഖം വീണ്ടും പിടിമുറുക്കി. രോഗത്തിന്റെ മുന്നിൽ അടിയറവു പറഞ്ഞാൽ താൻ കൈവിടുന്നത് ജീവിതത്തിലെ സുവർണ അവസരമാണെന്ന് മനസ്സ് പറഞ്ഞു.

പുരസ്കാര പ്രഭ!

വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത് അജയ് ദേവ്ഗൺ, സെയ്ഫ് അലി ഖാൻ, വിവേക് ഒബ്റോയ്, കരീന കപൂർ എന്നിവർ താരങ്ങളായ
ഓംകാര എന്ന ചിത്രത്തിലെ സൗണ്ട് ഡിസൈനിന് 2006 ൽ ഷജിത്തിനെ തേടി ദേശീയ പുരസ്കാരവും ഫിലിം ഫെയർ അവാർഡുകളും എത്തി. ശബ്ദത്തിന്റെ ആധിക്യം സിനിമയെ കൂടുതൽ സ്വീകാര്യമാക്കുമെന്ന തെറ്റുധാരണ നിലനിന്ന സമയത്താണ് നിശ്ശബ്ദത പോലും സൗന്ദര്യമാണെന്ന് ഷജിത്ത് തെളിയിച്ചത്. മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഒരു സിനിമയെ നശിപ്പിക്കാനും കൂടുതൽ മെച്ചപ്പെടുത്താനും അതിന്റെ സൗണ്ട് ഡിസൈനിന് കഴിയുമെന്നാണ് ഷജിത്തിന്റെ തിയറി. പ്രേക്ഷകരുടെ മൂഡ് നശിപ്പിക്കാതെ ശബ്ദം ദൃശ്യങ്ങളുമായി ഇഴുകിച്ചേരണം. നടന്നുപോകുമ്പോൾ കാലടികളുടെ ശബ്ദം നാം കേൾക്കാതെ പോകുന്നതു പോലെ ശബ്ദം അതിലലിഞ്ഞുതീരണം.

shajith1 ഷജിത്

അവിടെ നിന്നിങ്ങോട്ട് ഹൈദർ വരെയുള്ള സിനിമകളിൽ നിശ്ശബ്ദതയുടെ സൗന്ദര്യം പകർന്നുനൽകുകയായിരുന്നു ലക്ഷ്യം. തൊണ്ണൂറുകളിലെ കശ്മീർ പശ്ചാത്തലമാക്കിയ ഹൈദറിൽ ശബ്ദം സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ സിനിമ മുഴുവനായി പാളുമായിരുന്നുവെന്ന് ഷജിത്ത് പറയുന്നു.

ഡാം 999 ൽ സൗണ്ട് ഡിസൈനിങ്ങിനു വേണ്ടി സോഹൻ റോയ് ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്തെന്ന് ഷജിത്ത് ഓർമിക്കുന്നു. ഡാം പൊട്ടുന്ന ശബ്ദം ഉണ്ടാക്കിയെടുക്കുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഡാം പൊട്ടുന്നതിന്റെ ശബ്ദം എങ്ങനെയെന്ന് ആരും കേട്ടിട്ടില്ലാത്തതിനാൽ നല്ല ഗവേഷണം തന്നെ ആവശ്യമായി വന്നു. പല ശബ്ദങ്ങൾ മാറി മാറി ഉപയോഗിച്ചു നോക്കി. പലപ്പോഴും സ്റ്റുഡിയോയിൽ ഒപ്പമിരുന്നവർ ചിരിച്ച സന്ദർഭങ്ങളുമുണ്ട്.

ഇഷ്ഖിയയുടെ ‘വിദ്യ’

ഇഷ്ഖിയ'യിൽ വിദ്യാ ബാലനും അർഷദ് വാർസിയും തമ്മിലുള്ള ചൂടൻ ചുംബനരംഗം ഷജിത്തിന്റെ മാസ്റ്റർപീസാണ്. പശ്ചാത്തലസംഗീതമുപയോഗിക്കാതെ ക്ലോക്കിന്റെ ടിക് ടിക് ശബ്ദം, കഥാപാത്രങ്ങളുടെ ശ്വാസോച്ഛ്വാസം, വസ്ത്രങ്ങൾ കൂട്ടിയുരുമ്മുന്ന ശബ്ദം എന്നിവ മാത്രമുപയോഗിച്ചാണ് ആ രംഗം പൂർത്തിയാക്കിയത്. പ്രേക്ഷകർക്ക് അത് നന്നേ ഇഷ്ടപ്പെടുകയും ചെയ്തു.

ട്രാഫിക്കിനും ഷജിത്ത്!

രാജേഷ് പിള്ളയുടെ 'ട്രാഫിക്' കണ്ടപ്പോൾ മനസ്സിൽ ആഗ്രഹിച്ചതാണ് ഇതിന്റെ ഹിന്ദി പതിപ്പിറങ്ങിയാൽ അതിനു സൗണ്ട് ഡിസൈൻ ചെയ്യണമെന്ന്. ഒരു നിയോഗം പോലെ അത് ഷജിത്തിന്റെ പക്കൽ എത്തുകയും ചെയ്തു. ഹിന്ദി പതിപ്പിന്റെ ചിത്രീകരണം നാളുകൾക്കു മുൻപ് കഴിഞ്ഞെങ്കിലും സിനിമ പുറത്തിറങ്ങാൻ വൈകി. രാജേഷ് പിള്ളയുമായി വളരെ നല്ല സുഹൃദ് ബന്ധം സ്ഥാപിച്ചിരുന്നു. പോസ്റ്റ് പ്രൊഡക്‌‌‌‌‌ഷൻ വർക്കുകൾ പൂർത്തീകരിക്കുന്ന സമയത്തായിരുന്നു വിയോഗം. രാജേഷ് അടുത്തില്ലാതെ ആ ചിത്രം പൂർത്തീകരിക്കുന്നത് വേദനാജനകമായിരുന്നു.

കാണാത്തതും കേൾപ്പിക്കും

shajith തൽവാർ എന്ന ചിത്രത്തിനുള്ള ഫിലിം ഫെയർ പുരസ്കാരം ഏറ്റുവാങ്ങുന്ന ഷജിത്

അധികം യാത്രകൾ ചെയ്യാതെ എങ്ങനെയാണ് ദൂരെയുള്ള സ്ഥലങ്ങളിലെ ശബ്ദങ്ങൾ സിനിമയിൽ കൊണ്ടുവരാൻ സാധിക്കുന്നത് എന്ന ചോദ്യത്തിന് പുഞ്ചിരിയാണ് മറുപടി. വായനയും ഗവേഷണവും സ്വതസിദ്ധമായ നിരീക്ഷണ പാടവവുമാണ് ഇതിനു സഹായകമാവുക. 15 പാർക്ക് അവന്യു എന്ന ചിത്രത്തിൽ കങ്കണാ സെൻ ശർമ സ്കിസോഫ്രീനിയ ബാധിച്ച ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അത്തരമൊരാൾ കേൾക്കുന്ന ശബ്ദം എങ്ങനെയാവും എന്ന് യാതൊരു പിടിയുമില്ലായിരുന്നു. ധാരാളം ചർച്ചകളും വായനയും വേണ്ടിവന്നു. സഫലമായ 17 വർഷങ്ങൾ പിന്നിടുമ്പോൾ ഷജിത്തിന്റെ മുഖത്ത് ആത്മവിശ്വാസത്തിന്റെ തിരയിളക്കം. ഇന്ന് ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള സൗണ്ട് ഡിസൈനർമാരുടെ പട്ടികയിൽ മുൻപിൽ തന്നെയുണ്ട് ഈ മലയാളി.

ഇപ്പോഴും തലശ്ശേരിക്കാരൻ

മുംബൈയിലെ സ്റ്റുഡിയോയിലെ തിരക്കിട്ട ഷെഡ്യൂളുകൾക്കിടയിൽ തലശ്ശേരിയിലെ വീട് ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് ഷജിത്ത്. അമിതാഭ് ബച്ചൻ, വിദ്യാബാലൻ എന്നിവർ അഭിനയിക്കുന്ന തീൻ എന്ന ചിത്രത്തിന്റെ അവസാനവട്ട മിനുക്കുപണികളിലാണിപ്പോൾ. സെയ്ഫ് അലീഖാൻ, കങ്കണാ റണാവത് എന്നിവർ താരങ്ങളാകുന്ന രംഗൂണും അമീർ ഖാൻ നായകനാകുന്ന ദംഗാലുമാണ് ചാർട്ടിലടുത്ത്. ഇവയ്ക്കു പുറമെ, 13ാം വയസ്സിൽ എവറസ്റ്റ് കൊടുമുടി കീഴടക്കിയ മലാവത് പൂർണ എന്ന പെൺകുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി രാഹുൽ ബോസ് പുറത്തിറക്കുന്ന ചിത്രം ചെയ്യുന്നതും ഷജിത്ത് തന്നെ. ജീവിതമെന്ന എവറസ്റ്റ് നടന്നു കയറിയ ഷജിത്തല്ലാതെ ഇത് ചെയ്യാൻ മറ്റാരാണു യോഗ്യൻ?