Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാക്കോച്ചന് ശങ്കർ മഹാദേവനുമായി സൂരജ്

sooraj-chakochan

വള്ളീം തെറ്റി പുള്ളീം തെറ്റിയെന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കു സൂരജ് എസ് കുറുപ്പിന്റെ കടന്നുവരവ്. ആദ്യ ചിത്രത്തിലെ ഗാനങ്ങൾ മാത്രമല്ല പശ്ചാത്തല സംഗീതവും ചെയ്തു തീർത്ത് പ്രശംസ നേടി ഈ നവാഗത പ്രതിഭ. ഈണങ്ങളുടെ ചേലും ഫ്രെയിമുകളുടെ വികാരത്തോടു ചേർന്നു നിൽക്കുന്ന പശ്ചാത്തല സംഗീതവും പിന്നെയും സൂരജിലേക്കു സിനിമകളെത്തിച്ചു. സൂരജിനു തന്നെ അത്ഭുതമായിക്കൊണ്ട്. ഇപ്പോഴിതാ ശങ്കർ മഹാദേവനെ കൊണ്ടൊരു ഗാനം പാടിക്കുവാനുമായി സൂരജിന്.

ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിനായാണു സൂരജ് രണ്ടാമത് സംഗീതമൊരുക്കിയത്. തീർത്തും അപ്രതീക്ഷിതമായി വന്നൊരു അവസരമായിരുന്നു അത്. ഷാൻ റഹ്മാനായിരുന്നു സംഗീത സംവിധായകൻ. എന്നാൽ അവസാന നിമിഷം ഷാനിനു തിരക്കായതിനാൽ പശ്ചാത്തല സംഗീതമൊരുക്കുവാനുള്ള ചുമതല സൂരജിനു നൽകുകയായിരുന്നു. പശ്ചാത്തല സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും സൂരജാണു പശ്ചാത്തല സംഗീതമൊരുക്കിയതെന്നു അറിഞ്ഞത് ഇക്കഴിഞ്ഞ ഫ്രണ്ട്ഷിപ് ഡേയിൽ സംഗീത സംവിധായകൻ ഷാൻ റഹ്മാൻ തന്റെ ഫേസ്ബുക്കിൽ കുറിപ്പിട്ടപ്പോഴായിരുന്നു. നല്ല സംഗീതമൊരുക്കിയതിനു സുഹൃത്തു വഴി കിട്ടിയ സർപ്രൈസ് സമ്മാനമായി അത്. അപ്പോഴാണു സൂരജ് ആണ് പശ്ചാത്തല സംഗീതമിട്ടതെന്ന് പലരും അറിഞ്ഞതു പോലും.

sooraj

ആൻമരിയ കലിപ്പിലാണു ചിത്രത്തിലെ, ആൻമരിയ എന്ന ട്യൂണും ദുൽഖർ രംഗപ്രവേശനം ചെയ്യുന്ന മറ്റൊരു ട്യൂണും ഉൾപ്പെടെ കാതലായ രംഗങ്ങളിലെ ഈണങ്ങളെല്ലാം പ്രേക്ഷക മനസിൽ അവിസ്മരണീയമായി പതിഞ്ഞു. ചിത്രം റിലീസാകുന്നതിനു ദിവസങ്ങൾ മാത്രം അവശേഷിക്കേ പശ്ചാത്തല സംഗീതമൊരുക്കുവാൻ സൂരജിനെ തിരഞ്ഞെടുത്തുവെന്നതു തന്നെ ഒരു നവാഗതനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണല്ലോ. ആ വിശ്വാസ്യത തന്നെയാണു തന്നെ നല്ല ഈണങ്ങളിലേക്കെത്തിച്ചതെന്നു സൂരജും സമ്മതിക്കുന്നു. ഒപ്പം ഷാൻ റഹ്മാന്റെ മികച്ച പിന്തുണയുമുണ്ടായിരുന്നു. സൂരജ് പറഞ്ഞു.

വള്ളീം തെറ്റി പുള്ളീം തെറ്റിയെന്ന ചിത്രത്തിലെ പാട്ടുകൾ കേട്ടുകഴിഞ്ഞതിനു ശേഷം നായകനായ കുഞ്ചാക്കോ ബോബൻ തന്നെയാണ് കമ്പനി വർഷങ്ങൾക്കു ശേഷം നിർമ്മിക്കുന്ന ചിത്രത്തിലേക്കു പാട്ടൊരുക്കുവാന്‍ ക്ഷണിക്കുകയായിരുന്നു. മലയാളത്തിന്റെ സിനിമാ ചരിത്രത്തിൽ ഏറെ നിർണായകമായ ഉദയ സ്റ്റ്യുഡിയോ ആണ് പ്രൊഡക്ഷൻ കമ്പനി എന്നതു സൂരജിനു കൈവന്ന മറ്റൊരു ഭാഗ്യവും. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‍ലോ എന്ന ഈ ചിത്രത്തിലേക്കു സൂരജ് ഒരു ഗാനമാണൊരുക്കുന്നത് ആലപിക്കുന്നതോ ശങ്കർ മഹാദേവനും.

sooraj kurup

വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയിൽ നാലു ഗാനങ്ങൾ എഴുതുകയും ടൈറ്റിൽ സോങ് വിധു പ്രതാപിനൊപ്പവും പിന്നെ മറ്റൊരു ഗാനവും ആലപിക്കുകയും ചെയ്തു സൂരജ്. മറ്റു ഗായകരാകട്ടെ വിജയ് യേശുദാസും ഹരിചരണും ഉൾപ്പെടെയുള്ള പ്രമുഖ ഗായകനിരയും. വ്യത്യസ്തമായ ഈണങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തിൽ ആദ്യ കേള്‍വിയില്‍ തന്നെ കേള്‍ക്കുന്നവന് ഇഷ്ടമാകുകയും ചെയ്യണമതെന്ന ചിന്ത സിനിമയെ സംഗീത സുന്ദരമാക്കി.

sooraj-vineeth-kunchakko

വള്ളീം തെറ്റി പുള്ളീം തെറ്റി സിനിമയുടെ സംവിധായകനായ റിഷി ശിവകുമാർ സൂരജിന്റെ അടുത്ത സുഹൃത്താണ്. കൂട്ടുകാരൻ വിശ്വസിച്ചേൽപ്പിച്ച ചുമതല അതിമനോഹരമായി പൂർത്തിയാക്കുവാനായി സൂരജിന്. ആദ്യ ചിത്രത്തിലുറപ്പിച്ച ചുവട് താളമിടറാതെ മുന്നോട്ടു കൊണ്ടുപോകുവാന്‍ സൂരജിനു സാധിക്കട്ടെ.... 

Your Rating: