Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു..

Srinivas

കൈകാലുകൾ ബന്ധിച്ചു തടവറയിൽ അടച്ചപ്പോൾ, നാവിൽ മുറിവുണ്ടാക്കി ചോര ചായമാക്കി സാൽവദോർ ദാലി തടവറയുടെ തറയിൽ ചിത്രം വരച്ചു. കലയുടെ അഗ്നി മനസ്സിൽ പുകഞ്ഞുതുടങ്ങിയാൽ അങ്ങനെയാണ്, ചെവിയിൽ കടുകുമണി വീണപോലെ, അസ്വസ്ഥത പെരുകിക്കൊണ്ടിരിക്കും, സ്വപ്ന സാക്ഷാത്കാരം വരെ.

എ.ആർ. റഹ്മാന്റെ പ്രിയ ഗായകനെന്നു പേരെടുത്ത ശ്രീനിവാസിന്റെ കഥയും ഇങ്ങനെയാണ്. ജീവിക്കാൻ നല്ല ചുറ്റുപാടും അന്തസ്സുള്ള ജോലിയുമൊക്കെ ഉണ്ടായിരുന്നു. എന്നാലും, പാട്ടിനോടുള്ള പ്രേമത്തിനു പിന്നാലെ സ്വയം മറന്നൊരു യാത്ര.

തമിഴ്നാട്ടിലെ അംബാസമുദ്രത്തിലാണു ജനിച്ചതെങ്കിലും പിതാവിന്റെ ജോലിയുടെ സൗകര്യം പ്രമാണിച്ചു വളർന്നതു തിരുവനന്തപുരത്ത്. കുട്ടിയായിരിക്കുമ്പോഴേ ശ്രീനിവാസിന് എല്ലാം പാട്ടാണ്. പിതാവിന്റെ സഹോദരി പത്മ നാരായണൻ നന്നായി പാടുമായിരുന്നു. അവരിൽനിന്നായിരുന്നു ബാലപാഠങ്ങൾ. പിന്നീടു കേട്ടതൊക്കെ പഠിച്ചു എന്നു പറയാനാണു ശ്രീനിക്കിഷ്ടം. പാട്ടു പാടി നടന്ന ബാല്യവും കൗമാരവും. യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുന്ന കാലത്ത് കേരള യൂണിവേഴ്സിറ്റി ശാസ്ത്രീയ സംഗീതം ഒന്നാം സ്ഥാനം. (1976).

പാട്ടുകൊണ്ട് ജീവിക്കാനാവില്ല എന്ന നാട്ടുപ്രമാണം ശ്രീനിവാസിനും അനുസരിക്കേണ്ടി വന്നു. പാട്ടൊക്കെ മാറ്റിവച്ച് മുംബൈ യൂണിവേഴ്സിറ്റിയിൽ കെമിക്കൽ എൻജിനീയറിങ് പഠിക്കാൻ പോയി. (ഇന്നത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി) ‘മുംബൈയിൽ പോകുമ്പോഴും എന്റെ ഉദ്ദേശ്യം സംഗീതമായിരുന്നു. ആർ.ഡി. ബർമൻ ആയിരുന്നു അന്ന് എന്റെ ആരാധനാമൂർത്തി. അദ്ദേഹത്തെ കാണാൻ കഴിഞ്ഞാലോ എന്നായിരുന്നു മോഹം. ഞാൻ ഹോസ്റ്റലിൽ ഇരുന്ന് പാടുമ്പോൾ അടുത്ത റോഡിലൂടെ എങ്ങാനും ബർമൻ നടന്നുപോകുന്നുണ്ടെങ്കിൽ കേൾക്കുമല്ലോ... എന്നൊക്കെ എന്റെ മനസ്സ് വെമ്പൽ കൊണ്ടിരുന്നു. അതിന്റെ പ്രായോഗികതയൊന്നും അന്ന് അറിയില്ലായിരുന്നു. ആളുകൾ പറയുന്നതെല്ലാം സത്യമല്ല എന്ന അറിവൊന്നും ഇല്ലാത്ത കാലമായിരുന്നു അത്. ശ്രീനിവാസ് പറയുന്നു.

പഠനം കഴിഞ്ഞു മുംബൈയിൽ ഒരു കമ്പനിയിൽ എൻജിനീയറായി ജോലിക്കു കയറി. വിവാഹവും കഴിച്ചു. ഏതൊരാളും ഏറ്റവും സന്തോഷമായി കഴിയേണ്ട കാലം. എന്നാൽ, ശ്രീനിവാസിന് ഒരു തൃപ്തിക്കുറവ്. ‘ഇതല്ല നിന്റെ വഴി എന്നു മനസ്സ് പറയുന്നു. പാട്ടിനോടുള്ള പ്രേമം നെഞ്ചിൻകൂട്ടിൽ വലിയ അസ്വസ്ഥതയായി. ‘പാട്ടാണു ജീവിതം എന്നു മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. ശ്രീനി ഓർമിക്കുന്നു.

അക്കാലത്താണ്് ഇന്ത്യൻ സിനിമാ സംഗീത ലോകത്ത് ആ അദ്ഭുതം സംഭവിച്ചത്. പുതിയ ഒരു സംഗീത സംവിധായകൻ തീർത്ത തരംഗം. എ.ആർ. റഹ്മാന്റെ സംഗീതത്തിൽ മണിരത്നത്തിന്റെ ‘റോജ പുറത്തിറങ്ങി. ഇന്ത്യ മുഴുവൻ ഒരേമനസ്സായി ഏറ്റുവാങ്ങിയ ഗാനങ്ങൾ.

എന്തോ, റഹ്മാനെ കണ്ടാൽ തന്റെ ‘പെരിയ ആശൈ സാധിക്കും എന്നു മനസ്സ് പറയാൻ തുടങ്ങി. കൂട്ടുകാരനായ സംവിധായകൻ ടി.കെ. രാജീവ് കുമാറിനോട് ആഗ്രഹം പറഞ്ഞു. ‘കാണാൻ വിഷമമുള്ള ആളൊന്നുമല്ല റഹ്മാൻ, നീ ശ്രമിച്ചാൽ എളുപ്പത്തിൽ നടക്കുന്നതേയുള്ളൂ എന്നു രാജീവ് കുമാർ പ്രോൽസാഹിപ്പിച്ചു.

Srinivas

രാജീവിന്റെ വാക്കുകൾ പ്രചോദനമായി. ഒരിക്കൽ കോയമ്പത്തൂരിൽ നിൽക്കുമ്പോഴാണ് റഹ്മാനെ കാണാൻ അവസരം ഉണ്ടെന്ന് അറിഞ്ഞത്. മുൻപിൻ നോക്കാതെ ചെന്നൈക്കു ചെന്നു. കണ്ടു, ആഗ്രഹം അത്ര തീക്ഷ്ണമായിരുന്നു.

റഹ്മാൻ ആവശ്യപ്പെട്ട പാട്ടുകളൊക്കെ നന്നായി പാടിക്കേൾപ്പിച്ചു. അപ്പോഴാണ് അദ്ദേഹം ഒരു നിർദേശം വയ്ക്കുന്നത് ‘ ഏതു നിമിഷവും റിക്കോർഡിങ്ങിനു വിളിക്കാം. അതുകൊണ്ട് ശ്രീനി ചെന്നൈയിൽ സ്ഥിരമായി നിൽക്കണം. എന്നാലേ അവസരം ലഭിക്കൂ. ഒരു അവസരവും ലഭിക്കാതെ ജോലി കളയുന്ന കാര്യം വീട്ടിൽ അവതരിപ്പിക്കാൻ വയ്യ. മാത്രമല്ല, വിവാഹിതനുമാണ്. എന്തു ചെയ്യും. അങ്ങനെ രണ്ടും കൽപ്പിച്ച് ഓഫിസിൽ ഒരു നുണ പറഞ്ഞു. ‘അമ്മയും അച്ഛനും സുഖമില്ലാതെ കിടപ്പിലാണ്. അവരെ ശുശ്രൂഷിക്കാൻ വേറെ മാർഗമില്ല. ചെന്നൈയിലേക്ക് ട്രാൻസ്ഫർ വേണം.

കമ്പനി അതിൽ വീണു. അങ്ങനെയാണു ചെന്നൈയിലേക്കു ട്രാൻസ്ഫർ ഒപ്പിച്ചത്. ചെന്നൈയിലെത്തി റഹ്മാൻ അടക്കമുള്ള സംഗീത സംവിധായകരുമായി സഹകരിക്കാൻ ആരംഭിച്ചതോടെ ജോലി വീണ്ടും തടസ്സമായി തോന്നി. രാജി നൽകിയെങ്കിലും കമ്പനി സ്വീകരിച്ചില്ല. പകരം രണ്ട് വർഷം അവധി നൽകി. ഏതാനും നാൾ കൂടി മുന്നോട്ടു പോയശേഷം ശ്രീനിവാസ് എൻജിനീയർ ജോലി വിട്ടു.

ചെന്നൈയിലെ ആദ്യകാലം ഏറെ ആഹ്ലാദകരമായിരുന്നില്ല. കുറെ നാളുകൾ ട്രാക്ക് പാടി നടക്കേണ്ടിവന്നു. റഹ്മാന് പുറമേ, രവീന്ദ്രൻ, ശരത്ത് എന്നിവരുടെ ഏറെ പാട്ടുകൾ ട്രാക്ക് പാടി. എങ്കിലും ഗായകനാവണം എന്ന ആഗ്രഹത്തിൽനിന്നു ശ്രീനി പിൻവാങ്ങിയില്ല. കഠിനമായി ശ്രമിച്ചുകൊണ്ടു തന്റെ ഇച്ഛയുടെ വഴിയിൽ ഉറച്ചുനിന്നു. പവിത്രത്തിൽ ശരത്തിന്റെ സംഗീതത്തിൽ പ്രസിദ്ധമായ ‘ശ്രീരാഗമോ... എന്ന ഗാനത്തിന് ട്രാക്ക് പാടിയത് ഇക്കാലത്താണ്. ഇൗ ട്രാക്ക് റഹ്മാന് വളരെ ഇഷ്ടമായി. ഒരു പക്ഷേ, റഹ്മാന്റെ ഹൃദയത്തിൽ ശ്രീനി കൂടുകൂട്ടിയത് ഇൗ ട്രാക്കിലൂടെ ആയിരിക്കാം. ഇതിനിടെ ശ്രീനിയുടെ ആത്മാർഥതയും സിദ്ധിയും കണ്ട് താൽപ്പര്യം തോന്നിയ രവീന്ദ്രൻ മാഷ് ‘ദ് പ്രസിഡന്റ് എന്ന ചിത്രത്തിൽ ‘നിറ ദീപമേ... പാടിപ്പിച്ചു. പക്ഷേ, ദൗർഭാഗ്യം, ചിത്രം പുറത്തിറങ്ങിയില്ല.

ശ്രീനിയുടെ നിശ്ചയദാർഢ്യത്തിനും കാത്തിരിപ്പിനും ഫലമുണ്ടായി. റഹ്മാന്റെ സംഗീതത്തിൽ മിൻസാരക്കനവിലെ ‘മാനാ മദുരൈ..., ഉയിരേയിലെ ‘എൻ ഉയിരേ... എന്നീ ഗാനങ്ങൾ ശ്രീനിയുടെ വഴി തുറന്നു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

സമ്മർ ഇൻ ബത്ലഹേമിലെ ‘എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു... എന്ന ഗാനത്തിലൂടെ മലയാളിയുടെ ഹൃദയത്തിലും ശ്രീനി കയ്യൊപ്പിട്ടു. (വിദ്യാസാഗറിന്റെ സംഗീതത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ രചന)

ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി രണ്ടായിരത്തിലേറെ പാട്ടുകൾ പാടിക്കഴിഞ്ഞു. മികച്ച ഗായകനുള്ള തമിഴ്നാട്(രണ്ട് വട്ടം), കേരള സംസ്ഥാനങ്ങളുടെ പുരസ്കാരം നേടി. (രാത്രിമഴയിൽ രമേശ് നാരായണന്റെ സംഗീതത്തിൽ പാടിയ ‘ബാംസുരി ശ്രുതി പോലെ നിൻ സ്വരം.... എന്ന ഗാനത്തിനാണ് കേരള സംസ്ഥാന പുരസ്കാരം). മികച്ച ബോളിവുഡ് ഗായകനുള്ള എ.വി. മാക്സ് പുരസ്കാരം ദിൽ ചാഹ്തായിലെ ‘കൈസി ഹോ യേ റുത് കാ...യിലൂടെ നേടി. പുറമേ ഒട്ടേറെ പുരസ്കാരങ്ങൾ ശ്രീനിക്കു ലഭിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതിയും(2006).

പിന്നണി ഗാനരംഗത്ത് 20 വർഷം പൂർത്തിയാകുന്ന ഇൗ സമയം ശ്രീനി ഗാനരംഗത്തെ തന്റെ സെക്കൻഡ് ഇന്നിങ്സ് സജീവമാക്കുകയാണ്. സംഗീത സംവിധാനത്തിൽ കൂടുതൽ ശ്രദ്ധവയ്ക്കുകയാണ് ഇപ്പോൾ. സീതാകല്യാണം എന്ന മലയാള ചിത്രത്തിന് 2002ൽ സംഗീതം നൽകിയിരുന്നു. (ചിത്രം പുറത്തിറങ്ങിയത് 2009ൽ). ഇവർ, ട്രെയിൻ, ലങ്ക, കങ്കാരു, ഹേ നീ റൊമ്പ അഴകാ ഇരിക്ക് തുടങ്ങിയവ ശ്രീനിവാസ് സംഗീതം നൽകിയ ചിത്രങ്ങളാണ്.

കൂടാതെ, പരസ്യ ചിത്രങ്ങൾക്കും ആൽബങ്ങൾക്കും ശ്രീനി ഇപ്പോൾ സംഗീതം നൽകി വരുന്നു. സംഗീത സംവിധാനം എളുപ്പമാക്കാൻ വീട്ടിൽത്തന്നെ സ്റ്റുഡിയോ സജ്ജീകരിച്ചിട്ടുണ്ട്.

‘പുതിയൊരു ഈണം സൃഷ്ടിക്കുക എന്നതു പാട്ടു പാടുന്നതിനെക്കാൾ എത്രയോ വ്യത്യസ്തമായ അനുഭവമാണ്. പുതിയ വേഷപ്പകർച്ചയെപ്പറ്റി അദ്ദേഹം പറയുന്നു. അന്നും ഇന്നും എന്നും ഉൗർജ സ്രോതസ്സ് എ.ആർ. റഹ്മാൻ തന്നെ എന്ന് ശ്രീനിവാസ് വിനീതനാവുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.