Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ട് മറന്ന വാനമ്പാടി

Stella1

സ്റ്റെല്ല വര്‍ഗീസ് പാട്ടു നിര്‍ത്തിയതെന്തിനായിരുന്നു? 1950-60 കാലഘട്ടത്തിലെ മുന്‍നിര സംഗീത സംവിധായകരുടെയെല്ലാം പ്രിയഗായികയായിട്ടും പിന്നണിപ്പാട്ടുകാലം തുടരാനായില്ല സ്റ്റെല്ലയ്ക്ക്. പാട്ടു നിര്‍ത്തിയതിന്റെ കാരണം തേടി പാട്ടുകാരിക്കു പറയാനുള്ളതു ചോദിക്കാന്‍ ഫോര്‍ട്ട്കൊച്ചിയിലെ പഴയ വീട്ടുപരിസരത്ത് എത്തിയപ്പോള്‍ ആളെക്കിട്ടിയില്ല.

കളമശേരിയിലെ മകളുടെ വീട്ടില്‍ ചെന്നു കണ്ടപ്പോള്‍ സ്റ്റെല്ല റോക്കിയെന്നു പരിചയപ്പെടുത്തി. ഇപ്പോള്‍ 80 വയസ്സായിരിക്കുന്നു. യേശുദാസിന്റെ പിന്നണിപ്പാട്ടുകാലം തുടങ്ങും മുന്‍പേ ആ കുടുംബത്തില്‍ നിന്നു സിനിമയിലേക്കു പാട്ടുകാരിയായി വളര്‍ന്ന സ്റ്റെല്ല വര്‍ഗീസിനെക്കുറിച്ചു പുതിയ തലമുറയിലുള്ളവര്‍ കേട്ടിട്ടു പോലുമുണ്ടാവില്ല.

സ്റ്റെല്ല വര്‍ഗീസ്

നാലഞ്ചു ചിത്രങ്ങളിലെ പാട്ടുകൊണ്ടു മാത്രമല്ല സ്റ്റെല്ല വര്‍ഗീസ് എന്ന പേര് നമ്മള്‍ ഓര്‍ക്കേണ്ടത്. 1950-60 കാലഘട്ടത്തിലെ പാട്ടുചരിത്രത്തില്‍ സ്റ്റെല്ല വര്‍ഗീസിന്റെ ഇടം ചെറുതുമല്ല. ഒട്ടേറെ ഗാനമേളകള്‍. കേരളത്തിലും പുറത്തും ആയിരങ്ങളുടെ ആരാധന. തിരക്കുള്ള നാളുകള്‍. റിഹേഴ്സല്‍ ക്യാംപ് തുടങ്ങിയാല്‍ ഗായകന്‍ മെഹ്ബൂബ് പോലും സ്റ്റെല്ലയുടെ പാട്ടുകേള്‍ക്കാന്‍ പാഞ്ഞെത്തുമായിരുന്നു. കേരളത്തിന്റെ ലതാ മങ്കേഷ്കര്‍ എന്നു കൊച്ചിക്കാര്‍ സ്റ്റെല്ലയ്ക്കു ചെല്ലപ്പേരു വിളിച്ചു സ്നേഹിച്ചു.

കെടാവിളക്ക് (ചിത്രം പുറത്തിറങ്ങിയില്ല), അച്ഛനും മകനും, അവന്‍ വരുന്നു, കിടപ്പാടം, പ്രത്യാശ തുടങ്ങിയ ചിത്രങ്ങളില്‍ സ്റ്റെല്ല പാടി. കേരളത്തില്‍ എത്തിയപ്പോള്‍ മുഹമ്മദ് റഫിയും പങ്കജ് മല്ലിക്കുമെല്ലാം ഒപ്പം പാടാന്‍ കൊച്ചിക്കാരിയായ സ്റ്റെല്ല വര്‍ഗീസിനെ മതിയെന്നു തീരുമാനിച്ചു. അവര്‍ സ്റ്റെല്ലയെ സ്ഥിരം ഗായികയായി ഒപ്പംകൂട്ടാന്‍ നിര്‍ബന്ധിച്ചു. നീലക്കുയില്‍ എന്ന ചിത്രത്തില്‍ നമ്മള്‍ ഇന്നേറ്റു പാടുന്ന സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ സ്റ്റെല്ലയ്ക്കായി സംഗീതം ചെയ്തു പാടിപ്പഠിപ്പിച്ചതായിരുന്നു. പക്ഷേ, അതു വേണ്ടെന്നുവച്ചു പാട്ടിന്റെ ലോകത്തുനിന്നു സ്റ്റെല്ല അകന്നുമാറി നടന്നു. യേശുദാസ് പലവട്ടം നിര്‍ബന്ധിച്ചു വിളിച്ചിട്ടും സ്റ്റെല്ല പോയില്ല. ഇനി സ്റ്റെല്ല റോക്കി പറയട്ടെ...

ദാസപ്പന്റെ ചേച്ചി

അച്ഛന്‍ വര്‍ഗീസ് നേവിയില്‍ ഡ്രൈവറായിരുന്നു. അമ്മ മേരിയുടെ അനുജത്തിയുടെ മകനാണു യേശുദാസ്. കുഞ്ഞുന്നാളില്‍ ഞങ്ങളെല്ലാവരും ഒരു വീട്ടിലായിരുന്നു. പിന്നെ ദാസപ്പനും കുടുംബവും തോപ്പുംപടിക്കു പോയി. ചെറുപ്പം മുതല്‍ ഞാന്‍ പാടുമായിരുന്നു. അവധിക്കാലത്തു ദാസപ്പന്റെ വീട്ടില്‍ പോകുമ്പോ ഒരു കുഞ്ഞുവേലുവാശാന്‍ ഞങ്ങളെ പാട്ടുപഠിപ്പിച്ചു. എന്റെ കാര്യമായ പാട്ടുപഠനം ഇതു മാത്രമായിരുന്നു. വീട്ടിലിരുന്നു ഞങ്ങള്‍ ഉച്ചത്തില്‍ മല്‍സരിച്ചു പാടിയതൊഴിച്ചാല്‍ ദാസപ്പനൊപ്പം ഒരു വേദിയിലും എനിക്കു പാടാനൊത്തില്ല.

കുട്ടിക്കാലത്തു വലിയ തമാശക്കാരനായിരുന്നു ദാസപ്പന്‍. അന്നൊരിക്കല്‍ ദാസപ്പന്‍ ഞങ്ങളുടെ വീട്ടിലെത്തിയപ്പോള്‍ ഞങ്ങളെല്ലാം ഒരു പ്രതിഷേധ പ്രകടനത്തിനു പോകാന്‍ നില്‍ക്കുകയായിരുന്നു. ദാസപ്പനും കൂടെക്കൂടി. പിന്നെ ഉച്ചത്തിലുള്ള മുദ്രാവാക്യമാണ്. അത്ര രസികനായിരുന്നു ദാസപ്പനെന്ന കുഞ്ഞനുജന്‍.

*കേരളത്തിന്റെ മങ്കേഷ്കര്‍ *(ചിരിക്കുന്നു). അതെല്ലാം ഒരുകാലം. ബൈജു ബാവ്റയെന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ഹിറ്റ് ഗാനങ്ങളായിരുന്നു എന്റെ മാസ്റ്റര്‍പ്പീസ്. ലതാ മങ്കേഷ്കര്‍ പാടിയ പാട്ടുകളായിരുന്നു പ്രിയം. എട്ടിലോ മറ്റോ പഠിക്കുന്ന കാലംമുതല്‍ കൊച്ചിയില്‍ പാടിത്തുടങ്ങി. പഠനം പത്തു പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെ മട്ടാഞ്ചേരിയിലെ പ്രസിദ്ധമായ ഓറിയന്റല്‍ മ്യൂസിക് ക്ളബ്ബില്‍ സജീവമായി. അന്നു മ്യൂസിക് ക്ളബ്ബില്‍ പെണ്‍ ശബ്ദത്തില്‍ പാടുന്നതു ജെറി അമല്‍ദേവായിരുന്നു. ഇവര്‍ക്കൊപ്പം ലതാ മങ്കേഷ്കര്‍ ഗാനങ്ങളുമായി കേരളത്തിലും പുറത്തും പേരെടുത്തതോടെ കേരളത്തിന്റെ ലതാ മങ്കേഷ്കര്‍ എന്നു കൊച്ചിക്കാര്‍ വളിച്ചു. പണ്ട് കൊമേഡിയന്‍ മുത്തയ്യ എന്റെ ഫോട്ടോയില്‍ 'ഇതു ഞങ്ങളുടെ വാനമ്പാടി എന്നെഴുതിയിട്ടുണ്ടായിരുന്നു.

റഫിയും പങ്കജ് മല്ലിക്കും മുഹമ്മദ് റഫി കേരളത്തിലെത്തിയപ്പോള്‍ കൂടെപ്പാടാന്‍ എനിക്കായിരുന്നു ഭാഗ്യം. കൊല്ലത്ത്, അന്നത്തെ മുഖ്യമന്ത്രി ആര്‍. ശങ്കറുമായി ബന്ധപ്പെട്ട ഒരു പരിപാടിയായിരുന്നു. ഒരുപാടു പേരെ റഫിയോടൊപ്പം പാടാന്‍ റിഹേഴ്സല്‍ ചെയ്യിപ്പിച്ചിരുന്നു. ബൈജു ബാവ്റയിലെയും മറ്റും ഹിറ്റ് ഗാനങ്ങള്‍ റഫിക്കൊപ്പം പാടി. 'നന്നായി പാടുന്നുണ്ട് എന്നൊരു കമന്റും ഇടയ്ക്കിടെ റഫി പറയുമായിരുന്നു. ഹിന്ദിയിലും ബംഗാളിയിലും പ്രസിദ്ധനായിരുന്ന പങ്കജ് മല്ലിക് കൊച്ചിയിലെത്തിയപ്പോഴും കൂടെപ്പാടി. കേരളത്തിലും പുറത്തും പാടാന്‍ അദ്ദേഹം കൂടെക്കൂട്ടി. ഒരു മലയാളംപാട്ടു പഠിക്കണമെന്നു പറഞ്ഞ പങ്കജ് മല്ലിക്കിന് 'ആനത്തലയോളം വെണ്ണ തരാമെടാ... എന്ന പാട്ടു പഠിപ്പിച്ചതു സുഖമുള്ള ഓര്‍മതന്നെ.

സിനിമയിലേക്ക് കെടാവിളക്ക് എന്ന ചിത്രത്തിനായാണ് ആദ്യമായി പിന്നണി പാടിയത്. വിമല്‍ കുമാറായിരുന്നു സംഗീതം. മെഹബൂബും ഞാനും ചേര്‍ത്തലയില്‍നിന്നുള്ള മാലതിയും തിരുവനന്തപുരത്തുനിന്നു ലളിത തമ്പിയുമായിരുന്നു പാട്ടുകാര്‍. തിരുവനന്തപുരത്ത് വീടെടുത്ത് ഒരു മാസക്കാലത്തോളം റിഹേഴ്സല്‍. മുംബൈയിലായിരുന്നു റിക്കോര്‍ഡിങ്. കൊച്ചിയില്‍നിന്നു കപ്പലിലായിരുന്നു ബോംബെ യാത്ര.

ഡ്യൂയറ്റും സോളോയും അടക്കം മൂന്നു പാട്ടുപാടി. ആ ചിത്രം പുറത്തുവന്നില്ല. അതിലെ പാട്ടുകളൊന്നും എന്റെ കയ്യിലുമില്ല. അച്ഛനും മകനും എന്ന ചിത്രത്തിന്റെയും സംഗീതം വിമല്‍ കുമാറായിരുന്നു. നസീറും തിക്കുറിശിയും സുകുമാരനും അഭിനയിച്ച് ജഗതി എന്‍.കെ. ആചാരി എഴുതി വിമല്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ 'പൂഞ്ചേല ചുറ്റിയില്ല എന്ന ഗാനം പ്രസിദ്ധമാണ്. ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ എം.ആര്‍.എസ്. മണി സംവിധാനം ചെയ്ത 'അവന്‍ വരുന്നു എന്ന ചിത്രം 1954ല്‍ പുറത്തിറങ്ങിയതാണ്. കുഞ്ചാക്കോയാണു നിര്‍മാണം.

ഈ ചിത്രത്തില്‍ ദക്ഷിണാമൂര്‍ത്തിയോടൊപ്പം 'ജീവിതം നുകര്‍ന്നു എന്ന ഗാനവും പാടി. ഫോര്‍ട്ട്കൊച്ചിക്കാരിയായ എന്നെ പാടിക്കാന്‍ കുഞ്ചാക്കോയ്ക്കു താല്‍പര്യം കുറവായിരുന്നുവത്രെ. ഫോര്‍ട്ട്കൊച്ചിക്കാര്‍ നല്ല മലയാളം പറയാത്തവരാണെന്നായിരുന്നു കുഞ്ചാക്കോയുടെ ധാരണ. പക്ഷേ, പാടിക്കേട്ടതോടെ കുഞ്ചാക്കോ ഹാപ്പിയായി.

1955ല്‍ റിലീസ് ചെയ്ത നസീറും കുമാരി തങ്കവും അഭിനയിച്ച 'കിടപ്പാടം എന്ന കുഞ്ചാക്കോ ചിത്രത്തിലും ദക്ഷിണാമൂര്‍ത്തി എന്നെ പാടിപ്പിച്ചു. എല്‍പിആര്‍ വര്‍മയ്ക്കൊപ്പമുള്ള ' നാളത്തെ ലോകത്തില്‍ എന്ന ഗാനം പ്രസിദ്ധമാണ്. വയലാറിന്റെ പടത്തിനുവേണ്ടിയും റിഹേഴ്സല്‍ ഉണ്ടായിരുന്നു ഒരാഴ്ചയോളം. വയലാറിന്റെ വീട്ടിലായിരുന്നു റിഹേഴ്സല്‍. ആ പടവും പുറത്തിറങ്ങിയില്ല.

നഷ്ടപ്പെട്ട നീലക്കുയില്‍ അതൊരു വല്ലാത്ത സങ്കടമാണ്. ഇനി അതേക്കുറിച്ചൊക്കെ പറഞ്ഞിട്ടെന്ത്... അതിന്റെ അണിയറ പ്രവര്‍ത്തകരില്‍ പ്രമുഖരാരും ഇന്നില്ലല്ലോ. നീലക്കുയിലിലെ എല്ലാരും ചൊല്ലണ്, കുയിലിനെ തേടി എന്നീ ഗാനങ്ങള്‍ ഞാനായിരുന്നു ആദ്യം പാടിയത്. ഫോര്‍ട്ട് കൊച്ചിയിലെ ഒരു വീട്ടില്‍ പാട്ടിന്റെ റിഹേഴ്സലിന് എത്താന്‍ പറഞ്ഞു പോയതാണ്. കെ. രാഘവന്‍ മാഷും രാമു കാര്യാട്ടും പി. ഭാസ്കരനുമെല്ലാം ഉണ്ടായിരുന്നു.

ആഴ്ചകള്‍ നീണ്ട റിഹേഴ്സല്‍ ക്യാംപില്‍ രാവിലെ വന്നു വൈകിട്ടു പോകുന്നതാണെന്റെ പതിവ്. ക്യാംപില്‍ സ്ഥിരമായി നില്‍ക്കണമെന്ന അവരുടെ നിര്‍ദേശം ഞാന്‍ അനുസരിച്ചില്ല. അതുപറ്റില്ലെന്നു പറഞ്ഞതു ചെറിയ അനിഷ്ടത്തിനിടയാക്കി. എങ്കിലും റിഹേഴ്സല്‍ തുടര്‍ന്നു. പാട്ടുകള്‍ രണ്ടും നന്നായി പഠിച്ചു, പാടി. പാട്ടുകേള്‍ക്കാന്‍ മെഹ്ബൂബും ഇടയ്ക്കൊക്കെ വന്നിരുന്നു. റിക്കോര്‍ഡിങ്ങിനു മദ്രാസില്‍ പോകാന്‍ അപ്പച്ചനും കൂടെ ടിക്കറ്റ് വേണമെന്ന ആവശ്യത്തില്‍ അവര്‍ ഉടക്കി.

രണ്ടുപേരുടെ ചെലവെടുക്കാന്‍ വയ്യെന്നായി അവര്‍. അതോടെ ഞാന്‍ ആ പാട്ടില്‍നിന്നു പുറത്തായി. ഇതറിഞ്ഞ മെഹ്ബൂബ് വല്ലാതെ പ്രതിഷേധിച്ചിരുന്നു. പക്ഷേ, അന്നൊന്നും ഇക്കാര്യങ്ങളിലൊന്നും ഞാനത്ര വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. ചില അനുഭവങ്ങള്‍ എന്നെ വല്ലാതെ പിന്നോട്ടടിപ്പിച്ചിരുന്നു. ആ നിസ്സംഗത വലിയൊരു നഷ്ടമാണുണ്ടാക്കിയതെന്ന തോന്നല്‍ അന്നും ഇന്നുമില്ല. അതാണെന്റെ പ്രകൃതം.

സ്റ്റെല്ല ആന്‍ഡ് പാര്‍ട്ടി എറണാകുളം ലോ കോളജില്‍ ഗാനമേളയ്ക്ക് ഓറിയന്റല്‍ മ്യൂസിക് ക്ളബ്ബിലെ പക്കമേളക്കാര്‍ വന്നില്ല. അന്ന് എം.കെ. അര്‍ജുനന്‍ മാഷാണു ഹാര്‍മോണിയം വായിച്ചു സഹായിച്ചത്. അതോടെ ഓറിയന്റല്‍ ക്ളബ് വിട്ടു സ്റ്റെല്ല ആന്‍ഡ് പാര്‍ട്ടി എന്ന സ്വന്തം ട്രൂപ്പുണ്ടാക്കി. തങ്കപ്പന്‍ ചേട്ടന്റെ തബലയും മാച്ചിയേട്ടന്റെ ഗിറ്റാറും സെല്ലോയും ആന്‍ഡ്രൂസിന്റെ നേതൃത്വത്തില്‍ മൂന്നു വയലിനും ചേര്‍ന്ന ഓര്‍ക്കസ്ട്രയ്ക്കൊപ്പം കേരളത്തിലും പുറത്തും സ്റ്റെല്ല ആന്‍ഡ് പാര്‍ട്ടി സജീവമായി. ഓറിയന്റല്‍ ക്ളബ്ബിലെ ഗായകന്‍ എം.ജെ. റോക്കി ട്രൂപ്പിലെത്തിയതോടെ ഒരുപാടു ഗാനമേളകള്‍. തിരക്കിന്റെ നാളുകള്‍.

(1961 ജനുവരി 30നു റോക്കിയുമായി സ്റ്റെല്ലയുടെ വിവാഹം. ഷിപ്യാര്‍ഡിന്റെ മെക്കാനിക്കല്‍ ജോലികള്‍ ഏറ്റെടുത്തു ചെയ്യുകയായിരുന്നു റോക്കിയുടെ ജോലി. അഞ്ചര വര്‍ഷം മുന്‍പു മരിച്ചു. ഹേമയും മിനിയും മക്കള്‍). കല്യാണം കഴിയുമ്പോഴേക്കും സ്റ്റെല്ലയും റോക്കിയും ഗാനമേളകളിലെ ഹിറ്റ് ജോടികളായിരുന്നു. പല സിനിമകളിലും വീണ്ടും പാടാന്‍ വിളിച്ചതാണ്. കെപിഎസി നേരിട്ടു വിളിച്ചിരുന്നു. യേശുദാസ് പലവട്ടം വീട്ടിലെത്തി നിര്‍ബന്ധിച്ചു. കുടുംബിനിയായി ഒതുങ്ങാന്‍ തുടങ്ങിയതിനിടെ വീണ്ടും ഓര്‍ക്കസ്ട്രക്കാര്‍ ബുദ്ധിമുട്ടിച്ചു.

കരാറായ ഗാനമേളകള്‍ക്കു പക്കമേളക്കാര്‍ പിന്‍വലിയാന്‍ തുടങ്ങി. അതൊരു തലവേദനയായി. അങ്ങനെ സ്റ്റെല്ല ആന്‍ഡ് പാര്‍ട്ടി പാട്ടു നിര്‍ത്തി. അപ്രതീക്ഷിതങ്ങളായ അനുഭവങ്ങളില്‍ മനസ്സ് മരവിച്ചു. ഇനി പാടേണ്ടെന്ന തീരുമാനത്തില്‍ റോക്കിയും ഞാനുമെത്തി. അവസരങ്ങളോടു മുഖംതിരിച്ചു. ദാസ് ആദ്യഗാനം പാടിയ അന്നാണു ഞങ്ങള്‍ക്ക് ആദ്യത്തെ മോളുണ്ടായത്. സിനിമയില്‍ പാടി മടങ്ങിയെത്തിയ അവന്‍ ചേച്ചിയുടെ കുഞ്ഞിനെ കാണുകയാണാദ്യം ചെയ്തത്. ഇത്രമേല്‍ കഴിവുള്ള ചേച്ചി വീട്ടിലിരിക്കരുതെന്ന് അവന്‍ ഇടയ്ക്കിടെ ഓര്‍മിപ്പിക്കുമായിരുന്നു. പക്ഷേ, സാഹചര്യങ്ങളുടെ തിരയിളക്കത്തില്‍പെട്ട് ദാസപ്പന്റെ വാക്കിനൊപ്പം കൂടെപ്പോകാന്‍ എനിക്കായില്ല.

സ്റ്റെല്ല റോക്കിയുടെ മുഖം പാതിമുറിഞ്ഞ ഈണം പോലെയായിരിക്കുന്നു. പാടണമെന്നുണ്ടായിരുന്ന ഒരു നല്ല പാട്ടുകാരിയെ കൈപിടിച്ചു പാട്ടിന്റെ പടവുകള്‍ കയറ്റാന്‍ സമൂഹം കൂടെനിന്നില്ല. പിന്നണിയിലെ സ്വരഭേദങ്ങളില്‍പെട്ടു പാട്ടുമുറിയുമ്പോള്‍ അതൊന്നു നേരെയാക്കാന്‍ അന്നാര്‍ക്കും നേരം കിട്ടിയില്ല.

കേരളത്തിന്റെ വാനമ്പാടിയെന്നു നമ്മള്‍ ആദ്യം പേരിട്ടു വിളിച്ച ആ അനുഗൃഹീത ഗായിക ഇതാ പാട്ടുമറന്ന വഴിയിലൂടെ നടന്ന് ആരാലും കാണാതെ, പാടിയ പാട്ടിന്റെ ഒരൊറ്റ ശേഖരംപോലും കൈവശമില്ലാതെ കളമശേരിയിലും തോപ്പുംപടിയിലുമായി ജീവിക്കുന്നു. 'ആന്റിയുടെ ആണ്ടിനു ദാസപ്പന്‍ വരുമ്പോള്‍ മാത്രമാണിപ്പോ പാട്ട് പടികയറി വരാറ്. അവന്‍ ഇപ്പോഴും ആ നഷ്ടകാലത്തിന്റെ കണക്കുകള്‍ ഓര്‍മിപ്പിക്കും. ഇത്രയേ എനിക്കു വിധിച്ചിട്ടുള്ളു. അതില്‍ സങ്കടപ്പെട്ടിട്ടെന്ത്..., ആ വാക്കുകള്‍ ചെറുതായൊന്നു പതറിയോ....?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.