Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൗതം മേനോൻ–ഹാരിസ് ജയരാജ്–താമര ടീം വീണ്ടും ഒന്നിക്കുന്നു

Thamarai താമര

പൊങ്കൽ റിലീസായി തലയുടെ ആക്ഷൻ ത്രില്ലർ 'യെന്നെ അറിന്താൽ' തിയറ്ററുകളിലെത്തുമ്പോൾ അജിത്ത് ഫാൻസിനൊപ്പം സംഗീത പ്രേമികൾക്കും സന്തോഷിക്കാം. യെന്നെ അറിന്താലിലൂടെ തമിഴിലെ എക്കാലത്തെയും ഹിറ്റ് ത്രയങ്ങളിലൊന്നായ ഗൗതം മേനോൻ–ഹാരിസ് ജയരാജ്–താമര ടീം വീണ്ടും ഒന്നിക്കുന്നു. വാരണം ആയിരത്തിനു ശേഷം ആറു വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇവരുടെ പുനഃസമാഗമം. ചിത്രത്തിന്റെ വിശേഷങ്ങൾ ഗാനരചയിതാവിനോട് തന്നെ ചോദിക്കാം. താമര മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

ഗൗതം–ഹാരിസ്–താമര മാജിക്ക് ആവർത്തിക്കുമോ?

ഗൗതം–ഹാരിസ്–താമര മാജിക്ക് എന്നത് പാട്ടു കേൾക്കുന്നവർക്ക് മാത്രം അനുഭവപ്പെടുന്ന ഒന്നാണ്. പാട്ടെഴുതുക എന്നതാണ് എന്റെ ജോലി. ഞാൻ അതിലാണ് ശ്രദ്ധിക്കുന്നത്. പിന്നെ ഗൗതത്തിനും ഹാരിസിനുമൊപ്പം വർക്ക് ചെയ്യുമ്പോൾ ഞാൻ വളരെ കംഫർട്ടബിളാണ്. ഞങ്ങൾക്കിടയിൽ നല്ലൊരു കെമിസ്ട്രിയുണ്ട്. പാട്ട് ഹിറ്റാകാൻ ഇതൊക്കെ അനുകൂല ഘടകങ്ങളായിരിക്കാം. ഒരു ചെറിയ ഇടവേളക്കു ശേഷമാണ് ഞങ്ങൾ ഒന്നിക്കുന്നത്. ഞങ്ങൾ ഒന്നിക്കണമെന്നു ഞങ്ങളെക്കാൾ ആഗ്രഹിച്ചത് ഞങ്ങളുടെ പാട്ടുകളെ സ്നേഹിക്കുന്നവരാണ്. വീണ്ടും ഒന്നിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്.

ചിത്രത്തിലെ പാട്ടുകളെക്കുറിച്ച്?

ചിത്രത്തിലെ ഒരു ഫോക് സോങ് ഒഴികെ അഞ്ചു ഗാനങ്ങളും എഴുതിയിരിക്കുന്നത് ഞാനാണ്. പിന്നെ ഓഡിയോ റിലീസിനു മുൻപ് ഞാൻ ഗാനങ്ങളെക്കുറിച്ച് ഒന്നും സംസാരിക്കാറില്ല. ഞാൻ അല്ലല്ലോ പാട്ടുകൾ അല്ലേ നിങ്ങളോട് സംസാരിക്കേണ്ടത്, സംവദിക്കേണ്ടത്. ഈ മാസം അവസാനം ഓഡീയോ റിലീസ് ഉണ്ടാകും. ഹാരിസിനും ഗൗതത്തിനും പാട്ടുകൾ ഇഷ്ടമായി. ശ്രോതാക്കളെയും പാട്ടുകൾ തൃപ്തിപ്പെടുത്തുമെന്ന വിശ്വാസത്തിലാണ് ഞാൻ.

നീ താനെ എൻ പൊൻവസന്തത്തിൽ നിന്ന് താമരയെ ഒഴിവാക്കിയിരുന്നല്ലോ?

ഒഴിവാക്കിയെന്ന് ഞാൻ ഒരിക്കലും പറയില്ല. ചില സാങ്കേതിക കാരണങ്ങളാൽ ആ ചിത്രത്തിൽ എന്നെ സഹകരിപ്പിക്കാൻ ഗൗതത്തിനു കഴിഞ്ഞില്ല എന്നതാണ് സത്യം. കാരണം വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവസാന നിമിഷം വരെ എന്നെ ചിത്രത്തിൽ സഹകരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ഞങ്ങളുടെ സൗഹൃദത്തെ അത് ഒരുതരത്തിലും ബാധിച്ചിട്ടില്ല.

ഗൗതമിന്റെയും ഹാരിസിൻറെയും ആദ്യ ചിത്രമായ മിന്നലെയിലൂടെയാണ് ഇവർ ആദ്യമായി ഒന്നിക്കുന്നത്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായപ്പോൾ വസിഗരയെന്ന ഗാനം തമിഴിലെ എക്കാലത്തെയും മികച്ച പ്രണയ ഗാനങ്ങളിൽ ഒന്നായി മാറി. പിന്നീട് കാക്ക കാക്ക, വേട്ടയാട് വിളയാട്, പച്ചക്കിളി മുത്തുചരം, വാരണം ആയിരം അങ്ങനെ ഈ ടീമിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ എല്ലാം എന്നും ഹിറ്റ് ചാർട്ടിൽ ഒന്നാമതായിരുന്നു.

വാരണം ആയിരത്തിനു ശേഷമാണ് ഗൗതമും ഹാരിസും വേർപിരിയുന്നത്. വിണ്ണെ താണ്ടി വരുവായിൽ ഹാരിസിനെ ഒഴിവാക്കി എ.ആർ. റഹ്മാനെ കൂട്ട് പിടിച്ചപ്പോഴും ഗൗതം, താമരയെ കൈവിട്ടില്ല. ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും ഗൗതം–ഹാരിസ്–താമര മാജിക്കിൻറെ അഭാവം പ്രകടമായിരുന്നു. റഹ്മാന് ഹോളിവുഡിലും ബോളിവുഡിലും തിരക്കുകൾ ഏറിയതോടെ 2012 ൽ പുറത്തിറങ്ങിയ നീ താനെ എൻ പൊൻ വസന്തതിൽ ഗൗതം സംഗീത സംവിധാനം നിർവ്വഹിക്കാൻ നിയോഗിച്ചത് ഇളയരാജയെയായിരുന്നു. ഇളയരാജക്കു നാ മുത്തുകുമാറിൻറെ വരികൾക്ക് ഈണമിടാനായിരുന്നു താൽപര്യം. അങ്ങനെ താമരക്കു പാട്ടെഴുതാനുള്ള അവസരം നഷ്ടമാകുകയായിരുന്നു.

സിനിമാ ലോകം മുഴുവൻ ഹാരിസ്–ഗൗതം പുനഃസമാഗമത്തിനു വേണ്ടി കാത്തിരുന്നു. ചില അവാർഡ്ദാന ചടങ്ങുകളിൽ ചിലർ ഇരുവരും വീണ്ടും ഒന്നിക്കണമെന്നു പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു. ഹാരിസ് ജയരാജ് ഈണമിട്ട മാട്രാൻറെ ഓഡീയോ റിലീസിങ് ചടങ്ങിൽ ഗൗതം എത്തിയതോടെ ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകൾക്ക് ആക്കം കൂടിയിരുന്നു. എന്തായാലും പരിഭവങ്ങളും പരാതികളും സൗന്ദര്യപിണക്കങ്ങളും മാറ്റിവച്ചു മൂവരും ഒന്നിക്കുകയാണ്. പ്രതീക്ഷയോടെ നല്ല ഈണങ്ങൾക്കായി കാത്തിരിക്കാം കാതോർക്കാം.

ടോപ് ടെൻ ഹിറ്റ്സ് ഓഫ് ഗൗതം–ഹാരിസ്–താമര

  1. നെഞ്ചുക്കുൾ പെയ്തിടും മാമഴേ(വാരണം ആയിരം)

  2. ഉയിരിൻ ഉയിരേ(കാക്ക കാക്ക)

  3. പാർത്ത മുതൽ നാളെ(വേട്ടയാട് വിളയാട്)

  4. വസിഗര (മിന്നലെ)

  5. ഉൻ സിരിപ്പിനിൽ(പച്ചക്കിളി മുത്തുചരം)

  6. മുൻദിനം പാർതേനേ(വാരണം ആയിരം)

  7. യെന്നെ കൊഞ്ചം മാട്രീ(കാക്ക കാക്ക)

  8. ഏ തീയേ അഴകിയ തീയേ(മിന്നലെ)

  9. മഗഞ്ചൾ വെയിൽ മാലയിത്(വേട്ടയാട് വിളയാട്)

  10. അനൽമെലേ പനിതുളി(വാരണം ആയിരം)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.