Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാനും പ‌ാടും... ടിനി ടോം

tini-tom ടിനി ടോം

മിമിക്രിയും അഭിനയവും മാത്രമല്ല പാടാനും തനിക്കു കഴിയുമെന്നു തെളിയിക്കുകയാണ് ടിനി ടോം. വിനയന്റെ ഉല്ലാസപ്പൂങ്കാറ്റ് എന്ന ചിത്രത്തിലൂടെ പാട്ടിലേക്ക് അരങ്ങേറ്റം കുറിച്ചെങ്കിലും ഒരു മുഴുനീള പാട്ടു പാടി എന്ന് അവകാശപ്പെടാവുന്നത് അന്യർക്കു പ്രവേശനമില്ല എന്ന ചിത്രത്തിലാണെന്നു ടിനി പറയുന്നു. തന്റെ പാട്ടുവഴികളെക്കുറിച്ച് ടിനി മനോരമ ഓൺലൈനോടു സംസാരിക്കുന്നു.

പാട്ടിലെ പരീക്ഷണം

ഒരു തൊഴിൽ ചെയ്യുന്നവർ അതിൽത്തന്നെ ജീവിച്ചു മരിക്കണമെന്നില്ലല്ലോ. എല്ലാം നമുക്ക് ശ്രമിച്ചു നോക്കാവുന്നതാണ്. സിനിമാതാരങ്ങളും എപ്പോഴും അഭിനയിച്ചു മാത്രം ജീവിതം തീർക്കണമെന്നില്ല. സിനിമ എന്നു പറയുന്നതു തന്നെ ഏഴു കലകൾ സംയോജിച്ചതാണ്. അതിൽ ഡാൻസുണ്ട്, പാട്ടുണ്ട്. അപ്പോൾ എല്ലാം നമുക്ക് ശ്രമിച്ചു നോക്കാം. മറ്റുള്ളവർ നമുക്കു വേണ്ടി പാടാറുണ്ട്, നൃത്തം ചെയ്തു തരാറുണ്ട്. പക്ഷേ നമ്മൾ തന്നെ സ്വയം ചെയ്യുമ്പോൾ ഒരു പുതുമ അനുഭവപ്പെടാറുണ്ട്. 

കലാകാരൻ ആകണം എന്ന് ആഗ്രഹിക്കുന്നവർ ആദ്യം പാട്ട് പാടാനായിരിക്കും ശ്രമിക്കുന്നത്. ആ ശ്രമം പാളുമ്പോഴായിരിക്കും ഭൂരിഭാഗം പേരും അടുത്തതിലേക്കു പോകുന്നത്. ഞാനും ഇതുപോലെ തന്നെ ഒരു പാട്ടുകാരനാകാൻ ശ്രമിച്ചിരുന്നു. ആരും ശ്രദ്ധിച്ചിട്ടില്ല. കൂട്ടുകാരൊക്കെ ചേർന്ന് ചെറിയൊരു ബാൻഡും ഉണ്ടായിരുന്നു. സംഗീത സംവിധായകരായ ബേണിയും ഇഗ്നേഷ്യസും എന്റെ അമ്മയുടെ കസിൻസാണ്. അവരുടെ ഉല്ലാസപൂങ്കാറ്റ് എന്ന ചിത്രത്തിൽ തിലകനു വേണ്ടി അന്നൊരു ചെറിയ റാപ് പാടിയിരുന്നു. 

മമ്മൂക്ക നിർദ്ദേശിച്ചു, ഞാ‍നും ദുൽഖറും പാടി

എന്റെ രണ്ടാമത്തെ പാട്ട് സലാം ബാപ്പുവിന്റെ മംഗ്ലീഷ് എന്ന ചിത്രത്തിലായിരുന്നു. മമ്മൂക്ക നിർദ്ദേശിച്ചിട്ട് ഗോപീ സുന്ദറാണ് അതിലേക്ക് എന്നെ ക്ഷണിച്ചത്. അങ്ങനെ ഞാനും ദുൽഖറും കൂടി അതിൽ ഒരു പ്രമോ സോങ് പാടി. 

ഗായകനാക്കിയ അന്യർക്കു പ്രവേശനമില്ല

പിന്നണി ഗായകൻ എന്ന രീതിയിൽ ആദ്യമായി പാടിയിരിക്കുന്നത് അന്യർക്ക് പ്രവേശനമില്ല എന്ന ചിത്രത്തിലാണ്. ഇതിൽ ഞാൻ പാടിയ പാട്ട് വേറേ ഒരാളായിരുന്നു പാടിയിരുന്നത്. അതു ഞാൻ കേട്ടിരുന്നു. അദ്ദേഹം നന്നായിട്ടു പാടിയിട്ടുമുണ്ടായിരുന്നു. അതു കേട്ടിട്ട് ഞാൻ ചോദിച്ചു, ഇതു തന്നെ പോരേ എന്ന്. അപ്പോൾ അവർ പറഞ്ഞു, പറ്റില്ല ടിനി തന്നെ പാടണം. ടിനി പാടുമ്പോഴാണ് അതിന്റെ ഒരു പ്രത്യേകത, ടിനി തന്നെയല്ലേ അഭിനയിക്കുന്നതെന്ന്. അങ്ങനെയാണ് ഇതിലെ ഹിന്ദി പാട്ടു പാടിയത്. ദേഹോ മേം തുംകോ... എന്ന പാട്ട് എഴുതിയിരിക്കുന്നത് മേജർ രവി സാർ ആണ്. സംഗീതം പകർന്നിരിക്കുന്നത് ചിത്രത്തിന്റെ തന്നെ സംവിധായകൻ ജയകൃഷ്ണനും. അങ്ങനെ ഞാനും പാടാനുള്ള ഒരു ശ്രമം നടത്തി. ഇത് ഇമിറ്റേറ്റു ചെയ്തിട്ടുള്ള ഒരു പാട്ടാണ്. പഴയ ദേവാനന്ദ്, ഷമ്മി കപൂർ തുടങ്ങിയവരെ അനുകരിച്ചിട്ട് പാടാനുള്ള ഒരു ശ്രമം നടത്തി. കുഴപ്പമില്ലാതെ പോകുന്നു. ലൈനിലുള്ള പാട്ടാണ് അന്യർക്ക് പ്രവേശനമില്ലയിൽ പാടിയിരിക്കുന്നത്. 

ഷാജഹാനും പരീക്കുട്ടിയും

ജയചന്ദ്രനും യേശുദാസും പാടുന്നതിനിടയിൽ ഞാൻ പാടുന്നതായാണ് നാദിർഷ പറഞ്ഞത്. അവരുടെ കൂടെ നിന്ന് ഞാൻ എങ്ങനെയാ പാടുന്നതെന്ന സന്ദേഹം ഉന്നയിച്ചപ്പോൾ നാദിർഷ പറഞ്ഞു നീ അങ്ങോട്ട് പാടടാന്ന്. നാദിർഷയ്ക്കും അഫ്സലിനുമൊപ്പമാണ് പാടിയിരിക്കുന്നത്. ഇതൊരു ഫൺ സോങ് ആണ്. നാദിർഷയും അഫ്സലും ട്രാക്ക് പാടിയതു കേട്ടു കഴിഞ്ഞപ്പോൾ ഞാനും അങ്ങ് പാടി. പഴയ മലയാളം പാട്ടുകളെല്ലാം കൂടിച്ചേർത്ത് ഉള്ള ഒരു പാട്ടാണ്. അതിന്റെ ഇടയിൽ ഒരു ഇംഗ്ലീഷ് റാപ് ചെയ്യാനാണ് എന്നോടു പറഞ്ഞത്. നാദിർഷ തന്നെ ഈണമിട്ട പാട്ടാണിത്. വലിയ അപകടം സംഭവിച്ചില്ലെന്നു പറയാം കാരണം ദാസേട്ടനും ജയചന്ദ്രനും കേട്ടിരുന്നെങ്കിൽ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് അറിയില്ല. സംവിധായകൻ ബോബൻ സാമുവലിനു നന്നായി ഇഷ്ടപ്പെട്ടു. 

ബേണി ഇഗ്നേഷ്യസോ ഗോപീ സുന്ദറോ?

ശരിക്കും പറഞ്ഞാൽ ഗോപീ സുന്ദറാണ് എന്നിലെ ഗായകനെ കണ്ടെത്തിയത്. ബേണിച്ചേട്ടൻ എന്നെ റാപ് ചെയ്യിപ്പിച്ചു, തിലകൻ ചേട്ടന്റെ ശബ്ദം അനുകരിച്ചുള്ള ഒരു റാപ്. ഒരു പാട്ട് എന്ന രീതിയിൽ, അന്യർക്ക് പ്രവേശനമില്ല എന്ന ചിത്രത്തിന്റെ സംവിധായകൻ ജയകൃഷ്ണനാണ് ഫുൾ സ്ട്രെച്ചിലുള്ള പാട്ട് പാടനുള്ള അവസരം തന്നത്. ഓരോന്നും ഓരോരോ പടി ആയാണല്ലോ വരുന്നത്.

പാട്ടിലെ ഗുരു

ഗുരുവോ? നമുക്കൊക്കെ ഗുരു ഉണ്ടെന്നു പറഞ്ഞാൽ ആ ഗുരുവിനു നാണക്കേടാകും. ചെമ്പൈയെ പോലുള്ള ഏതെങ്കിലും ഗുരുവിന്റെ പേരു പറഞ്ഞാൽ ആ ഗുരുവിനു ചീത്തപ്പേരാകും. ഈ കാര്യത്തിൽ ഞാൻ ഏകലവ്യനാണ്. ഒളിച്ചു നിന്നാണ് പഠിച്ചത്. ഗുരു ഉണ്ടെന്നു പറ‍ഞ്ഞ് ഒരു പേരു പറഞ്ഞാൽ കഴുത്തു വെട്ടിയെങ്ങാനും കൊടുക്കാൻ പറഞ്ഞാൽ തീർന്നില്ലേ. 

ഹിന്ദിപ്പാട്ടിലെ ടെൻഷൻ

ഹിന്ദി പാട്ടു പാടിയപ്പോൾ ഉച്ചാരണമൊക്കെ ശരിയായി വരുമോ എന്നൊരു ടെൻഷൻ ഉണ്ടായിരുന്നു. എന്റെ ഭാര്യക്ക് ഹിന്ദി അറിയാം. ഒരു ഹിന്ദി അധ്യാപകനോടും സംശയമുള്ളതൊക്കെ ചോദിച്ച് മനസിലാക്കിയാണ് പാടിയത്. പിന്നെ ഞാൻ വലിയ സ്റ്റേജ് സിങ്ങർ ഒന്നും അല്ലല്ലോ, ചെറിയ തെറ്റുകളൊക്കെ ഉണ്ടെങ്കിലും പ്രേക്ഷകർ ക്ഷമിക്കുമെന്നാണു പ്രതീക്ഷ. 

മിമിക്രി ആർട്ടിസ്റ്റ്, നടൻ, ഗായകൻ

നല്ലൊരു മനുഷ്യൻ എന്ന പേരിൽ അറിയപ്പെടാനാണ് ആഗ്രഹം. ഇനിയിപ്പോൾ പ്ലയിൻ പറപ്പിക്കാൻ പറഞ്ഞാലും ഞാൻ ചെയ്തു നോക്കും. എന്തു പറഞ്ഞാലും പറ്റില്ല എന്നു പറയില്ല. പിന്നെ ചെറിയ ഒരു ഹോംവർക്കൊക്കെ ചെയ്തിട്ടേ അതിനിറങ്ങി പുറപ്പെടൂവെന്നു മാത്രം. വെറുതേ എടുത്തു ചാടാറില്ല. സിനിമയിൽ വരുമ്പോൾ നമ്മൾ എന്തിനും തയാറായിരിക്കണം. അതിനുള്ള ശ്രമം തുടരുന്നു. 

സംഗീതവുമായുള്ള ബന്ധം

ട്രയാഡ്സ് എന്ന പേരിൽ കൂട്ടുകാർ ചേർന്ന് ഒരു ബാൻഡുണ്ട്. ഹോളിഡേ ഇന്നിൽ വായിക്കുന്ന ആൾക്കാരാണ്. ആരുമില്ലാത്ത സമയത്ത് ഞാൻ പോയി അവരോടൊപ്പം പാടാറുണ്ട്. ജനങ്ങൾ ഇരിക്കുമ്പോൾ പാടാറില്ല. പിന്നെ ക്രിസ്മസ് പോലുള്ള ഉത്സവങ്ങൾ വരുമ്പോൾ അവരോടൊപ്പം പാടും. അല്ലാതെ സംഗീതവുമായി ബന്ധമൊന്നുമില്ല. എന്നെ പാടാൻ നിർബന്ധിച്ചതു കൊണ്ട് ഇപ്പോൾ പാടിയതാണ്. അറിയാവുന്ന ഒരു പണി ഉള്ളതുകൊണ്ട് എന്നെ പാടിക്കണം െന്നു പറ‍ഞ്ഞ് ആരോടും അവസരം ചോദിച്ചിട്ടില്ല. മറ്റൊന്നും കൊണ്ടല്ല, നമ്മൾ ഒരു അവസരം ചോദിക്കുമ്പോൾ അവർ പിന്നെ നമ്മളെ കാണുമ്പോൾ അവർക്കൊരു വിഷമമായിരിക്കും, ചിലപ്പോൾ ഒരു ശല്യമായിട്ടാകും നമ്മളെ കാണുന്നത്. അങ്ങനെ ജീവിതത്തിൽ ആർക്കും ഒരു ശല്യമാകരുതെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അമ്പലപ്പറമ്പിൽ നിന്നും പള്ളിപ്പറമ്പിൽ നിന്നുമൊക്കെ വന്ന ഒരു സാധാരണക്കാരനായതു കൊണ്ട് സാധാരണക്കാരുടെ സപ്പോർട്ട് എപ്പോഴും ഉണ്ടാകണമെന്ന ആഗ്രഹമേ ഉള്ളു.