Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുരാഗഗാനം

Yusufali Kecheri

കേച്വേരി ഒരു പുഴയാണ്. കവിയെന്ന വാക്കിനെ അന്വർഥമാക്കുംവിധം ശ്രവണമധുരമായ കളകളാരവത്തോടെ അനർഗളമൊഴുകുന്ന പുഴ. തീരമെങ്ങും പാട്ടിന്റെ പട്ടുറുമാൽ വിരിച്വ് ആ പുഴയൊഴുകിത്തുടങ്ങിയിട്ട് എട്ടു ദശാബ്ദങ്ങൾ പിന്നിടുന്നു. കവിയെ സർവജ്ഞനെന്നും ശബ്ദമുണ്ടാക്കുന്നവനെന്നും കവനം ചെയ്യുന്നവനെന്നുമൊക്കെ നിർവചിക്കാമെങ്കിൽ യൂസഫലി കേച്വേരിയെന്ന പാട്ടുകളുടെ സുൽത്താനെ കവിത്വമൊഴുകുന്ന പുഴയായല്ലാതെ എങ്ങനെ വിശേഷിപ്പിക്കും?

മാപ്പിളപ്പാട്ടുകളുടെ ഇശലിൻനടുവിൽ ജനിച്വ് സംസ്കൃതശ്ലോകങ്ങളുടെ തെളിനീരുറവയിൽ മുങ്ങിനിവർന്ന് കവിതകളുടെ ലാളിത്യമറിഞ്ഞു വളർന്ന വ്യക്തിയാണ് യൂസഫലി കേച്വേരി. തൃശൂർ കേച്ചേരിയിൽ പുരസ്കാരങ്ങൾ ചുറ്റുമതിൽ തീർത്ത സൂരജ് മഹലിനുള്ളിൽ മഷിയുണങ്ങാത്ത കടലാസുകളും മഷിയൊഴുകുന്ന പേനയുമായി കവി ഇപ്പോഴും രചനയിലാണ്. മലയാള ചലച്വിത്രഗാന ചരിത്രത്തിനു മേലെ വടക്കുനിന്നു പാറിയെത്തിയ ആ വാനമ്പാടിയുടെ കാവ്യജീവിതത്തിലൂടെയൊരു യാത്ര...

ഇശൽ തേൻകണം കൊണ്ടുവാ...
മാപ്പിളപ്പാട്ടുകളുടെ മാറ്റൊലി മുഴങ്ങുന്ന കേച്വേരിയെന്ന ഗ്രാമത്തിൽ 1934 മേയ് 16ന് ജനനം. മനോഹരമായ മാപ്പിളപ്പാട്ടുകളിലൂടെ തറവാടിന്റെ ഉൾത്തളങ്ങളെ പാടിയുണർത്തിയ ഉമ്മ നജ്മക്കുട്ടിയാണ് യൂസഫലിയിൽ കവിതയുടെ ഉറവകൾ സൃഷ്ടിച്വത്. നല്ല മാപ്പിളപ്പാട്ടുകളുടെ സ്രഷ്ടാവായ എരംകുളം അഹമ്മദ് വൈദ്യരുടെ മകളായ നജ്മക്കുട്ടി, തന്റെ കലാപാരമ്പര്യം താരാട്ടുപാട്ടുകളുടെ രൂപത്തിൽ മകനിലേക്കും പകർന്നു. അന്ന് പുറംലോകമറിയാത്തൊരു കുഗ്രാമം മാത്രമായിരുന്നു കേച്വേരി. വീടിനു വെട്ടുവഴിയിലൂടെ കടന്നുപോകുന്ന കാളവണ്ടിക്കാരുടെ വായ്ത്താരികളും പാനീസ് വിളക്കുകൾക്കു ചോട്ടിൽ കൂടിയിരുന്നു കുട്ടികൾ പാടുന്ന ഈരടികളും യൂസഫലിയിലെ കാവ്യഭാവനയെ ഉണർത്തി.

കൃഷ്ണകൃപാ സാഗരം... പാട്ട് ഒരുൾക്കുളിരായി രൂപാന്തരം പ്രാപിച്വുതുടങ്ങുമ്പോൾ യൂസഫലിക്ക് പ്രായം പത്തു വയസ്സ്. അഞ്ചാം ക്ലാസിൽ മലയാളം അധ്യാപകൻ ഇ.പി. ഭരതപിഷാരടിയാണ് സംസ്കൃതം പഠിക്കാൻ ഉപദേശിക്കുന്നത്. ശിഷ്യന്റെ ഭ്രമാത്മക ഭാവനാലോകം കണ്ടു വിസ്മയിച്വായിരുന്നു പിഷാരടിയുടെ ഉപദേശം. അങ്ങനെ ഉപരിപഠനത്തിനായി യൂസഫലി കേരളവർമ കോളജിലെത്തി. യൂസഫലിയെന്ന ബാലനൊപ്പം കേച്വേരിയെന്ന ഗ്രാമത്തിന്റെയും പ്രശസ്തിയുടെ തുടക്കമായിരുന്നു അത്.

സംസ്കൃതത്തിൽ അഗാധ പാണ്ഡിത്യത്തിനുടമയായ ഡോ. കെ.പി. നാരായണ പിഷാരടിയുടെ ശിക്ഷണത്തിലായിരുന്നു പഠനം. സംസ്കൃത പഠനം ഒരു വിഭാഗത്തിനു മാത്രം സ്വായത്തമായിരുന്ന കാലത്താണ് പിഷാരടി യൂസഫലിയെ ശിഷ്യനായി സ്വീകരിച്വത്. അങ്ങനെ നബിക്കൊപ്പം കൃഷ്ണനും ക്രിസ്തുവും യൂസഫലിക്ക് വിവരണങ്ങൾക്കപ്പുറമുള്ള അനുഭൂതിയായി. ‘അല്ലയോ അബു ഹുറൈറ, താങ്കൾ സുറിയാനി ഭാഷ നന്നായി പഠിക്കണം, എന്നാൽ താങ്കൾക്ക് ബൈബിൾ നന്നായി പഠിക്കാം എന്ന പ്രവാചക വചനത്തിന്റെ ആഴമറിയുകയായിരുന്നു യൂസഫലിയപ്പോൾ.

മാനസ നിളയിൽ... മാപ്പിളപ്പാട്ടുകളെഴുതിയായിരുന്നു തുടക്കമെങ്കിലും നിയമപഠനകാലത്താണ് യൂസഫലി കവിതകളുടെ വാങ്മയലോകത്തേക്കു ചുവടുമാറ്റുന്നത്. പുറംലോകമറിയാതൊഴുകിയിരുന്ന കേച്വേരിപ്പുഴയ്ക്ക് കാവ്യശീലിൽ പൊതിഞ്ഞ വിലാസമുണ്ടാകുന്നതും ഇങ്ങനെതന്നെ. വക്കീലായി പ്രാക്ടീസ് ചെയ്യുന്ന കാലത്ത് ആഴ്ചപ്പതിപ്പുകളിൽ കവിതകളെഴുയിരുന്നു കേച്വേരി. മദ്രാസിൽ നിന്നു പ്രസിദ്ധീകരിച്വിരുന്ന ഒരു മലയാളം ആഴ്ചപ്പതിപ്പിൽ അക്കാലത്തു കവിതകളെഴുയിരുന്ന ഒരാളുമായി കേച്വേരി സൗഹൃദത്തിലായതും ഇക്കാലത്താണ്. അദ്ദേഹത്തിന്റെ പേര് രാമു കാര്യാട്ട്!

വിഖ്യാത സംവിധായകനായ കാര്യാട്ട് മൂടുപടം എന്ന പേരിൽ 1962ൽ ഒരു ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്വു. പി. ഭാസ്കരനാണ് ഗാനങ്ങളെഴുതിയത്. എന്നാൽ, ആകസ്മികമായി ചിത്രീകരണത്തിൽ വരുത്തിയ ചില മാറ്റങ്ങൾമൂലം മുസ്ലിം പശ്ചാത്തലത്തിലുള്ള ഒരു ഗാനം കൂടി ചിത്രത്തിൽ ആവശ്യമായി വന്നു. ആ പാട്ട് ആരെക്കൊണ്ടെഴുതിക്കണമെന്ന ചോദ്യം ഉയർന്നപ്പോൾ കാര്യാട്ടിന്റെ മനസ്സിലെത്തിയത് യൂസഫലിയായിരുന്നു. അങ്ങനെ ‘മയിലാഞ്ചിത്തോപ്പിൽ മയങ്ങിനിൽക്കുന്ന മൊഞ്ചത്തി എന്ന പാട്ടു പിറന്നു, യൂസഫലി ഗാനരചയിതാവുമായി.

ജാനകീ ജാനെ... ആദ്യഗാനം ശ്രദ്ധിക്കപ്പട്ടതോടെ യൂസഫലി ചലച്വിത്രഗാനരചനയിൽ സജീവമായി. കാവ്യഭംഗിയും ഇമ്പവുമുള്ള പാട്ടുകൾ കേച്വേരിയുടെ പേനത്തുമ്പിൽനിന്ന് ഒഴുകിയിറങ്ങി. അക്കാലത്ത് ഒരു സിനിമയിൽ പത്തോളം ഗാനങ്ങൾവരെ ഉൾക്കൊള്ളിച്വിരുന്നതിനാൽ ഗാനരചന യൂസഫലിക്കു ജീവിതമാർഗവുമായി. അങ്ങനെ വക്കീൽക്കുപ്പായം അഴിച്വുവച്വ് പാട്ടെഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്വു. സംസ്കൃതം, ഹിന്ദി, ഇംഗ്ലിഷ്, മലയാളം ഭാഷകളിലുണ്ടായിരുന്ന പാണ്ഡിത്യവും പരന്ന വായനയും അദ്ദേഹത്തിന്റെ രചനകളുടെ ആഴമേറ്റി.

മഹാഭാരതവും ഭാഗവതവും രാമായണവുമെല്ലാം സംസ്കൃതത്തിൽതന്നെ വായിച്വിരുന്നതിനാൽ കൃഷ്ണഭക്തി മയമുള്ള അദ്ദേഹത്തിന്റെ പാട്ടുകൾ എക്കാലവും മലയാളിയുടെ കണ്ണുനനയിച്വു. കല്യാണപ്പന്തൽ എന്ന ചിത്രത്തിലെ ചഞ്ചല, ചഞ്ചല നയനം, ധ്വനിയിലെ ജാനകീ ജാനെ, മഴയിലെ ഗേയം ഹരിനാമധേയം എന്നീ ഗാനങ്ങൾ പൂർണമായി സംസ്കൃതത്തിൽ രചിക്കപ്പെട്ടവയാണ്. ഫലമോ, പൂർണമായി സംസ്കൃതത്തിൽ ചലച്വിത്രഗാനങ്ങളെഴുതിയ ഗാനരചയിതാവെന്ന ബഹുമതിയും കേച്വേരിക്കു സ്വന്തം.

സുറുമയെഴുതിയ മിഴികളേ... യൂസഫലിയുടെ പാട്ടുകൾ കേച്വേരിപ്പുഴയെക്കാൾ പാടിപ്പാടി വലുതായ കാലത്താണ് ഖദീജ കവിയുടെ ജീവിതസഖിയായി എത്തുന്നത്. ഭാര്യയെ മനസ്സിലോർത്തെഴുതിയ പാട്ടാണ് ‘സുറുമയെഴുതിയ മിഴികളേ എന്ന് യൂസഫലി ഓർക്കുന്നു. ഹാർമോണിയത്തിനു ശ്രുതിയൊപ്പിച്വ് ബാബുരാജ് ആ വരികൾ ഈണമിട്ടു പാടുന്നതു കേട്ട് ശരിക്കും യൂസഫലി അന്നു കരഞ്ഞുപോയി. ബാബുരാജും കേച്വേരിയും തമ്മിലുള്ള മനപ്പൊരുത്തത്തിന് ഇതും കാരണമാവാം.

അസാധാരണമായൊരു രസതന്ത്രം ഇരുവർക്കുമിടയിൽ പ്രവർത്തിച്വിരുന്നെങ്കിലും ഒൻപതു സിനിമകൾക്കു വേണ്ടി മാത്രമേ ഇവർ ഒന്നിച്വിട്ടുള്ളൂ. അക്കാര്യത്തിൽ ദേവരാജൻ തന്നെയാണ് തന്റെ ദീർഘകാല പങ്കാളിയെന്ന് യൂസഫലി ഓർക്കുന്നു. 42 ചിത്രങ്ങളിലാണ് ഇരുവരും ചേർന്നു ഗാനങ്ങളൊരുക്കിയത്. ഒപ്പം കെ. രാഘവൻ, എം.കെ. അർജുനൻ, ബോംബെ രവി, എസ്.പി. വെങ്കിടേഷ്, ഇളയരാജ, ശ്യാം, കെ.ജെ. ഉമ്മർ, ജെറി അമൽദേവ് തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകർക്കു വേണ്ടിയും ഗാനങ്ങളെഴുതി.

സ്വരരാഗ ഗംഗാപ്രവാഹമേ... കവിത ആത്മാവിൽനിന്നുള്ള തെളിനീർ പ്രവാഹമാണെന്നു വിശ്വസിക്കാനാണ് കേച്വേരിക്ക് എപ്പോഴും ഇഷ്ടം. അതുകൊണ്ടു തന്നെ തന്റെ കവിതയും ചുമലിലേന്തി ഒരു സംവിധായകന്റെ പിന്നാലെയും അദ്ദേഹം പോയിട്ടില്ല. ഇങ്ങോട്ടു വന്നവർക്കെല്ലാം ലോഭമില്ലാതെ നൽകി. സംഗീതം കേട്ട് പാട്ടെഴുതിയാലും പാട്ടെഴുതിയ ശേഷം സംഗീതം ചെയ്താലും വിരോധമില്ല, വരികളിൽ കാവ്യഭംഗിയുണ്ടാകണമെന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ നിർബന്ധം. അതുകൊണ്ടു തന്നെ തന്റെ വരികളിൽ അനാവശ്യ തിരുത്തലുകൾക്ക് അദ്ദേഹം വഴങ്ങാറുമില്ല.

ഒരിക്കൽ ഒരു ചിത്രത്തിനായി ‘മാൻകിടാവേ വാ എന്നു തുടങ്ങുന്ന ഗാനം കേച്വേരി എഴുതി. എന്നാൽ, ആദ്യവരി മാറ്റിയേ അടങ്ങൂ എന്ന് സംഗീതസംവിധായകന് നിർബന്ധം. അത്ര നിർബന്ധമെങ്കിൽ തന്നെ മാറ്റിക്കോളൂ, വരി മാറ്റാൻ പാടില്ലെന്നു പറഞ്ഞുകളഞ്ഞു കേച്വേരി!

കടലേ, നീലക്കടലേ... 80 വർഷം നീളുന്ന കേച്വേരിയുടെ ജീവിതമെന്ന സാഹിത്യ സാഗരത്തെ ഇങ്ങനെ ചുരുക്കാം. 63 വർഷം കവിതയെഴുത്തും 54 കൊല്ലം ചലച്വിത്ര ഗാനരചനയും. ഇതിനിടെ മലയാളി ഹൃദയങ്ങളിൽ പതിഞ്ഞത് പതിനഞ്ച് കവിതാ സമാഹാരങ്ങളും നാനൂറോളം ചലച്വിത്ര ഗാനങ്ങളും. മരം, വനദേവത, നീലത്താമര എന്നീ ചലച്വിത്രങ്ങളുടെ സംവിധാനവും നിർമാണവും കേച്വേരി നിർവഹിച്വു. ദേശീയ ചലച്വിത്ര പുരസ്കാരം, സംസ്ഥാന ചലച്വിത്ര പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം, ആശാൻ പ്രൈസ്, ചങ്ങമ്പുഴ പുരസ്കാരം, മൂലൂർ പുരസ്കാരം, ഒളപ്പമണ്ണ പുരസ്കാരം, ഉള്ളൂർ പുരസ്കാരം, ലൂമിയർ പുരസ്കാരം, ഫിലിം ക്രിട്ടിക്സ് പുരസ്കാരം, കവനകൗതുകം പുരസ്കാരം തുടങ്ങി കേച്വേരിയുടെ സ്വീകരണമുറിയിലെത്തിയ അവാർഡുകൾ എണ്ണിയാൽ തീരില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.