Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കാലാ’യുടെ അവസാന ദിവസം രജനി ധനുഷിനോട് പറഞ്ഞത്

dhanush

സൂപ്പർസ്റ്റാർ‍ രജനികാന്ത് നായകനാകുന്ന ‘കാലാ’ സിനിമയുടെ ഒാഡിയോ ലോഞ്ചിൽ രജനികാന്തിന്റെ മരുമകനും ചിത്രത്തിന്റെ നിർമാതാവുമായ ധനുഷ് നടത്തിയ പ്രസംഗം ശ്രദ്ധ നേടുന്നു. വണ്ടർബാർ ഫിലിംസ് എന്ന നിർമാണകമ്പനി ആരംഭിക്കാനിടയായ സാഹചര്യം വ്യക്തമാക്കിയ ധനുഷ് ‘കാലാ’യുടെ ഷൂട്ടിങ്ങിന്റെ അവസാനദിവസം രജനി തന്നോടു പറഞ്ഞ ഒരു കാര്യത്തെക്കുറിച്ചും പ്രസംഗത്തിൽ സൂചിപ്പിച്ചു. 

‘‌പുകഴ്ത്തി സംസാരിക്കുന്നത് അദ്ദേഹത്തിനിഷ്ടമല്ല. പക്ഷേ ഒരു കാര്യം ഇവിടെ സൂചിപ്പിക്കാതിരിക്കാനാവില്ല. ‘കാലാ’യുടെ ഷൂട്ടിങ്ങിന്റെ അവസാന ദിവസം 11 മണിക്ക് പാക്ക് അപ്പ് ആകുമെന്നാണ് അറിയിച്ചിരുന്നത്. ഞാനും അന്ന് അവിടെ ഉണ്ടായിരുന്നു. എന്നാൽ പതിനൊന്ന് എന്നത് പന്ത്രണ്ടും ഒന്നുമൊക്കെ കഴിഞ്ഞു. രണ്ടരയായപ്പോൾ ഞാൻ അദ്ദേഹത്തിന്റെ അടുത്തെത്തി. തീയും പുകയും പൊടിയും ചേർന്ന ഒരു വല്ലാത്ത അന്തരീക്ഷമായിരുന്നു ലൊക്കേഷനിൽ. ഷൂട്ടിങ്ങ് താമസിച്ചതിനു ഞാൻ അദ്ദേഹത്തോട് ക്ഷമ പറഞ്ഞു. എന്നാൽ ഇതൊക്കെയെന്ത് ? സിനിമയല്ലേ നമുക്കൊക്കെ എല്ലാം. കണ്ടില്ലേ അവരൊക്കെ ഒാടി നടന്ന് കഷ്ടപ്പെടുന്നത്. അദ്ദേഹത്തിന്റെ തൊഴിൽഭക്തി എത്രമാത്രമാണെന്ന് എനിക്ക് മനസ്സിലായി’ ധനുഷ് പറഞ്ഞു. 

ധനുഷിന്റെ പിന്നീടുള്ള വാക്കുകൾ അടുത്തിടെ അദ്ദേഹത്തിനെതിരെ ഉയർന്ന ആക്ഷേപങ്ങളെക്കുറിച്ചായിരുന്നു. അതിന് മറുപടി നൽകിയതാകട്ടെ ചില ഉദാഹരണങ്ങളിലൂടെയും. ‘ഇവിടെ പ്രശസ്തനാവാൻ രണ്ടു വഴിയാണ് ഇപ്പോഴുള്ളത്. ഒന്ന്. വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഒരു പദവിയിലെത്തുക. രണ്ടാമത്തെ വഴി അങ്ങനെ കഷ്ടപ്പെട്ട് പദവിയിലെത്തിയവരെ  താഴ്ത്തി കാണിച്ച് വലിയ ആളാകാൻ നോക്കുക. അദ്ദേഹം കൈപിടിച്ചുയർത്തിയവരും അദ്ദേഹത്തെ കൊണ്ട് രക്ഷപ്പെട്ടവരും ഇന്ന് അദ്ദേഹത്തിനെതിരെ നിൽക്കുന്ന കാഴ്ച. പക്ഷേ എപ്പോഴും ഇങ്ങനെ ചിരിച്ചുകൊണ്ടിരിക്കുന്നതാണ് അദ്ദേഹത്തെ വേറിട്ട് നിർത്തുന്നത്. 

സിനിമയിൽ ആദ്യം വില്ലനായി, പിന്നെ സഹനടനായി, പിന്നെ നായകനായി, താരമായി, സ്റ്റെൽ മന്നനായി, സൂപ്പർ സ്റ്റാറായി ഇപ്പോൾ തലൈവറായി...ഇനി.. ?’ ധനുഷ് പറഞ്ഞുനിർത്തി. ഒരു നിമിഷത്തെ നിശബ്ദത. വേദിയെ ഇളക്കി മറിച്ച് ആരാധകരുടെ കയ്യടി,  ആർപ്പുവിളി. ‘നാളെ എന്താണ് ? അതിനായി നിങ്ങളെ പോലെ ഞാനും കാത്തിരിക്കുന്നു.’ ധനുഷിന്റെ വാക്കുകളിൽ പ്രകടമാണ് തമിഴകത്തിന്റെ പൾസ് തിരിച്ചറിയാനുള്ള ശ്രമം.