Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോടു ചോദിച്ചാണ് ഈ മാറ്റം, എനിക്ക് കേൾക്കണ്ട: ലതാമങ്കേഷ്‍കർ

lata-mangeshkar

റീമിക്സുകൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് പ്രശസ്ത ഗായിക ലതാമങ്കേഷ്കർ. 'ചൽതേ ചൽതേ യൂഹി കോയി മിൽഗയാതാ' എന്ന ഗാനത്തിന്റെ റീമിക്സ് ആണ് ലതാ മങ്കേഷ്കറെ ചൊടിപ്പിച്ചത്. 'മിത്രോം' എന്ന ചിത്രത്തിനു വേണ്ടി പാക്കിസ്ഥാനി ഗായകൻ 'അത്തിഫ് അസ്‌ലം' ആണ് ഗാനത്തിന്റെ റീമിക്സ് ആലപിച്ചത്. തനിഷ്ക് ഭാഗ്ജിയാണു സംഗീതം. 

ലതാമങ്കേഷ്കറും ഗുലാം മുഹമ്മദും ചേർന്നാണു യഥാർഥഗാനം ആലപിച്ചിരിക്കുന്നത്. റീമിക്സിനെ സംബന്ധിച്ച് ലതാ മങ്കേഷ്കറിന്റെ വാക്കുകൾ ഇങ്ങനെ: ‘എനിക്ക് അതുകേൾക്കണ്ട. ഞാൻ ഇത്തരം റീമിക്സുകൾ കേള്‍ക്കാൻ ആഗ്രഹിക്കുന്നില്ല. പഴയഗാനങ്ങൾ ഇങ്ങനെ റീമിക്സ് ചെയ്യുന്നതിൽ വലിയ വിഷമം തോന്നാറുണ്ട്. ചില പാട്ടുകളുടെയെല്ലാം വരികളിൽ വരെ മാറ്റം വരുത്തിയാണു റീമിക്സ് ചെയ്യുന്നത്. ആരോടു ചോദിച്ചാണ് ഇങ്ങനെയുള്ള മാറ്റങ്ങൾ വരുത്തുന്നത്. ഈ ഗാനങ്ങളുടെ യഥാർഥ രചയിതാക്കൾ അവരുടെ സർഗാത്മകതയാൽ മനോഹരമാക്കിയവയാണ് ഈ ഗാനങ്ങൾ. അവരുടെ സർഗാത്മകതയിൽ കൈകടത്താൻ ആരാണ് അധികാരം നൽകുന്നത്?’

നേരത്തെ ബിജെപി എംപിയും ഗായകനുമായ ബാബുൽ സുപ്രിയോയും ഈ ഗാനത്തിന്റെ റീമിക്സിനെതിരെ രംഗത്തെത്തിയിരുന്നു. കലാകാരൻമാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുമ്പോഴും പലപ്പോഴും അതിരുകൾ ലംഘിക്കുംവിധമുള്ള പ്രവൃത്തികൾ നടക്കാറുണ്ട്. അത്തിഫ് അസ്‌ലമിന്റെ റീമിക്സ് കേൾക്കുമ്പോൾ അങ്ങനെയാണു തോന്നുന്നതെന്നു ബാബുൽ സുപ്രിയോ പറഞ്ഞു.

ഗായിക അൽക്ക യാഗ്നിക്കും തന്റെ ഗാനത്തിന്റെ റീമിക്സിനെതിരെ രംഗത്തെത്തി. 'സത്യമേവ ജയതേ' എന്ന ചിത്രത്തിലെ 'ദിൽബർ ദിൽബർ' എന്ന ഗാനത്തിനായിരുന്നു അൽക്കാ യാഗ്നിക്കിന്റെ വിമർശനം. ‘എന്തുകൊണ്ട് ഒരു പുതിയഗാനം സൃഷ്ടിച്ചു സൂപ്പർഹിറ്റാക്കാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കു സാധിച്ചില്ല’ എന്നായിരുന്നു അൽക്കയുടെ ചോദ്യം. അതേസമയം, ‘പാക്കിസ്ഥാനി ഗായകരെ ആദ്യം പാക്കിസ്ഥാനി പൗരന്‍മാരായി തന്നെയാണു പരിഗണിക്കേണ്ടത്. പിന്നീടാണ് അവരെ കലാകാരൻമാരായി പരിഗണിക്കേണ്ടത്’ എന്നായിരുന്നു അത്തിഫ് അസ്‌ലമിന്റെ ഗാനത്തെപ്പറ്റി ഫിലിം സെൻസർ ബോർഡ് മുൻ ചെയർമാൻ പഹ്‌ലജ് നിഹലാനിയുടെ അഭിപ്രായം.