ADVERTISEMENT

ഒരിക്കൽ കേട്ടാല്‍ ഹൃദയത്തിൽ കൂടുകൂട്ടും ചിലഗാനങ്ങൾ. താരാട്ടോ, പ്രണയമോ, തേങ്ങലോ ആയി  അതങ്ങനെ നമുക്കൊപ്പം സഞ്ചരിക്കും. അങ്ങനെ ഒരു ഗാനമാണ് പേരന്‍പിലെ അൻപേ അൻപിൻ എന്ന ഗാനം. കരുതലിന്റെ സ്നേഹത്തിന്റെ വിങ്ങലാണ് ഈ ഗാനം. 

 

യുവന്‍ ശങ്കർ രാജയുടെ സംഗീതവും കാർത്തികിന്റെ മനോഹരമായ ആലാപനവും ഗാനത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നുണ്ട്. സുമതി റാമിന്റെതാണു വരികൾ. മമ്മൂട്ടിയുടെയും സാധനയുടെയും അഭിനയ മികവ് വാക്കുകൾക്ക് അതീതം. തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് പേരൻപ്. താങ്കൾക്കു പകരമായി മറ്റാരും ഇല്ലെന്നും, ഇന്ത്യൻ സിനിമയുടെ മുഖമാണ് മമ്മൂട്ടി എന്നുമാണ് ആരാധകപക്ഷം. മനുഷ്യത്വത്തിന്റെ ചെറിയ കണികയെങ്കിലും ഉള്ളിൽ അവശേഷിക്കുന്നുണ്ടെങ്കിൽ ഈ സിനിമ കാണാതിരിക്കില്ലെന്നുമാണ് വിലയിരുത്തല്‍. തീയറ്റർ വിട്ടുട്ടും ഈ ഗാനം നൽകിയ വിങ്ങല്‍ വിട്ടുപോയില്ലെന്നാണ് ചിലർ പറയുന്നത്. ഇന്നലെ വൈകിട്ട് റിലീസ് ചെയ്ത ഗാനം ഇതിനോടകം കണ്ടത് ഒന്നര ലക്ഷത്തിലധികം ആളുകളാണ്. അൻപേ അൻപിൻ എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ നേരത്തെ എത്തിയിരുന്നു. ഇതിനും വൻസ്വീകാര്യത ലഭിച്ചിരുന്നു. 

 

മാനസീകവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന മകളോടുള്ള ഒരു അച്ഛന്റെ സ്നേഹവും കരുതലും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു ഗാനത്തിൽ. മമ്മൂട്ടി  ഡാൻസ് ചെയ്യുന്ന ഒരു രംഗമുണ്ട് ഗാനത്തിൽ. ഇത്ര നാളും മമ്മൂട്ടിയുടെ ഡാൻസ് കണ്ട് ചിരിച്ചവർ പറയുന്നത് ഇങ്ങനെ: മമ്മൂട്ടിയുടെ ഡാൻസ് പലപ്പോഴും ഗാനങ്ങളിൽ കണ്ട് ചിരിച്ചിട്ടുണ്ട്. എന്നാൽ പേരൻപിലെ ഗാനരംഗത്തിലുള്ള ഡാൻസ് കണ്ടാൽ ചിരിവരില്ല. പകരം ഉള്ളിൽ ഒരു വിങ്ങലാണ്. നമ്മൾ പോലും അറിയാതെ കണ്ണുകൾ നിറയുന്നു. ' ചിത്രം പോലെ തന്നെ ഗാനവും നമ്മെ കരയിക്കുകയല്ല ചെയ്യുന്നത്. പകരം ഉള്ളിലെ നന്മകളിലേക്കുള്ള ഒരു എത്തിനോട്ടം സാധ്യമാക്കും. കൃത്യമായും മനുഷ്യനുള്ളിലെ നന്മകളിലേക്കാണ് ചിത്രം വിരൽ ചൂണ്ടിയത്. ഈ ഗാനവും അങ്ങനെ തന്നെ. 

 

ചിത്രത്തിന്റെ കഥയും സംവിധാനവും റാം ആണ്. അഞ്ജലി അമീർ, അഞ്ജലി, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലെത്തുന്നു. വൈരമുത്തു കരുണാകരൻ എന്നിവരും ചിത്രത്തിനായി വരികൾ എഴുതി. നാലുഗാനങ്ങളുണ്ട് ചിത്രത്തിൽ. ഓരോന്നും ഒന്നിനൊന്നു മെച്ചം തന്നെയാണ്. അമുദവനെയും മകളെയും ഈ ഗാനങ്ങളെയും നെഞ്ചേറ്റുകയാണ് മലയാളി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com