ഇങ്ങനെയൊരുമാറ്റം, ഇതെന്തു വേഷം പ്രിയങ്ക? അതിശയിപ്പിച്ച് നിക് ജോനാസിന്റെ പുതിയ വിഡിയോ

Nick-Jonas-Priyanka-Chopra
SHARE

ലോകത്താകെ ആരാധകരുള്ളവരാണ് അമേരിക്കൻ പോപ് ഗായകരായ 'ജോനാസ് ബ്രദേഴ്സ്'. ഇവരിൽ നിക് ജോനാസ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചതോടെ ഇന്ത്യയില്‍ നിക്കിന്റെ സംഗീതത്തിനും ആരാധകരേറെ. വിവാഹ ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന ആദ്യ മ്യൂസിക് വിഡിയോ ശ്രേദ്ധേയമാകുകയാണ് ഇപ്പോള്‍. ഇതോടെ അഭിനയരംഗത്തിൽ മാത്രമല്ല, സംഗീതത്തിലും തന്റെ ചുവടുറപ്പിക്കുകയാണ് പ്രിയങ്ക ചോപ്ര.

ജോനാസ് ബ്രദേഴ്സിന്റെ 'സക്കർ' എന്ന വിഡിയോയാണ് ഇപ്പോൾ തരംഗമാകുന്നത്. സഹോദരൻമാരായ നിക് ജോനാസ്, കെവിൻ ജോനാസ്, ജോ ജോനാസ് എന്നിവരും അവരുടെ പങ്കാളികളായ പ്രിയങ്ക ചോപ്ര, ഡാനിയല്‍, സോഫി ടർനർ എന്നിവരുമാണ് വിഡിയോയിൽ. പ്രണയവും ജീവിതവുമാണ് ഗാനത്തിൽ നിറയുന്നത്. വിഡിയോയിലെ പ്രിയങ്കയുടെ വസ്ത്ര ധാരണവും ഇപ്പോൾ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. കിരീടവും ഗൗണും ധരിച്ച് സൈക്കിൾ ചവിട്ടുന്ന പ്രിയങ്കയുടെ വേഷം കണ്ട് ആരാധകര്‍ക്കും അതിശയം. മാത്രമല്ല, ഗോൾഡൻ നിറത്തിലുള്ള വേഷം ധരിച്ച് പ്രിയങ്ക എത്തിയതു ഹിറ്റ് ഹോളിവുഡ് ചിത്രം 'ബേവാച്ചി'നെ ഓർമിപ്പിക്കുംവിധമാണെന്നാണ് ആരാധകരുടെ പ്രതികരണം. 

ജോനാസ് സഹോദരൻമാരുടെയും അവരുടെ പങ്കാളികളുടെയും കൂടെ ഈ വിഡിയോയുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷം തോന്നുന്നു. നിക് ജോനാസ്, നിങ്ങളെ ഓർത്ത് അഭിമാനം തോന്നുന്നു എന്ന കുറിപ്പോടെയാണ് പ്രിയങ്ക ചോപ്ര വിഡിയോ പങ്കുവച്ചത്. ജോനാസ് സഹോദരൻമാർക്ക് അവരുടെ സ്നേഹവും സൗഹൃദവും എന്നും ഇതുപോലെ തുടരാൻ സാധിക്കട്ടെ എന്നാണ്  ഗാനത്തിനു ആസ്വാദകരുടെ പ്രതികരണം. 

ആറുവർഷത്തിനു ശേഷമാണ് ജോനാസ് സഹോദരൻമാർ ഒരുമിച്ച് ഗാനവുമായി എത്തുന്നത്. മ്യൂസിക് വിഡിയോ എത്തുന്നതിനു മുൻപു തന്നെ ഗാനത്തിന്റെ ഒരു ഭാഗം നിക് ജോനാസ് തന്റെ ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. 2013ൽ പുറത്തിറങ്ങിയ ഫസ്റ്റ് ടൈം ആയിരുന്നു ജോനാസ് സഹോദരൻമാർ അവസാനം ചെയ്ത ആൽബം. പിന്നീട് ഇവരുടെ ബന്ധത്തിൽ അകൽച്ച സംഭവിച്ചിരുന്നു. ഇപ്പോൾ വീണ്ടും മൂന്നുപേരും ഒരുമിച്ചെത്തുന്നത് ഏറെ ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA