‘മേരി പാന്റ് ഭീ സെക്സി ഫീറ്റ്’ എന്ന് പ്രിയങ്ക ചോപ്ര; പാപ്പരാസികൾക്കു മറുപടി

Priyanka-Chopra-Nick
SHARE

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക് ജോനാസും വിവാഹ മോചനത്തിനൊരുങ്ങുന്നു എന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ ഇടംനേടുന്നത്. ഒരു അമേരിക്കൻ മാധ്യമമാണ് ഈ റിപ്പോർട്ട് ആദ്യം പുറത്തു വിട്ടത്. എന്നാൽ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നാണു താരങ്ങളുടെ  പ്രതികരണം. മാത്രമല്ല, പ്രസ്തുതമാധ്യമത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകാനും പ്രിയങ്കയും നിക് ജോനാസും തീരുമാനിച്ചു. എന്നാലിപ്പോഴും ഈ വാർത്ത പാടി നടക്കുകയാണു ചില പാപ്പരാസികൾ. ഈ വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് വീണ്ടും ഉറക്കെ പ്രഖ്യാപിക്കുകയാണ് പ്രിയങ്ക ചോപ്ര

നിക് ജോനാസിന്റെ ഏറ്റവും പുതിയ ആൽബം ‘കൂൾ’ എത്തിയതിനു തൊട്ടുപിന്നാലെ എത്തിയ പ്രിയങ്കയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുകയാണ്.  ‘മേരി പാന്റ് ഭീ സെക്സി ഫീറ്റ്, നിക് ജോനാസ്’ എന്ന കുറിപ്പോടെ പൊട്ടിച്ചിരിക്കുന്ന സ്മൈലിയിട്ടാണ് പ്രിയങ്കയുടെ പോസ്റ്റ്. ‘ദുലാര’ എന്ന ചിത്രത്തിലെതാണ് ‘മേരി പാന്റ് ഭീ സെക്സി’ എന്ന സൂപ്പർഹിറ്റ് ഗാനം. ഗോവിന്ദയുടെ ഗംഭീരമായ നൃത്തച്ചുവടുകളുമായി എത്തുന്ന ഗാനം ഒരുകാലത്ത് ബോളിവുഡ് ഹിറ്റായിരുന്നു. അൽക യജ്ഞിക്കും ഗോവിന്ദയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

പ്രിയങ്കയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ സൂചിപ്പിക്കുന്നത് നിക്കിനോടുള്ള സ്നേഹമാണെന്നാണ് ആരാധകപക്ഷം. വിവാഹ മോചനത്തിനൊരുങ്ങുന്ന തരത്തിലുള്ള റിപ്പോർട്ടുകൾക്കുള്ള മറുപടിയാണ് ഇതെന്നും ആരാധകർ വിലയിരുത്തുന്നു. ഏപ്രിൽ അഞ്ചിനാണ് ജോനാസ് സഹോദരന്‍മാരുടെ പുതിയ മ്യൂസിക് വിഡിയോ എത്തിയത്. മുൻപ് ജോനാസ് സഹോദരൻമാരും അവരുടെ പങ്കാളികളും ചേർന്നുള്ള ‘സക്കർ’ എന്ന ആൽബം ഏറെ ശ്രദ്ധനേടിയിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA