ഹിറ്റ് ചാർട്ടിൽ പുതിയ റെക്കോർഡുകൾ എഴുതിച്ചേർത്ത് സൽമാൻ ഖാന്റെ ഏറ്റവും പുതിയ ഗാനമെത്തി. സൽമാൻ നായകനാകുന്ന ‘ഭാരത്’ എന്ന ചിത്രത്തിലെ ഡാൻസ് നമ്പറാണ് യുട്യൂബിലെത്തിയത്. ദിഷാ പഠാണിക്കൊപ്പം സ്റ്റൈലിഷ് നൃത്തച്ചുവടുകളുമായി സൽമാൻ എത്തുന്ന ‘സ്ലോമോഷൻ’ ഗാനം ആരാധകർ ആഘോഷമാക്കി. ഇതാണ് ഈ വർഷത്തെ ഡാൻസ് നമ്പറെന്നാണ് ആരാധകരുടെ പ്രതികരണം.
സൽമാൻ ഖാനെ നായകനാക്കി അലി അബ്ബാസ് സഫർ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘ഭാരത്. ചിത്രത്തിലെ ആദ്യഗാനമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന സ്ലോമോഷൻ ഗാനം. യുവതാരങ്ങളിൽ ശ്രദ്ധേയയായ ദിഷാ പഠാണിയാണ് ഗാനരംഗത്ത് സൽമാൻ ഖാനൊപ്പം പ്രത്യക്ഷപ്പെടുന്നത്. 1994ൽ പുറത്തിറങ്ങിയ മൊഹ്റ എന്ന ചിത്രത്തിലെ ടിപ് ടിപ് ബർസാ പാനി എന്ന ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന രവീണ ടെണ്ടനെ അനുസ്മരിപ്പിക്കുന്നുണ്ട് ‘ഭാരതി’ലെ ദിഷാ പഠാണി എന്നാണ് ആരാധകരുടെ കമന്റ്. മോഹിപ്പിക്കുന്ന മഞ്ഞസാരിയിൽ അതിമനോഹരമായി നൃത്തം ചെയ്യുന്ന ദിഷാ പഠാണി ശ്രദ്ധേയമായ പ്രകടനമാണ് ഗാനരംഗത്തു കാഴ്ച വച്ചിരിക്കുന്നത്.
വിശാൽ–ശേഖർ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നകാശ് അസീസും ശ്രേയാ ഘോഷാലും ചേർന്നാണ്. ഇർഷാദ് കാമിലിന്റേതാണ് വരികൾ. ഗാനം യുട്യൂബിലെത്തി മണിക്കൂറുകൾക്കകം പത്തു ലക്ഷത്തിലേറെപ്പേർ ഗാനം കണ്ടു. ചിത്രത്തിന്റെ ട്രെയിലറിനും സമാനമായ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രത്തിൽ നാലു വ്യത്യസ്ത ഗെറ്റപ്പിലാണ് സൽമാൻ ഖാൻ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യ സ്വതന്ത്രമായ 1947ൽ ജനിക്കുകയും രാജ്യത്തിന്റെ വളർച്ചക്കൊപ്പം വളരുകയും ചെയ്യുന്ന നായക കഥാപാത്രമാണ് ചിത്രത്തിൽ സൽമാൻ. ജൂണ്‍ അഞ്ചിന് ചിത്രം പ്രദർശനത്തിനെത്തും.