ADVERTISEMENT

‘എൻജോയ് എൻജാമി’ എന്ന സൂപ്പർഹിറ്റ് പാട്ടൊരുക്കിയതിന് റാപ്പർ അറിവിനു പ്രതിഫലം നൽകിയിട്ടില്ലെന്ന ആരോപണത്തിൽ കുടുങ്ങി എ.ആർ.റഹ്മാന്റെ മ്യൂസിക് പ്ലാറ്റ്ഫോം മാജ. പാട്ടിന്റെ ക്രെഡിറ്റുകളിൽ നിന്ന് അറിവിനെ മനഃപൂർവം ഒഴിവാക്കിയതാണെന്ന വിമർശനം നേരിടുന്നതിനിടയിലാണ് പുതിയ ആരോപണം ഉയർന്നത്. ഇതുസംബന്ധിച്ച് പ്രമുഖർ ഉൾപ്പെടെയുള്ളവർ കടുത്ത ഭാഷയിൽ പ്രതികരിച്ചു. തുടർന്ന് അറിവുമായി ചർച്ച നടത്താൻ കമ്പനി അധികൃതർ തീരുമാനിച്ചിട്ടുണ്ടെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഇക്കാര്യങ്ങളോട് അറിവ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

 

‘കലാകാരന്മാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് മാജയുടെ ധർമ്മം. നാമമാത്രമായ തുകയ്ക്ക് പാട്ടുകൾ വിൽപ്പന നടത്താതെ പാട്ടുകളുടെ പൂർണമായ അവകാശം അവരിൽ നിഷിപ്തമാക്കുകയും കിട്ടുന്ന വരുമാനം കലാകാരനുമായി പങ്കിടുകയും ചെയ്യുന്ന രീതിയിലാണ് മാജയുടെ പ്രവർത്തനം. ഒരു കലാകാരനും മാജ പണം നൽകിയിട്ടില്ല’ ദളിത് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ശാലിൻ മരിയ ലോറൻസിന്റെ ട്വീറ്റിന് മറുപടിയായി മാജയുടെ ഉടമകളിലൊരാളായ നോയൽ കീർത്തിരാജ് പറഞ്ഞത് ഇങ്ങനെയാണ്. സാമ്പത്തിക ലാഭം പങ്കിട്ടെടുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഈ ആഴ്ച തന്നെ ഉണ്ടാകുമെന്നും അതിനുശേഷം ഇരുവിഭാഗവും സംയുക്തമായി പ്രതികരിക്കുമെന്നും അവർ പറയുന്നു. ഇക്കാര്യങ്ങളോടു പ്രതികരിക്കാൻ അറിവ്  തയ്യാറായിട്ടില്ല. 

 

അറിവിന്റെ പേര് അദ്ദേഹത്തിന്റെ പാട്ടുകളുടെ റീമിക്‌സുകളില്‍ നിന്നും പാട്ടുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കപ്പെടുന്നതില്‍ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. മ്യൂസിക് മാഗസിനായ റോളിങ് സ്‌റ്റോണ്‍ ഇന്ത്യയുടെ കവര്‍ ചിത്രത്തില്‍ ഗായിക ധീയും ശ്രീലങ്കന്‍–കനേഡിയന്‍ ഗായകന്‍ വിന്‍സന്റ് ഡീ പോളുമാണുള്ളത്. കവർ ചിത്രത്തിൽ നിന്നും അറിവിനെ ഒഴിവാക്കിയതോടെയാണ് പ്രതിഷേധം ശക്തമായത്. സംവിധായകന്‍ പാ രഞ്ജിത്ത് അടക്കമുള്ളവര്‍ റോളിങ് സ്റ്റോണ്‍ ഇന്ത്യ, എ.ആര്‍ റഹ്മാന്റെ മ്യൂസിക് പ്ലാറ്റ്‌ഫോം മാജാ എന്നിവയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 

 

പാ രഞ്ജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'സാര്‍പ്പട്ട പരമ്പരൈ'ക്ക് വേണ്ടിയാണ് അറിവ് 'നീയേ ഒലി' എഴുതിയത്. പിന്നീട് മ്യൂസിക് പ്ലാറ്റ്ഫോം മാജ ആ ഗാനം ആല്‍ബമായി ഇറക്കുകയായിരുന്നു. എന്നാല്‍ വിഡിയോ ഡിസ്‌ക്രിപ്ഷനിലോ വിഡിയോയിലോ അറിവിന്റെ പേര് ഉള്‍പ്പെടുത്തിയില്ല. തുടർന്ന് വിമര്‍ശനം ശക്തമായതോടെ അറിവിന്റെ പേര് ചേര്‍ക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com