ADVERTISEMENT

ഭാര്യ ശാലിനി തൽവാർ നൽകിയ ഗാർഹിക പീഡന ആരോപണങ്ങൾ നിലനിൽക്കുമ്പോഴും പുതിയ സംഗീത ആൽബം പൂർത്തീകരിച്ച് ബോളിവുഡ് ഗായകൻ യോ യോ ഹണിസിങ്. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ‘കാന്ത ലഗ’ എന്ന തന്റെ പുതിയ ഗാനം ഹണി സിങ് ആരാധകർക്കു പരിചയപ്പെടുത്തിയത്. പാട്ട് ഉടൻ പുറത്തിറങ്ങുമെന്നും ഗായകന്‍ അറിയിച്ചു. ഭാര്യ ശാലിനി ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടി നൽകിയ ശേഷം ഇതാദ്യമായാണ് ഹണി സിങ് സമൂഹമാധ്യമ പോസ്റ്റിടുന്നത് എന്നതും ശ്രദ്ധേയമാണ്. വിവാദങ്ങൾ ആളിപ്പടരുമ്പോഴും പുതിയ പാട്ടൊരുക്കിയ ഹണി സിങ് ആരാധകർക്കിടയിലും ചർച്ചാവിഷയമായി. 

 

കക്കർ സഹോദരങ്ങളായ ടോണി കക്കർ, നേഹ കക്കർ എന്നിവരുമായി സഹകരിച്ചാണ് ഹണി സിങ് ‘കാന്ത ലഗ’ എന്ന ഗാനം പുറത്തിറക്കുന്നത്. ടോണി കക്കറാണ് പാട്ടിനു വരികൾ കുറിച്ചത്. ‘ഈ വർഷത്തെ ഏറ്റവും വലിയ കൂട്ടുകെട്ടിനു തയ്യാറാകൂ, ഉടൻ വരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ഹണി സിങ് പുതിയ ഗാനം പരിചയപ്പെടുത്തിയത്. ടോണിയും നേഹയുമായി ചേർന്ന് ഒരു ഉഗ്രൻ പാർട്ടി ഗാനമാണ് പുറത്തുവരുന്നതെന്നും റാപ്പർ കുറിച്ചു. ചുരുങ്ങിയ സമയത്തിനകം ഹണി സിങ്ങിന്റെ പോസ്റ്റ് വൈറലായി. പാട്ടിനു വേണ്ടി ആവേശത്തോടെ കാത്തിരിക്കുകയാണെന്നാണ് ആരാധകരുടെ കമന്റുകൾ. 

 

ഭാര്യ ശാലിനി തൽവാർ തനിക്കും കുടുംബത്തിനുമെതിരെ ഉയർത്തിയ ആരോപണങ്ങളോടു പ്രതികരിച്ച് ഏകദേശം ഇരുപത് ദിവസങ്ങൾ പിന്നിടവെയാണ് ഹണി സിങ് പാട്ട് പരിചയപ്പെടുത്തിക്കൊണ്ട് വീണ്ടും സമൂഹമാധ്യമങ്ങളിൽ സജീവമായത്. ഓഗസ്റ്റ് ആദ്യവാരമാണ് ഹണി സിങ്ങിനെതിരെ ഭാര്യ ശാലിനി തൽവാർ ഗാർഹിക പീഡന പരാതി നൽകിയത്. 118 പേജുള്ള പരാതിയിൽ ഹണി സിങ്ങിനും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ശാലിനി ഉന്നയിച്ചത്. ഹണി സിങ് തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഹണി സിങ് ചില സമയങ്ങളിൽ ഭ്രാന്തമായരീതിയിലാണ് പെരുമാറുന്നതെന്നും ശാലിനി പറഞ്ഞു. നിരവധി സ്ത്രീകളുമായി ഹണി സിങ് ലൈംഗികബന്ധം ബന്ധം പുലർത്തുന്നുണ്ടെന്നും അവർ ആരോപിച്ചു. ശാലിനിയുടെ പരാതി പരിശോധിച്ച ഡൽഹി തീസ് ഹസാരി കോടതി ഓഗസ്റ്റ് 28നകം മറുപടി നല്‍കാന്‍ ഹണി സിങ്ങിനോടു നിർദ്ദേശിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com