ചില സിനിമകളും പാട്ടുകളും സുഖമുള്ള വേദനയായി ഹൃദയങ്ങളിൽ തങ്ങിനിൽക്കും. മൂന്നു വർഷം മുൻപ് റിലീസ് ചെയ്ത ‘96’ലെ വേദനിപ്പിക്കുന്ന, പ്രണയം തുളുമ്പുന്ന ഈണങ്ങൾ കൂടെ കൂട്ടിയാണ് പ്രേക്ഷകർ തിയറ്റർ വിട്ടിറങ്ങിയത്. 2018 ഒക്ടോബർ 4നാണ് പ്രേംകുമാറിന്റെ സംവിധാനത്തിൽ വിജയ് സേതുപതിയും തൃഷയയും പ്രധാന വേഷങ്ങളിലെത്തിയ ‘96’ റിലീസ് ചെയ്തത്.
സിനിമയ്ക്കൊപ്പം ഗോവിന്ദ് വസന്തയുടെ ഈണങ്ങളെയും പശ്ചാത്തല സംഗീതത്തെയും കാർത്തിക നേത്തയും ഉമാദേവിയും ചേർന്നെഴുതിയ വരികളെയും പ്രേക്ഷകർ നെഞ്ചോടു ചേർത്തു. 80 കളിലെയും 90 കളിലെയും ഹിറ്റ് ഗാനങ്ങൾ സിനിമയെ കൂടുതൽ സംഗീതത്മകമാക്കുകയും ചെയ്തു.
സിനിമ തുടങ്ങുന്നതു തന്നെ വിജയ് സേതുപതി അവതരിപ്പിച്ച റാം എന്ന കഥാപാത്രത്തിന്റെ ജീവിതത്തെ കാണിക്കുന്ന പാട്ടിലൂടെയാണ്. യാത്രയും കാഴ്ചകളും ഒറ്റയ്ക്കുള്ള ജീവിതവുമൊക്കെ കാണിച്ച ആ ഗാനം ലൈഫ് ഓഫ് റാം എന്ന പേരിൽ സംഗീത പ്രേമികൾക്കിടയിൽ നിത്യഹരിതമായി നിൽക്കുന്നു. ആ പാട്ടിലെ വരികൾക്കും രംഗങ്ങൾക്കും മാത്രമായി പഠനങ്ങൾ വരെ വന്നു.
റാമിന്റെയും ജാനുവിന്റെയും പ്രണയത്തിന്റെ വിവിധ തലങ്ങൾ പറയുന്ന ‘കാതലേ കാതലേ...’ എന്ന പാട്ടാവട്ടെ ഇന്നും ഹിറ്റ് ചാർട്ടുകളിൽ മുൻപന്തിയിലാണ്. ‘താപങ്ങളെ, എൻ വസന്ത കാലങ്ങൾ’ തുടങ്ങി 96ലെ എല്ലാ ട്രാക്കുകൾക്കും ആരാധകർ ഏറെയാണ്. ഒപ്പം ഇതുവരെ കേൾക്കാത്ത രീതിയിൽ മനോഹരമായി ചെയ്ത പശ്ചാത്തല സംഗീതം സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നു.
96ലെ നായിക ഒരു പാട്ടുകാരിയാണ്. സ്കൂൾ കാലം മുതൽ അവർ പാടുന്ന തമിഴിലെ ഹിറ്റ് ഗാനങ്ങൾ സിനിമയുടെ മൂഡിനോടു ചേർന്നു നിൽക്കുന്നു. ‘യമുനയാട്രിലെ ഈറകാറ്റിലെ’ എന്ന ദളപതിയിലെ ഗാനം അടക്കമുള്ള പല ക്ലാസ്സിക് തമിഴ് ഈണങ്ങളും ഇന്ത്യ വീണ്ടും പാടി തുടങ്ങിയത് ‘96’ റിലീസ് ആയതിനു ശേഷമാണ്.
വേദനിപ്പിക്കുന്ന ഒരു സംഗീതം തന്നെയാണ് ‘96’ എന്ന സിനിമ. ആ പാട്ടുകൾ ഇല്ലാത്ത ‘96’നെക്കുറിച്ചു ചിന്തിക്കാനാവില്ല. ഇന്ത്യ ഒട്ടാകെ ഏറ്റു പാടിയ ഈണങ്ങൾ കൊണ്ടു കൂടിയാണ് ‘96’ ഇത്ര വലിയ ഹിറ്റ് ആയതും ഒരുപാട് ഭാഷകളിലേയ്ക്കു റീമേക്ക് ചെയ്യപ്പെട്ടതും. ആ മനോഹരമായ ഈണങ്ങളും ഇവിടുത്തെ പാട്ടുകളുമായി ‘96’ മലയാളത്തിൽ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ.