ഇതെന്തു മാജിക്! ഗ്രാമങ്ങളിലും പടർന്നു കയറുന്ന ‘കെ മാനിയ’; അന്ത്യമില്ലാതെ തുടരുമോ ബിടിഎസ് തരംഗം?

bts-new-1
SHARE

കഴിഞ്ഞ ദിവസമാണ് ലോകപ്രശസ്ത കൊറിയൻ മ്യൂസിക് ബാൻഡ് ആയ ബിടിഎസ് തങ്ങളുടെ ഏറ്റവും പുതിയ കൺസർട്ടിന്റെ ടീസർ പുറത്തിറക്കിയത്. പതിവുപോലെ നിമിഷങ്ങൾകൊണ്ട് ആ ടീസർ ലോകം മുഴുവൻ വൈറലായി. ഇന്ത്യയിലും, കൊറിയൻ ഭാഷ തീർത്തും അപരിചിതമായ ഈ കേരളത്തിലും വരെ സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ പടർന്നുപിടിക്കുകയും വാട്സ്ആപ്പ് സ്റ്റാറ്റസും ഏറ്റവും പ്രിയപ്പെട്ട കാത്തിരിപ്പും ഒക്കെയായി മാറുകയും ചെയ്തു. കെ പോപ്പ് എന്നറിയപ്പെടുന്ന കൊറിയൻ പോപ്പുലർ സംഗീതം മാത്രമല്ല ദക്ഷിണ കൊറിയയിൽ നിന്നുള്ള സീരിസുകളും സിനിമകളും ഭക്ഷണവും ഫാഷനും എന്തിന് വർക്കൗട്ടുകൾ വരെ ഇന്ത്യയിലെ ഏറ്റവും വലിയ ട്രെൻഡ് ആണ്.

ഒരു ട്രെൻഡ് എന്നതിനപ്പുറം ഇന്ത്യക്കാരുടെ കെ സീരിസിനോടും സിനിമകളോടും ഉള്ള താല്പര്യം വിളിച്ചോതുന്ന നിരവധി കണക്കുകളും കാര്യങ്ങളും ഉണ്ട്. 2019 നിന്ന് 2020 എത്തുമ്പോൾ വിവിധ ഓടിടി പ്ലാറ്റ്ഫോമുകളിലൂടെ കൊറിയൻ ഡ്രാമകൾ കണ്ട ഇന്ത്യക്കാരുടെ എണ്ണത്തിൽ ഉണ്ടായ വർധനവ് 370 ശതമാനമായിരുന്നു. ജെഎൻയു അടക്കമുള്ള അതിപ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊറിയൻ ഭാഷയിലും കൊറിയൻ ഭാഷ അധ്യാപനത്തിലും പുതിയ കോഴ്സുകൾ ഈ മഹാമാരി കാലഘട്ടത്തിന് ഇടയ്ക്കു തന്നെ ആരംഭിച്ചു. കേരളത്തിലും കൊറിയൻ റൊമാന്റിക് സിനിമകൾക്കും സ്ക്വിഡ് ഗെയിം പോലെയുള്ള ത്രില്ലറുകൾക്കും ആരാധകർ ഏറുകയാണ്. മലയാളി ഫിറ്റ്നസ് ഇൻഫ്ലുവൻസർമാർ കെ പോപ് വർക്കൗട്ട് വിഡിയോകൾ പതിവായി പങ്കുവയ്ക്കുകയും അവ വൈറൽ ആവുകയും ചെയ്യാറുണ്ട്. ഇത് ലോകവ്യാപകമായ ഒരു ട്രെൻഡിന്റെ തുടർച്ചയാണ് എന്നാണ് ഓക്സ്ഫഡ് നിഘണ്ടുവിൽ പുതുതായി കൂട്ടിച്ചേർക്കപ്പെട്ട ഇരുപത്തിയാറോളം കൊറിയൻ വാക്കുകൾ സൂചിപ്പിക്കുന്നത്.

ചെറിയൊരു ചരിത്രവും ഇന്ത്യയിലെ ഈ ‘കെ മാനിയ’യ്ക്കു പിന്നിലുണ്ട്, പ്രത്യേകിച്ച് കെ പോപ്പിന്റെ പ്രചാരണത്തിനു പിന്നിൽ. തൊണ്ണൂറുകളുടെ പകുതി മുതൽ തന്നെ കൊറിയൻ സംഗീതവും സിനിമയും ഇവിടെ പ്രചാരത്തിലുണ്ട്. എന്നാൽ ബോളിവുഡിലെ ഒരു സമഗ്ര ആധിപത്യം ആ കാലത്ത് ഇവിടെയൊക്കെ പ്രകടമായിരുന്നു. രണ്ടായിരത്തിൽ മണിപ്പൂരിൽ പട്ടാള ഭരണത്തിന്റെ ഭാഗമായി സിനിമ അടക്കമുള്ള എല്ലാ വിനോദോപാധികളും നിരോധിക്കപ്പെട്ടു. ആ സമയത്ത് അവർ കൊറിയൻ സംഗീതത്തിലേയ്ക്കും സിനിമയിലേയ്ക്കും ആകൃഷ്ടരായി. ബോളിവുഡിനെക്കാൾ അവരുടെ സംസ്കാരവുമായി ചേർന്നു നിൽക്കുന്നതു കൊണ്ടു തന്നെ ‘കെ മാനിയ’ പെട്ടന്നവിടെ രൂപപ്പെട്ടു. പിന്നീട് മറ്റു വടക്ക്–കിഴക്കൻ സംസ്ഥാനങ്ങളിലേയ്ക്കും ആ തരംഗം വ്യാപിച്ചു. തുടർന്ന് മുംബൈ, ഡൽഹി, ബെംഗളൂരു തുടങ്ങിയ വൻനഗരങ്ങളിലേയ്ക്കും ‘കെ മാനിയ’ പടർന്നുപിടിച്ചു. പിന്നാലെ വളരെ പെട്ടെന്നാണ് ഇന്ത്യ മുഴുവൻ ആ തരംഗം വ്യാപിച്ചത്. കോവിഡിനെത്തുടർന്നുണ്ടായ ലോക്ഡൗൺ ഈ തരംഗത്തിന്റെ വ്യാപനം ഒന്നുകൂടി വേഗത്തിലാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

കൊറിയൻ നാടകങ്ങളിലും പാട്ടുകളിലും ഫാഷനിലും വർക്കൗട്ടിലും ഒക്കെയുള്ള വൈവിധ്യമാണ് കെ ആരാധകരെ വീണ്ടും വീണ്ടും അതിലേയ്ക്ക് ആകർഷിക്കുന്നത്. ദക്ഷിണ കൊറിയൻ ഭക്ഷണങ്ങൾ മാത്രം ലഭിക്കുന്ന ഹോട്ടലുകൾ പോലും ഇന്ത്യയിലെ ചെറു നഗരങ്ങളിൽ പ്രവർത്തിക്കുന്നത് ഈ വൈവിധ്യത്തിന് മറ്റൊരു ഉദാഹരണമാണ്. വളരെ ആർദ്രമായ് റൊമാൻസുകളും കോൾഡ് ബ്ലഡ് ട്രെയിലറുകളും ഒരുപോലെ ദക്ഷിണകൊറിയയിൽ ഉണ്ടാവുന്നുണ്ട്. ഇന്ത്യയിൽ ഇവയ്ക്കു രണ്ടിനും ആരാധകരുമുണ്ട്. കെ പോപ്പുലർ ഫാസ്റ്റ് നമ്പറുകളും ഏറെ ആരാധകരെ നേടിയ ഒന്നാണ്. കുട്ടികളുടെ വിഡിയോ ഗെയിം അധിഷ്ഠിതമായി നിർമ്മിച്ച സ്ക്വിഡ് ഗെയിം എന്ന സർവൈവൽ ത്രില്ലറാണ് ഇന്ത്യയിൽ ഏറ്റവും ഒടുവിലായി തരംഗമായ കൊറിയൻ സീരീസ്. 

കൊറിയൻ ഡ്രാമയ്ക്ക് സബ്ടൈറ്റിലുകൾ ചെയ്യാൻ ആണ് ഏറ്റവും പ്രയാസം. കാരണം, മുപ്പതോളം ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ  അവയ്ക്കു കാഴ്ചക്കാരുണ്ടെന്ന് ഒരു പ്രശസ്ത ഒടിടി പ്ലാറ്റ്ഫോം വക്താവ് കഴിഞ്ഞദിവസം പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. അതേസമയം ടൈറ്റിലുകൾ ഇല്ലാതെ തന്നെ കൊറിയൻ ഭാഷയും സംഗീതവും അർഥമറിഞ്ഞു കേൾക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുകയാണ്. കൊറിയയിൽ നിന്നുള്ള പ്രത്യേക ഐ മേക്കപ്പും ഫ്രിഞ്ചസ് ഉള്ള ഹെയർ സ്റ്റൈലും കേരളത്തിലെയും ഇന്ത്യയിലെയും ബ്യൂട്ടി പാർലറുകളിൽ ഏറെ ഡിമാൻഡ് ഉള്ളവയാണ്. വീട്ടിൽ സ്വയം ഇവ പരീക്ഷിക്കുന്നവരുടെ എണ്ണവും കൂടിവരുന്നു. കൊറിയൻ റൈസ് പാക്ക് ലിംഗ ഭേദമില്ലാതെ യുവാക്കൾ ഇവിടെ പരീക്ഷിക്കുന്നുണ്ട്.

എന്തായാലും ഇന്ത്യൻ എന്റർടൈൻമെന്റ്, ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ തുടങ്ങി എല്ലാ മേഖലകളെയും ‘കെ മാനിയ’ വളരെയധികം സ്വാധീനിക്കുന്നു. വൻ നഗരങ്ങളിൽ നിന്ന് ചെറു പട്ടണങ്ങളിലേയ്ക്കും ഗ്രാമങ്ങളിലേയ്ക്കുമെല്ലാം ഈ മാനിയ വളരെ പെട്ടന്നു തന്നെ പടരുന്നു. കെ പോപ് തരംഗം അത്ര പെട്ടന്നൊന്നും അവസാനിക്കില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. എന്തായാലും ഭാഷാ, സംസ്കാര വ്യതിയാനങ്ങളെയും കോവിഡ് കാലത്തെയും അതിജീവിച്ചു കൊണ്ടു ‘കെ മാനിയ’ പടരുന്നതിന്റെ കൗതുകത്തിലാണ് ഇന്ത്യ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA