അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ ടീം ഒന്നിക്കുന്ന പുഷ്പയിലെ പുതിയ ഗാനം ഏറ്റെടുത്ത് ആരാധകർ. ‘ഏയ് പോടാ ഇത് ഞാനാടാ’ എന്നു തുടങ്ങുന്ന മലയാളം പതിപ്പാണ് ഇപ്പോൾ പ്രേക്ഷകർക്കരികിലെത്തിയത്. ദേവി ശ്രീ പ്രസാദ് സംഗീതമൊരുക്കിയ പാട്ടിന് സിജു തുറവൂർ വരികൾ കുറിച്ചിരിക്കുന്നു. രഞ്ജിത് ആണ് ഗാനം ആലപിച്ചത്.
ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘ആര്യ’ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഫഹദ് ഫാസിൽ എത്തുന്നത്. 250 കോടി രൂപ മുടക്കുമുതൽ കണക്കാക്കുന്ന ചിത്രം രണ്ടു ഭാഗങ്ങളായാണ് ഒരുക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പയുടെ നിർമാണം.