ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘ഹേയ് സിനാമിക’യിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. ‘മേഘം’ എന്നു തുടങ്ങുന്ന പാട്ടിനു വരികൾ കുറിച്ചത് മദൻ കർക്കിയാണ്. ഗോവിന്ദ് വസന്ത ഈണം പകർന്നാലപിച്ചിരിക്കുന്നു. ദുൽഖർ സൽമാനും അദിഥി റാവുവും തമ്മിലുള്ള പ്രണയരംഗങ്ങളാണ് പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്.
ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുൽഖർ സൽമാൻ ആലപിച്ച ‘അച്ചമില്ലൈ അച്ചമില്ലൈ’ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയതാണ്. താരത്തിന്റെ ആദ്യ തമിഴ് പിന്നണി ഗാനം കൂടിയാണിത്.
പ്രശസ്ത കൊറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേയ് സിനാമിക’. അദിതി റാവു ഹൈദരിയും കാജല്‍ അഗര്‍വാളുമാണ് നായികമാര്‍. റൊമാന്റിക് എന്റർടെയിനറായ ‘ഹേയ് സിനാമിക’ ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോസും ചേർന്നു നിർമിക്കുന്നു.