ദുല്‍ഖർ സൽമാൻ നായകനായി എത്തുന്ന തമിഴ് ചിത്രം ‘ഹേ സിനാമിക’യിലെ പുതിയ ഗാനമെത്തി. ‘സിറഗൈ’ എന്ന പാട്ടിനു വരികൾ കുറിച്ചത് മദൻ കർക്കിയാണ്. ഗോവിന്ദ് വസന്തയുടെ ഈണത്തിൽ കീർത്തന വൈദ്യനാഥൻ ഗാനം ആലപിച്ചിരിക്കുന്നു.
ചിത്രത്തിലെ നായികമാരായ അദിതി റാവുവിന്റെയും കാജൽ അഗർവാളിന്റെയും അതിമനോഹരമായ നൃത്തമാണ് ഗാനരംഗത്തിൽ. ഇരുവരുടെയും വസ്ത്രധാരണവും അഴകൊത്ത ചുവടുകളുമാണ് പാട്ടിന്റെ മുഖ്യ ആകർഷണം. ‘സിറഗൈ’ പ്രേക്ഷകഹൃദയങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. പാട്ട് ഇപ്പോൾ ട്രെൻഡിങ്ങിൽ ആണ്.
‘ഹേയ് സിനാമിക’യിലെ നേരത്തെ പുറത്തിറങ്ങിയ പാട്ടുകളും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. കൊറിയോഗ്രഫര്‍ ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേയ് സിനാമിക’. റൊമാന്റിക് എന്റർടെയിനറായ ചിത്രം ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോസും ചേർന്നു നിർമിക്കുന്നു.