ADVERTISEMENT

സ്വര മാധുരി കൊണ്ടും ആലാപനത്തിലെ സ്വാഭാവികത കൊണ്ടും രാജ്യത്തിനു പ്രിയപ്പെട്ട ശബ്ദമാണ്‌ സുജാതയുടേത്. പാട്ടുകൾ കൊണ്ടും പുരസ്കാര നേട്ടങ്ങൾ കൊണ്ടും അഭിമാനമായി മാറിയ മയാളത്തിന്റെ സ്വന്തം പാട്ടുകാരി. പ്രണയമായും വിരഹമായും കൊഞ്ചൽ ആയും കുസൃതിയായുമെല്ലാം സുജാതയുടെ സ്വരഭംഗി പ്രേക്ഷകഹൃദയങ്ങളെ മല്ലെ വന്നു തൊട്ടിട്ടുണ്ട് പലപ്പോഴും. ഇന്ന് ഗായിക 59ാം പിറന്നാൾ ആഘോഷിക്കുമ്പോൾ സുജാതയുടെ ചില ജനപ്രിയഗാനങ്ങളെ ഓർത്തെടുക്കാം. 

 

പ്രണയമണി തൂവൽ പൊഴിയും പവിഴമഴ....

 

മമ്മൂട്ടി ചിത്രം ‘അഴകിയ രാവണനി’ലെ ഈ ഗാനം മൂളി നോക്കാത്ത മലയാളികൾ കുറവായിരിക്കും. സുജാതയുടെ ശബ്ദത്തിന്റെ സാധ്യതകൾ മുഴുവൻ ഉപയോഗിച്ച പാട്ട് 1997ലെ മികച്ച പിന്നണി ഗായികക്കുള്ള പുരസ്കാരം ഗായികയ്ക്കു നേടി കൊടുത്തു. കൈതപ്രം ദാമോദരൻ‍‍‍‍‍ നമ്പൂതിരിയുടെ വരികൾക്ക് വിദ്യാസാഗർ ഈണം പകർന്ന ഗാനമാണിത്. 

 

പുതുവെള്ളൈ മഴൈ....

 

‘റോജ’ എന്ന മണിരത്‌നം സിനിമയും അതിലെ എ.ആർ റഹ്‌മാൻ ഗാനങ്ങളും ഇന്ത്യൻ സിനിമാ സംഗീത പ്രേമികൾ ഒരു കാലത്തും മറക്കാൻ ഇടയില്ല. റോജയിലെ ‘പുതുവെള്ളൈ മഴൈ’ എന്ന ക്ലാസ്സിക്‌ ഗാനം പാടിയത് ഉണ്ണിമേനോനും സുജാതയും ചേർന്നാണ്. ഭാവതീവ്രമായ ആലാപനമികവിൽ തിളങ്ങിയ പാട്ട് അന്നും ഇന്നും സൂപ്പർ ഹിറ്റ്. സുജാതയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഹിറ്റുകളിലൊന്നാണ് ഈ പാട്ട്. 

 

ദൂരെ കിഴക്കുദിക്കും...

 

‘ചിത്രം’ എന്ന സിനിമയും ഈ പാട്ടും മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമാ ഓർമയാവും. എം.ജി ശ്രീകുമാറും സുജാതയും ചേർന്നാണ് ഈ ഹിറ്റ് ഗാനം മലയാളികൾക്ക് സമ്മാനിച്ചത്. ഷിബു ചക്രവർത്തിയുടെ വരികൾക്ക് കണ്ണൂർ രാജൻ ഈണമൊരുക്കിയ പാട്ടാണിത്. 

 

ഇഷ്‌ക് ബിനാ....

 

‘താൽ’ എന്ന ബോളിവുഡ് സിനിമ തരംഗമായത് അതിലെ പാട്ടുകൾ കൊണ്ടുകൂടിയായിരുന്നു. എ.ആർ റഹ്മാന്റെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി ഇന്നും ‘താൽ’ തുടരുന്നു. സിനിമയിൽ ഏറ്റവുമധികം ഹിറ്റ്‌ ആയ, ഒരർഥത്തിൽ സിനിമയുടെ താളം തന്നെയായ പാട്ടായിരുന്നു ഇഷ്ക്ക് ബിനാ. എ.ആർ റഹ്മാനും അനുരാധാ ശ്രീറാമിനും സോനു നിഗത്തിനുമൊപ്പം ആ പാട്ടിന്റെ ഭംഗി കേൾവിക്കാരിൽ എത്തിച്ചത് സുജാതയുടെ മനോഹര ശബ്ദവും ചേർന്നായിരുന്നു. ഇന്നും സുജാതയുടെ ഏറ്റവും ഹിറ്റായ ഹിന്ദി പാട്ടുകളിൽ മുൻനിരയിലുണ്ട് ‘ഇഷ്‌ക് ബിനാ’. 

 

വരമഞ്ഞളാടിയ രാവിന്റെ മാറിൽ....

 

സുജാതയ്ക്ക് സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത പാട്ടാണ് പ്രണയവർണങ്ങളിലെ ‘വരമഞ്ഞളാടിയ രാവിന്റെ മാറിൽ’. വൈകാരികമായി ആസ്വാദകരെ തൊടുന്ന പാട്ട് ഇന്നും എല്ലാവർക്കും പ്രിയപ്പെട്ടതു തന്നെ. മധു നിറയും ആലാപനം കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയതാണ് ‘വരമഞ്ഞളാടിയ രാവിന്റെ മാറിൽ’. സച്ചിദാനന്ദൻ പുഴങ്കരയുടെ വരികൾക്ക് വിദ്യാസാഗർ ഈണമൊരുക്കിയിരിക്കുന്നു. 

 

അന്തിപൊൻവെട്ടം....

 

‘വന്ദനം’ ഇന്നും മലയാളികൾ സ്നേഹത്തോടെ ഓർക്കുന്ന ചിത്രമാണ്. സിനിമയിലെ ‘അന്തിപൊൻവെട്ടം’ എന്ന പാട്ട് ആ സിനിമയോളം തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതുമാണ്. സുജാതയുടെ മറ്റൊരു ക്ലാസ്സിക്‌. എം.ജി.ശ്രീകുമാറും സുജാതയും ചേർന്നാണ് സിനിമയിൽ ഗാനം ആലപിച്ചത്. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണമൊരുക്കി.  

 

 

ഒരു മുറൈ വന്ത് പാരായോ (സ്ലോ തമിഴ് വേർഷൻ)

 

മലയാളിക്ക് മുഖവുരകൾ ആവശ്യമില്ലാത്ത സിനിമയാണ് ‘മണിച്ചിത്രത്താഴ്’. സിനിമപോലെ തന്നെ അതിലെ പാട്ടുകളും പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവയാണ്. ചിത്രത്തിലെ ‘ഒരു മുറൈ വന്ത് പാരായോ’ എന്ന ഗാനം സുജാതയുടെ ശബ്ദസൗന്ദര്യം എടുത്തുകാണിക്കുന്നുണ്ട്. എം.ജി.രാധാകൃഷ്ണൻ ഈണമൊരുക്കിയ ഗാനമാണിത്.

 

 

കരിമിഴി കുരുവിയെ കണ്ടീല്ല....

 

സുജാതയുടെ കുസൃതിയും പ്രണയ ഭാവങ്ങളും ഇല്ലായിരുന്നെങ്കിൽ അപൂർണമായി പോകുമായിരുന്ന പാട്ടാണ് മീശ മാധവനിലെ ‘കരി മിഴി കുരുവിയെ കണ്ടീല’. ഗായികയുടെ സ്വരഭംഗിയും വ്യത്യസ്തതയും അനുഭവിച്ചറിയാവുന്ന ഒരു പാട്ട്. ദേവാനന്ദ് ആണ് സുജാതയ്ക്കൊപ്പം പാടിയത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ ഈണമൊരുക്കിയിരിക്കുന്നു.

 

പൂ പൂക്കും ഓസൈ....

 

മിൻസാര കനവിലെ എവെർഗ്രീൻ ഹിറ്റ്‌ പാട്ടുകളിൽ ഒന്നാണ് ‘പൂ പൂക്കും ഓസൈ’. ഒരു എ.ആർ റഹ്മാൻ മാജിക്‌ എന്നു തന്നെ പറയാവുന്ന ഈ പാട്ട് സുജാതയിലെ പാട്ടുകാരിക്ക് പുതിയ മാനം നൽകി. പാട്ടിന് ഇന്നുമെന്നും ആരാധകർ ഏറെ.

 

എന്റെ ഖൽബിലെ...

 

മലയാളത്തിലെ നിത്യഹരിത ഹിറ്റുകളിൽ ഒന്നായ ക്ലാസ്സ്‌മേറ്റ്സിലെ ഗാനം. വയലാർ ശരത്ചന്ദ്രവർമയുടെ വരികൾക്ക് അലക്സ് പോളിന്റെ ഈണം. ചിത്രത്തിലെ ‌നിർണായക കഥാ സന്ദർഭത്തെ അടയാളപ്പെടുത്തുന്ന പാട്ട് കൂടിയാണ് എന്റെ ‘ഖൽബിലെ’. ചിത്രത്തിൽ രണ്ട് പതിപ്പുകളായെത്തുന്ന പാട്ടുകൾ വിനീത് ശ്രീനിവാസനും സുജാത മോഹനും ആലപിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com