ADVERTISEMENT

ഖത്തർ ഫുട്ബോൾ ലോകകപ്പിനു യോഗ്യത നേടാനാകാതെ ടീം പുറത്തായതോടെ ആവേശത്തിന് ‘മ്യൂട്ട്’ ബട്ടൺ അടിച്ച നൈജീരിയക്കാർ ‘ഫുൾ വോള്യ’ത്തിൽ തിരിച്ചെത്തിയത് ഇപ്പോഴാണ്; ലോകകപ്പിന്റെ ഔദ്യോഗിക വിഡിയോ ഗാനമായ ‘ഹയാ ഹയാ..’  ഫിഫ പുറത്തിറക്കിയപ്പോൾ. നൈജീരിയക്കാരുടെ ആവേശത്തിനു കാരണമുണ്ട്. അവരുടെ ‘യേശുദാസാ’യ ഡേവിഡോ ആയിരുന്നു 3 പാട്ടുകാരിലൊരാൾ. നൈജീരിയ ലോകകപ്പിനില്ലെങ്കിലും ഒരു നൈജീരിയക്കാരന്റെ ആലാപനം ലോകമെങ്ങും കേൾക്കുമല്ലോ..! അതാണു ലോകകപ്പ് ഗാനത്തിന്റെ ശക്തി. ഭൂമിക്കു മുകളിൽ വലിയൊരു ഉച്ചഭാഷിണി കെട്ടി അത്യുച്ചത്തിൽ പാടുന്നതു പോലെയാണത്. എല്ലാ രാജ്യങ്ങളിലുമുള്ളവർ നിങ്ങളെ കേൾക്കും, കാണും!

 

ഷക്കീറയും ആഫ്രിക്കയും

 

ആഫ്രിക്കൻ വൻകര ആദ്യമായി ആതിഥ്യമരുളിയ ലോകകപ്പാണ് 2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്നത്. പക്ഷേ, അന്നു പാട്ടൊരുക്കാൻ ഫിഫ ഏൽപിച്ചത് ഒരു കൊളംബിയക്കാരിയെ– ഷക്കീറ. ആഫ്രിക്കൻ സംസ്കാരം പ്രതിഫലിപ്പിക്കേണ്ട പാട്ട് ഒരു ലാറ്റിനമേരിക്കക്കാരി പാടുന്നതിനെതിരെ വിമർശനമുയർന്നിരുന്നു. പക്ഷേ പാട്ടു പുറത്തു വന്നപ്പോൾ വിമർശകരുടെ ‘തുള്ളാത്ത മനവും’ തുള്ളിപ്പോയി. വക്കാ, വക്കാ എന്നു വിളിപ്പേരുള്ള ആ പാട്ടിനോളം ജനകീയമായ മറ്റൊരു ലോകകപ്പ് ഗാനമില്ല. ഷക്കീറയുടെ കരിയറിലും ഒപ്പം ജീവിതത്തിലും ഈ പാട്ട് ഒരു വഴിത്തിരിവായി. മുന്നൂറു കോടിയിലേറെയാണ് നിലവിൽ വക്കാ വക്കാ കേട്ടവരുടെ എണ്ണം.  ഈ പാട്ടിന്റെ ചിത്രീകരണത്തിനിടെയാണ് ഷക്കീറ സ്പാനിഷ് ഫുട്ബോൾ താരം ജെറാർദ് പീക്കെയെ കണ്ടുമുട്ടിയതും പ്രണയത്തിലാകുന്നതും. പിന്നീട് പീക്കെയെ ഷക്കീറ കല്യാണം കഴിക്കുകയും ചെയ്തു.

 

പാടത്തു നിന്ന് കിട്ടിയ പാട്ട്

 

യുറഗ്വായിൽ തന്റെ ഫാംഹൗസിൽ നിന്നു വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് വക്കാ വക്കായുടെ ട്യൂണും വരികളും  മനസ്സിലേക്കു വന്നതെന്നു ഷക്കീറ പറഞ്ഞിട്ടുണ്ട്. ലോകകപ്പിന് ഒരു ഗാനം ഒരുക്കാമോയെന്നു സോണി മ്യൂസിക് ആയിടെ ഷക്കീറയോടു ചോദിച്ചിരുന്നു. മനസ്സിൽ വന്ന ട്യൂൺ ഒരു അക്വസ്റ്റിക് ഗിറ്റാർ ഉപയോഗിച്ചു റിക്കാർഡ് ചെയ്തു വയ്ക്കുകയാണ് ഷക്കീറ ചെയ്തത്. വക്കാ വക്കാ എന്ന കാമറൂൺ വാക്കിന്റെ അർഥം ‘ഡൂ ഇറ്റ്’ എന്നാണ്. കാമറൂൺ ബാൻഡായ ഗോൾഡൻ സൗണ്ട്സ് എൺപതുകളിൽ പുറത്തിറക്കിയ സൈനിക മാർച്ചിങ് സോങ്ങാണ് ഷക്കീറ തന്റെ പാട്ടിനു മാതൃകയാക്കിയത്. ദക്ഷിണാഫ്രിക്കൻ ആഫ്രോ ഫ്യൂഷൻ ബാൻഡായ ഫ്രെഷ്‌ലിഗ്രൗണ്ട് കൂടി ഷക്കീറയ്ക്കൊപ്പം ചേർന്നതോടെ വക്കാ വക്കായുടെ ആഫ്രിക്കൻ താളം പൂർണമായി.

 

മാർട്ടിന്റെ ആവേശക്കപ്പ്

 

ഷക്കീറയുടെ പാട്ട് ആളുകളെ തുള്ളിപ്പിക്കുന്നതായിരുന്നെങ്കിൽ 1998 ഫ്രാൻസ് ലോകകപ്പിനായി പ്യൂർട്ടോറിക്കൻ ഗായകൻ റിക്കി മാർട്ടിൻ ചിട്ടപ്പെടുത്തിയ ‘കപ്പ് ഓഫ് ലൈഫ്’ ഫുട്ബോളിന്റെ വൈകാരികതകളെല്ലാം അടങ്ങുന്നതാണ്. ‘‘ഗോൾ, ഗോൾ, ഗോൾ, അലെ, അലെ, അലെ..’ എന്നു തുടങ്ങുന്ന അതിലെ വരികൾ ഇപ്പോൾ മലബാറിലെ സെവൻസ് ടൂർണമെന്റുകളുടെ പോലും പശ്ചാത്തല സംഗീതമാണ്. ഇതിനോടു കിടപിടിക്കുന്ന പാട്ടായിരുന്നു 2010 ലോകകപ്പിന്റെ പ്രമോഷനൽ ഗീതമായി കൊക്കൊക്കോള പുറത്തിറക്കിയ ‘വേവിങ് ദ് ഫ്ലാഗ്’. സൊമാലിയൻ ഗായകനായ കെയ്നാനാണ് അതു ചിട്ടപ്പെടുത്തി പാടിയത്. ഹെയ്ത്തി ഭൂകമ്പത്തിലെ ദുരിതബാധിതർക്കായുള്ള ധനസമാഹരണാർഥം ഒരുക്കിയ ഒരു പാട്ടിന്റെ ട്യൂണാണ് കെയ്നാൻ പരിഷ്കരിച്ചെടുത്തത്. വക്കാ വക്കായ്ക്കൊപ്പം വേവിങ് ദ് ഫ്ലാഗും 2010ൽ സൂപ്പർ ഹിറ്റായി.

 

ക്ലാരയുടെ അത്രയ്ക്കങ്ങു പോര...

 

‘മനസ്സിനക്കരെ’ സിനിമയിൽ ജയറാം മാമുക്കോയയോടു പറയുന്ന ‘ക്ലാരയുടെ അത്രയ്ക്കങ്ങു പോരാ..’ എന്ന ഡയലോഗ് പോലെയാണ് വക്കാ വക്കായ്ക്കു ശേഷം വന്ന ലോകകപ്പ് ഗാനങ്ങളുടെ അവസ്ഥ. ഇപ്പോൾ പുറത്തിറങ്ങിയ ഹയാ ഹയായെക്കുറിച്ചും ആരാധകർ പറയുന്നത് ഇതു തന്നെ– വക്കാ വക്കായുടെ അത്ര പോര. ഡേവിഡോയ്ക്കു പുറമേ യുഎസ് പോപ്പ് താരം ട്രിനാഡാഡ് കാർഡോണ, ഖത്തറി ഗായിക ഐഷ എന്നിവർ ചേർന്നാണു ഹയാ ഹയാ പാടിയിരിക്കുന്നത്. പക്ഷേ വക്കാ വക്കാ പോലെ ഒറ്റക്കേൾവിയിൽ തന്നെ കോരിത്തരിപ്പുണ്ടാക്കുന്ന പാട്ടല്ലെങ്കിലും മെല്ലെ മെല്ലെ ‘കിക്ക്’ കിട്ടുന്നതാണ് ഹയാ ഹയാ എന്നും കമന്റുകളുണ്ട്. ലോകകപ്പിന് ഇനിയും 7 മാസമുണ്ട്. അപ്പോഴേക്കും ഹയാ ഹയാ സൂപ്പർ ഹിറ്റായേക്കും. ശരിയാകും, പക്ഷേ സമയമെടുക്കും. അതന്നെ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com