വിജയ് സേതുപതി, നയന്‍താര, സമാന്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ഡിപ്പം ഡപ്പം’ എന്ന ഫാസ്റ്റ് നമ്പർ ആണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. വിഘ്നേശ് ശിവൻ വരികൾ കുറിച്ച പാട്ടിന് അനിരുദ്ധ് രവിചന്ദർ ഈണമൊരുക്കി. അന്തോണി ദാസനും അനിരുദ്ധും ചേർന്നാണു ഗാനം ആലപിച്ചത്.
സമാന്തയ്ക്കും വിജയ് സേതുപതിക്കുമൊപ്പം അനിരുദ്ധ് രവിചന്ദറും ഗാനരംഗത്തിൽ അഭിനയിച്ചിട്ടുണ്ട്. ആഘോഷക്കാഴ്ചയുമായാണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിയത്. ചുരുങ്ങിയ സമയത്തിനകം തന്നെ മികച്ച സ്വീകാര്യതയോടെ ‘ഡിപ്പം ഡപ്പം’ ട്രെൻഡിങ്ങിൽ ഇടം പിടിച്ചു. ചിത്രത്തിലെ മുന്‍പ് പുറത്തിറങ്ങിയ ‘നാന്‍ പിഴൈ’ എന്ന പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
വിഘ്‌നേശ് ശിവന്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘കാതുവാക്കിലെ രണ്ടു കാതല്‍’. നയൻതാരയും സമാന്തയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേശ് ശിവനും ചേര്‍ന്നാണ് നിര്‍മാണം.