ജയസൂര്യ നായകനായെത്തുന്ന ക്രൈം ത്രില്ലർ ‘ജോൺ ലൂഥറി’ലെ പുതിയ പാട്ട് പുറത്ത്. ‘ഒരു നാളിതാ’ എന്ന വിഡിയോ ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമൊരുക്കിയിരിക്കുന്നു. നജീം അർഷാദും നാരായണി ഗോപനും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.
കുടുംബബന്ധങ്ങളുടെ മനോഹരദൃശ്യങ്ങളാണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ടു ശ്രദ്ധേയമായ പാട്ട് ഇതിനകം നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രേക്ഷകപ്രതികരണങ്ങളോടെ പാട്ട് ഇപ്പോൾ ട്രെൻഡിങ്ങിൽ ആണ്.
നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജോൺ ലൂഥർ’. അലോൻസ ഫിലിംസിന്റെ ബാനറിൽ തോമസ് പി. മാത്യുവും ക്രിസ്റ്റീന തോമസും ചേർന്നാണു നിർമാണം. ജയസൂര്യയ്‌ക്കൊപ്പം ദീപക് പറമ്പോൽ, സിദ്ദീഖ്, ശ്രീലക്ഷ്മി, ആത്മിയ രാജൻ, ദൃശ്യ രഘുനാഥ്, ശിവദാസ് കണ്ണൂർ, ശ്രീകാന്ത് മുരളി, പ്രമോദ് വെളിയനാട് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.