അടിമുടി പ്രണയക്കാഴ്ചയുമായി ദുൽഖറിന്റെ ‘സീതാരാമം’; ലിറിക്കൽ വിഡിയോ
Mail This Article
ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘സീതാരാമം’ ചിത്രത്തിലെ പുതിയഗാനം പുറത്തിറങ്ങി. ‘കാലം നമ്മിൽ തന്നോരെ വരം’ എന്നു തുടങ്ങുന്ന മനോഹര ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് റിലീസ് ചെയ്തത്. അരുൺ ഏളാട്ടിന്റെ വരികൾക്ക് വിശാൽ ചന്ദ്രശേഖർ ഈണമൊരുക്കിയിരിക്കുന്നു. കെ.എസ്.ഹരിശങ്കറും സിന്ദൂരിയും ചേർന്നാണ് ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന പ്രണയചിത്രമാണ് ‘സീതാരാമം’. മൃണാൽ താക്കൂർ ദുൽഖറിന്റെ നായികയായെത്തുന്നു. അഫ്രീൻ എന്ന പേരിൽ രശ്മിക മന്ദാനയും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ് എന്നിവരാണു മറ്റു പ്രധാന താരങ്ങൾ.
ഒരേ സമയം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി.എസ് വിനോദ് ആണ്. സ്വപ്ന സിനിമയുടെ ബാനറിൽ അശ്വിനി ദത്ത് ‘സീതാരാമം’ നിർമിക്കുന്നു.