ജ്യേഷ്ഠൻ-അനുജത്തി ബന്ധത്തെ അതിമനോഹരക്കാഴ്ചകളിലൂടെ വരച്ചിട്ട ‘വെണ്ണിലാക്കൊമ്പിലെ രാപ്പാടി’ എന്ന ഹിറ്റ് ഗാനത്തിനു കവർ പതിപ്പൊരുക്കി ഗായിക റിമി ടിമി. യഥാർഥ പാട്ടിന്റെ തനിമ ചോരാതെയുള്ള റിമിയുടെ ഗാനം ചുരുങ്ങിയ സമയത്തിനകമാണു ശ്രദ്ധിക്കപ്പെട്ടത്. ലളിതമനോഹരമായ ആവിഷ്കാരവും പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കി.
‘വെണ്ണിലാക്കൊമ്പിലെ രാപ്പാടീ
എന്നും ഈയേട്ടന്റെ ചിങ്കാരീ
മഞ്ഞു നീർത്തുള്ളി പോൽ നിന്നോമൽ
കുഞ്ഞു കൺപീലിയിൽ കണ്ണീരോ...’
ശ്രീഹരി കെ നായർ ആണ് കവർ ഗാനത്തിന്റെ പ്രോഗ്രാമിങ് നിർവഹിച്ചത്. സായ് പ്രകാശ് റെക്കോർഡിങ്ങും മിക്സിങ്ങും ചെയ്തിരിക്കുന്നു. ശിഖിൽ ശശിധരൻ ആണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചത്.
1999ൽ പുറത്തിറങ്ങിയ ‘ഉസ്താദ്’ എന്ന മോഹൻലാൽ ചിത്രത്തിലേതാണ് ഈ ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ ഈണമൊരുക്കി. കെ.ജെ.യേശുദാസ് ആണ് സിനിമയിൽ ഈ ഗാനം ആലപിച്ചത്.