Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോണിത; മാറ്റത്തിന്റെ മുഴക്കവുമായി ഈ പാട്ട്

സോണിതയ്ക്കു വെറും പത്തുവയസ്സുള്ളപ്പോളാണ് മാതാപിതാക്കൾ ആദ്യമായി അവളോട് വിവാഹക്കാര്യം പറഞ്ഞത്. പകൽ പൂമ്പാറ്റകൾക്കും പക്ഷികൾക്കുമൊപ്പം പറന്ന്, രാത്രി മിന്നാമിനുങ്ങുകളോടു കൂട്ടുകൂടി പാറിനടക്കേണ്ട പ്രായം. പക്വതയോ പാകതയോ വരാത്ത സമയം. എന്നാൽ അഫ്ഗാനിസ്ഥാനിലെ മാതാപിതാക്കളെ സംബന്ധിച്ച് അതൊരു ചെറുപ്രായമല്ല. സോണിത അലിസദേഹ് എന്ന ആ കൗമാരക്കാരിയുടെ മാതാപിതാക്കളും മാറിച്ചിന്തിക്കാൻ തയാറായില്ല.

പക്ഷേ, ഭാഗ്യം മൂലം ആ ബാലികയുടെ വിവാഹം അന്നുനടന്നില്ല. സ്കൂളിലും വീട്ടിലുമായി അവൾ വീണ്ടും പാറിനടന്നു. എന്നാൽ ആറു വർഷം മാത്രമായിരുന്നു സന്തോഷത്തിന്റെ ആയുസ്സ്. പതിനാറാം വയസ്സിൽ വിവാഹക്കാര്യവുമായി മതാപിതാക്കൾ വീണ്ടും സമീപിച്ചു. അവർ കണ്ടുവച്ച കാരണമായിരുന്നു രസകരം. സോണിതയുടെ മൂത്ത സഹോദരനു വിവാഹം കഴിക്കണം. പുരുഷധനം നൽകുന്നതിനും കല്യാണച്ചെലവുകൾക്കുമായി ഉദ്ദേശം അഞ്ചുലക്ഷം രൂപ ചെലവുവരും. സോണിതയെ വിവാഹം കഴിപ്പിച്ചാൽ വരനോട് ഏഴുലക്ഷം രൂപ പുരുഷ ധനം വാങ്ങാം. ആ പണം ഉപയോഗിച്ച് ചേട്ടന്റെ വിവാഹം നടക്കും. സോണിതയ്ക്കു വരനായി ഒരു വയസ്സനെയും അവർ കണ്ടെത്തിയിരുന്നു. അവൾ അതുവരെ കാണുകയോ കേൾക്കുകയോ ചെയ്യാത്ത ഒരാൾ.

മാതാവ് വിവാഹക്കാര്യം പറഞ്ഞപ്പോൾ അവൾ തകർന്നുപോയി. ഒന്നും സംസാരിക്കാൻ കഴിയാതെ, എന്തുചെയ്യണമെന്ന് അറിയാതെ ശ്വാസംമുട്ടുന്ന അവസ്ഥ. അഫ്ഗാനിസ്ഥാനിൽ ബാലവിവാഹം പുതിയ കാര്യമല്ല. സോണിതയുടെ കൂട്ടുകാരികളിൽ പലരും അതിന്റെ ഇരകളായിട്ടുമുണ്ട്. തങ്ങളുടെ പെൺമക്കളെ കൗമാരക്കാലത്തുതന്നെ വിവാഹം കഴിപ്പിച്ചയച്ചാൽ അവരോടു ചെയ്യുന്ന ഏറ്റവും നല്ലകാര്യമെന്നു ചിന്തിക്കുന്നവരാണ് അഫ്ഗാനിലെ ഭൂരിഭാഗം മാതാപിതാക്കളും. പല പെൺകുരുന്നുകളെയും നിർബന്ധപൂർവമാണു വിവാഹപ്പന്തലിലേക്ക് അവർ അയയ്ക്കുന്നത്.

സാന്ത്വനമായി സംഗീതം

എന്നാൽ മാതാപിതാക്കളുടെ ആഗ്രഹത്തിനൊത്തു നിൽക്കാൻ അവൾ ഒരുക്കമല്ലായിരുന്നു. റാപ് ഗായികയാകണമെന്ന മോഹം ഉപേക്ഷിച്ച്, താനിതുവരെ കണ്ടിട്ടില്ലാത്ത ഒരു കിഴവനോടൊപ്പം ജീവിക്കാൻ അവൾ വിസമ്മതിച്ചു. കണ്ണീരൊളിപ്പിച്ച് സങ്കടം ഉള്ളിലൊതുക്കി അവൾ ദിവസങ്ങൾ തള്ളിനീക്കി. ഒടുവിൽ തന്റെ വിഷമം പുറംലോകത്തെ അറിയക്കാൻ സോണിത തീരുമാനിച്ചു. അതിനായി കണ്ടുപിടിച്ച വഴിയും സംഗീതം തന്നെയായിരുന്നു. നിർബന്ധപൂർവം വിവാഹത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ട കൗമാരക്കാരിയുടെ സങ്കടങ്ങളും ആധികളും ചവിട്ടിയരയ്ക്കപ്പെട്ട സ്വപ്നങ്ങളും അവൾ വരികളാക്കി. നിറപ്പകിട്ടില്ലാത്ത ജീവിതങ്ങളിലേക്കു തള്ളിവിടപ്പെട്ട അഫ്ഗാനിസ്ഥാനിലെ എല്ലാ കൗമാരക്കാരികളുടെയും സങ്കടങ്ങൾ ചേർത്തുവച്ച് അവൾ ‘ബ്രൈഡ് ഫോർ സെയിൽ’ (വധു വിൽപനയ്ക്ക്) എന്ന റാപ് ഗാനം തയാറാക്കി.

sonitha-afghan

ഇഷ്ടമില്ലാത്ത ആളെ വിവാഹം കഴിക്കേണ്ടിവരുന്നതിന്റെയും, അതിനായി നിർബന്ധം ചെലുത്തുന്ന മാതാപിതാക്കളോടു പെൺമക്കൾക്കുണ്ടാകുന്ന മാനസിക അകൽച്ചയും ആ വാക്കുകളിൽ തെളിഞ്ഞുനിന്നു. കണ്ണീരുപ്പുകലർന്ന അക്ഷരങ്ങൾ കൂട്ടിവച്ച് അവൾ എഴുതി, കണ്ണീരൊഴുക്കി അവൾ പാടി.

‘‘എല്ലാ പെൺകുട്ടികളെയും പോലെ

എന്നെയും കൂട്ടിലടച്ചിരിക്കുന്നു

ആളുകളെന്നെ കാണുന്നതും ആർത്തിയോടെ

അറുക്കാനുള്ളൊരു ആട്ടിൻകുട്ടിയെപ്പോലെ...

അവ എപ്പോഴെങ്കിലും മരണത്തെക്കുറിച്ച്

പരാതിപ്പെടുന്നത് കേട്ടിട്ടുണ്ടോ?

എന്നെപ്പോലെ വികാരഭരിതയാകുന്നത്

എന്നെങ്കിലു നിങ്ങൾ കണ്ടിട്ടുണ്ടോ?

എനിക്കറിയാം, നിങ്ങളാണെനിക്കു

ജന്മം നൽകിയത്

ഇനിയെങ്ങനെയാണ

ഞാനതിൻ കടംവീട്ടേണ്ടത്?’’

ഗാനത്തിനു സംഗീതം നൽകിയതും സോണിതതന്നെയായിരുന്നു. വീട്ടുകാരും ബന്ധുക്കളും എന്തു പറയുമെന്നോ ഭാവി എന്താകുമെന്നോ ആശങ്കയില്ലാതെ സോണിത ആ ഗാനം യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. നെഞ്ചിലുടക്കുന്ന വാക്കുകളും ആഴ്ന്നിറങ്ങുന്ന സംഗീതവുമുള്ള ആ വരികൾ അതിശക്തമായിരുന്നു. അതിലെ രംഗങ്ങൾ ആരെയും കണ്ണീരണിയിക്കും. വിവാഹ ഗൗണണിഞ്ഞ്, മുറിപ്പാടുകളുമായി, നെറ്റിയിൽ അഫ്ഗാൻ പെൺകൊടി വിൽപനയ്ക്കെന്നു സൂചിപ്പിക്കുന്ന ബാർ കോഡും പതിച്ച് അവൾ സ്ക്രീനിൽ നിറഞ്ഞു.

ഉദിച്ചുയർന്ന പ്രതീക്ഷകൾ

യൂട്യൂബിലൂടെ ഗാനം വളരെവേഗം പ്രചരിച്ചു. ഒട്ടേറെപ്പേർ അവളുടെ സങ്കടശബ്ദത്തിനൊപ്പം കണ്ണീർപൊഴിച്ചു. സോണിതുടെ അമ്മയും ആ ഗാനം കാണാനിടയായി. അധികമൊന്നും വികാരപ്രകടനം നടത്തിയില്ലെങ്കിലും നല്ല ഗാനം എന്ന അമ്മയുടെ വാക്കുകൾ അവളുടെ മനസ്സിനു കുളിർമഴയായി. സോണിതയുടെ ജീവിതത്തെത്തന്നെയാണ് ആ വാക്കുകൾ മാറ്റിമറിച്ചത്. വിവാഹമെന്ന ആവശ്യം അവർ പിൻവലിച്ചു. പാർശ്വവൽകരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ സ്ട്രോങ് ഹാർട്ട് ഗ്രൂപ്പിന്റെ പ്രവർത്തകർ സോണിത യൂട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോ കണാനിടയായി. സ്ട്രോങ് ഹാർട്ട് സംഘടന അവൾക്ക് യുഎസിലെ വാസച്ച് അക്കാദമി ബോർഡിങ് സ്കൂളിൽ പഠിക്കാനുള്ള അവസരമൊരുക്കി. വീസയും മറ്റു സൗകര്യങ്ങൾക്കൊപ്പം വലിയൊരു തുക സ്കോളർഷിപ്പും നൽകി.

അഫ്ഗാനിസ്ഥാനിലെ കൗമാരക്കാരായ പെൺകുട്ടികൾ നേരിടുന്ന അസമത്വവും പ്രശ്നങ്ങളും ലോകത്തെ അറിയിക്കാൻ സോണിതയുടെ പാട്ടും വാക്കുകളും നിമിത്തമായി. അടുത്തിടെ ലണ്ടനിൽനടന്ന വിമൻ ഇൻ ദ് വേൾഡ് ഫെസ്റ്റിവലിൽ പങ്കെടുത്ത് അക്കാര്യങ്ങൾ ഒരിക്കൽക്കൂടി ലോകത്തോടും സോണിത വിളിച്ചു പറഞ്ഞു. സോണിതയുടെ ജീവിതം വിവരിക്കുന്ന ഡോക്കുമെന്ററി സോണിത’ കഴിഞ്ഞയാഴ്ച ആംസ്റ്റർഡാമിൽ നടന്ന ലോക ഡോക്കുമെന്ററി ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയുണ്ടായി. യുഎസിൽനിന്നു ബിരുദം നേടിയശേഷം വീണ്ടും അഫ്ഗാനിസ്ഥാനിലേക്കു മടങ്ങാനാണു ആഗ്രഹം. അവിടെയെത്തി നല്ലൊരു പാട്ടുകാരിയും സാമൂഹിക പ്രവർത്തകയുമായി മാറാമെന്നാണു പ്രതീക്ഷ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.