Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ കിളിപ്പാട്ടുകൂട്ടം തിരിച്ചു പറക്കുന്നു

നിലാവിലേക്കു പാതിതുറന്ന ജനാലയോരം ഏതേതോ രാപ്പാടികൾ പാടിക്കേൾക്കുമ്പോഴെല്ലാം ഓർമിച്ചുപോകാറുണ്ട്, ഒരു പാവം മുത്തശ്ശിക്കഥ. രാപ്പാടികളുടെ ചുണ്ടിണകളിൽ ഇത്ര അഴകൊത്ത മധുരം പുരണ്ടതെങ്ങനെയെന്നു പറയുന്നൊരു പഴങ്കഥ. രാപ്പാടികൾ വർഷത്തിലെ പതിനൊന്നു മാസക്കാലവും തമ്മിൽ മിണ്ടാതെ മൂളിപ്പാടാതെ അതിമൗനം കാത്തിരിക്കുകയാണത്രേ. ഒരു പല്ലവികൊണ്ടു പോലും മൗനം മുറിക്കാതെയുള്ള ആ നിശ്ശബ്ദ കാത്തിരിപ്പിനൊടുവിലാണ് ഓരോ രാപ്പാടിയും പാടിത്തുടങ്ങുന്നത്, പാട്ടിലൊടുങ്ങുന്നത്, ഒടുവിൽ അതേ മൗനത്തിന്റെ ഓർമച്ചില്ലകളിലേക്ക് സ്വയം പാടിപ്പാടി മടങ്ങുന്നത്. അതുകൊണ്ടായിരിക്കാം രാപ്പാടിപ്പാട്ടിന് കാതോർക്കുമ്പോൾ പാട്ടിനപ്പുറം ആ കുഞ്ഞുപക്ഷിയുടെ മൗനം കൂടി നാം കേൾക്കുന്നത്. ആ മൗനമാണല്ലോ അവയ്ക്ക് അത്ര മധുരവും മാദകത്വവും സമ്മാനിച്ചത്. രാത്രികൾക്കുപോലും പ്രണയവും മരണവും സമ്മാനിച്ചത്.

മൗനത്തിന്റെ കൈ വിടുവിച്ച്

the-corrs

പതിനൊന്നുവർഷത്തെ മൗനത്തിനൊടുവിൽ നാലു രാപ്പാടികൾ പാടിത്തുടങ്ങുകയാണ് വീണ്ടും. ഒരു കിളിപ്പാട്ടുകൂട്ടിലെ നാലു പൈങ്കിളികൾ. ലോകത്തെ വിസ്മയിപ്പിച്ച ഒരു പാട്ടുകുടുംബത്തിലെ നാലു സഹോദരങ്ങൾ. ആൻഡ്രിയ കോർ, കാരലിൻ കോർ, ഷാരോൺ കോർ എന്നിവർക്കൊപ്പം ജിം കോർ എന്ന അവരുടെ ഏക സഹോദരനും . ലോകമെങ്ങുമുള്ള സംഗീതാരാധകർക്കു വിസ്മയരാഗങ്ങൾ സമ്മാനിച്ച കോർ സഹോദരങ്ങളുടെ ‘ദി കോർസ്’ എന്ന ഐറിഷ് ബാൻഡാണ് ഈവർഷം പുറത്തിറങ്ങുന്ന ‘വൈറ്റ് ലൈറ്റ്’ എന്ന പുതിയ ആൽബത്തിലൂടെ സംഗീതവേദിയിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ചിരിക്കുന്നത്.

അയർലൻഡിലും ബ്രിട്ടനിലുമായി ഒരു സംഗീതപര്യടനത്തിനുകൂടി തയാറെടുക്കുകയാണ് സംഘം. 2004ൽ ആരാധകർ ഹൃദയത്തോടു ചേർത്തുകേട്ട ‘ബോറോവ്ഡ് ഹെവൻ’ എന്ന ആൽബത്തിനുശേഷം പതിനൊന്നുവർഷക്കാലത്തെ ഒരു നീണ്ട ഇടവേളയിലേക്കു പിൻവാങ്ങുകയായിരുന്നു നാലുപേരും. ഇക്കാലമത്രയും കുടുംബത്തിനും കുഞ്ഞുങ്ങൾക്കും വേണ്ടി നീക്കിവയ്ക്കുകയായിരുന്നു ഇവർ. നാലുപേർക്കും കൂടി എട്ടു മക്കൾ. കുഞ്ഞുങ്ങൾക്കു ചിറകുമുറ്റുംവരെയുള്ള അമ്മക്കിളിയുടെ അടവച്ചുകാത്തിരിപ്പായിരുന്നു ഇത്രനാൾ. ഇപ്പോൾ വീണ്ടും അവർ ഒത്തുകൂടുന്നു, ഒരേപാട്ടിന്റെ പല്ലവിയനുപല്ലവികൾ പോലെ... പാതി പാടിനിറുത്തിയിടത്തുനിന്നും വീണ്ടും പാടിത്തുടങ്ങുന്നു, ഒരേ സ്വരമാധുരിയിൽ ശ്രുതിചേർന്ന്, ഒരേ നാദവഴിയേ മതിമറന്ന്... പാടാൻ മറന്ന പതിനൊന്നുവർഷക്കാലവും അവർ പാട്ടുമറന്നിരുന്നില്ല... എന്നെങ്കിലുമൊരിക്കൽ വീണ്ടും തുറക്കാനുള്ളൊരു മണിച്ചിത്രത്താഴിട്ടു പൂട്ടി ഏതോ മാന്ത്രികച്ചെപ്പിൽ ഒളിപ്പിച്ചെടുത്തുവച്ചിരുന്നിരിക്കണം അവരുടെ സംഗീതം. പതിനൊന്നുവർഷങ്ങൾക്കുശേഷം ആ പാട്ടുപെട്ടിയുടെ പൂട്ടു തുറക്കാൻ അവർ കൈവശം കരുതിയ താക്കോൽ തീർച്ചയായും അവരുടെ സാഹോദര്യം തന്നെയായിരിക്കണം.

സാഹോദര്യത്തിന്റെ കൈ പിടിച്ച്

corrs-edit

ആൻഡ്രിയ, കാരലിൻ, ഷാരോൺ, ജിം കോർ. സംഗീതജ്ഞരായ കോർ ദമ്പതികൾക്കു പാട്ടിൽ പിറന്ന നാലു മക്കൾ. ചിരിച്ചും കളിച്ചും വളർന്ന നാലു സഹോദരങ്ങൾ സംഗീതത്തിലൂടെയാണ് കൗമാരത്തിലേക്കും യൗവനത്തിലേക്കും മുതിർന്നത്. പിന്നീട് ലോകമെങ്ങുമുള്ള യൗവനത്തിന് മൂളിപ്പാടാൻ ആഘോഷരാഗങ്ങൾ സമ്മാനിച്ചതും അയർലൻഡിലെ ഈ സഹോദരഗായകർ തന്നെ. 1991ലാണ് മൂന്നു പെൺകുട്ടികളും അവരുടെ പൊന്നാങ്ങളയും ചേർന്ന് ‘ദി കോർസ്’ എന്ന ഗായകസംഘത്തിനു തുടക്കം കുറിച്ചത്. ഇളയ സഹോദരി ആൻഡ്രിയയ്ക്കായിരുന്നു ഏറ്റവും സ്വരസൗന്ദര്യം. കാരലിന്റെ വിരലുകൾക്ക് ഡ്രംസിനോടും പിയാനോയോടുമായിരുന്നു പ്രണയം. ഷാരോണിന്റെ വെറുതെയിരിപ്പുകളിൽ പോലും അവൾക്കൊരു വയലിൻ കൂട്ടുണ്ടായിരുന്നു. ആ വയലിനിൽ വിരൽതൊട്ട് അവളെഴുതിയ ഗാനാക്ഷരങ്ങൾക്കൊത്ത് സഹോദരനായ ജിം ഗിറ്റാർ വായിച്ചുകൊണ്ടിരുന്നു. കീബോർഡിലുമുണ്ടായിരുന്നു ജിമ്മിന്റെ സംഗീതപരീക്ഷണങ്ങൾ. അങ്ങനെയാണ് കുട്ടിക്കാലം മുതൽ ആ നാൽവർ സംഘത്തിലേക്ക് അഞ്ചാമതൊരാളായി സംഗീതവും കൂട്ടുതേടിവരാൻ തുടങ്ങിയത്.

ഐറിഷ് നാടൻ പാട്ടീണങ്ങളോടായിരുന്നു കോർ സഹോദരങ്ങൾക്കു കൂടുതൽ പ്രിയം. ആദ്യ മൂന്നുവർഷത്തിനുള്ളിൽത്തന്നെ അയർലൻഡിലെ സംഗീതപ്രേമികൾക്കു പരിചിതമായി കോർ ഗാനങ്ങൾ. നാട്ടീണങ്ങൾക്കൊപ്പം പോപ്പും റോക്കും ജാസും ചേർത്ത് പാട്ടുകളൊരുക്കിയപ്പോൾ അയർലൻഡിനു പുറത്തും കോർ സഹോദരങ്ങൾക്ക് ആരാധകരുണ്ടാകുകയായിരുന്നു. 1994ൽ ബോസ്റ്റണിൽ നടന്ന വേൾഡ് കപ്പിനു പാടാൻ അമേരിക്കൻ അംബാസഡറുടെ ഔദ്യോഗിക ക്ഷണം ലഭിക്കുന്നതോടെയാണ് കോർ എന്ന ബാൻഡ് ലോകത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റുന്നത്. 1996ൽ അറ്റ്ലാൻഡയിൽ നടന്ന ഒളിംപിക്സും കോർ ബാൻഡിനു സ്വരഹൃദയങ്ങൾ കീഴടക്കുന്നതിനുള്ള സംഗീതവേദിയൊരുക്കി.

‘ദി കോർസ്’ ഗായകസംഘത്തിന്റെ ആദ്യ സ്റ്റുഡിയോ ആൽബമായ ‘ഫൊർഗിവൺ നോട്ട് ഫൊർഗോട്ടൺ’ എന്ന ആൽബം ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചതോടെ ലോക സംഗീതഭൂപടത്തിൽ ഐറിഷ് ഈണങ്ങൾക്കുകൂടി അഭിമാനവിലാസം ചാർത്തിക്കിട്ടുകയായിരുന്നു. 1997ൽ പുറത്തിറങ്ങിയ ‘ടോക് ഓൺ കോർണേഴ്സ്’ എന്ന ആൽബമാണ് ‘ദി കോർസി’നെ യുകെയിൽ പ്രിയങ്കരമാക്കിയത്. അടുത്തവർഷം ബെസ്റ്റ് സെല്ലർ റെക്കോർഡ് സ്വന്തമാക്കിയ ഈ ആൽബത്തിന്റെ 2.9 ദശലക്ഷം കോപ്പികൾ വിറ്റുപോയതോടെ ബ്രിട്ടിഷ് സംഗീതചരിത്രത്തിലെതന്നെ ഏറ്റവും വിജയകരമായ ആൽബമായി ഇത് പിന്നീടു രേഖപ്പെടുത്തപ്പെട്ടു. 2000ൽ പുറത്തിറങ്ങിയ, മൂന്നാമത്തെ ആൽബമായ ‘ഇൻ ബ്ലു’ പതിനേഴു രാജ്യങ്ങളിൽ ഹിറ്റ് ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തി. ‘ടൈം ഇനഫ് ഫോർ ടിയേഴ്സ്’ ആൽബത്തിലും ആരാധകർക്കു കൊതിയോടെ കാതോർക്കാനുള്ള മാന്ത്രികസംഗീതം നിറച്ചുവച്ചു കോർ സഹോദരങ്ങൾ. 2001ൽ സിംഗിളുകളുടെ സമാഹാരമായ ‘ബെസ്റ്റ് ഓഫ് ദി കോർസ്’ പുറത്തിറങ്ങിയപ്പോഴും കടലുകൾക്കപ്പുറമുള്ള സംഗീതപ്രേമികളെ തെല്ലും നിരാശപ്പെടുത്തിയില്ല കോർസ്. 2004ലെ ‘ബോറോവ്ഡ് ഹെവൻ’ എന്ന ആൽബത്തിലൂടെ ഇവർ വീണ്ടും ഐറിഷ് നാടോടിയീണങ്ങൾ ലോകത്തെ കേൾപ്പിച്ചു. അതിനുശേഷമായിരുന്നു മൗനസാധകത്തിന്റെ പതിനൊന്നുവർഷം...

ഇപ്പോൾ വീണ്ടുവരവറിയിച്ചു കഴിഞ്ഞു, ഇത്രനാൾമൗനത്തിന്റെ മോഹമധുരവുമായാണ് കോർ സഹോദരങ്ങളുടെ വൈറ്റ് ലൈറ്റ് ആൽബം നമ്മുടെ കാതോരമെത്തുന്നത്. കാത്തിരിക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.