Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈണം വരികളെ ഉമ്മവയ്ക്കുമ്പോൾ

music n lyrics z 3 col

പ്രണയിയെ കാത്തിരിക്കുന്ന പെൺഭാവമാണ് ചിലപ്പോൾ പാട്ടുവരികൾക്ക്. അതുകൊണ്ടാണ് ഒരു അനുരാഗിയെന്നപോലെ ഈണംവന്നു വിരൽതൊടുമ്പോൾ ഒരേ മഷി ചാലിച്ചെഴുതിയ വരികളിലും വികാര മഴവില്ലുകൾ പൂത്തുവിടരുന്നത്. വരികളോട് ഈണം ഇണചേരുമ്പോഴുണ്ടാകുന്ന രാഗമൂർച്ഛയിലല്ലേ, കേൾക്കുന്നവരെപ്പോലും ഉന്മാദികളാക്കുന്ന സുന്ദരശ്രവ്യാനുഭവമായി അതു മാറുന്നത്! പാടിക്കേട്ട പ്രണയകഥകളിലെല്ലാം ഉണ്ടായിരുന്നില്ലേ മൂളിപ്പാടാൻ ഒരു പാട്ടുപശ്ചാത്തലം? എന്നിട്ടും എപ്പോഴെങ്കിലും ഓർത്തുനോക്കിയിട്ടുണ്ടോ ഓരോ പാട്ടും ഒരു പ്രണയമാണെന്ന്. വരികളും ഈണവും തമ്മിലുള്ള ഇഴപിരിയാനുരാഗമാണെന്ന്.
പാട്ടിന്റെ പ്രണയകഥ പറഞ്ഞ അമേരിക്കൻ ചിത്രമാണ് ‘മ്യൂസിക് ആൻഡ് ലിറിക്സ്’(2007). എഴുത്തുകാരനും സംവിധായകനുമായ മാർക് ലോറൻസ് സംവിധാനം ചെയ്ത ഈ ചിത്രം ആസ്വാദകർക്കു പ്രിയപ്പെട്ടതാക്കിയത് കഥാനായകനായ ഒരു ഗായകനും കഥാനായികയായ ഒരു പാട്ടെഴുത്തുകാരിയും തമ്മിലുള്ള പ്രണയമാണ്. ഒരു വരിയിൽനിന്ന് അടുത്ത വരിയിലേക്കെന്നപോലെ ഒരു പല്ലവിയിൽനിന്ന് അനുപല്ലവിയിലേക്കെന്ന പോലെ അനസ്യൂതം ഒഴുകുന്നൊരു പ്രണയത്തിന്റെ ഋതുസഞ്ചാരം. ഹഗ് ഗ്രാൻഡും ഡ്രൂ ബാരിമൂറും നായികാനായകന്മാരായി ആദ്യം അഭിനയിക്കുന്ന ചിത്രംകൂടിയാണ് ‘മ്യൂസിക് ആൻഡ് ലിറിക്സ്’.

എൺപതുകളിലെ പോപ് സംഗീതവേദികൾ സമ്മാനിച്ച സുന്ദരസ്മരണകളിലാണ് അലക്സ് ഫ്ലെച്ചർ എന്ന ഗായകൻ ജീവിക്കുന്നത്. അന്നുണ്ടായിരുന്ന പേരും പെരുമയും അയാൾക്കിപ്പോൾ സ്വയം അസൂയപ്പെടാനും അഹങ്കരിക്കാനുമുള്ളൊരു ഓർമക്കുറിപ്പ് മാത്രം. ഇപ്പോഴില്ലാത്ത, ഇനിയൊരിക്കലും തേടിവരില്ലാത്ത ആ നല്ലകാലത്തോടു ഗൃഹാതുരപ്പെട്ടു ജീവിക്കുന്നൊരു ഗായകൻ. ഒരർഥത്തിൽ ‘ഗായകൻ’ എന്ന വിലാസത്തിനുപോലും അലക്സ് തന്റെ ഭൂതകാലത്തോടു മാത്രം കടപ്പെട്ടിരിക്കുന്നു. കാരണം, കഥ നടക്കുന്ന വർത്തമാനകാലത്തിൽ അയാൾ ഒരു ഗായകനല്ലാതായിരിക്കുന്നു. ഇറുകിയ പാന്റ്സും പലനിറങ്ങളിലുള്ള ജാക്കറ്റും ധരിച്ച് എത്രയോ വേദികളിൽ അയാൾ ആരാധകർ ആവശ്യപ്പെടുന്ന ആഘോഷഗാനങ്ങൾ ആലപിച്ചിരിക്കുന്നു.

പതിനഞ്ചു വർഷങ്ങൾക്കിപ്പുറം, അതേ ആരാധകർ അയാളെ മറന്നുകഴിഞ്ഞിരിക്കുന്നു. പാർക്കുകളിലെയും നിരത്തുവക്കുകളിലെയും ആൾക്കൂട്ടങ്ങൾക്കിടയിൽ പഴയ ഹിറ്റ്ഗാനങ്ങൾ സ്വയം പാടിപ്പാടി നടക്കുകയാണ് അലക്സ്. അങ്ങനെയിരിക്കെയാണ് പുതുകാല പോപ്തരംഗമായി മാറിയ കോറ കോർമാൻ, അലക്സിന് ഒരു പുതിയ ഗാനമെഴുതി സംഗീതം നൽകി വീണ്ടും വേദിയിലേക്കു തിരിച്ചുവരാൻ ഒരു അവസരം വച്ചുനീട്ടുന്നത്. വെള്ളിവെളിച്ചത്തിലേക്കു മടങ്ങിവരാനുള്ളൊരു വിരുന്നുവിളിയാണതെന്ന് അലക്സിനറിയാമായിരുന്നു. പക്ഷേ, ഇത്രനാൾ മൗനവും മൂകതയും അലക്സിന്റെ വിരൽത്തുമ്പിൽനിന്നു വരികളെ നഷ്ടപ്പെടുത്തിയിരുന്നു. എഴുതാനിരുന്നപ്പോഴെല്ലാം കടലാസുവെള്ളയിൽ കയ്യക്ഷരങ്ങൾ കാറ്റുപിടിച്ചപോലെ ഇളകിത്തെറിച്ചുകിടന്നു. ഇല്ല, ഇനി വരികളെഴുതാൻ കഴിയില്ലെന്നൊരു നിരാശാഭീതിയിൽ അയാളുടെ ജീവിതത്തിന്റെ അവസാനപ്രതീക്ഷയും പിടഞ്ഞു. അങ്ങനെ പാതിയിൽ നിലച്ചുപോയ അയാളുടെ പാട്ടുജീവിതത്തിന്റെ മൗനപ്പൂട്ടുകൾ തുറന്നുകൊണ്ടായിരുന്നു സോഫി എന്ന പെൺകുട്ടിയുടെ വരവ്. കലാലയപഠനം ഇടയ്ക്കുവച്ച് അവസാനിപ്പിക്കേണ്ടിവന്ന ഒരു പെൺകുട്ടി. ഇംഗ്ലിഷ് സാഹിത്യ വിദ്യാർഥിനിയായിരുന്നു അവൾ. കോളജിലെ പ്രഫസറുമായുള്ള പ്രണയകാലത്തിനിടയിലെപ്പോഴോ ആണ് അവൾക്കു പഠനം അവസാനിപ്പിക്കേണ്ടിവന്നത്. പൂക്കാതെപോകുന്ന പ്രണയം പെൺമരത്തിന്റെ തളിരിലച്ചില്ലയിൽ കുഞ്ഞുകിളിക്കൂടൊരുക്കുന്നതുപോലെ, സോഫിയുടെ നഷ്ടപ്രണയം അവളുടെ വിരലുകളിൽ കവിതയുടെ വർണപ്പൊടിപ്പുകൾ വിടർത്താൻ തുടങ്ങിയതും അക്കാലത്താണ്. വീട്ടുമുറ്റത്തെ ചെടികൾക്കു വെള്ളമൊഴിക്കാൻ വരുമായിരുന്ന ആ പെൺകുട്ടിയിൽ തന്റെ സംഗീതത്തിന്റെയും ജീവിതത്തിന്റെയും ഭാവിജാതകം വിധി എഴുതിച്ചേർത്തിരിക്കുന്നുവെന്നത് വൈകിയാണെങ്കിലും അലക്സ് തിരിച്ചറിയുന്നതോടെ കഥ മാറുകയാണ്, അയാളുടെയും ആ പെൺകുട്ടിയുടെയും.

സോഫിയാണ് പിന്നീട് അലക്സിന്റെ ഈണത്തിനൊത്ത് വരികളെഴുതിക്കൊടുക്കുന്നത്. അവൾ കൈതൊടുമ്പോഴെല്ലാം വെള്ളക്കടലാസിൽ വരികൾ വസന്തം വിരിയിച്ചു. അലക്സിന്റെ സംഗീതത്തിന് ആ വരികൾക്കൊത്തു മൂളുകമാത്രമേ വേണ്ടിവന്നുള്ളൂ. അവളുടെ വരികളോട് ചേരുമ്പോഴൊക്കെയും അയാളുടെ ഈണങ്ങൾ മുൻപൊരിക്കലുമില്ലാത്തൊരു സംഗീതാനുഭൂതിയിലേക്ക് രാഗസ്ഖലിതമായിക്കൊണ്ടേയിരുന്നു. പരസ്പരം വരികളും ഈണങ്ങളും ചേർന്നപ്പോഴൊക്കെ അപൂർവ സുന്ദരമായ സമവാക്യഗീതികൾ പിറന്നുകൊണ്ടേയിരുന്നു. ആ ഇഴയടുപ്പത്തിൽനിന്നാണ് അലക്സും സോഫിയും ആദ്യമായി അവരുടെ പ്രണയം തിരിച്ചറിയുന്നത്. അവർ പരസ്പരം പ്രണയിച്ചതിനേക്കാൾ അവരുടെ വരികളും ഈണങ്ങളും അപ്പോഴേക്കും അനുരാഗബദ്ധമായിക്കഴിഞ്ഞിരുന്നു.

അവരൊരുമിച്ച ‘വേ ബാക്ക് ഇൻ ടു ലവ്’ എന്ന ഗാനം ഇരുവരുടെയും മുന്നിൽ പ്രണയകമ്പളം വിരിച്ച് സ്വപ്നങ്ങളിലേക്കും പ്രതീക്ഷകളിലേക്കും പ്രകാശക്കുറിമാനം നൽകി. കോറ കോർമാൻ ആവശ്യപ്പെട്ട തീയതിക്കുള്ളിൽതന്നെ പാട്ടെഴുതി സംഗീതം നൽകുന്നതോടെ അലക്സിന്റെ ജീവിതം മറ്റൊരു ദിശയിലേക്കു വഴിമാറുകയാണ്. എന്നിട്ടും അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു ഏതു പ്രണയത്തിലുമെന്നപോലെ ചില വിധിവിലക്കുകൾ...

അധികനാൾ വൈകാതെ അലക്സുമായി തെറ്റിപ്പിരിഞ്ഞ് ഫ്ലോറിഡയിലേക്കു തനിച്ചു താമസത്തിനു പോകുമ്പോൾ സോഫിക്ക് അറിയാമായിരുന്നിരിക്കണം, ഈണമൊഴിഞ്ഞ വരികൾ മൗനത്തിലേക്കു ശ്രുതിചേരുംപോലെ, ഇനി അവളുടെ പെൺജീവിതം ശൂന്യതയിലേക്ക് നിർവികാരപ്പെടുകയാണെന്ന്. ഏകാന്തതയുടെ ആ കടുത്ത നാളുകളിലാണ് കോറ കോർമാന്റെ ഒരു സംഗീത പര്യടനസംഘം ഫ്ലോറിഡയിൽ എത്തിച്ചേർന്ന വിവരം സോഫി അറിയാനിടയാകുന്നത്. സംഗീതവേദിയിൽ അവർ അവതരിപ്പിക്കുന്ന മുഖ്യഗാനം സോഫിയും അലക്സും ചേർന്നൊരുക്കിയ ‘വേ ബാക്ക് ഇൻ ടു ലവ്’ ആണെന്നുകൂടി കേട്ടപ്പോൾ സോഫിക്ക് പോകാതിരിക്കാനായില്ല, ആ പരിപാടി കാണാൻ.

ഒരുപക്ഷേ വേദിയിൽ പ്രിയകാമുകൻ അലക്സിനെ അവൾ പ്രതീക്ഷിച്ചിരുന്നുവോ? അവളുടെ കണക്കൂകൂട്ടൽ തെറ്റിയില്ല, ആ വേദിയിൽ മറ്റെല്ലാ ഗായകരെയും നിഷ്പ്രഭരാക്കിക്കൊണ്ട് അവളുടെ അലക്സ് ഉണ്ടായിരുന്നു. പക്ഷേ, അയാൾക്ക് പാടാനുണ്ടായിരുന്നത്, ആൾക്കൂട്ടത്തിലെവിടെയോ ഉണ്ടെന്ന് ഉറപ്പില്ലാത്ത അയാളുടെ ഏകകാമുകി മാത്രം കേൾക്കാൻ വേണ്ടിയായിരുന്നു. ആത്മാവിൽനിന്നൊരു തേങ്ങൽപോലെ, ഹൃദയംകൊണ്ടൊരു ക്ഷമാപണംപോലെ ഒരു ഗാനം.. മൈക്ക് ചുണ്ടോടു ചേർത്ത്, അങ്ങേയറ്റം വിരഹാർദ്രനായി, പ്രണയമധുരമായി അലക്സ് പാടി.. ‘ഡോണ്ട് റൈറ്റ് ഓഫ് മീ...’

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.