Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടുകളുടെ ലോകത്തെ ഒറ്റയാൻ 'പാസഞ്ചർ'

passenger1

ലെറ്റ് ഹെർ ഗോ എന്ന ഒറ്റ ഗാനം മതി പാസഞ്ചർ എന്ന ഗായകനോടുള്ള ഇഷ്ടം അളക്കാൻ. പ്രണയവും അതിന്റെ തുടിപ്പും വേദനയുമെല്ലാം  നിറഞ്ഞ അതിസുന്ദരമായ  ഗാനം. ചാനൽ ഷോകളിൽ  പ്രണയം നിറഞ്ഞ ഭാഗങ്ങൾക്കൊപ്പം പിന്നണിയായി  പലപ്പോഴും  എത്തുന്നത് ലെറ്റ് ഹെർ ഗോ എന്ന ഗാനമാണ്. പാസഞ്ചറിന്റെ  പുതിയ ആൽബം എത്തയിരിക്കുന്നുവെന്നത്  അദ്ദേഹത്തിന്റെ  ഇഷ്ടക്കാരെ തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. ‘യങ് ആസ് ദ് മോണിങ്, ഓൾഡ് ആസ് ദ് സീ’ എന്നു പേരിട്ടിരിക്കുന്ന ആൽബം  സെപ്റ്റംബർ  23നാണു  റിലീസ് ചെയ്തത്. ആൽബത്തിലെ പാട്ടുകളിൽ പലതും  യു ട്യൂബിൽ വൻ ഹിറ്റാണ്. 

പാസഞ്ചർ ഒരു ബാൻഡല്ല. കയ്യിൽ ഒരു ഗിറ്റാറും  അൽപ്പം  പതിഞ്ഞ, പതറിയ ശബ്ദവുമായി സ്റ്റേജിലെത്തുന്ന മൈക്കിൾ ഡേവിഡ് റോസൻബർഗ് എന്ന ബ്രിട്ടിഷ് ഗായകന്റെ സ്റ്റേജ് പേരാണു പാസഞ്ചർ. മൈക്കിളിന്റെ ആദ്യ ബാൻഡായിരുന്നു പാസഞ്ചർ. ബാൻഡിലെ ഗാനരചയിതാവും പാട്ടുകാരനുമായിരുന്നു മൈക്കിൾ. 2009ൽ ബാൻഡ് ഇല്ലതായപ്പോൾ മൈക്കിൾ പാസഞ്ചർ എന്ന പേര് ഒപ്പം കൂട്ടി. 1984 മെയ് 17നു ബ്രിട്ടനിലെ ബ്രിഗ്ടൺ ആൻ‍ഡ് ഹോവിൽ ജനിച്ച മൈക്കിൾ ചെറുപ്പത്തിൽ തന്നെ ഗിറ്റാർ പഠിച്ചു. അക്കാലത്തു തന്നെ പാട്ടുകൾ എഴുതാനും ആരംഭിച്ചു. ഇടയ്ക്ക് ഷെഫിന്റെ വേഷവുമിട്ടു. പതിനാറാം വയസിൽ സ്കൂൾ പഠനം അവസാനിപ്പിച്ചു പാട്ടിന്റെ വഴിയിലേക്കെത്തി. സുഹൃത്ത് ആൻഡ്രൂ ഫിലിപ്പിനൊപ്പം 2003 ലാണു പാസഞ്ചർ എന്ന ബാൻഡ് മൈക്കിൾ ആരംഭിക്കുന്നത്. പിന്നാലെ അഞ്ചു പേരുടെ ബാൻഡായി അതു വളർന്നു. വിക്ക്ഡ് മാൻസ് റെസ്റ്റ് എന്ന ആൽബം ഇവരുടേതായി 2007ൽ എത്തി. പക്ഷെ ബാൻഡ് 2009ൽ പിളർന്നു. 

ബാൻഡ് ഇല്ലാതായതോടെ  സ്വന്തം സംഗീതമെന്ന വഴിയിലൂടെ മൈക്കിൾ റോസൻബർഗ് സഞ്ചരിക്കാനാരംഭിച്ചു. 2009 ഒക്ടോബറിൽ ഓസ്ട്രേലിയയിൽ ആദ്യ സോളോ അവതരണം. പിന്നാലെ 2010ൽ ഫൈറ്റ് ഓഫ് ദി ക്രോ എന്ന ആൽബമെത്തി. ഓസ്ട്രേലിയയിലെ  വിവിധ സംഗീതജ്ഞരുമായി  ചേർന്നായിരുന്നു ആൽബം. 2012ൽ ലെറ്റ് ഹെർ ഗോയെത്തി. പാസഞ്ചറിനെ ഇന്നത്തെ നിലയിലേക്ക് ഉയർത്തിയ ഗാനം. 2013ൽ പുറത്തെത്തിയ ഓൾ ദി ലിറ്റിൽ ലൈറ്റ്സ് എന്ന ആൽബത്തിലെ രണ്ടാമത്തെ സിംഗിളായിരുന്നു ലെറ്റ് ഹെർ ഗോ. പാട്ട് ഹിറ്റ് ചാർട്ടുകളിലെത്തി. യുകെയിൽ 10 ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞു. യുഎസിൽ അൻപതു ലക്ഷത്തോളമാളുകൾ പാട്ട് ഡൗൺലോഡ് ചെയ്തു. ബ്രിട്ടിഷ് സിംഗിൾ ഓഫ് ദി ഇയർ അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കി. 

ഏറെ പ്രണയം നിറഞ്ഞൊരു ബന്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണു ലെറ്റ് ഹെർ ഗോ എന്ന പാട്ട്. ഏറെ കവിത നിറഞ്ഞ, വിഷാദം കലർന്ന പാട്ട്. പാസഞ്ചറിന്റെ ശബ്ദം കൂടിയായപ്പോൾ പാട്ടിന്റെ കരുത്ത് ഉയർന്നു. 

ഓൾ ദി ലിറ്റിൽ തിങ്സിനു പിന്നാലെ 2014ൽ വിസ്പേഴ്സ് എന്ന ആൽബത്തിന്റെ ആദ്യ ഭാഗമെത്തി. കഴിഞ്ഞ വർഷം രണ്ടാം ഭാഗവും. ഇപ്പോൾ പ്രഭാതം പോലെ ചെറുപ്പവും കടൽ പോലെ വാർധക്യവും എന്നു പറഞ്ഞ് ഏറ്റവും പുതിയ ആൽബം. റോസൻബർഗിന്റെ ഏഴാമത്തെ സ്റ്റുഡിയോ ആൽബമാണിത്. 2016 ജൂൺ 17നു സംബഡീസ് ലവ് എന്ന ആദ്യ ഗാനം പുറത്തെത്തി. എനിവേർ എന്ന രണ്ടാമത്തെ ആൽബം ഓഗസ്റ്റിലും. ഓസ്ട്രേലിയൻ സിംഗിൾ ചാർട്ടിൽ എനിവേർ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. യുകെ ആൽബം ചാർട്ടിലും ആൽബം ഒന്നാമതെത്തി. ഈഫ് യു ഗോ, ബ്യൂട്ടിഫുൾ ബേർഡ്, ഹോം, വെൻ വീ വേർ യങ് തുടങ്ങിയ പാട്ടുകളും ഒന്നു കേട്ടു നോക്കാവുന്നതാണ്. 

ശബ്ദവും കവിത കലർന്ന വരികളുമാണു പാസഞ്ചറിന്റെ ആകർഷണം. ഈണത്തിന് അത്രയേറെ പ്രാധാന്യമുണ്ടെന്നു പറയാൻ സാധിക്കില്ല. ചിലപ്പോൾ വർത്തമാനം പറയുന്നതു പോലെ ചില കവിതകൾ ആലപിക്കുന്നു, അത്ര മാത്രം. പക്ഷേ നിങ്ങളെ ഏറെ ഇഷ്ടപ്പെടുത്തുന്ന, നൊമ്പരപ്പെടുത്തുന്ന ചില പൊടിക്കൈകൾ വരികളിൽ റോസൻബർഗ് ഒളിപ്പിച്ചു വച്ചിട്ടുണ്ട്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.