Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടിലെ മായയുമായി ബ്ലാങ്ക് പ്ലാനറ്റ്

blank-planet1 ബ്ലാങ്ക് പ്ലാനറ്റിലെ കൂട്ടുകാർ

സിനിമയ്ക്കപ്പുറത്തു സംഗീതത്തെ ഇഷ്ടപ്പെടുന്നവർ മായ എന്ന മ്യൂസിക് വീഡിയോ തീർച്ചയായും ആസ്വദിക്കണം. പ്രോഗ്രസീവ് റോക്കിന്റെ എല്ലാ ചേരുവകളും ഒത്തിണങ്ങിയ, കർണാടിക് റോക്കിന്റെ സ്പർശമുള്ള മനോഹരമായ ഗാനം. മലയാളികൾ ഒത്തൊരുമിക്കുന്ന ബ്ലാങ്ക് പ്ലാനറ്റ് എന്ന ബാൻഡാണ് ഈ ഗാനത്തിനു പിന്നിലെന്നറിയുമ്പോൾ മതിപ്പേറുമെന്നു തീർച്ച. മ്യൂസിക് സൈറ്റുകളിലും മറ്റും ഏറെ ചർച്ചയാകുകയാണു ബ്ലാങ്ക് പ്ലാനറ്റിന്റെ മായ എന്ന ഗാനവും പുതിയ ബാൻഡും.

ഇടപ്പള്ളി സ്വദേശി നിരഞ്ജ് സുരേഷ്, ആലപ്പുഴ സ്വദേശികളായ ടേർവിൻ ഡിസൂസ, അഖിൽ ബാബു, ചന്ദു സലീം കുമാർ എന്നിവരാണു ബ്ലാങ്ക് പ്ലാനറ്റ് എന്ന ഫോർ പീസ് ബാൻഡിലെ അംഗങ്ങൾ. കോതമംഗലം എംഎ കോളജിൽ നിന്നു ഇലക്ട്രോണിക്സിൽ എൻജിനീയറിങ് ബിരുദം നേടിയ ശേഷമാണു നിരഞ്ജ് സംഗീതത്തിന്റെ വഴികൾ തിരഞ്ഞെടുക്കുന്നത്.

ആലപ്പുഴ സ്വദേശിയായ ഹാഷിറാണു 2012ൽ ബ്ലാങ്ക് പ്ലാനറ്റ് രൂപീകരിക്കുന്നത്. റിഥം ഗിറ്റാറിസ്റ്റായ ഹാഷിറിനൊപ്പം നിരഞ്ജൻ ചേർന്നതോടെ ബാൻഡ് പൂർണ രൂപത്തിലെത്തി. ഇടക്കാലത്തു മറ്റൊരു ജോലി ലഭിച്ചതിനെ തുടർന്നു ഹാഷിർ വിദേശത്തേക്കു പോയതോടെ ബാൻഡ് പ്രവർത്തനം നിലച്ച മട്ടായി. പിന്നീട് 2014ലാണു വീണ്ടും ഊർജം വീണ്ടെടുത്തത്. ആദ്യ സിംഗിളായ മായ രൂപപ്പെടുന്നതും അക്കാലത്തു തന്നെ. നിരഞ്ജാണു ബാൻഡിന്റെ ലീഡ് വോക്കലിസ്റ്റ്. ലീഡ് ഗിറ്റാറിസ്റ്റ് ടേർവിൻ ‍ഡിസൂസ സ്റ്റീഫൻ ദേവസിയുടെ ബാൻഡിൽ ഗിറ്റാറിസ്റ്റാണ്. അഖിൽ ബാബുവാണു ഡ്രംസ്, ചന്ദു സലീം കുമാർ ബേസ് ഗിറ്റാർ കൈകാര്യം ചെയ്യുന്നു. ഒാൾട്ടർനേറ്റീവ് റോക്ക്- പ്രോഗ്രസീവ് റോക്ക് വിഭാഗത്തിൽപ്പെടുത്താവുന്ന ബ്ലാങ്ക് പ്ലാനറ്റിന്റെ പാട്ടുകളിൽ കർണാടിക്, മെറ്റൽ എലമെന്റുകളുമുണ്ട്.

blank-planet2 ബ്ലാങ്ക് പ്ലാനറ്റ് ബാൻഡ് അംഗങ്ങൾ

രണ്ടു വർഷം മുൻപു രൂപപ്പെട്ട മായ എന്ന ഗാനത്തിനു വേണ്ടി മ്യൂസിക് വീഡിയോ തയാറാക്കിയതോടെയാണു പാട്ടും ബാൻഡും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. നമ്മുടെ ഉള്ളിലുള്ള ഇലൂഷനെ കണ്ടെത്താനുള്ള ശ്രമമാണു മായ എന്നു ലീഡ് വോക്കലിസ്റ്റ് നിരഞ്ജ് പറയുന്നു. മായയ്ക്കു പിന്നാലെ വിങ്ഗ്സ്, ബ്ലാക്ക് ഒൗട്ട് എന്നീ ഗാനങ്ങളും സംഘം രൂപപ്പെടുത്തിയിട്ടുണ്ട്. റൺ, ബെറ്റർ എന്നീ ഗാനങ്ങളും ഒരുങ്ങുന്നു. നിരഞ്ജാണു വരികൾ എഴുതുന്നത്. 2016 മാർച്ചോടെ ബാൻഡിന്റെ ഇപിയുടെ(എക്സ്റ്റൻഡഡ് പ്ലേ ലിസ്റ്റ്) ജോലികൾ ആരംഭിക്കാനാണു പദ്ധതി. വർഷാവസാനത്തോടെ ഇപി പുറത്തെത്തിക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ. അടുത്ത മാസത്തോടെ സ്റ്റേജ് ഷോകളും മറ്റുമായി സജീവമാകാനുള്ള തീരുമാനമാണ് ഇവർക്ക്.

ടു കൺട്രീസ്, റോക്ക് സ്റ്റാർ, ആശാ ബ്ലാങ്ക്, ബിവേർ ഒാഫ് ഡോഗ്സ് എന്നീ സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ള നിരഞ്ജാണു ടു കൺട്രീസിന്റെ ടൈറ്റിൽ ഗാനം എഴുതിയിരിക്കുന്നതും. സംഗീത ലോകത്ത് കേരളത്തിന്റെ പെരുമ ഉയർത്തിയ ബാൻഡുകളുടെ നിരയിലേക്കു ബ്ലാങ്ക് പ്ലാനറ്റ് എത്തുന്നതു കാത്തിരുന്നു കാണാം.

blank-planet3 ബ്ലാങ്ക് പ്ലാനറ്റ് ബാൻഡ് അംഗങ്ങള്‍

ലാസ്റ്റ് നോട്ട്: ബാൻഡിനു പേരു വന്നത് പൊർക്യൂപ്പൈൻ ട്രീ എന്ന ബാൻഡിന്റെ ഫിയർ ഒാഫ് എ ബ്ലാങ്ക് പ്ലാനറ്റ് എന്ന ഗാനത്തിൽ നിന്നാണ്. പേരു പോലെ തന്നെ പ്രകൃതിയും മനുഷ്യനും സ്നേഹവും ജീവിതവുമെല്ലാം തങ്ങളുടെ ഗാനങ്ങളിലൂടെ പാടിയെത്തുമെന്ന് ബ്ലാങ്ക് പ്ലാനറ്റിന്റെ പിന്നണിക്കാരുടെ വാക്ക്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.