Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐ വാസ് ദേർ, ഇതാണ് പാട്ടിന്റെ ലഹരി!!!

ഐ വാസ് ദേർ. എൻഎച്ച് സെവൻ വീക്കെൻഡർ എന്ന മ്യൂസിക് ഫെസ്റ്റിന്റെ ഹാങ് ഒാവർ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പാട്ടാണു ശരീരമാകെ. അടങ്ങിയൊതുങ്ങി ഇരിക്കുമ്പോഴും അറിയാതെയൊരു മൂളിപ്പാട്ടെത്തുന്നു. ഒരു ചുവടുവയ്ക്കുമ്പോൾ അതൊരു താളമായി മാറുന്നു. പാട്ടിന്റെ ലഹരി.

രാജ്യത്തെ ഏറ്റവും വലിയ മ്യൂസിക് ഫെസ്റ്റിവൽ- എൻഎച്ച് സെവൻ വീക്കെൻഡർ എന്ന ഫെസ്റ്റിവലിന്റെ വിശേഷങ്ങൾ ഇവിടെ തുടങ്ങുന്നു. ഹാപ്പിനസ് ഫെസ്റ്റിവൽ എന്നത് അവർ നൽകിയ ക്രഡിറ്റ് ലൈൻ. സത്യമാണത്. മൂന്നു ദിവസം നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം(അതു സുഹൃത്താകാം, ഭാര്യയാകാം, കാമുകരാകാം, മക്കളാകാം) പാട്ടുമാത്രം നിറഞ്ഞൊരു ലോകത്ത് ജീവിക്കുമ്പോൾ അതു നൽകുന്ന ആനന്ദമാണു എൻഎച്ച് സെവൻ വീക്കെൻഡറിനെ സന്തോഷങ്ങളുടെ ആഘോഷമാക്കി മാറ്റുന്നത്.

ഇത്തവണ പൂനെയിലായിരുന്നു എന്റെ വീക്കെൻഡർ. കഴിഞ്ഞ രണ്ടു തവണയും ബെംഗളുരുവിൽ വീക്കെൻഡർ ആസ്വദിച്ച ശേഷം ഇത്തവണ പുനെയിലാക്കാമെന്നു തീരുമാനിച്ചതിനു കാരണമുണ്ട്. വീക്കെൻഡറിന്റെ ജൻമദേശം പുനെയാണ്. ദേശീയപാത ഏഴിനോടു ചേർന്നു കിടക്കുന്ന സ്ഥലത്തു നടക്കുന്ന സംഗീതനിശ. ഇവിടെ മാത്രം മൂന്നു ദിവസം നീളുന്ന ഫെസ്റ്റിവൽ. പുനെയിലേക്കുള്ള ആകർഷണങ്ങൾ പലതുമായിരുന്നു.

മൂന്നു ദിവസങ്ങൾ, അഞ്ചു സ്റ്റേജുകൾ, അൻപതിലേറെ ആർട്ടിസ്റ്റുകൾ. വീക്കെൻ‍ഡറിനെ ആകെയിങ്ങനെ ചുരുക്കാം. പാട്ടെന്നു പറയുമ്പോൾ ഏതൊക്കെ തരമെന്നു ചോദിക്കരുത്, പകരം എന്തില്ലെന്നാവണം ചോദ്യം. ഇലക്ട്രോണിക്, റോക്ക്, പോപ്പ്, ഫ്യൂഷൻ, ഇന്ത്യൻ, റഗ്ഗെ, ഫങ്ക്, ബ്ല്യൂസ് തുടങ്ങി സംഗീതത്തിന്റെ പല മേഖലകളിൽ നിന്നുള്ളവർ ഇവിടെയെത്തുന്നു, ഒരുമിക്കുന്നു, തങ്ങളുടെ സംഗീതത്തെ അവതരിപ്പിക്കുന്നു. പാട്ടല്ല സംഗീതമെന്ന ചില ബോധങ്ങൾ തിരിച്ചറിയുന്ന ചില വേദികൾ.

nh-sven-music-weekend.png

മോട്ടോ സ്പോട്ട് ലൈറ്റ്, ബക്കാർഡി അരീന, ജാക്ക് ആൻഡ് ജോൺസ് ഓൾ സ്റ്റാർ ജാം, ദി ഡിവാറിസ്റ്റ്, ബ്രീസർ ബീറ്റ് ക്യാംപ് എന്നിങ്ങനെ അഞ്ച് വേദികൾ. മോട്ടോ സ്പോട്ട് ലൈറ്റ് വേദിയിൽ അൽപ്പം പതിഞ്ഞ താളമാണ് നിറയുന്നത്. സംഗീതത്തിലെ ചില പുതിയ താരങ്ങളെയും പുതിയ അവതരണങ്ങളുമെല്ലാം ഇവിടെ നിറയുമ്പോൾ ബക്കാർഡി അരീന റോക്ക് പ്രേമികളുടെ പ്രിയപ്പെട്ട ഇടമാണ്. ബ്രീസർ ബീറ്റ് ക്യാംപ് ഇലക്ട്രോണിക് സംഗീതത്തിന്റെ ഇടമാണ്. ഡിവാറിസ്റ്റ് സ്റ്റേജ് സംഗീതത്തിലെ വേറിട്ട വഴികളെ പരിചയപ്പെടുത്തുന്നു. ഒാൾ സ്റ്റാർ ജാം വേദിയാകട്ടെ ഫ്യൂഷൻ മ്യൂസിക്കിന്റെ ഇടമാണ്.

ഇത്തവണ പുനെ വീക്കെൻഡറിൽ ആദ്യം കേട്ടതു ദി ട്രിപ്പ് എന്ന മുംബൈയിൽ നിന്നുള്ള പുതിയ ബാൻഡിനെ. ഏതാനും ഒറിജിനൽ സോങ്ങുകളുമായി അവർ അരങ്ങുണർത്തിയപ്പോഴേക്കും സ്കോട്ട്്ലൻഡിൽ നിന്നുള്ള പീസാന്റ്സ് കിങ് എന്ന ബാൻഡെത്തി. റോക്കും കൺട്രി മ്യൂസിക്കും ഇടകലർന്ന പ്രകടനവുമായി ഇവർ പാട്ടുപ്രേമികളെ കയ്യിലെടുത്തു. പിന്നാലെ ഐറിഷ് ശബ്ദവുമായി ദ് ക്ലാമീൻ എന്ന നാലംഗ ബാൻഡെത്തി. ഹെവി ബീറ്റും ബാസിന്റെ സൗന്ദര്യവും അയർലൻഡ് എന്ന രാജ്യത്തിന്റെ താളവുമായി ഇവർ വേദിയിൽ നിറഞ്ഞു. പിന്നെ കേട്ടതു കേരളത്തിന്റെ സ്വന്തം ബൈജു ധർമജന്റെ സിൻഡിക്കേറ്റ് എന്ന ബാൻഡായിരുന്നു. മ്യൂസിക് ബാൻ‍ഡുകൾ കൂണുപോലെ പൊട്ടിമുളയ്ക്കുന്ന കേരളത്തിൽ നിന്നു പുനെ വീക്കെൻഡറിലെത്തിയ ഏക ബാൻഡ് ബൈജു ധർമജൻ സിൻഡിക്കേറ്റായിരുന്നു. ബൈജു ധർമജൻ എന്ന പേര് വേദിയിൽ പറഞ്ഞപ്പോൾ കാണികളുടെ ആരവത്തിലുണ്ടായിരുന്നു മദർജെയിനിലൂടെ ഹരമായി മാറിയ ഈ ഗിറ്റാറിസ്റ്റിന്റ ജനപ്രീതി. മദർജെയിലൂടെ കേട്ട പാട്ടുകൾ ഉൾപ്പെടെയുള്ളവ വേദിയിൽ നിറഞ്ഞു.

പ്രദീക് കുഹാദ് എന്ന സംഗീതജ്ഞനെയാണു പിന്നെ കേട്ടത്. ഡൽഹിയൽ നിന്നുള്ള ഒരു കൊച്ചുപയ്യൻ. തന്റെ ഗിറ്റാറിൽ താളമിട്ട് പതിഞ്ഞ താളത്തിൽ രാത് രാത്തും ഒാ ലവുമെല്ലാം പാടുമ്പോൾ പൂനെയും ഏറ്റുപാടി. അതിസുന്ദരമായ മെലഡി. നൃത്തച്ചുവടുകളുമായി പ്രിയപ്പെട്ടവരുടെ തോളിൽ കയ്യിട്ട്, പാട്ടുകൾ ഏറ്റുപാടി ആസ്വദിക്കുമ്പോൾ, ചിലരുടെ കണ്ണുകൾ തിളങ്ങുന്നതു കാണാമായിരുന്നു. ദ്രുവ് വോയേജും ഡ്യുവലിസ്റ്റ് എൻക്വയറിയുമാണ് പിന്നാലെ എന്റെ ലിസ്റ്റിൽ ഇടം പിടിച്ചത്. ദ്രുവ് വോയേജ് ബംഗാളി ഗാനങ്ങളുടെ ശക്തിയുമായി വേദിയിൽ തകർത്തപ്പോൾ ഇലക്ട്രോണിക് മ്യൂസിക്കിന്റെ താളവുമായാണു ഡ്യുവലിസ്റ്റ് എൻക്വയറി എത്തിയത്. പക്ഷെ ആദ്യ ദിവസത്തെ താരങ്ങൾ മറ്റു രണ്ടുപേരായിരുന്നു. ഇലക്ട്രോണിക് സംഗീതത്തിന്റെ വേറിട്ട അവതരണവുമായി എത്തിയ ഇറോട്ടിക് മാർക്കറ്റും റോക്കിന്റെ ശക്തി തെളിയിച്ച മോഗ്‌വെയും. ഫ്രാൻസിൽ നിന്നെത്തിയ രണ്ടംഗ ഇറോട്ടിക് മാർക്കറ്റ് സംഘത്തിലെ മരീൻ പെല്ലഗ്രിനി സംഗീത പ്രേമികളെ അവരുടെ ശബ്ദവും ഈണവുമായി അക്ഷരാർഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. ഗ്ലാസ്കോയിൽ രൂപം കൊണ്ട പോസ്റ്റ്- റോക്ക് ബാൻഡ് രാജാക്കൻമാരായ മോഗ്്വെയുടെ ഒന്നരമണിക്കൂർ നീണ്ട പ്രകടനം. അവർ ഗിറ്റാറിൽ തീർത്ത ഈണങ്ങൾ വീക്കെൻഡർ പ്രേമികളുടെ കണ്ണിൽ മഴപെയ്യിച്ചു.

ആദ്യ ദിവസം മൂന്നു വേദികളിൽ മാത്രമായിരുന്നു സംഗീതമെങ്കിൽ രണ്ടാം ദിവസം അഞ്ചു വേദികളിലും ബാൻഡുകളെത്തി. ഗുള്ളി ഗ്യാങ്, സ്പേഡ് ഇൻ ദി ബോക്സ്, ആർക്ക, ലഗോരി, റോഡ്രിഗോ-ഗബ്രിയേല, അൺടിൽ വീ ലാസ്റ്റ്, രഘു ദീക്ഷിത് പ്രൊജക്ട്, രഹൻ ദലാൽ, വിശാൽ ദലാനിയുടെ ഉസ്താദ് നസ്രാത് ഫത്തേ അലി ഖാനുള്ള ട്രിബ്യൂട്ട് എന്നിവയായിരുന്നു എന്റെ ചെവിയിലെത്തിയത്. പുതിയ പാട്ടുകളുമായെത്തിയ രഘു ദീക്ഷിത് പ്രൊജക്ടും ലഗോരിയും ഗുള്ളി ഗ്യാങ്ങുമെല്ലാം ഏറെ കയ്യടി നേടി. എടുത്തു പറയേണ്ടതു മെക്സിക്കൻ ഗിറ്റാറിസ്റ്റ് സംഘമായ റോഡ്രിഗോ- ഗബ്രിയേലയുടെ പ്രകടനം തന്നെ. ഗിറ്റാറുകൊണ്ട് എത്ര വ്യത്യസ്തമായ സംഗീതം സൃഷ്ടിക്കാമെന്ന് ഇവർ കാട്ടി. ലാറ്റിനമ്മേരിക്കൻ സംഗീതവും റോക്കും പോപ്പും ജാസുമെല്ലാം രണ്ടു ഗിറ്റാറുകളിൽ വിരിഞ്ഞു. രാത്രിയുടെ വിരുന്നായിരുന്നു ഉസ്താദിനുള്ള ട്രിബ്യൂട്ട്. നീതി മോഹൻ, ഹർഷ്ദീപ് കൗർ, റിച്ച ശർമ്മ, വിശാലിന്റെ സ്വന്തം ശേഖർ, രഘു ദീക്ഷിത് എന്നിവർ ഉസ്താദ് പാട്ടുകളുമായി എത്തിയപ്പോൾ പുനെയിലെ സംഗീതപ്രേമികൾ അതേറ്റുപാടി.

അവസാന ദിവസം എല്ലാവരും കാത്തിരുന്നത് ഒരാൾക്കു വേണ്ടിയാണു- സാക്ഷാൽ എ.ആർ. റഹ്മാൻ. ബക്കാർഡി അരീന അഞ്ചു മണി മുതലേ റഹ്മാൻ പ്രേമികളെക്കൊണ്ടു നിറഞ്ഞു. പക്ഷെ അന്നുമുണ്ടായിരുന്നു ഏറെ മനോഹരമായ ഒട്ടേറെ അവതരണങ്ങൾ. പീറ്റർ ക്യാറ്റ് റെക്കോർഡിങ്, നിക്കോൾസൻ, സോൾ മേറ്റ്, പീപ്പൽ ട്രീ, സ്വരാത്മ, തംപേഴ്സ് എന്നിവയാണ് അവസാന ദിവസം കേട്ടത്. ഒടുവിൽ എ.ആർ. റഹ്മാനും. ദിൽസേ രേയും റോക്ക് സ്റ്റാറിലെ ഗാനങ്ങളുമെല്ലാം പാടി റഹ്മാൻ തരംഗമായി. കരഞ്ഞും നൃത്തം ചവിട്ടിയും ഏറ്റുപാടിയും വീക്കെൻഡറിലെ പ്രേമികൾ ആ രാത്രിയെ ആഘോഷിച്ചു. ചെന്നൈയിലെ തന്റെ പ്രിയപ്പെട്ടവർക്കു ആദരവുമായാണു റഹ്മാൻ തന്റെ പ്രകടനം ആരംഭിച്ചത്. താൻ ഏറെ വിഷമത്തിലാണെന്നും പക്ഷെ ഷോ തുടരുക തന്നെ ചെയ്യണമല്ലോ എന്നുമുള്ള റഹ്മാന്റെ വാക്കുകൾ. പാട്ടുകൾ കൊണ്ട് ആ നാടിന്റെ സങ്കടം മാറ്റാനുള്ള റഹ്മാന്റെ ശ്രമങ്ങൾക്കു സംഗീതപ്രേമികളുടെ കൂട്ട്. അവസാന പാട്ടും പാടി സ്റ്റേജിൽ നിന്നു വിടവാങ്ങിയിട്ടും വൺസ് മോർ വിളികൾ നിറഞ്ഞു. റഹ്മാൻ ഒരു പാട്ടിനു കൂടി മടങ്ങിയെത്തുമെന്ന പ്രതീക്ഷയിൽ ഏതാനും മിനിറ്റുകൾ കൂടി കാത്തിരുന്ന ശേഷമാണു എല്ലാവരും വിടവാങ്ങിയതു തന്നെ.

കണ്ട പ്രകടനങ്ങളേക്കാൾ കാണാത്ത മനോഹരമായ പ്രകടനങ്ങളും ഏറെയുണ്ടായിരുന്നു. ഇലക്ട്രോണിക് സംഗീതത്തിന്റെ രാജാക്കൻമാരായ ഫ്ലൈയിങ് ലോട്ടസ്, ഗ്രാമി അവാർഡ് നാമനിർദേശം ലഭിച്ച മാർക്ക് റോൺസൺ, ഹിഡൻ ഒാർക്കസ്ട്ര, ഫോസിൽസ്, നീലാദ്രി കുമാർ, മാഡ്‌ബോയ്, ന്യൂക്ലിയ ഇങ്ങനെ പോകുന്നു ആ പട്ടിക. പാട്ടിനു പെരുമ നിറഞ്ഞ നമ്മുടെ കേരളത്തിൽ നിന്നു പുനെ വീക്കെൻഡറിലുണ്ടായിരുന്നത് ഒരു ബാൻഡ് മാത്രം. കേരളത്തിലെ പല പുതുതലമുറ ബാൻഡുകളുടെയും ഒറിജിനൽ മ്യൂസിക്കിന്റെ അഭാവത്തിനു ഇത്തരം ഉദാഹരണങ്ങൾ ഏറെയുണ്ട്. ഇത്തവണ ബെംഗളുരു വീക്കെൻഡറിൽ തൈക്കൂടം ബ്രിഡ്ജുമുണ്ടായിരുന്നത് ഏക ആശ്വാസം. പക്ഷെ മറ്റൊന്നുണ്ട് കയ്യടി നേടിയ പല ബാൻഡുകളിലെയും പിന്നണിയിൽ മലയാളികൾ പലരുമുണ്ടായിരുന്നു. രഘു ദീക്ഷിത് പ്രൊജക്ടിലെ ഡ്രമ്മർ ജോ ജേക്കബ്, ഗിറ്റാറിസ്റ്റ് അച്യുത്, ആർക്കയ്ക്കു വേണ്ടി ഗിറ്റാർ വായിച്ച സന്തോഷ് ചന്ദ്രൻ, പ്രതീക് കുഹാദിന്റെ ഡ്രമ്മർ നിഖിൽ വാസുദേവൻ തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തിലുണ്ട്.

nh7-image.png

വീക്കെൻ‍ഡർ ഒരാഘോഷമാണ്. പാട്ട്, ഭക്ഷണം, ഫാഷൻ എന്നിവയുമായുള്ള ആഘോഷം. നിങ്ങളുടെ നടത്തം പോലും ഒരു നൃത്തമായി മാറുന്നു. നല്ല പാട്ടുകൾ കേൾക്കാൻ വേദിയിൽ നിന്നു വേദിയിലേക്ക് ഒരു പലായനം നടത്തുന്നു. പ്രിയപ്പെട്ടവരെ ചേർത്തു പിടിച്ച് ഇഷ്ടമുള്ള പാട്ടു പാടുന്നു, നൃത്തം ചവിട്ടുന്നു, അവരുടെ നറുനെറ്റിയിൽ ഈണങ്ങൾക്കൊണ്ടു ചുബനം നൽകുന്നു. സംഗീതം നിങ്ങളെ ലഹരിപിടിപ്പിക്കുന്ന ദിവസങ്ങൾ. അടുത്ത തവണയും വരണമെന്നു മനസിൽ ഉറപ്പാക്കിയാണു ഒാരോ വീക്കെൻഡറും അവസാനിക്കുന്നത്. നിങ്ങളൊരു സംഗീതപ്രേമിയാണെങ്കിൽ ഉറപ്പായും കണ്ടിരിക്കണം ഒരു വീക്കെൻഡർ.

ഒടുക്കം വീക്കെൻഡർ പ്രേമികൾ നന്ദി പറയുന്നത് ഒരു മലയാളിയോടാണെന്നുമറിയുക. വിജയ് നായർ എന്ന മുംബൈ മലയാളി. 18ാം വയസിൽ കോളജ് പഠനം പാതിവഴിയിൽ അവസാനിപ്പിച്ച് ഒഎംഎൽ എന്ന സ്ഥാപനം തുടങ്ങിയ വിജയ് നായരാണ് ഇന്ന് ഇന്ത്യൻ നോൺ- ബോളിവുഡ് മ്യൂസിക്കിലെ ഏറ്റവും ശക്തമായ വാക്ക്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണു 2010ൽ എൻഎച്ച് സെവൻ വീക്കെൻഡർ ആരംഭിച്ചത്. ആദ്യ രണ്ടു തവണ പുനെയിൽ മാത്രം നടന്ന വീക്കെൻഡർ 2012ൽ ഡൽഹി, ബെംഗളുരു എന്നിവിങ്ങളിലേക്കു കൂടി പറിച്ചു നട്ടു. 2013ൽ കൊൽക്കത്തയിലുമെത്തി. ഇത്തവണ ഷിലോങ്ങ് ഉൾപ്പെടെ അഞ്ചു സ്ഥലങ്ങളിലാണു വീക്കെൻഡർ അരങ്ങേറിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.