Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ മഡോണയുടെ പാട്ടിന് വയസ് ഇരുപത്

"ഒരിക്കല്‍ ഒരു രാജ്യത്ത്‌ ഒരു രാജകുമാരി ജീവിച്ചിരുന്നു... അവളുടെ പേര്‌ അലീഷ എന്നായിരുന്നു....". ഒരു നാടോടിക്കഥ പാട്ടിന്റെ രൂപത്തില്‍ പാടിത്തുടങ്ങുകയാണ്‌ അലീഷാ ചീനായി. ലോകം മുഴുവന്‍ അലഞ്ഞു ഞാന്‍... ജപ്പാന്‍ മുതല്‍ റഷ്യവരെ.. ആസ്‌ത്രേലിയ മുതല്‍ അമേരിക്ക വരെ..  രാജകുമാരിയുടെ ആത്മഗതങ്ങള്‍ മനോഹരമായ ഓര്‍ക്കസ്‌ട്രയ്‌ക്കൊത്തു വളരുന്നു. എനിക്കൊരു കൂട്ടുകാരന്‍ വേണം.. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ എന്നെ സ്‌നേഹിക്കുന്ന ഒരു ഹൃദയം. എന്താണ്‌ നല്ലത്‌..? ഏതാണ്‌ മോശം..? എനിക്കറിയാം..! കറുപ്പോ വെളുപ്പോ എന്തുമാകട്ടെ.. അതൊരു ഇന്ത്യക്കാരനാവണം.. ഇന്ത്യക്കാരന്‍ മാത്രമാവണം..

മെയ്‌ഡ്‌ ഇന്‍ ഇന്ത്യാ.. എന്ന്‌ അലീഷയും കൂട്ടരും ഉച്ചസ്ഥായിയിലേക്ക്‌ പാടിക്കയറുന്നു; രാജകുമാരിയുടെ സ്വപ്‌നങ്ങള്‍ക്കൊപ്പം നൃത്തം ചവിട്ടുകയാണ്‌ ഒരു കടുവ. അവളുടെ തീവ്ര വികാരങ്ങളെ പ്രതിധ്വനിപ്പിക്കുന്ന സര്‍പ്പങ്ങള്‍. ഇന്ത്യന്‍ പരമ്പരാഗത കലാരൂപങ്ങള്‍ക്കിടയിലൂടെ കടന്നു വന്ന്‌ നിരാശരായി മടങ്ങുന്ന ബ്രിട്ടീഷുകാരനും ചൈനക്കാരനും അമേരിക്കനും മറ്റും. ഒടുവില്‍ വിവിധ കൂട്ടുകളുപയോഗിച്ച്‌ ഒരു മനുഷ്യനെ ഉണ്ടാക്കുന്ന മുനിമാര്‍. ആ പേടകത്തെ അവളുടെ മുന്നിലേക്കുള്ള എഴുന്നെള്ളിക്കല്‍. നേര്‍ത്ത നീരാവിയുടെ മറനീക്കി പുറത്തു വരുന്ന ഒരു യുവാവ്‌. അവളുടെ സ്വപ്‌നങ്ങളിലെ രാജകുമാരന്‍. നാടോടിക്കഥ പൂര്‍ണം. ഇന്ത്യയുടെ ആദ്യ ജനകീയ ഇന്‍ഡിപോപ്പ്‌ ആല്‍ബം 'മെയ്‌ഡ്‌ ഇന്‍ ഇന്ത്യ'യ്‌ക്ക്‌ ഈ വര്‍ഷം ഇരുപതു വയസ്സ്‌ തികയുന്നു.

1995ലാണ്‌ ബിദ്ദുവും അലീഷയും കെന്‍ഘോഷുമൊക്കെച്ചേര്‍ന്ന്‌ 'മെയ്‌ഡ്‌ ഇന്‍ ഇന്ത്യ' എന്ന ആല്‍ബവുമായി ആസ്വാദകരുടെ മുന്നിലേക്ക്‌ കടന്നു വരുന്നത്‌. ഒന്നുകൂടി വ്യക്തമാക്കിയാല്‍ നരേന്ദ്രമോഡി 'മെയ്‌ക്ക്‌ ഇന്‍ ഇന്ത്യ' എന്ന പദ്ധതി ചിന്തിക്കുന്നതിനും രണ്ടു പതിറ്റാണ്ട്‌ മുമ്പ്‌. 'ഇന്‍ഡിപോപ്പ്‌' സംഗീത ശാഖയില്‍ പുതിയ യുഗത്തിനാണ്‌ അന്ന്‌ 'മെയ്‌ഡ്‌ ഇന്‍ ഇന്ത്യ' തുടക്കമിട്ടത്‌. ആല്‍ബത്തിനൊപ്പം ബിദ്ദുവും അലീഷയും കെന്‍ഘോഷുമൊക്കെ ചരിത്രത്തിന്റെ ഭാഗമാകുന്നത്‌ അങ്ങനെ. ആല്‍ബവും ഗാനങ്ങളും അണിയറക്കാരും ഒരിക്കല്‍ക്കൂടി വായിക്കപ്പെടുന്നു.

ഇന്‍ഡ്യന്‍ പോപ്പ്‌ അഥവാ ഇന്‍ഡി പോപ്പ്‌

alisha-image1

'മെയ്‌ഡ്‌ ഇന്‍ ഇന്ത്യ'യെപ്പറ്റി പറയുന്നതിനു മുമ്പ്‌ ഇന്‍ഡി പോപ്പ്‌ എന്ന സംഗീത ശാഖയെക്കുറിച്ച്‌ പറയണം. അല്‍പ്പമെങ്കിലും പോപ്പ്‌ മ്യൂസിക്കിനെക്കുറിച്ചും പറയണം. 1950 കളിലും 60 കളിലും പശ്ചാത്യസംഗീത ലോകത്ത്‌ പിറവിയെടുത്ത സംഗീത വിഭാഗമാണ്‌ പോപ്പ്‌ മ്യൂസിക്ക്‌. ജനപ്രിയത അഥവാ പോപ്പുലര്‍ എന്ന വാക്കില്‍ നിന്നാണ്‌ പോപ്പ്‌ മ്യൂസിക്കിന്റെ പിറവി. പോപ്പിന്റെ ഇന്ത്യന്‍ വേര്‍ഷനാണ്‌ ഇന്‍ഡി പോപ്പ്‌/ ഹിന്ദി പോപ്പ്‌. ഇന്ത്യന്‍ നാടോടി - ക്ലാസ്സിക്കല്‍ സംഗീതവും പശ്ചാത്യസംഗീതവും ചേര്‍ന്നുള്ള മിശ്രിതം 1980 കളിലാണ്‌ രൂപമെടുക്കുന്നത്‌. ഇന്‍ഡി പോപ്പെന്ന ഭാഷാ പ്രയോഗം ആദ്യം നടത്തുന്നത്‌ ബ്രിട്ടീഷ്‌ ഇന്ത്യന്‍ ഫ്യൂഷന്‍ ബാന്‍ഡ്‌ 'മണ്‍സൂണ്‍'. പിന്നെ നാസിയാ ഹസനിലൂടെയും സൊഹാബിലൂടെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ആത്മാവിലേക്കുള്ള ഇന്‍ഡിപോപ്പിന്റെ വളര്‍ച്ച. ഉഷാ ഉതുപ്പും ആശാ ഭോസ്ലെയും ബാബാ സെഹ്‌ഗാളും ഷാരോണ്‍ പ്രഭാകറുമൊക്കെച്ചേര്‍ന്ന്‌ ഇന്ത്യന്‍ സംഗീതത്തെ ജനപ്രിയമാക്കിയ നാളുകള്‍. ദൂരദര്‍ശന്റെ സുവര്‍ണ്ണകാലം. തൊണ്ണൂറുകളിലെ 'ചിത്രഹാര്‍ ജനറേഷ'നെന്നു വിളിപ്പേരുള്ള ഒരു തലമുറ. അവരുടെ മുന്നിലേക്കു ലോകത്തിന്റെ സകലാകാശങ്ങളും തുറന്നിട്ട്‌ ആഗോളവല്‍ക്കരണം. സ്വകാര്യ ടെലിവിഷന്‍ ചാനലുകളുടെ വരവ്‌. പിന്നെ ജനപ്രിയ സംഗീതത്തിന്റെ പെരുമഴ. എങ്കിലും ഇറങ്ങിയ ആല്‍ബങ്ങളില്‍ ബഹുഭൂരിപക്ഷവും വിപണിയില്‍ പച്ചതൊട്ടില്ല. സാനിധ്യമറയിച്ച്‌ പലതും മറഞ്ഞു. ഈ കുത്തൊഴുക്കിലേക്കാണ്‌്‌ 1995ല്‍ 'മെയ്‌ഡ്‌ ഇന്‍ ഇന്ത്യ' പിറക്കുന്നത്‌.

പതിനൊന്നു ഗാനങ്ങള്‍

മെയ്‌ഡ്‌ ഇന്‍ ഇന്ത്യയും അതിന്റെ റീമിക്‌സും കൂടാതെ ഒമ്പതു ഗാനങ്ങള്‍. ലവര്‍ ഗേള്‍, ദില്‍, ടൂ കഹാന്‍, ഏക്‌ബാര്‍ ദോ ബാര്‍, ആജാ, മേരേ സാത്ത്‌, ഓ ലാ ലാ, ദഡ്‌കന്‍, ദേ ദേ തുടങ്ങി ആല്‍ബത്തിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റ്‌. ഇന്‍ഡിപോപ്പ്‌ സംഗീതത്തിന്റെ കുലപതി ബിദ്ദുവായിരുന്നു രചനയും സംഗീതവും നിര്‍മ്മാണവും. മാഗ്നാ സൗണ്ടിന്റെ ലേബല്‍.

ബിദ്ദു അപ്പയ്യ

കൊടകില്‍ ജനിച്ച്‌ ബാംഗ്ലൂരില്‍ പഠിച്ച്‌ ലോകസംഗീതത്തിന്റെ നെറുകയിലേക്ക്‌ നടന്നു കയറിയ ദക്ഷിണേന്ത്യക്കാരന്‍. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്‌ തന്റെ ഷോട്ട്‌ വേവ്‌ റേഡിയോയില്‍, റേഡിയോ സിലോണ്‍ കേട്ടുകേട്ട്‌ സംഗീതത്തിന്റെ ലോകത്തേക്കു ചുവടുവച്ച പ്രതിഭ. ഇന്ന്‌ അരനൂറ്റാണ്ടിലധികം തഴക്കമുള്ള സംഗീതസപര്യയ്‌ക്ക്‌ ഉടമ. ഡിസ്‌കോ, യൂറോ ഡിസ്‌കോ, ഇന്‍ഡി പോപ്പ്‌ തുടങ്ങിയ ജനപ്രിയ സംഗീതശാഖകളുടെ കുലപതി. ലക്ഷക്കണക്കിനു മില്ല്യണ്‍ സംഗീത റിക്കോര്‍ഡുകള്‍ വിറ്റുവെന്ന 'റെക്കോര്‍ഡിനും' ഉടമ. സര്‍വ്വോപരി ഗ്രാമ്മി, ഐവര്‍ നോവല്ലോ പുരസ്‌കാര ജേതാവ്‌. ബ്രിട്ടീഷ്‌ മ്യൂസിക്ക്‌ മാഗസിനായ ന്യൂ മ്യൂസിക്കല്‍ എക്‌സ്‌പ്രെസ്‌ (എന്‍എംഇ) പുറത്തിറക്കിയ അമ്പത്‌ അനശ്വര സംഗീത നിര്‍മ്മാതാക്കളുടെ പട്ടികയില്‍ 34 - ാമന്‍; വെറും 'മെയ്‌ഡ്‌ ഇന്‍ ഇന്ത്യ' മാത്രല്ല ബിദ്ദു എന്ന ബിദ്ദു അപ്പയ്യ.

അലീഷാ ചീനായി

ഇന്ത്യൻ മഡോണയെന്നു വിളിപ്പേരുള്ള ജനപ്രിയഗായിക. സുജാത ചിനായിയെ അലീഷയെന്ന പേരില്‍ സംഗീത ലോകത്തേക്കു കൈപിടിച്ചുയര്‍ത്തുന്നത്‌ ബപ്പി ലാഹിരി. 'ടാര്‍സന്‍' ആദ്യ ചിത്രം. 1980കളില്‍ ലാഹിരിയും അലീഷയും ചേര്‍ന്ന്‌ നിരവധി ഹിറ്റ്‌ നമ്പറുകള്‍ ബോളീവുഡില്‍ സൃഷ്ടിച്ചു. ഡാന്‍സ്‌ ഡാന്‍സ്‌, ലൗവ്‌ ലൗവ്‌ ലൗവ്‌ തുടങ്ങിയവ മെഗാഹിറ്റുകളില്‍ ചിലത്‌. 1987ല്‍ കിഷോര്‍ കുമാറിനൊപ്പം പാടിയ 'കാത്തേ നഹീന്‍' (മിസ്‌റ്റര്‍ ഇന്‍ഡ്യ) മറ്റൊരു മെഗാഹിറ്റ്‌. ലക്ഷ്‌മീകാന്ത്‌- പ്യാരേലാല്‍, കല്ല്യാണ്‍ജി-ആനന്ദ്‌ജി, ആനന്ദ്‌ - മില്ലിന്ദ്‌ എന്നിവര്‍ക്കൊപ്പം എണ്‍പതുകളിലും തൊണ്ണൂറുകളില്‍ അനുമാലിക്ക്‌, നദീം-ശ്രാവണ്‍ തുടങ്ങിവര്‍ക്കൊപ്പവും ഹിറ്റുകള്‍. ഫിലീം മ്യൂസിക്കിലും ഇന്‍ഡിപോപ്പിലും ഒരുപോലെ തിളക്കം. മെയ്‌ഡ്‌ ഇന്‍ ഇന്ത്യയ്‌ക്കൊപ്പം ജാദൂ, ബേബി ഡോള്‍, ആഹ്‌ അലീഷാ തുടങ്ങിയ ആല്‍ബങ്ങള്‍. അനുമാലിക്കുമായുള്ള കൂട്ടുകെട്ടുകള്‍ ഏറെ ശ്രദ്ധേയം. 'മൈ അഡോറിബിള്‍ ഡാര്‍ലിംഗ്‌' (മേം ഖിലാഡി തൂ അനാരി) തുടങ്ങിയവ, അനുവിന്റെ കംപോസിഷനും ഒരുമിച്ചുള്ള ആലാപനവും. പക്ഷേ മെയ്‌ഡ്‌ ഇന്‍ ഇന്‍ഡ്യ മാത്രം മതിയായിരുന്നു അലീഷയെ ജനമറിയാന്‍.

കെന്‍ ഘോഷ്‌

കെന്‍ ഘോഷ്‌ എന്ന സംവിധായകനെ അധികമാരും ഓര്‍ക്കാനിടയില്ല. ഇഷ്‌ക്‌ വിഷ്‌ക്‌, ഫിഡ, ചാന്‍സ്‌ പെ ഡാന്‍സ്‌ എന്നീ സിനിമകളുടെ സംവിധായകന്‍. ഘോഷും മെയ്‌ഡ്‌ ഇന്‍ ഇന്‍ഡ്യയും തമ്മിലുള്ള ബന്ധം പലരും അറിയാനും ഇടയില്ല. നിരവധി ടെലിവിഷന്‍ സീരിയലുകളുടെ സംവിധായകനും നിര്‍മ്മാതാവുമായ കെന്‍ഘോഷായിരുന്നു മെയ്‌ഡ്‌ ഇന്‍ ഇന്ത്യയുടെ വീഡിയോ ഒരുക്കിയത്‌.

പാട്ടിന്റെ രാഷ്ട്രീയം

ഇന്ത്യ സ്വതന്ത്രമായതിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കു തയ്യാറെടുക്കുന്ന കാലത്താണ്‌ ആല്‍ബത്തിന്റെ പിറവി. 1991ല്‍ ആരംഭിച്ച ഉദാരവല്‍ക്കരണ നയങ്ങളുടെ ഫലങ്ങള്‍ സംഗീതത്തിലും അലയടിച്ചു തുടങ്ങുന്ന സമയം. അപ്പോഴാണ്‌ 'മെയ്‌ഡ്‌ ഇന്‍ ഇന്ത്യ' എന്ന ആഹ്വാനവുമായി ഗാനം പുറത്തിറങ്ങുന്നത്‌. ആല്‍ബത്തിന്റെ മൂന്ന്‌ മില്ല്യണിലധികം കോപ്പികളാണ്‌ സ്വദേശത്തും വിദേശത്തുമായി വിറ്റഴിക്കപ്പെട്ടത്‌. ബ്രിട്ടനില്‍ നിന്നും മോചിപ്പിക്കപ്പെട്ടതിന്റെ അരനൂറ്റാണ്ട്‌ തികയുന്നതിനു മുമ്പ്‌ ഇന്ത്യയുടെ ആഭ്യന്തര സംഗീതവിപണി തിളങ്ങിത്തുടങ്ങി എന്നത്‌ ചെറിയ കാര്യമല്ല. നിര്‍ണായക ചുവടുവയ്‌പ്‌. വിദേശത്തേക്ക്‌ കയറ്റി അയക്കാന്‍ തക്ക ഗുണമുള്ള ജനപ്രിയ സംഗീതത്തിന്റെ ഉല്‍പ്പാദനം രാജ്യത്തിനു സാധ്യമാകുമെന്നതിന്റെ തെളിവ്‌. കൂടാതെ ലിബറലൈസേഷന്റെ കാലത്ത്‌ സ്വദേശിയുടെ മഹത്വം പ്രഖ്യാപിക്കുന്ന ദേശഭക്തിയുടെ ബിംബാത്മക അടയാളപ്പെടുത്തലുകളും പാട്ടില്‍ തെളിഞ്ഞു കാണാം. അക്ഷരാര്‍ത്ഥത്തില്‍ രണ്ടു ദശാബ്ദം മുന്നേ ഇന്ത്യന്‍ സംഗീതലോകം ഭരണകൂടത്തിനു മുന്നില്‍ വച്ച മുദ്രാവാക്യമായിരുന്നു 'മെയ്‌ഡ്‌ ഇന്‍ ഇന്ത്യ'. എന്നും കാലത്തിനു മുന്നേ നടക്കുന്ന കലാകാരന്റെ/ എഴുത്തുകാരന്റെ പ്രതീകാത്മകവും താളാത്മകവുമായ ഓര്‍മ്മപ്പെടുത്തല്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.