Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാശ്ചാത്യ സംഗീതത്തിൽ പാറി നടക്കാൻ ഒരു മലയാളി പെൺകൊടി

joanna2 ജൊവാന്ന ഷെർലിൻ

കൊ‍ഞ്ചി കൊഞ്ചി വർത്തമാനം പറ‍ഞ്ഞു തുടങ്ങിയപ്പോഴേ അമ്മയ്ക്ക് മനസിലായി കുഞ്ഞു മകൾക്കുള്ളിലൊരു പാട്ടുകാരിയുണ്ടെന്ന്. പിന്നെ അവളെ കൈപിടിച്ചു, ഗുരുവിനടുത്തേക്ക്... പാട്ടുമായി അവൾ പാറിനടക്കുവാൻ മകളേക്കാൾ ആഗ്രഹം അമ്മയ്ക്കായിരുന്നു. അമ്മയുടെ ഇഷ്ടം പോലെ സംഗീത ലോകത്താണിന്ന് മകളും. ദേവുഡു ചേസിന മനുഷുലു എന്ന ചിത്രത്തിൽ അദ്നാൻ സാമിക്കൊപ്പം പാട്ടുപാടിയ ജൊവാന്ന തന്റെ സംഗീത ലോകം കൂടുതൽ നിറമുള്ളതാക്കുകയാണിപ്പോൾ.

തനിക്കിണങ്ങുന്ന സംഗീതമേതെന്ന് കുഞ്ഞുവയസിലേ സ്വയം തിരിച്ചറിയുകയും അതിനു പിന്നാലെ മറ്റെല്ലാം മറന്ന് സഞ്ചരിക്കുകയും ചെയ്തു എന്നതാണ് ഈ മകൾ, ജൊവാന്ന ഷെർലിന്റെ പ്രത്യേകത. ഏതൊരാളേയും പോലെ ഏഴാം വയസിൽ കർണാടിക് സംഗീതം പഠിച്ചുകൊണ്ടായിരുന്നു ജൊവാന്നയുടെയും തുടക്കം. പക്ഷേ പിന്നീടെപ്പോഴേ പാശ്ചാത്യ ലോകത്തെ പാട്ടുകൾ കേട്ടു തുടങ്ങിയപ്പോൾ ജൊവാന്നയ്ക്കിഷ്ടം അതിനോടായി. ഗുരുവിനെയൊന്നും അന്വേഷിച്ചു നടക്കാതെ സ്വയം കേട്ടു പാടാൻ തുടങ്ങി. ഉച്ഛാരണം ശരിയാകുമോ..ഈണം അതുപോലെയാണോ എന്നൊന്നും ശ്രദ്ധിച്ചില്ല. റിയാന്നയും ബ്രൂണോ മാഴ്സും ടെയ്‌ലർ സ്വിഫ്റ്റും ഡെമി ലൊവാട്ടോയുമൊക്കെയായി വീടിനുള്ളിൽ ജൊവാന്ന പാടിനടന്നു. ഇവരാണ് അന്നേ ഇവളുടെ പ്രിയ ഗായകർ.

പാശ്ചാത്യ സംഗീതം പാടാനാണ് തന്റെ ശബ്ദത്തിന് ഏറ്റവുമിഷ്ടമെന്ന് അതോടെ തിരിച്ചറിഞ്ഞു, കർണാടികിനോട് അധികം ഇഷ്ടമില്ലായിരുന്നു താനും. അങ്ങനെ പതിമൂന്നാം വയസിൽ തന്നെ സ്വയമറിഞ്ഞ് തന്റെ പാട്ടുവഴിയിൽ ജോവാന്ന വലിയ തിരുത്തൽ നടത്തി. ലോകം ശ്രദ്ധിച്ച കവർ ചെയ്ത് അത് യു ട്യൂബിൽ പബ്ലിഷ് ചെയ്തപ്പോൾ നല്ല പ്രതികരണങ്ങൾ ജൊവാന്നയെ തേടി വന്നു. അത് കൂടുതൽ ആത്മവിശ്വാസം നൽകി.

കോട്ടയം വടവാതൂർ സ്വദേശികളായ ഷെർലിൻ എം ഡേവിയുടെയും ജിജെന്റെയും ഏകമകളാണ് ജൊവാന്ന. മകളുടെ കരിയറിൽ അവളേക്കാൾ ത്രില്ലിലാണ് അമ്മ ജിജെൻ. ഹൈദരാബാദിൽ പഠിച്ചു വളർന്ന ജൊവാന്നയിപ്പോൾ പാട്ടിൽ കൂടുതൽ ശ്രദ്ധിക്കാനായി ചെന്നൈയിലാണ് അമ്മയ്ക്കൊപ്പം താമസിക്കുന്നത്. ആൽബങ്ങളും സ്റ്റേജ് പരിപാടികളുമായി ജൊവാന്ന സജീവമാണ്. എങ്കിലും ഇപ്പോഴും കാണുമ്പോൾ കുറേ പേരെങ്കിലും ചോദിക്കും എന്തേ ശാസ്ത്രീയ സംഗീതം പഠിക്കുന്നില്ലെന്ന്. തനിക്കിഷ്ടം ഇംഗ്ലിഷ് പാട്ടുകൾ ശബ്ദവും അതിനാണ് കൂടുതലിണങ്ങുന്നത് അപ്പോൾ താൻ മറ്റെന്താണ് പഠിക്കേണ്ടത് ജൊവാന്ന മറുചോദ്യമുയര്‍ത്തും. സിനിമാ ഗീതങ്ങൾ ജനപ്രിയമായ നാട്ടിൽ വെസ്റ്റേൺ പാട്ടുകൾ പാടിക്കയറുക, അതിഷ്ടപ്പെടുന്ന വലിയൊരു കൂട്ടം നമുക്കിടയിലുണ്ടെങ്കിൽ കൂടി, വെല്ലുവിളി തന്നെയാണെന്ന് ജൊവാന്നയ്ക്കറിയാം., മാക്സിൻ കിങ്സ്റ്റൺ എന്ന അധ്യാപികയ്ക്ക് കീഴിൽ വെസ്റ്റേൺ ക്ലാസിക്കൽ പഠിക്കുകയാണ് ജൊവാന്നയിപ്പോൾ.

joanna-stephen ജൊവാന്ന സ്റ്റീഫൻ ദേവസിക്കും കൂട്ടുകാർക്കുമൊപ്പം

സ്റ്റീഫൻ ദേവസിയും സഹോദരൻ സാം ദേവസിയും ചേർന്നു നടത്തുന്ന സംഗീത കോളെജിൽ നിന്ന് സൗണ്ട് എഞ്ചിനീയറിങിൽ ബിരുദം നേടിയിട്ടുണ്ട്. സംഗീതം പഠിക്കുന്നയാൾ എന്തിന് സൗണ്ട് എഞ്ചിനീയറിങ് തിരിഞ്ഞെടുത്തുവെന്ന് ചോദിച്ചാൽ അതിനും ഉത്തരം കൗതുകം എന്നു മാത്രമാണ്. പാട്ടുകാരിയായി മാത്രമാണ് സ്റ്റുഡിയോയ്ക്കുള്ളിൽ നിൽക്കുക. ഈ ശബ്ദം കേഴ്‍‌വിക്കാരിലേക്കെത്തുന്നതിനിടയിലെ സാങ്കേതിക വിദ്യയെ അറിയാനുള്ള കൗതുകമാണ് പ്ലസ് ടു കഴിഞ്ഞ് സൗണ്ട് എഞ്ചിനീയറിങിലേക്ക് ജൊവാന്നയെ എത്തിച്ചത്. സൗണ്ട് എഞ്ചിനീയറിങിൽ ജോലി ചെയ്യണമെന്നുണ്ടെങ്കിലും ജൊവാന്നയുടെ ഏറ്റവും വലിയ ആഗ്രഹം അതൊന്നുമല്ല, അമേരിക്കയിൽ പോയി വലിയൊരു പാട്ടുകാരിയാകണം...

Your Rating: