Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരമ്മ,ഒരു മകൾ, മൂന്ന് അച്ഛന്മാർ

കഥയുടെ ഈ ത്രികോണജാലം കൊണ്ടു മാത്രമല്ല, മമ്മാ മിയ എന്ന അമേരിക്കൻ ചിത്രം ശ്രദ്ധിക്കപ്പെട്ടത്. ആ പേരുകൊണ്ടും പേരുവഴിയെ മൂളിയെത്തിയ അബ്ബയുടെ പ്രിയഗാനങ്ങൾ കൊണ്ടുകൂടിയുമാണ്. അബ്ബ എന്ന ഗായകസംഘത്തോടും അവർ പാതിമൂളി നിർത്തിയ പാട്ടീണങ്ങളോടുമുള്ള പെരുത്ത ഇഷ്ടം ഫിലിഡ ലോയ്ഡ് എന്ന ബ്രിട്ടിഷ് സംവിധായികയെയും ചങ്ങാതിമാരെയും ഒരു കൊട്ടകയിലേക്കെത്തിച്ച തിരക്കഥ പറയാനുണ്ട് ‘മമ്മാ മിയ’ എന്ന ചിത്രത്തിന്. 2008ൽ പുറത്തിറങ്ങിയ ഈ ചിത്രം ‌അബ്ബ എന്ന പോപ്സംഗീത സംഘത്തിനുള്ള ദൃശ്യസമർപ്പണമാണ്. അബ്ബ ട്രൂപ്പിലെ ബെന്നി ആൻഡേഴ്സൺ തന്നെയാണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നതും.

ബീറ്റിൽസിനുശേഷം ലോകത്തെ ഏറ്റവുമധികം കാതുകളെ പ്രണയത്തിലേക്കും നൊമ്പരത്തിലേക്കും പാടിയുണർത്തിയ അബ്ബയുടെ പാട്ടോർമകളുടെ ശേഖരം എന്നു വിശേഷിപ്പിക്കാം ഈ ചിത്രത്തിനെ. അബ്ബയുടെ പതിനേഴു പാട്ടുകൾ ഒരേ റീലിൽ സംഗീതവിസ്മയം തീർക്കുന്ന മ്യൂസിക്കൽ പാട്ടുകൾ പാടിയതാകട്ടെ മെറിൽ സ്ട്രീപ്പും പിയേഴ്സ് ബ്രോസ്നനും അമാൻഡ സീഫ്രീഡും ഉൾപ്പെടെയുള്ള താരങ്ങളും. ഒരു ഗായകസംഘത്തോടുള്ള സംഗീതാഞ്ജലിയായി അണിയിച്ചൊരുക്കിയ ചിത്രത്തിന് ‘മമ്മാ മിയ’ എന്ന പേരു തിരഞ്ഞെടുക്കാനും ഫിലിഡ ലോയ്ഡിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.

mamma-mia-5077170fbee34 (1)

ജോൺ യുൽവിയസ്, ബെന്നി ആൻഡേഴ്സൺ, ആഗ്നെതാ ഫാക്സ്റ്റോഗ്, ആനി ഫ്രീദ്... സ്വീഡനിലെ സ്റ്റോക്ഹോമിൽ നിന്ന് പോപ്പിലും ജാസിലും റോക്കിലും ലോകത്തിനുവേണ്ടി പാടിക്കൊണ്ടേയിരുന്ന നാലു കൂട്ടുകാർ. അവരുടെ പേരിന്റെ ആദ്യാക്ഷരം ചേർത്താണ് ആ പാട്ടുകൂട്ടുകെട്ടിനെ അബ്ബ എന്നു പേരുവിളിച്ചതും. 1972 മുതൽ 1982 വരെയുള്ള പത്തുവർഷക്കാലം ലോകത്തെ മൗനമറിയിക്കാതെ പാട്ടുകൊണ്ടു മിണ്ടിപ്പറഞ്ഞുകൊണ്ടേയിരുന്നു ഈ ചങ്ങാതിമാർ. ആൽബങ്ങളുടെയും സിംഗിളുകളുടെയും 380 ദശലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു. ഗിറ്റാറിലും കീബോർഡിലും വയലിനിലും വിസ്മയവിരലുകൾ തൊട്ടു പാടിയ അപൂർവ സംഗീതസൗഹൃദം. എന്നാൽ പ്രിയവായനക്കാരാ, ഈ ഗായകസംഘത്തിന്റെ സൗഹൃദ കഥയല്ല ‘മമ്മാ മിയ’.

Mamma-Mia-The-Movie-Gallery-15

ഇതു നേരത്തെ പറഞ്ഞതുപോലെ മറ്റൊരു നാൽവർ സംഘത്തിന്റെ കഥയാണ്. ഒരു മകളുടെയും മൂന്ന് അച്ഛന്മാരുടെയും കഥ. കഥയിലെ മുഴുനീള കഥാപാത്രമായി മകളുടെ അമ്മയും. ഇതിലെ ഓരോ കഥാപാത്രത്തിന്റെയും ചുണ്ടിലുണ്ട് അബ്ബയുടെ പാട്ടുവരികളുടെ കടുംചുവപ്പ്. യുകെ സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഹിറ്റായി മാറി ഈ മ്യൂസിക്കൽ ‘അവതാർ’ എന്ന ചിത്രം പുറത്തിറങ്ങുന്നതുവരെ ആ റെക്കോർഡ് നിലനിർത്തുകയും ചെയ്തു. പണംവാരിപ്പടങ്ങളിൽ യുകെയിൽ ഇപ്പോഴും രണ്ടാം സ്ഥാനത്തുണ്ട് ‘മമ്മാ മിയ’. ഈ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ഗായകരാണ്. നൊമ്പരപ്പാടുകളിൽ നോവുതീണ്ടുമ്പോഴും കാത്തിരിപ്പിന്റെ കനലുകത്തുമ്പോഴും അനുരാഗിയോടൊത്ത് അടുത്ത ജന്മങ്ങൾ കിനാവുകാണുമ്പോഴും ഏതൊരാളും അറിയാതെ പാടിപ്പോകുന്നതുപോലെ ഈ ചിത്രത്തിലെ കഥാപാത്രങ്ങളും ഒരിക്കലെങ്കിലും പാട്ടുമൂളുന്നവരാണ്

ഗ്രീക്കിലെ കലോകൈറി എന്ന കൊച്ചുദ്വീപിലെ ഹോട്ടൽ നടത്തിപ്പുകാരിയാണ് ഡോണ. മധ്യവയസ്സിനോടടുത്ത പ്രായം. ഒരു ജന്മത്തിന്റെ നല്ലപാതി ഒറ്റയ്ക്കായിപ്പോയതിന്റെ സങ്കടപ്പാടുകൾ തെളി‍ഞ്ഞുകാണുന്ന പുഞ്ചിരി. എങ്കിലും ഡോണയ്ക്ക് ജീവിതം ഇന്നും ആഘോഷമാണ്. കാരണം അവൾക്ക് കൂട്ടായി ഒരു മകളുണ്ട്; സോഫി. ഇരുപതുകാരിയായ അവൾ ആ ദ്വീപിലെ ഏറ്റവും സുന്ദരിയാണ്. സോഫിക്ക് അവളുടെ അച്ഛനെക്കുറിച്ച് ഒന്നുമറിയില്ല. ഡോണ പറഞ്ഞിട്ടുമില്ല. വരിമറന്നുപോയൊരു പാട്ടിന്റെ അനുപല്ലവി പോലെയായിരുന്നു സോഫിക്ക് അവളുടെ അച്ഛൻ... അച്ഛനില്ലാഞ്ഞിട്ടും അവരുടെ ജീവിതം ഓർമവച്ചനാൾ മുതൽ മധുരമായി പാടിക്കൊണ്ടേയിരുന്നു. ഒരേ ഏകാന്തതയുടെ ആഘോഷവഴിയെ കൈപിടിച്ചു നടക്കുന്ന രണ്ടു പെൺമനസ്സുകൾ...

mamma-mia-poster

സോഫിയുടെ വിവാഹത്തോടെയാണ് കഥ തുടങ്ങുന്നത്. അവളുടെ കളിക്കൂട്ടുകാരൻ തന്നെയാണ് വരൻ. വിവാഹത്തിനു വേണ്ടിയുള്ള ഒരുക്കങ്ങൾക്കിടയിലാണ് സോഫിക്ക് അവളുടെ അമ്മയുടെ ഒരു പഴയ ഡയറി കണ്ടുകിട്ടുന്നത്. കണ്ണാടിക്കാഴ്ചയിൽ അമ്മ അതിസുന്ദരിയായിരുന്നൊരു കാലത്തിന്റെ ഓർമക്കുറിപ്പുകളായിരുന്നു ആ ഡയറി നിറയെ. ഇത്രകാലം അമ്മ അവളിൽനിന്നു മറച്ചുവച്ചൊരു രഹസ്യമുണ്ടായിരുന്നു അതിന്റെ മഷിമാഞ്ഞുതുടങ്ങിയ താളുകളിൽ. യൗവനത്തിൽ ഏതാണ്ടൊരേ കാലത്ത് അമ്മയ്ക്ക് മൂന്നു പ്രണയങ്ങളുണ്ടായിരുന്നുവെന്നു സോഫി മനസ്സിലാക്കുന്നതും ആ ഡയറിവായനയിൽ നിന്നാണ്. ഐറിഷ്–അമേരിക്കൻ ആർക്കിടെക്റ്റ് ആയ സാം, സ്വീഡിഷ് എഴുത്തുകാരനായ ബിൽ ആൻഡേഴ്സൺ, ബ്രിട്ടനിലെ ബാങ്ക് ഉദ്യോഗസ്ഥനായ ഹാരി ബ്രൈറ്റ്... സോഫിക്ക് ഒരുകാര്യം ഉറപ്പായി, ഈ മൂന്നുപേരിൽ ഒരാളാണ് തന്റെ അച്ഛൻ. പക്ഷേ അതാരായിരിക്കും? അമ്മയോട് ചോദിച്ചാലോ? വേണ്ട. ഇത്രകാലം തന്നിൽനിന്നു മറച്ചുവച്ചത്, അമ്മയ്ക്ക് അതു തുറന്നുപറയാൻ താൽപര്യമില്ലാത്തതുകൊണ്ടല്ലേ. സോഫി സ്വയം കണ്ടുപിടിക്കാൻ തീരുമാനിച്ചു. തന്റെ ജന്മം ഇനിയും ഒരു കടങ്കഥ പോലെ തുടരേണ്ടതില്ല. അച്ഛനാരെന്ന ചോദ്യത്തിന്റെ ഉത്തരം തൊട്ടരികെയുണ്ട്. അമ്മ അറിയാതെ സോഫി മൂന്നുപേരുടെയും വിലാസത്തിൽ ഒരു എഴുത്തെഴുതി അയച്ചു. വിവാഹത്തിനുള്ള ക്ഷണം കൂടിയായിരുന്നു ആ എഴുത്ത്. അമ്മയ്ക്കും പൂർവകാമുകന്മാർക്കും അവരുടെ തീക്ഷ്ണയൗവനകാലത്ത് ഏറ്റവും പ്രിയപ്പെട്ട അബ്ബയുടെ പാട്ടുവരികൾ കൂടി സോഫി ആ എഴുത്തിൽ കുറിച്ചുവച്ചു...

ഐ ഹാവ് എ ഡ്രീം, എ സോങ് ടു സിങ്...

സോഫി ആഗ്രഹിച്ചതുപോലെ അവർ മൂന്നുപേരും എത്തി. മൂന്ന് ‘അച്ഛന്മാർ...’ ഒരു മകൾക്ക് അവളുടെ വിവാഹവേളയിൽ അമ്മയ്ക്കു നൽകാവുന്ന ഏറ്റവും വിചിത്രസമ്മാനമായി അവരുടെ വീണ്ടുംകൂടിച്ചേരൽ. ഒരേ കാമുകിയിലേക്കു മടങ്ങിയെത്തുന്ന മൂന്ന് കാമുകന്മാർ... അതിനു നിമിത്തമായതാകട്ടെ അവരിൽ ഒരാൾക്കു പിറന്ന, മറ്റു രണ്ടുപേർക്കു പിറക്കാതെപോയ മകളും! സ്വപ്നതുല്യമായ ഒരു സമാഗമം. കാലം അപ്പോഴേക്കും കാമുകന്മാരുടെ പരസ്പരവൈരം മായ്ച്ചു കളഞ്ഞിരുന്നു. കാമുകിയുടെ കാത്തിരിപ്പിന്റെ കനൽച്ചുവപ്പും അണച്ചുകളഞ്ഞിരുന്നു. ഇപ്പോഴവർ നാലു ചങ്ങാതിമാർ. ഉടലുകൊണ്ടും ഉയിരുകൊണ്ടും അറിഞ്ഞ ഉന്മാദങ്ങൾക്കപ്പുറം, കാലത്തിനുമാത്രം സമ്മാനിക്കാനാവുന്നൊരു പ്രണയത്തിന്റെ അസാധ്യ ത്രികോണമിതി. രാവേറെ വൈകുന്ന വീഞ്ഞിന്റെ ലഹരിയിൽ ഡോണയും കാമുകന്മാരും പാട്ടും നൃത്തച്ചുവടുകളുമായി മതിമറന്നു. ഒരിക്കൽ നഷ്ടപ്പെടുത്തിയ പ്രണയത്തിന്റെ ആഘോഷമായി ആ രാപ്പകലുകൾ... അപ്പോഴും സോഫിക്ക് അവളുടെ അച്ഛനാരെന്ന ചോദ്യം ഉത്തരംമുട്ടി ബാക്കിയായി. ഒടുവിൽ വിവാഹവേളയിൽ മകൾ ആ രഹസ്യം അറിഞ്ഞു. ഇല്ല, താൻ എത്ര ജന്മം കൊണ്ടു തേടിയാലും തനിക്ക് ആ ഉത്തരം ലഭിക്കില്ല, കാരണം അമ്മയ്ക്കും യഥാർഥത്തിൽ അറിയില്ല, ആരെ വിരൽചൂണ്ടി മകളുടെ അച്ഛനെന്നു പറയണമെന്ന്. പക്ഷേ, ഡോണയെ നെഞ്ചോടുചേർക്കുന്ന അവളുടെ പൂർവകാമുകന്മാർക്ക് ഒരു മറുപടിയുണ്ടായിരുന്നു സോഫിയോടു പറയാൻ.

mamma-mia-big-image

‘ഞങ്ങൾ മൂന്നുപേരും നിന്റെ അച്ഛന്മാർ തന്നെ. ഓരോരുത്തരും നിന്റെ മൂന്നിലൊന്ന് അച്ഛൻ.’

അമ്മയ്ക്ക് ഉത്തരംമുട്ടുന്നൊരു ചോദ്യത്തിന് ഒരു മകൾക്കു ലഭിക്കാവുന്ന എത്ര വിചിത്രസുന്ദര മറുപടി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.