Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യയ്ക്ക് നജീമിന്റെ സമ്മാനം സ്വന്തം ഈണത്തിലൊരു പാട്ട്

najim-wedding-image1

ഒരു പാട്ടുകാരൻ കല്യാണം കഴിച്ചു. പാട്ടുകാരന്റെ പാട്ടുപോലെ ഒരു മൊഞ്ചത്തി പെണ്ണിനെ. പെണ്ണിനെന്തായിരിക്കും ആ പാട്ടുകാരന് കൊടുക്കാൻ കഴിയുന്ന ഏറ്റവും മനോഹരമായ ആദ്യ സമ്മാനം. സംശയമെന്ത് അയാളുടെ പാട്ടു തന്നെ. വെറുതെ പാട്ട് പാടിയതല്ല, സ്വന്തം ഈണത്തിൽ ചിട്ടപ്പെടുത്തി പാടി. അതും കല്യാണി രാഗത്തിൽ.പാട്ട് പാടിയെന്ന് മാത്രമല്ല, ഒരു വീഡിയോയും തയ്യാറാക്കി. വീഡിയോ ഇപ്പോൾ ഹിറ്റാണ്. ഗായകന്റെ കല്യാണത്തെ വാർത്തയേക്കാൾ വേഗത്തിലാണ് വീഡിയോയെ കുറിച്ച് നാട്ടിൽ പാട്ടായത്. പാട്ടുകാരന്റെ പേര് നജീം അർഷദ്. നജീം ഭാര്യ തസ്നിക്കു വേണ്ടി ഒരുക്കിയ പാട്ട്. അൻപേ എൻ കാതൽ, എ മ്യൂസിക് ആൽബം ഓഫ് നജീം ആൻഡ് കിക്കി എന്നാണ് വീഡിയോയുടെ പേര്. റൊമാന്റിക് ഹസ്ബൻഡിന്റെ റോൾ നജീം ഉഗ്രനാക്കിയിരിക്കുന്നു വീഡിയോയിൽ.

najim-wedding-photo

കല്യാണം കഴിഞ്ഞയുടനേ ഭാര്യയെ കയ്യിലെടുക്കാനുള്ള അടവല്ലേ വീഡിയോ എന്നു ചോദിച്ചപ്പോൾ നജീം നിർത്താതെ ചിരിച്ചു. ഏയ് ഒരിക്കലുമല്ല. പക്ഷേ പാട്ടുകാരനായതുകൊണ്ട് വ്യത്യസ്തമായ ഒരു സമ്മാനം അവൾക്ക് കൊടുക്കണമെന്നുണ്ടായിരുന്നു. ഗായകനാണെങ്കിൽ ഒരു പാട്ടു പാടിക്കൊടുക്കുക സാധാരണമല്ലേ. അതിൽ നിന്ന് വ്യത്യസ്തായി സ്വന്തമായി ചിട്ടപ്പെടുത്തിയ പാട്ട് പാടിക്കൊടുത്തു. വരികള്‍ ഒരു സുഹൃത്തിന്റേതാണ്. കല്യാണ വീഡിയോ ചെയ്തു തന്ന സംഘത്തിനെ കൊണ്ടു തന്നെ വീഡിയോയും ചെയ്യിച്ചു. പാട്ട് എനിക്കും അവൾക്കും ഒരുപാട് ഇഷ്ടമായി. വാഗമൺ, ഫോർട്ട് കൊച്ചി, ഞങ്ങളുടെ ഫ്ലാറ്റ് ഇവിടെയൊക്കെ വച്ചായിരുന്നു ഷൂട്ടിങ്. ഒരുപാട് പേർ വീഡിയോ കണ്ടിട്ട് വിളിച്ചിരുന്നു. ഞാൻ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. ചിത്ര ചേച്ചിയും ഉണ്ണി മേനോനും ജ്യോത്സനയും സയനോരയുമൊക്കെ അഭിനന്ദനമറിയിച്ചിരുന്നു,. എനിക്കറിയാത്ത ഒരുപാട് പേർ ഫോണിലും ഫേസ്ബുക്കിലുമായി മെസേജ് അയച്ചു. നജീം പറഞ്ഞു.

ഡോ. രാജേഷ് വി ആണ് പാട്ടുകളെഴുതിയത്. നജീമിനൊപ്പം സംഗീത ശ്രീകാന്തും ഇതിൽ പാടിയിട്ടുണ്ട്. വില്യം ഫ്രാൻസിസ് കീബോർഡും, രാജേഷ് പുല്ലാങ്കുഴലും സന്ദീപ് ഗിത്താറും വായിച്ച പാട്ടിന് ഒരു ക്ലാസിക് തമിഴ് സോങിന്റെ പ്രസരിപ്പുണ്ട്. വെറുതെ ചെയ്തതാണ് എന്ന് നജീം പറയുമ്പോഴും പാട്ടിനു നൽകിയ സംഗീതത്തിലും ആലാപനത്തിലും പ്രതിഭയുടെ കയ്യൊപ്പുണ്ടെന്ന് പറയാതെ വയ്യ. റിയാലിറ്റി ഷോകളിലൂടെയാണ് നജീമിനെ കേരളത്തിന് ഏറെ പരിചിതമാകുന്നത്. അതിലെ ജേതാവായതോടെ സിനിമയിലേക്ക്. ഇതിനെല്ലാത്തിനും മുൻപേ സ്കൂൾ തലം തൊട്ടേ പാട്ടു മത്സരങ്ങളിൽ സമ്മാനം വാരിക്കൂട്ടിയിരുന്നു നജീം. ഇതുവരെ തൊണ്ണൂറിലധികം സിനിമാ ഗാനങ്ങളാണ് നജീം പാടിയത്. ടൂ കൺട്രീസും, ബാംഗ്ലൂർ ഡെയ്സിന്റെ തമിഴ് പതിപ്പ് നമ്മ ഊര് ബാംഗ്ലൂരുമാണ് ഇനി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍. ഭാര്യ തസ്നി ബാംഗ്ലൂരിൽ ഹൗസ് സർജൻസി ചെയ്യുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.