Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാട് കറുപ്പഴകോടെ പാടുന്നത് ഇങ്ങനെയാവും

osibisa

ആഫ്രിക്ക. വെളിച്ചത്തുരുത്തുകളിൽനിന്നു വേർപെട്ടകന്ന്, വെള്ളിടിവെട്ടങ്ങളിൽ ഇരുട്ടിവെളുക്കുന്ന കൊടുംകാടുകളുടെ ഒരു കരിമ്പച്ച ഹെർബേറിയം. ചുരുണ്ടു ചടച്ച മുടിയിഴകളിലൂടെ വിരലോടിച്ച്, കുഞ്ഞുങ്ങളെ രാവുറക്കിയ ‘കഥയമ്മച്ചി’മാരും ‘പാട്ടുമൂപ്പന്മാരും’ വാണ കറുത്ത ഭൂഖണ്ഡം. കെട്ടുകഥകളുടെയും കാട്ടീണങ്ങളുടെയും പാട്ടുഭൂഖണ്ഡം. ഈ പാട്ടാഴ്ച ആഫ്രിക്കയിൽ നിന്നു കടൽകടന്നൊരു ഗായകസംഘത്തെക്കുറിച്ചാണ് ‘ഒജിബിജ’ എന്നു സ്വയംപാടി പരിചയപ്പെടുത്തുകയും ഒസിബിസ എന്ന പേരിൽ ലോകംമുഴുവൻ ഏറ്റുപറയുകയും ചെയ്ത പാട്ടുസംഘത്തെക്കുറിച്ച്... 

ആ പാട്ടിങ്ങനെ പിറന്നു

ഒസിബിസ ഒറ്റവാക്കിൽ കാടിന്റെ സംഗീതമാണ്. 1969ൽ നോർത്ത് ലണ്ടനിലെ ഫിൻസ്ബറി പാർക്കിലാണ് ഒസിബിസ എന്ന ബാൻഡ് രൂപമെടുത്തതെങ്കിലും അതിന്റെ പാട്ടുവേരുകൾ ചെന്നു തൊട്ടുനിൽക്കുന്നത് ആഫ്രിക്കയുടെ മണ്ണാഴങ്ങളിലാണ്. ഘാനയിൽ നിന്നും കരീബിയയിൽ നിന്നുമുള്ള ആറു ഗായകരുടെ ഒരു സൗഹൃദസംഘമായിരുന്നു ഈ ബാൻഡിനു പിന്നിൽ. സാക്സഫോണിലും ഫ്ലൂട്ടിലും വിസ്മയങ്ങൾ തീർത്ത ടെഡി ഓസെയുടെ സംഗീതപ്രിയത്തിൽ നിന്നാണ് ഒസിബിസയുടെ ജനിതകമെഴുതപ്പെടുന്നത്. ഘാന സർക്കാരിന്റെ സ്കോളർഷിപ്പുമായി ലണ്ടൻ സംഗീതകോളജിൽ പഠിക്കാനെത്തിയതാണു ടെഡിയുടെ പാട്ടുജീവിതത്തിൽ വഴിത്തിരിവായത്.

1964ൽ ‍ടെഡി ‘ക്യാറ്റ്സ് പോ’ എന്ന പേരിൽ ഒരു ട്രൂപ്പ് തട്ടിക്കൂട്ടി. ഇതാണു പിന്നീട് ഒസിബിസയുടെ ബ്ലൂ പ്രിന്റായി മാറിയത്. 1969ൽ ഡ്രംസ് വിദഗ്ധനായ സോൾ അമർഫിയോയെയും ട്രംപറ്റ് പ്രിയനായ മാക് ടോണ്ടയെയും കൂട്ടുപിടിച്ച് ടെഡി ആ ട്രൂപ്പ് വിപുലപ്പെടുത്തി.  കരീബിയയിൽനിന്നുള്ള മൂന്നുഗായകർ കൂടി അവർക്കൊപ്പം ചേർന്നതോടെ ആഫ്രിക്കയുടെ പാട്ടുപാരമ്പര്യങ്ങളെ കൂട്ടുപിടിച്ചുള്ള പരീക്ഷണങ്ങൾക്കു തിടുക്കംകൂടി. ഗിറ്റാർ കലാകാരനായ വെൻഡെൽ റിച്ചാർഡ്സൺ, ഓർഗൻ കലാകാരനായ റോബർട്ട് ബെയ്‌ലി, ബാസ് കലാകാരനായ സ്പാർട്ടക്കസ് എന്നിവരായിരുന്നു ആ മൂവർസംഘം. അങ്ങനെയാണ് ക്യാറ്റ്സ്പോ പൂർണമായും ഒസിബിസ എന്ന ആഫ്രിക്കൻ ബാൻഡ് ആയി പരിണമിക്കുന്നത്. 

ആ പാട്ടിങ്ങനെ വളർന്നു

ഒസിബിസയുടെ തുടക്കനാളുകൾ വളരെ പരിതാപകരമായിരുന്നു. വെളുത്തവർഗക്കാരുടെ പച്ചപ്പരിഷ്കാര സദസ്സുകളിൽ  കറുത്ത സംഗീതത്തിന് ‘അയിത്തം’ കൽപിക്കപ്പെട്ടു. കാടിന്റെ സംഗീതത്തിനു കാതോർക്കാൻ നിൽക്കാതെ നഗരവാതിലുകൾ കൊട്ടിയടഞ്ഞു. എങ്കിലും ആഫ്രിക്കൻ പാട്ടുപാരമ്പര്യങ്ങളിൽ വെള്ളംചേർക്കാൻ ശ്രമിച്ചില്ല ഒസിബിസയുടെ ഗായകസംഘം. അവർക്കറിയാമായിരുന്നിരിക്കണം, പരിഷ്കാരത്തിന്റെ ആഘോഷസദസ്സുകളിലേക്കും ഒരുനാൾ ആഫ്രിക്കനീണം കടന്നുചെല്ലുമെന്ന്. പാട്ടുകളുമായി ഒസിബിസ ലോകയാത്രകൾ തുടങ്ങിയതും ആ പ്രതീക്ഷയോടെയാണ്. യുകെയുടെ ഹിറ്റ് ചാർട്ടുകളിലേക്കു കുതിച്ചുകയറാൻ പിന്നീട് ഒസിബിസയുടെ പാട്ടുകൾക്ക് അധികംകാലം വേണ്ടിവന്നില്ല. യൂറോപ്പിനു പുറമേ, ഓസ്ട്രേലിയയിലും ന്യൂസീലാൻഡിലും ഇന്ത്യയിലും ജപ്പാനിലും അങ്ങനെ ഒട്ടേറെ രാജ്യങ്ങളിലേക്ക് ആഫ്രിക്കയുടെ ഒസിബിസ സംഘം പാട്ടുകപ്പൽകയറി യാത്രയായി. 

വോയായേ (1971), വെൽകം ഹോം (1975), ദി വെരി ബെസ്റ്റ് ഓഫ് ഒസിബിസ (2001), തുടങ്ങിയ ആൽബങ്ങളിലൂടെ ആഫ്രിക്കൻ സംഗീതത്തെ ലോകത്തിനു പ്രിയപരിചിതമാക്കി. സൺ ഷൈൻ ഡേ, വോയായേ, ഡാൻഡ് ദി ബോഡി മ്യൂസിക് തുടങ്ങിയ ആവേശഗാനങ്ങൾക്കൊപ്പം ആസ്വാദകർ ദേശഭേദമന്യേ ചുവടുവച്ചു. 

ആ പാട്ടിങ്ങനെ തളർന്നു

വേദികളിലെ സംഗീതാവതരണ രീതികൊണ്ടുകൂടിയാണ് ഒസിബിസ, ആരാധകരുടെ കണ്ണും കാതും കവർന്നത്. ലൈവ് മ്യൂസിക് ഷോ സദസ്സുകൾ പാട്ടുൽസവങ്ങളുടെ കൊടിയേറ്റങ്ങളായി. ചിലപ്പോൾ അലറിയുമാർത്തും അട്ടഹസിച്ചും കെട്ടുകാഴ്ചകളിലെന്നവണ്ണം കോമരംതുള്ളാട്ടമായി. മറ്റുചിലപ്പോൾ ആടിത്തിമിർത്തും പാടി ചുവടുവച്ചും കാടിളക്കിവരുമ്പോലൊരു കടലാവേശമായി.നിമയുടെ ലോകസംഗീതപര്യടനങ്ങളുടെ ഭാഗമായി ഇന്ത്യയിലേക്കും പാടിയെത്തി ഒസിബിസ സംഘം. 

Your Rating: