Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ട്രീമുമായി വരുന്നു പാട്ടുകൾ

music

മൊബൈലിലും മ്യൂസിക് പ്ലയറിലും നിറയെ പാട്ടുമായി നടക്കുന്നവരാണു നമ്മൾ. അൽപ്പസമയം ലഭിച്ചാൽ ചെവിയിൽ ഹെഡ് ഫോൺ തിരുകി പാട്ടിന്റെ ലോകത്തേക്കു ചേക്കേറുന്നവർ.. പക്ഷെ പാട്ടിനു വേണ്ടി കാശുമുടക്കാൻ നമ്മളൊന്നു മടിക്കും. പുതിയ പാട്ടുകൾ സൗജന്യമായി ലഭിക്കുന്ന സൈറ്റുകളാണു പാട്ടുപ്രേമികളുടെ ഏറ്റവും വലിയ ആശ്രയം. സ്ട്രീമിങ് വ്യവസായം കൂടുതൽ ശ്രദ്ധ നേടുന്നതും ഈ കാലത്തു തന്നെയാണ്. ഏറ്റവും കുറഞ്ഞ ചിലവിൽ മികച്ച ഗാനങ്ങൾ ആസ്വദിക്കാനുള്ള അവസരം നൽകുന്ന ഒട്ടേറെ മ്യൂസിക് സ്ട്രീമിങ് കമ്പനികൾ ചെറുപ്പക്കാർക്കിടയിൽ തരംഗമാകുകയാണ്. ഇതിന്റെ സാധ്യത മനസിലാക്കി ആപ്പിൾ ഉൾപ്പെടെയുള്ള കമ്പനികളാണു സ്ട്രീമിങ് ലോകത്തു സജീവമാകുന്നത്.

ഇന്റർനെറ്റ് ഉണ്ടെങ്കിൽ യഥേഷ്ടം പാട്ടു കേൾക്കാനും സിനിമ കാണാനും സാധിക്കുന്ന സ്ട്രീമിങ് കമ്പനികൾ പുതുതലമുറയുടെ ഹോട്ട് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ്. ഹോളിവുഡ്, ബോളിവുഡ് സിനിമകളും ഹോളിവുഡ് സീരിയലുകളുമായി കളം നിറയുന്ന നെറ്റ്ഫ്ലിക്കും പ്രതിമാസം ചെറിയ നിരക്കിൽ യഥേഷ്ടം പാട്ടുകേൾക്കാൻ അവസരമൊരുക്കുന്ന ആപ്പിൾ മ്യൂസിക്, സാവൻ, ഗാന തുടങ്ങിയ സംവിധാനങ്ങളെല്ലാം സ്ട്രീമിങ് ലോകത്തെ കരുത്തൻമാരാണ്.

നേട്ടം പലതുണ്ട്. പാട്ട് ഡൗൺലോഡ് ചെയ്തു മൊബൈലിലെയും മറ്റും സ്ഥലം വെറുതെ കളയണ്ട എന്നതിൽ തുടങ്ങുന്നു സ്ട്രീമിങ്ങിന്റെ ഗുണങ്ങൾ. ആപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്ത് ഇന്റർനെറ്റ് കണക്ഷൻ ഉണ്ടാകണമെന്നു മാത്രം. ചിലരാകട്ടെ ഓഫ്‌ലൈനായും പാട്ടുകേൾക്കാൻ സൗകര്യമൊരുക്കുന്നു. ചില സൈറ്റുകളിൽ നിന്നു പാട്ട് ഡൗൺലോഡ് ചെയ്യുമ്പോൾ ക്വാളിറ്റിയ്ക്കു മങ്ങലേൽക്കുന്നുവെന്ന പരാതികളൊന്നും ഇത്തരം ആപ്ലിക്കേഷനുകളിലില്ല. സ്വന്തമായി വാങ്ങുന്നതും ആവശ്യമുള്ള സമയത്തേക്ക് വാടകയ്ക്ക് എടുക്കുന്നതും തമ്മിലുള്ള വ്യത്യാസമാണു ഡൗൺലോഡും സ്ട്രീമിങ്ങും തമ്മിലുള്ളതെന്നു പറയാം. പൈറസി ശക്തമായിരിക്കുന്ന നമ്മുടെ ചെറുപ്പക്കാരെ അൽപ്പമെങ്കിലും മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നതാണ് ഇതിന്റെ സവിശേഷത.

headphone

പല ഭാഷകളിലും ജോണറുകളിലുമായി ലക്ഷക്കണക്കിനു പാട്ടുകൾ ശേഖരത്തിലുള്ള ആപ്പിൾ സ്ട്രീമിങ് രംഗത്തേക്കു കടന്നതാണ് എടുത്തു പറയേണ്ട സവിശേഷത. പ്രതിമാസം 120 രൂപയ്ക്ക് ആപ്പിളിന്റെ ശേഖരത്തിലുള്ള ഏതു പാട്ടും ആസ്വദിക്കാൻ സാധിക്കും. നെറ്റ് കണക്ഷൻ ഉണ്ടാകണമെന്നു മാത്രം. ആറു പേർക്ക് ഉപയോഗിക്കാൻ പ്രതിമാസം 190 രൂപയുടെ പായ്ക്കും ഇവർ ഒരുക്കുന്നുണ്ട്. ആദ്യ മൂന്നുമാസം സൗജന്യമായി ആപ്പിൾ മ്യൂസിക് ആസ്വദിക്കാം. ഇതിനു ശേഷമാണ് നിരക്ക് ഈടാക്കുന്നത്. മുൻപ് ഒരു പാട്ട് ഡൗൺലോഡ് ചെയ്യാൻ പത്തു രൂപ മുതൽ നിരക്ക് ഈടാക്കിയിരുന്ന ആപ്പിളാണ് പ്രതിമാസം 120 രൂപയ്ക്ക് നമ്മൾക്കിഷ്ടമുള്ള പാട്ടുകൾ ആസ്വദിക്കാൻ സൗകര്യമൊരുക്കുന്നതെന്ന് ഓർക്കണം. ലോകത്തിലെ ഏറ്റവും വലിയ സംഗീതശേഖരമാണ് ആപ്പിളിന്റെ ഐട്യൂൺസ്. ഡൗൺലോഡ് വരുമാനം ഏറ്റവും കൂടുതൽ നേടുന്നതും അവർ തന്നെ. എന്നിട്ടും ബീറ്റ്സ് എന്ന സ്ട്രീമിങ് സൈറ്റിനെ ഏറ്റെടുത്ത് സ്ട്രീമിങ് രംഗത്തേക്ക് വരാൻ ആപ്പിൾ തീരുമാനിച്ചത് ഭാവിയിലെ മാറ്റം മുന്നിൽക്കണ്ടാണ്.

ഏയർടെല്ലിന്റെ വിങ്ക്, ഇന്ത്യയിൽ ഏറെ ശ്രദ്ധ നേടിയ ഗാന, സാവൻ, ആർഡിയോ തുടങ്ങിയ സൈറ്റുകളെല്ലാം ഈ രംഗത്തു കൂടുതൽ ശ്രദ്ധ നേടുന്നുണ്ട്. ആദ്യഘട്ടത്തിൽ പാട്ടുകൾ മാത്രമാണു സ്ട്രീമിങ്ങായി എത്തിയിരുന്നതെങ്കിൽ സാവൻ ഉൾപ്പെടെയുള്ള കമ്പനികൾ വിനോദ മേഖലയിലെ കൂടുതൽ രംഗങ്ങളിൽ സ്ട്രീമിങ് ഏർപ്പെടുത്താനുള്ള തയാറെടുപ്പിലാണ്. നെറ്റ്ഫ്ലിക്കിന്റെ വരവും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ഹോളിവുഡ്, ബോളിവുഡ്, ടോളിവുഡ് ചിത്രങ്ങളുടെ നീണ്ടനിരയുമായാണ് ഇവർ വന്നിരിക്കുന്നത്. ആദ്യത്തെ ഒരു മാസം സൗജന്യമായി ഉപയോഗിക്കാവുന്ന ഈ സൗകര്യത്തിനു പിന്നീട് 500 രൂപ മുതലാണു നിരക്ക്. മൂന്നു സ്ക്രീൻ വരെ ഉപയോഗിക്കാവുന്ന 650 രൂപയുടെ ഓഫറും ഇവർ മുന്നിൽ വയ്ക്കുന്നു. പൈറസി നിയമങ്ങൾ ഏറെ ശക്തമായ വിദേശ രാജ്യങ്ങളിൽ ഇതെല്ലാം ഏറെ തരംഗമായിക്കഴിഞ്ഞു. ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും ഇവിടെയും ചെറുപ്പക്കാർ ഇത്തരം ആപ്ലിക്കേഷനുകളുടെ ഇഷ്ടക്കാരായി മാറുന്നുവെന്നതും സ്ട്രീമിങ് ലോകത്തിന്റെ ഭാവിയ്ക്കു തെളിവു നിൽക്കുന്നുണ്ട്.

പാട്ടുകളുടെ ശ്രേണി ഉൾപ്പെടെയുള്ളവ നോക്കിയാകണം സ്ട്രീമിങ് സൈറ്റുകളെ തിരഞ്ഞെടുക്കാൻ. ഹംഗാമ, ഗാന തുടങ്ങിയവ ഇന്ത്യൻ സംഗീതത്തിനാണു പ്രാധാന്യം നൽകുന്നത്. ഹിന്ദി, തമിഴ് സിനിമാഗാനങ്ങൾ ഉൾപ്പെടെയുള്ളവ ഇതിൽ ലഭ്യമാണ്. എന്നാൽ ആപ്പിൾ മ്യൂസിക്കിലും മറ്റും പോപ്, റോക്ക്, ബ്യൂസ്, ജാസ്, ക്ലാസിക്കൽ തുടങ്ങിയ വേറിട്ട ശ്രേണികൾ ലഭ്യമാണ്. തങ്ങളുടെ ഇടത്തിലേക്കു കൂടുതൽ ആളുകളെ ആകർഷിക്കാൻ വിവിധ പദ്ധതികളും ഒരുക്കുന്നുണ്ട്. വിവിധ സെലിബ്രിറ്റികൾക്ക് ഇഷ്ടപ്പെട്ട പാട്ടുകൾ ക്യുറേറ്റ് ചെയ്തുകൊണ്ടുള്ള പ്ലേ ലിസ്റ്റുകളാണ് ഇതിൽ ശ്രദ്ധേയം. കൂടാതെ മ്യൂസിക് ലോഞ്ചിങ് പോലുള്ളവ ഇതിലൂടെ ഒരുക്കാനും ശ്രദ്ധിക്കുന്നു. സ്ട്രീമിങ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇന്റർനെറ്റ് വേഗം തന്നെ. 3ജി കണക്ഷനുകൾ എല്ലായിടത്തും എത്തിത്തുടങ്ങിയതോടെ സ്ട്രീമിങ് സൈറ്റുകളുടെ നല്ലകാലവും ആരംഭിച്ചുവെന്നു പറയാം.

Your Rating: