Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടുകാരൻ,പ്രൊഫസർ, മൂന്നു പേറ്റന്റിനുടമ: ഇതു യോ യോ ഡോക്ടർ

gerald-curatola

നടുവശം കുഴിഞ്ഞു താണുപോയത് പോലുള്ള കസേരയിൽ കയറി പല്ലിനു ചികിത്സ തേടുമ്പോൾ എത്ര ധൈര്യമുള്ളയാള്‍ക്കും ചെറുതായിട്ടെങ്കിലും ഒരു പേടി വരില്ലേ? പക്ഷേ നിങ്ങൾ ഡോ. ജെറാൾഡ് കുറാറ്റോളയുടെ അടുത്താണു പോകുന്നതെങ്കിൽ ആ പേടിയേ വേണ്ട. പാട്ടൊക്കെ പാടി വളരെ കലാപരമായി ഡോക്ടർ പല്ലിന്റെ കേടുപാടുകൾ മാറ്റിത്തരും. പാട്ടുകേട്ട് സഹികെട്ട് രോഗി തന്നെ സ്വന്തം പല്ല് പിഴുതു മാറ്റിയെന്ന് പറയല്ലേ. ഡോക്ടർ നല്ലൊരു പാട്ടുകാരനാണ്. പല്ലു തുരക്കുക, മരുന്നു കയറ്റുക, ബില്ലടിക്കുക എന്നതുമാത്രമല്ല ദന്തശാസ്ത്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നാണു ഇദ്ദേഹത്തിന്റെ പക്ഷം. അതുകൊണ്ടാണു പാർക്ക് അവന്യൂവിലെ ഈ അമേരിക്കക്കാരൻ ഡോക്ടർ ശാസ്ത്ര ലോകത്തും പാട്ടുകൂട്ടങ്ങൾക്കിടയിലും വ്യത്യസ്തനാകുന്നത്.

പ്രശസ്ത ഗായകനും പിയാനോ വാദകനുമായ ബില്ലി ജോയലിന്റെ ദന്ത ഡോക്ടറാണ് ഇദ്ദേഹം. പതിനാലു വർഷം മുൻപായിരുന്നു ബില്ലിയും ഡോക്ടറും തമ്മിലുള്ള അടുപ്പം തുടങ്ങുന്നത്. ബില്ലിയുടെ പല്ലിൽ ചികിത്സ നടത്തുന്നതിനിടെ റേഡിയോയിൽ പാട്ടു വന്നു. പിന്നെ ഒന്നുമാലോചിച്ചില്ല. കുറാറ്റോള പാടിത്തുടങ്ങി. പാട്ടു വേറെ ആയിരുന്നുവെന്നു മാത്രം. ബില്ലി ജോയലിനാകട്ടെ ഒന്നും എതിർത്തു പറയുവാനും കഴിയുമായിരുന്നില്ല. കാരണം കുറാറ്റോളയുടെ കൈ ബില്ലി ജോയലിന്റെ വായ്ക്കുള്ളിലായിരുന്നു. അന്നുതുടങ്ങിയ സൗഹൃദം ഇന്നും ഊര്‍ജ്ജസ്വലം. കുറാറ്റോളയെ നിരവധി വേദികളിൽ ബില്ലി ജോയൽ പാടിപ്പിച്ചിട്ടുണ്ട്. നിരവധി കച്ചേരികളും ഇവർ നടത്തി. ഇരുവരും ഒരേ ഫ്ലാറ്റ് സമുച്ചയത്തിലാണു താമസിക്കുന്നതും. സംഗീതജ്ഞൻ ടോണി ബെന്നറ്റും ഇതേയിടത്തുണ്ട്.

മൂന്നു പേറ്റന്റുകൾ നേടിയ ഡോക്ടർ, എഴുത്തുകാരൻ, ന്യൂയോർക്ക് സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തുടങ്ങി നിരവധി നേട്ടങ്ങളുണ്ട് ഡോ. ജെറി എന്നറിയപ്പെടുന്ന കുറാറ്റോളയുടെ ജീവിതത്തിൽ.വിദ്യാർഥിയായിരിക്കേ ജമൈക്കൻ ദ്വീപുകളിലേക്കു വൈദ്യസംഘവുമായി കടന്നുചെന്നു കുറാറ്റോള. ജമൈക്കൻ സർ‌ക്കാർ തങ്ങളുടെ സ്നേഹാദരങ്ങൾ സമ്മാനിച്ചാണു ജെറിയേയും സംഘത്തേയും മടക്കിയയച്ചത്. ന്യൂയോർക്ക് സർവ്വകലാശാലയിലെ പഠനം പൂർത്തിയാക്കി ശേഷം സ്വന്തമായി ക്ലിനിക്കും നടത്തി ഒതുങ്ങിക്കൂടിയില്ല ഇദ്ദേഹം. ജോലിയ്ക്കൊപ്പം നടത്തിയ ഗവേഷണങ്ങൾ പേറ്റന്റുകള്‍ നേടിക്കൊടുത്തു. ലോക പ്രശസ്ത മാസികകളിലെല്ലാം ജെറിയുടെ ഗവേഷണങ്ങൾ പ്രസിദ്ധീകരിച്ചു വന്നു. ദന്തശാസ്ത്രത്തെ സംബന്ധിച്ചു ആധികാരികമായ നിരവധി പുസ്തകങ്ങളും രചിച്ചു. ഹാർവാർഡ് അടക്കമുള്ള പ്രബുദ്ധമായ സർവ്വകലാശാലകളിൽ അധ്യാപകനായും ദന്തശാസ്ത്രത്തിന്റെ വിശാലമായ മേഖലകളിൽ ഗവേഷണം നടത്തിയും ജീവിതത്തെ സമ്പൂർണമാക്കുന്ന ഡോക്ടറുടെ ഇഷ്ട വിനോദം പാട്ടാണ്. പാട്ടും പാടി പല്ലുപറിക്കുന്ന യോ യോ ഡോക്ടറെന്നത് ജെറിയ്ക്കു നൽകാവുന്ന ഏറ്റവും കുറഞ്ഞ വിശേഷണമാണെങ്കിലും അദ്ദേഹത്തിനത് ഇഷ്ടമാകുമെന്നുറപ്പ്. 

എപ്പോഴും പുഞ്ചിരിക്കുകയും മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യുന്ന ഡോക്ടറെ തേടി എത്ര ദൂരങ്ങളിൽ നിന്നാണ് ആളുകൾ വരുന്നതെന്നറിയാമോ? രോഗികൾ എല്ലാവരും പാട്ടിഷ്ടപ്പെടുന്നവർ ആയതുകൊണ്ട് ഡോക്ടർ ഒരു ഗാനമേള തന്നെ ചികിത്സയ്ക്കിടെ നടത്താറുണ്ട്. 

Your Rating: