Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മ കൊല്ലാൻ നോക്കിയ പെൺകുട്ടി ഇന്ന് ഹോളിവുഡ് ഗായിക

gianna ജിയന്ന ജെസൻ

ഭ്രൂണഹത്യ ഒരു സ്ത്രീയുടെ അവകാശമാണെങ്കിൽ ജീവിക്കാനുള്ള അവകാശം എനിക്കുമില്ലായിരുന്നോ?

വികാരവിക്ഷുബ്ദതയോടെ അമേരിക്കൻ ജുഡീഷ്യറി കമ്മിറ്റിക്കു മുമ്പാകെ ജിയന്ന ജെസൻ എന്ന യുവതി ചോദിച്ചു. ഒരു കുഞ്ഞിന് വൈകല്യമുള്ളതിന്റെ പേരിൽ ആ കുഞ്ഞിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരോട് ഒരു ചോദ്യം, സെറിബ്രൽ പാൾസിയുണ്ട് എന്നതുകൊണ്ട് എന്റെ ജീവിതം മറ്റുള്ളവരുടേതിനെ അപേക്ഷിച്ച് വില കുറഞ്ഞതാണോ?

ആ ചോദ്യത്തിന്റെ വേരുകൾ ചെന്നെത്തുന്നത് 38 വർഷം പിന്നിലേക്കാണ്.

1977 ഏപ്രിൽ 6- മരണത്തിലേക്കുള്ള ജിയന്നയുടെ വിധിയെ ദൈവം തിരുത്തിയ ദിവസം. പതിനേഴുകാരിയായ ടീനയ്ക്ക് കൗമാരപ്രായത്തിൽ സംഭവിച്ച തെറ്റ് പരിഹരിക്കാനായി തിരഞ്ഞെടുത്ത വഴി ഉദരത്തിൽ വളരുന്ന ഏഴര മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊല്ലുകയെന്നതായിരുന്നു.

അങ്ങനെയാണ് അമേരിക്കയിലെ ലോസ് ഏയ്ഞ്ചൽസിലുള്ള കൗണ്ടി അബോർഷൻ ക്ലിനിക്കിൽ അഡ്മിറ്റാകുന്നത്. ഗർഭപാത്രത്തിൽ ഉപ്പുവെള്ളം കുത്തിവച്ച് ഉദരത്തിൽ വളരുന്ന ശിശുവിനെ കൊല്ലാനായിരുന്നു തീരുമാനം. അമ്മയുടെ ഉദരത്തിൽ കിടന്ന് സ്വന്തം ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട്, ശ്വാസം മുട്ടി, അകത്തും പുറത്തും പൊള്ളലേറ്റ് മരിച്ച കുഞ്ഞായിരിക്കും 24 മണിക്കൂറിനുള്ളിൽ പുറത്തുവരുന്നത്. പക്ഷെ, 18 മണിക്കൂറോളം ഉപ്പുവെള്ളത്തിൽ കിടന്ന് മരണത്തെ മുഖാഭിമുഖം കണ്ട ആ കുഞ്ഞ് ഒടുവിൽ പുറത്ത് വന്നത് അർധപ്രാണനോടെ. ശരീരഭാരവും വളരെ കുറവായിരുന്നു.

അപ്പോഴേക്കും അബോർഷൻ നടത്തിയ ഡോക്ടർ വീട്ടിലേക്ക് പോയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ഉടൻ ആംബുലൻസ് വിളിച്ച് ആധുനിക സൗകര്യങ്ങളുള്ള മറ്റൊരാശുപത്രിയിലെത്തിച്ചു. ഞാൻ ജീവിക്കുമെന്ന് ഡോക്ടർമാർക്ക് യാതൊരുവിധ പ്രതീക്ഷയുമില്ലായിരുന്നു.-തന്റെ ജനനത്തെപ്പറ്റി ജിയന്നയുടെ വാക്കുകൾ. അങ്ങനെ ജനിച്ച് ആദ്യത്തെ മൂന്നു മാസം ആശുപത്രിയിലെ ഇൻക്യൂബേറ്ററിലായിരുന്നു ചിലവഴിച്ചത്. തുടർന്ന് അടിയന്തര ശിശു പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. അപ്പോഴാണ് സെറിബ്രൽ പാൾസിയെന്ന അസുഖവും ജിയന്നയിൽ തിരിച്ചറിഞ്ഞത്. ഭ്രൂണഹത്യാശ്രമത്തിനിടെ തലച്ചോറിലേക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ വന്നതാണ് സെറിബ്രൽ പാൾസിക്ക് കാരണം. ഈ അസുഖം മൂലം ജിയന്നയ്ക്ക് ഒരിക്കലും നടക്കാനോ ഇരിക്കാനോ, തല നേരെ വയ്ക്കാനോ സാധിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി.

വൈകാതെ ജിയന്നയെ അനാഥരായ കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രത്തിലാക്കി. ഇതിനിടെ പല കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെട്ടു. അങ്ങനെ 17 മാസം പ്രായമുള്ളപ്പോൾ പുതിയ ശിശുപരിപാലന കേന്ദ്രത്തിലേക്ക് ജിയന്ന എത്തി. അവിടെ ജിയന്നയ്ക്ക് ലഭിച്ചത് സ്നേഹം പകരുന്ന ഒരു വളർത്തമ്മയെ. പെന്നി എന്നായിരുന്നു വളർത്തമ്മയുടെ പേര്. ഇടയ്ക്കിടെ ആ വളർത്തമ്മയുടെ സ്വന്തം മകൾ അമ്മയെ കാണാൻ ആ ശിശുപരിപാലന കേന്ദ്രത്തിലെത്തുമായിരുന്നു. ജിയന്നയുടെ കളിയും ചിരിയുമെല്ലാം അങ്ങനെയാണ് ഡയാനയെ ആകർഷിക്കുന്നത്. അതോടെ തന്റെ അമ്മ വളർത്തുന്ന ജിയന്നയെ ഔദ്യോഗികമായി ദത്തെടുക്കാൻ ഡയാന തീരുമാനിച്ചു. അങ്ങനെ നാലു വയസുള്ളപ്പോൾ ജിയന്നയെ ദത്തെടുത്തു. ഇതിനിടെ തന്റെ പുതിയ അമ്മയെ അത്ഭുതപ്പെടുത്തിക്കൊണ്ട ് ജിയന്ന നടന്നുകാണിച്ചു.

സ്വന്തം മകളായി തന്നെ ദൈവവിശ്വാസത്തിലും മൂല്യബോധത്തിലും അവർ ജിയന്നയെ വളർത്തി. പക്ഷെ വേദനകൾ അപ്പോഴും ജിയന്നയുടെ ഒപ്പമുണ്ടായിരുന്നു. ശരിയായ രീതിയിൽ നടക്കാനും മറ്റുമായി പല തവണ ശസ്ത്രക്രിയകൾ വേണ്ടിവന്നു. സ്കൂളിൽ ചേർത്ത് പഠിപ്പിച്ചു. പക്ഷെ സ്കൂളിലും മറ്റും സഹപാഠികളിൽ നിന്ന് ശാരീരിക അവസ്ഥയെ പ്രതി പല തവണ ജിയന്നയ്ക്ക് അധിക്ഷേപം ഏൽക്കേണ്ടി വന്നു. ഹൈസ്കൂളിലും മറ്റും പഠിക്കുമ്പോൾ ജിയന്നയോട് കൂട്ടുകൂടാൻ ആരുമില്ലായിരുന്നു. സഹപാഠികളുടെ ഒറ്റപ്പെടുത്തലും അധിക്ഷേപവും മൂലം മനസ് നൊന്ത ജിയന്ന പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തെത്തി. അമ്മയുടെ മടിയിൽ തല ചായ്ച്ചുകിടന്നുകൊണ്ട് ചോദിച്ചു-

അമ്മേ, ദൈവം എന്നാ എന്നെ സുഖപ്പെടുത്തുന്നത്?

മകളുടെ മുടിയിയിൽ തഴുകിക്കൊണ്ട് അമ്മ പറഞ്ഞു: ദൈവം നിന്നെ സവിശേഷമായ വഴിയിലൂടെ ഉപയോഗിക്കാൻ പോവുകയാണ്. നാളുകൾ കഴിഞ്ഞു. ജിയന്നയെ എപ്പോഴും അലട്ടിയിരുന്ന ഒരു ചോദ്യമുണ്ടായിരുന്നു. തനിക്ക് ഈ അസുഖം വരാനുള്ള കാരണമെന്താണ്? അങ്ങനെ 12 വയസുള്ളപ്പോൾ ഒരു ക്രിസ്മസ് ദിനത്തിൽ അവൾ തന്റെ വളർത്തമ്മയായ ഡയാനയോട് ഇക്കാര്യം ചോദിച്ചു.

അതുവരെ ജിയന്നയ്ക്ക് അന്യമായിരുന്ന ആ രഹസ്യം ഡയാന ജിയന്നയോട് വെളിപ്പെടുത്തി. വലിയൊരു ഷോക്കായിരുന്നു ആദ്യം. പക്ഷെ സാവധാനത്തിൽ ജിയന്ന താൻ ആയിരിക്കുന്ന അവസ്ഥയുമായി പൊരുത്തപ്പെട്ടു. അതോടെ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് ജീവിതത്തെ നേരിടാൻ തന്നെ ജിയന്ന തീരുമാനിച്ചു. തന്റെ താൻ ഒന്നിലും പിന്നിലല്ല എന്ന് തെളിയിക്കാനായി അടുത്ത ശ്രമം. ദത്തുമാതാപിതാക്കളും ജിയന്നയ്ക്ക് സർവപിന്തുണയും നൽകി. അതോടെ, പഠനത്തിനൊപ്പം തന്നെ മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലെല്ലാം ജിയന്ന പങ്കെടുത്തു തുടങ്ങി. നൃത്തവും പാട്ടുമെല്ലാം പഠിച്ചു. ശാരീരികമായി താൻ ദുർബലയല്ല എന്നു തെളിയിച്ചുകൊണ്ട് മല കയറ്റം ഉൾപ്പെടെ നടത്തി. ജിയന്നയുടെ ജീവിതത്തെക്കുറിച്ചറിഞ്ഞ പലരും ജീവന്റെ സംരക്ഷണത്തിനായുള്ള വേദികളിൽ സ്വയം സാക്ഷ്യമായി പ്രസംഗിക്കാൻ വിളിച്ചു തുടങ്ങി. ലൈംഗീകജീവിതത്തിൽ പാലിക്കേണ്ട വിശുദ്ധിയേക്കുറിച്ചും ഭ്രൂണഹത്യയിലൂടെ നടത്തുന്ന കൊലപാതകത്തെക്കുറിച്ചും യുവജനങ്ങൾക്കിടയിൽ ഒട്ടേറെ രാജ്യങ്ങളിലേക്ക് കടന്നുചെന്ന് ജിയന്ന പ്രസംഗിച്ചു.

ഇതിനിടയിൽ ഒരിക്കൽ ടിവിയിൽ ജിയന്നയുമായി നടത്തിയ ഇന്റർവ്യൂ യാദൃശ്ചികമായി ജിയന്നയുടെ യഥാർഥ അമ്മയും ഒരിക്കൽ ഭ്രൂണഹത്യയിലൂടെ ഇല്ലാതാക്കാൻ ശ്രമിച്ച വ്യക്തിയുമായ ടീന കാണാനിടയായി. തന്നെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ച അമ്മയോട് തനിക്ക് ഒരു ദേഷ്യവും ഇല്ലെന്നും അവരോട് ക്ഷമിക്കുന്നതായും പിന്നീട് ഒരിക്കൽ കൂടി ഭ്രൂണഹത്യ നടത്തുകയും അതിനേക്കുറിച്ച് പശ്ചാത്താപവും ഇല്ലാത്ത അവരെ ഈ സംഭവം അറിഞ്ഞ ശേഷം കാണാൻ ആഗ്രഹിച്ചിട്ടില്ലെന്നും ജിയന്ന അഭിമുഖത്തിൽ പറഞ്ഞു. എന്നെ ഏറെ സ്നേഹിക്കുന്ന എന്റെ വളർത്തമ്മയ്ക്കൊപ്പമാണ് ഞാനിപ്പോൾ. അതുകൊണ്ടുതന്നെ താൻ ഈ ജീവിതത്തിൽ ഏറെ സന്തോഷിക്കുന്നുവെന്നും ജിയന്നയുടെ വാക്കുകൾ.

ഇതിനിടയിൽ ടീനയേക്കുറിച്ച് ജിയന്നയുടെ അനുമതിയോടെ അന്വേഷിച്ച ഡയാന സതേൺ കാലിഫോർണിയായിൽ വച്ച് 1992 മാർച്ചിൽ അവരെ കണ്ടെ ത്തി. വീണ്ടും വിവാഹിതയായ ടീന രണ്ടാം ഭർത്താവിനൊപ്പം കഴിയുന്നു. മകളെ താൻ സ്നേഹിക്കുന്നുവെന്നും അവൾക്കു വേണ്ടി പ്രാർഥിക്കുന്നുവെന്നും ജിയന്ന തയാറല്ലെങ്കിൽ അവളുടെ ജീവിതത്തിലേക്ക് കടന്നുവരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ടീന ഡയാനയോട് പറഞ്ഞു. അതോടെ ആ കൂടിക്കാഴ്ച അവസാനിച്ചു. അമ്മയുടെ ഉദരത്തിൽ വച്ചേറ്റ കൊടിയ പീഡനങ്ങൾ ശരീരത്തെ മാത്രമല്ല ജിയന്നയുടെ മനസ്സിനെയും ബാധിച്ചിരുന്നു. ബാല്യത്തിൽ തീയോട് വലിയ പേടിയായിരുന്നു ജിയന്നയ്ക്ക്. ഗർഭപാത്രത്തിൽ വച്ച് ഉപ്പുവെള്ളത്തിൽ മുക്കി പൊള്ളിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ ഷോക്ക് ഉപബോധമനസ്സിൽ തങ്ങി നിന്നതാണ് ഈ ഭയത്തിന് കാരണം.

ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും എന്ന് വചനം സാക്ഷ്യപ്പെടുത്തുന്നത് ഇന്ന് ജിയന്നയുടെ ജീവിതത്തിൽ സത്യമായി. പിറന്നു വീഴും മുൻപെ യാതനകൾ ഏറ്റുവാങ്ങേണ്ടി വന്ന ഈ യുവതി താൻ ആയിരിക്കുന്ന ഇപ്പോഴത്തെ അവസ്ഥയെ ദൈവത്തിന്റെ ദാനമെന്നു വിശേഷിപ്പിക്കുന്നു. ദൈവം വഴിനടത്തുമ്പോൾ ഒന്നിനെയും ഭയപ്പെടേണ്ടതില്ല. അധികനാൾ ജീവിക്കുകയില്ലെന്നും ജീവിച്ചാൽ തന്നെ നടക്കാൻ സാധിക്കില്ലെന്നും വിധിയെഴുതിയ ഡോക്ടർമാരുടെ വാക്കുകളെ തിരുത്തിക്കൊണ്ട് നടക്കാനും സാധാരണജീവിതം നയിക്കാനും തന്നെ ദൈവം അനുഗ്രഹിച്ചതായി ജിയന്ന. ഇന്ന് നടക്കാനും ഓടാനും നൃത്തം ചെയ്വാനും റോക്ക് ക്ലൈംബിംഗിനു വരെ ജിയന്നയ്ക്ക് കഴിയും.

സ്വന്തം ജീവിതം അനുഭവസാക്ഷ്യമാക്കിക്കൊണ്ട് ഭ്രൂണഹത്യക്കെതിരെ രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന പ്രോ ലൈഫ് പ്രവർത്തകയും പ്രഭാഷകയും ഗായികയും ഗാനരചയിതാവുമൊക്കെയാണിന്ന് ജിയന്ന. ജിയന്നയുടെ ജീവിതത്തെ ഇതിവൃത്തമാക്കി ഇതിനിടെ ഒരു ഹോളിവുഡ് സിനിമയും പുറത്തിറങ്ങി. ഒക്ടോബർ ബേബിയെന്ന ഈ ചിത്രത്തിനു വേണ്ടി ഗാനരചന നടത്തുകയും പാടുകയും ചെയ്തിരിക്കുന്നത് ജിയന്നയാണ്. അമേരിക്കൻ പ്രസിഡന്റ്, ബ്രിട്ടീഷ് പ്രധാനമന്ത്രി അടക്കമുള്ള ലോകനേതാക്കളെ നേരിൽ കണ്ടാണ് ഭ്രൂണഹത്യക്കെതിരെ ജിയന്ന ശക്തമായി വാദിച്ചത്. ജിയന്നയുടെ ജീവിതകഥ അറിഞ്ഞ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അടക്കമുള്ളവർ ജിയന്നയെ അഭിനന്ദിക്കുകയുണ്ടായി.

ഓരോ മനുഷ്യജീവിയും ദൈവത്തിന് ഏറെ വിലപ്പെട്ടതാണെന്ന് ലോകത്തെ ഓർമ്മിപ്പിക്കാൻ അവിടുന്ന് ജിയന്നയെ ഉപയോഗിക്കുകയാണെന്നാണ് വാഴ്ത്തപ്പെട്ട മദർ തെരേസ ജിയന്നയെക്കുറിച്ച് പറഞ്ഞത്. ഓസ്ട്രേലിയൻ പാർലമെന്റിലും ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസിലുമെല്ലാം ജീവന്റെ സംരക്ഷണത്തിനു വേണ്ട ി ശബ്ദമുയർത്തിയ ജിയന്ന ഇന്ന് ലോകത്തിൽ ജീവന്റെ വില കാണാത്ത അനേകമാളുകൾക്ക് ശരിയായ വഴികാട്ടുന്ന വെളിച്ചമാണ്. ഒപ്പം, തകർച്ചകളിലും വേദനകളിലും സ്വന്തം അമ്മയുടെ ഉൾപ്പെടെ തിരസ്കരണങ്ങളിലും സഹപാഠികളിൽ നിന്ന് നേരിട്ട അപമാനങ്ങളിലും തളരാതെ, നിരാശയാവാതെ, ദൈവാശ്രയബോധത്തിൽ ഉറച്ചുനിന്നുകൊണ്ട ് ജീവിതത്തെ നേരിട്ട് ഇന്ന് രാജ്യാന്തര തലത്തിൽ അനേകർക്ക് പ്രചോദനമായി മാറുന്നു.

Gianna-Jessen2 ജിയന്ന ജെസൻ

നമ്മെ സ്നേഹിക്കുന്നവരെ തിരിച്ചുസ്നേഹിക്കാൻ ആർക്കും കഴിയും. എന്നാൽ, തന്നെ ദ്രോഹിച്ചവരോടും ഇല്ലായ്മ ചെയ്വാൻ ശ്രമിച്ചവരോടും ക്ഷമിക്കാൻ കഴിയുന്നതാണ് യഥാർഥ ക്രിസ്തുസ്നേഹം. ആ സ്നേഹമാണ് സ്വന്തം ജീവിതത്തിലൂടെ ജിയന്ന നമുക്ക് കാണിച്ചു തരുന്നത്. നമ്മെ ദ്രോഹിച്ചവരാണെങ്കിൽ കൂടി മറ്റുള്ളവരോടുള്ള വെറുപ്പും വൈരാഗ്യവും ദ്വേഷ്യവും അസൂയയും അസഹിഷ്ണുതയും നമ്മുടെ തന്നെ മനസ്സിനെയും ഹൃദയത്തെയുമാണ് മലിനമാക്കുന്നത്. അതിനാൽ, നമ്മോട് അനീതി കാണിക്കുന്നവരോടും ദ്രോഹിക്കുന്നവരോടും നമുക്കും ക്ഷമിക്കാൻ ശ്രമിക്കാം. അവിടെ അപ്പോൾ ദൈവം നമുക്ക് വേണ്ടി പ്രവർത്തിക്കും. ജീവിതത്തിൽ കൂടുതൽ അനുഗ്രഹങ്ങൾ കടന്നുവരും. അതിനു കഴിയട്ടെയാന്നാശംസിക്കുന്നു. വിജയാശംസകൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.