Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ രാമനാഥൻ സംഗീതത്തിന്റെ നിറങ്ങൾ കണ്ടെത്തി

ക്യൂറെൻ എന്ന ഡച്ച് വാക്കിന്റെയർഥം നിറങ്ങളെന്നാണ്. ആ ബാൻഡിന്റെ പേരും ക്യൂറെൻ എന്നാണ്. സംഗീതമെന്ന മൂന്നക്ഷരത്തിനുള്ളിലൊരു കൂടൊരുക്കി ഒരുപാട് നിറമുള്ള സ്വപ്നങ്ങൾ കാണുന്നയാളുടെ ബാൻഡിന് മറ്റെന്ത് പേരാണ് ചേരുക. പാലക്കാട് ചിറ്റൂർ സർക്കാർ കോളെജിൽ നിന്നാണ് രാമനാഥൻ ഗോപാലകൃഷ്ണൻ എന്ന യുവാവ് സംഗീതത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത് എല്ലാവരേയും പോലെ സിനിമ തന്നെയായിരുന്നു മനസിലെ സ്വപ്നം. പക്ഷേ ആ ലക്ഷ്യത്തിലേക്കെത്താൻ അയാൾ ചിന്തിച്ച വഴികളെല്ലാം വ്യത്യസ്തമായിരുന്നു. പാട്ടിന്റെ ക്രിയാത്മകലോകത്തേക്കുള്ള ഇടമായി ചെന്നൈ തെരഞ്ഞെടുത്തു. അവിടെ വച്ച് നാലു വർഷങ്ങൾക്ക് മുൻപ് ആദ്യ ആൽബം. എക്സ്പീരിയൻസ്. പാടിയത് ഹരിഹരനും നരേഷ് അയ്യറും ശങ്കർ മഹാദേവനും ചിൻമയി ശ്രീപദിയും ശ്രീറാമും രൂപ രേവതിയും ചേർന്ന്. ആൽബം പുറത്തിറങ്ങി കുറച്ച് നാൾ കഴിഞ്ഞ് നരേഷ് അയ്യർ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു,

*Experience is an album of songs, released a few years back,composed by the young and talented composer Ramanathan Gopalakrishnan.Timeless singers like Shankarji and Hariharanji have sung in the album.i am also grateful to have gotten an opportunity to sing in this album..... *

പാട്ടുലോകത്തേക്ക് കാൽവയ്പ്പ് നടത്തിയ ഒരു തുടക്കക്കാരന് മുന്നോട്ടുള്ള യാത്രകൾക്ക് ഊർജ്ജം പകരാൻ ഇതുപോലുള്ള വാക്കുകൾക്കല്ലാതെ മറ്റെന്തിനാണ് കെൽപ്പുള്ളത്. നരേഷ് അയ്യറുടെ ഈ വാക്കുകൾ മാത്രമല്ല, ഹരിഹരനും ശങ്കർ മഹാദേവനും ചിൻമയി ശ്രീപദക്കുമൊക്കെ ആൽബം നൽകിയത് നല്ല പാട്ടുകൾ മാത്രം. തന്റെ കരിയറിൽ പാടിയ ഏറ്റവും മികച്ച പാട്ടുകളിലൊന്നായിരുന്നു എക്സ്പീരിയൻസിലേതെന്നാണ് ചിൻമയി പറഞ്ഞത്.

ജിഷ്ണു വർമ്മയെന്ന സുഹൃത്തിനൊപ്പം രാമനാഥൻ പുറത്തിറക്കിയ ആ മ്യൂസിക്കൽ വീഡിയോ ആ വർഷം ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ആൽബങ്ങളിലൊന്നായിരുന്നു. നിരൂപക പ്രശംസ നേടിയെടുത്ത ആൽബം. അറുപതോളം ഓൺലൈൻ സൈറ്റുകളിൽ ഇന്നും ഈ ആൽബം സജീവമായി സംഗീത പ്രേമികളെ കാത്തിരിപ്പുണ്ട്. ശാസ്ത്രീയ സംഗീതത്തിനൊപ്പം ഇന്ത്യയിലെ ഏഴ് സംഗീത ശൈലികളെ കൂട്ടിക്കലർത്തിയ ഏഴു പാട്ടുകളാണ് രാമനാഥന്റെ ആൽബത്തിലുള്ളത്

ramanathan1

സംഗീത ലോകത്തെ കുലപതികളുടെ ഒരു നിരയെക്കൊണ്ട് ആദ്യ ആൽബത്തിൽ പാടാനായി എത്തിയതു തന്നെയാണ് ആ വരികള്‍ക്കും ഈണങ്ങള്‍ക്കുമുളള അംഗീകാരം. കാരണം നല്ല പാട്ടുകൾക്ക് മാത്രം ശബ്ദമാകുന്നവരാണ് ഇവരെന്നതുകൊണ്ടു തന്നെ. ആദ്യ ആൽബത്തെ കുറിച്ച് രാമനാഥനും വലിയ സ്വപ്നങ്ങളായിരുന്നു, ആത്മവിശ്വാസവും.

എട്ടു മാസത്തോളമെടുത്ത് ആൽബം പൂർത്തിയാക്കിയപ്പോള്‍ സംഗീതരംഗത്തെ കുറിച്ച് കുറേ പാഠങ്ങൾ മാത്രമായിരുന്നില്ല, നല്ല സംഗീതത്തിനു മുന്നിൽ നിബന്ധനകളില്ലാതെ പാടാനെത്താൻ ഇന്ത്യൻ സംഗീത ലോകത്തെ കുലപതികളുണ്ടെന്ന തിരിച്ചറിവും കൂടിയായിരുന്നു. ക്ലാസിക്കൽ സംഗീതത്തിലൂടെ സാധാരണക്കാരന്റെ രസക്കൂട്ടുകളെ സംതൃപ്തിപ്പെടുത്താമെന്നും തെളിയിച്ചു.

എക്സ്പീരിയൻസ് നൽകിയ ശ്രദ്ധ രാമനാഥന്റെ ഈണങ്ങളെ അതിരുകൾക്കപ്പുറത്തേക്ക് കൊണ്ടെത്തിച്ചു. 2013ൽ ചിൻമയി നിർമിച്ച് പാടിയ ജോയ് ഓഫ് ഗിവിങ് എന്ന ആൽബം തമിഴിലും മലയാളത്തിലും തെലുങ്കിലും റിലീസ് ചെയ്തു. ആൽബങ്ങൾ മാത്രമല്ല ഇതുവരെ ഇരുപത്തിയഞ്ചോളം ഇംഗിള്‍സുകളും രാമനാഥന്റെ ഈണങ്ങളിലൂടെ പിറന്നു. ഹരിയാന ടൂറിസത്തിനു വേണ്ടി ചെയ്തത് ഏറ്റവും ഒടുവിലത്തേത്.

ram-jishnu

എക്സ്പീരിയൻസിന്റെ നിർമ്മാതാവ് ജിഷ്ണു വർമയൊരുക്കുന്ന ഹിന്ദി ചിത്രത്തിനു വേണ്ടിയും രണ്ട് തമിഴ് ചിത്രത്തിനു വേണ്ടിയുമാണ് രാമനാഥന‌ിപ്പോൾ‌ ഈണമിടുന്നത്. എത്ത്നിക് ഹിംസ് എന്നു പേരിട്ട സ്വന്തം റെക്കോർഡിങ് സ്റ്റ്യുഡിയോയും പണിപ്പുരയിലാണ്. എത്തിനിക് ഹിംസിന്റെ പേരിലുള്ള ആദ്യ ആൽബവും ജനുവരിയിലെത്തും. യുഎസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സിംഗർ ഭാഗ്യശ്രീയാണ് ഇതിലെ പാട്ടുകൾ പാടിയിരിക്കുന്നത്. അർവിന്ദ് തിവാരിയെന്ന തായ്‌ലൻഡ് പാട്ടുകാരന് വേണ്ടിയും ആൽബമിറക്കിയിട്ടുണ്ട്. ലണ്ടനിൽ നിന്നുള്ള സംഗീതജ്ഞൻ ബിശ്വജിത്ത് നന്ദയ്ക്കായി മൂന്നു പാട്ടുകളും സംവിധാനം ചെയ്തു.

വൈക്കത്ത് ജനിച്ച പാലക്കാട് പഠിച്ച തീർത്തും സാധാരണക്കാരനായ ഒരു യുവാവ് മറ്റൊന്നിന്റെയും പിൻബലമില്ലാതെ ശുദ്ധ സംഗീതത്തോട് ആത്മാർഥത പുലർത്തി കുറുക്കുവഴികളില്ലാതെ സംഗീത ലോകത്തിലെ നേട്ടങ്ങളിലേക്കെത്തുന്നത് നോക്കിക്കാണേണ്ടുന്ന ഒന്നുതന്നെ.

ram-family

സംഗീതവുമായി ചെന്നൈയിലേക്കുള്ള പോകാനുള്ള ധൈര്യമെന്തായിരുന്നുവെന്ന് ചോദിച്ചാൽ ഉത്തരം സംഗീതത്തോടുള്ള ആത്മാർഥതയും ചെന്നൈക്ക് നല്ല വാതായനങ്ങൾ തുറന്നിടാനുള്ള മനസുണ്ട് എന്ന ബോധ്യമുള്ളതുകൊണ്ടും കൂടിയായിരുന്നുവെന്ന് രാമനാഥൻ ഉത്തരം നൽകി. അത് ശരിയായിരുന്നുവെന്ന് തെളിയിക്കുന്ന ഈണങ്ങളുമായി സംഗീതലോകത്ത് കടന്നുവരുവാൻ സ്വപ്നം കാണുന്ന ഒട്ടേറെ മനസുകൾക്ക് ഊർജ്ജം പകർന്ന് മുന്നോട്ടു നടക്കുകയാണ് രാമനാഥൻ. കോളെജിൽ ഒപ്പം പഠിച്ച ശ്രീകൃഷ്ണജയെ പ്രണയത്തിലൂടെ ജീവിതസഖിയാക്കി. ഒന്നരവയസുകാരൻ വേദിക്കാണ് ഇവരുടെ മകൻ. കൃഷ്ണജയും സംഗീത പരിപാടികളുമായി സജീവമായിരുന്നു. ടിവി ഷോകളും ഏറെ ചെയ്തിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.