Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുൾ ബുളിൽ നിന്ന് സ്റ്റ്യുഡിയോയിലേക്ക്

sunil-bhaskar

ഉപകരണ സംഗീതത്തിൽ താൽപര്യമുള്ള കുട്ടികൾ പണ്ട് ആദ്യം വാങ്ങുന്നത് മൗത്ത് ഓർഗനോ ബുൾ ബുളോ ആയിരിക്കും. ഉൽസവച്ചന്തകളിലും പെരുന്നാൾ കച്ചവടങ്ങളിലും മൗത്ത് ഓർഗൻ വാങ്ങാൻ കിട്ടും. സംഗീത സംവിധായകനും വാദ്യോപകരണ വിദഗ്ധനുമായ സുനിൽ ഭാസ്കറിന്റെ ജീവിതത്തിലും നിർണായകമായത് ഒരു ബുൾ ബുൾ ആണ്. 

എൽപി സ്കൂളിൽ പഠിക്കുമ്പോൾതന്നെ പാട്ടുപാടുമെങ്കിലും സുനിൽ ഭാസ്കറിന്റെ കണ്ണ് എപ്പോഴും തബലയിലും ഹാർമോണിയത്തിലുമായിരുന്നു. എല്ലാ വർഷവും നടന്നിരുന്ന കോഴിക്കോട് കോർപറേഷന്റെ എക്സിബിഷൻ കാണാൻ പോയപ്പോൾ കസിൻ മുരളി ഒരു ബുൾ ബുൾ വാങ്ങി. ബുൾ ബുൾ കിട്ടിയെങ്കിലും അത് നന്നായി വായിക്കാൻ അറിയില്ല. മരം വെട്ടാൻ വന്ന ബാലൻ എന്ന തൊഴിലാളി ബുൾ ബുളിൽ ‘എല്ലാരും ചൊല്ലണ്’ പാട്ട് വായിച്ചു. സുനിൽ അതു നോക്കിനിന്നു. ബാലൻ പോയിക്കഴിഞ്ഞ് അതുപോലെ വായിക്കാൻ ശ്രമിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ പാട്ട് വരുതിയിലായി.

ക്രമേണ അറിയാവുന്ന മറ്റു പാട്ടുകളും ബുൾ ബുളിൽ വായിക്കാൻ സാധിച്ചു. റെയിൽവേയിൽ ചീഫ് ടിക്കറ്റ് എക്സാമിനറും ചിത്രകാരനുമായ അച്ഛൻ കെ. ആർ. ഭാസ്കരന് മകന്റെ സംഗീത താൽപര്യം മനസ്സിലായി. സുനിലിന്റെ അമ്മ ഹെഡ്മിസ്ട്രസായ ശാരദയ്ക്കും പാട്ടിൽ താൽപര്യമുണ്ടായിരുന്നു. ഭാസ്കരൻ മകനെയും കൂട്ടി സെന്റ് തെരേസാസ് മ്യൂസിക്കൽ മാർട്ടിലെത്തി. ബുൾ ബുളിന്റെ മറ്റൊരു രൂപമായ സായിബാജ വാങ്ങാനാണ് ചെന്നത്. എന്നാൽ അത് വാങ്ങണ്ട, ഇപ്പോഴത്തെ കുട്ടികൾ ഗിറ്റാറാണ് പഠിക്കുന്നത്. അതാണ് കുട്ടിയുടെ ഭാവിക്ക് നല്ലതെന്ന് കട ഉടമ ഉപദേശിച്ചു.

കടയിൽനിന്ന് ഗിറ്റാർ വാങ്ങി. കമ്പോസറും ഗിറ്റാറിസ്റ്റുമായ കോഴിക്കോട് പ്രേംകുമാറിന്റെ അടുത്ത് ഗിറ്റാർ പഠനത്തിന് സുനിലിനെ എത്തിച്ചു. കുറച്ചു കാലം ഗിറ്റാർ പഠിച്ചുകഴിഞ്ഞപ്പോൾ ഹാർമോണിയം പഠനത്തിലേക്ക് തിരിഞ്ഞു. ഗുരുക്കന്മാരില്ലാതെ തനിച്ചുള്ള പഠനം. അപ്പോഴാണ് അക്വേഡിയൻ  പ്രചാരത്തിലാകുന്നത്.  ഗാനമേളകളിൽ പപ്പൻ അക്വേഡിയൻ വായിക്കുന്നത് കണ്ട് ഹരം കയറി സുനിലും അക്വേഡിയൻ വാങ്ങി.

അതോടെ കോഴിക്കോട്ടെ ബ്രദേഴ്സ്, ഹട്ടൻസ് തുടങ്ങിയ ഓർക്കസ്ട്രകളിലും വി. എം. കുട്ടിയുടെ മാപ്പിളപ്പാട്ട് ട്രൂപ്പിലും സുനിൽ ഭാസ്കർ അക്വേഡിയൻ വായനക്കാരനായി. തുടർന്ന് കീ ബോർഡ് ആർട്ടിസ്റ്റായി.

പതിനെട്ടാം വയസ്സിൽ ആകാശവാണിയിൽ അക്വേഡിയനിൽ ഓഡിഷൻ ജയിച്ചു. ദക്ഷിണാമൂർത്തി, കെ. രാഘവൻ, അർജുനൻ തുടങ്ങിയ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചു.

കോഴിക്കോട് പ്രേംകുമാർ ആദ്യമായി സിനിമക്ക് സംഗീതം കൊടുത്തപ്പോൾ സുനിലിനെ കൂടെ കൂട്ടി. ‘അനിത കരയാറില്ല’ എന്ന സിനിമയിൽ എ. ആർ. റഹ്മാനൊപ്പം സുനിലും കീബോർഡ് വായിച്ചു. അതിനിടെ ദേവരാജന്റെ സംഗീതസംഘത്തിൽ കൂടാനുള്ള ക്ഷണം പേടി കാരണം ഉപേക്ഷിച്ചു. ദേവരാജന് കീബോർഡും ഗിറ്റാറും വായിക്കുന്ന കലാകാരനെ ആവശ്യമുണ്ടെന്ന് ആകാശവാണി സ്റ്റാഫാണ് പറഞ്ഞത്. ദേവരാജൻ വളരെ കണിശക്കാരനായ സംഗീത സംവിധായകനാണെന്ന് കേട്ടതിനാൽ പരിഭ്രമിച്ചു. പോയില്ല. അങ്ങനെ ഒരു നല്ല അവസരം നഷ്ടമായി.

‘ആറാം തമ്പുരാന്റെ’ പാട്ടുകൾ റെക്കോർഡ് ചെയ്തത് കോഴിക്കോട്ടെ മ്യൂസിക് സിറ്റി സ്റ്റുഡിയോയിലായിരുന്നു. രവീന്ദ്രനാണ് സംഗീത സംവിധായകൻ. പേടി കാരണം രവീന്ദ്രന്റെ സംഘത്തിൽ കൂടാനും സുനിൽ മടിച്ചു. സംവിധായകൻ ഷാജി കൈലാസാണ് നിർബന്ധിച്ചു വിട്ടത്. പരിചയപ്പെട്ടപ്പോൾ രവീന്ദ്രൻ പട്ടുപോലത്തെ സ്വഭാവമുള്ള മനുഷ്യനാണെന്ന് മനസ്സിലായി. സൗഹൃദത്തിന്റെ തുടക്കമായി. ആറാം തമ്പുരാനിൽ ഉപകരണ സംഗീതം കൈകാര്യം ചെയ്തവരെല്ലാവരും കോഴിക്കോട്ടുകാരായിരുന്നു. സംഗീത സംവിധായകൻ കണ്ണൂർ രാജന്റെ മകൾ ശ്രുതി പാട്ടുകൾക്ക് തബല വായിച്ചു.

കോഴിക്കോട് യേശുദാസ് സംഗീതം നൽകിയ അനഘ, പൊന്നരഞ്ഞാണം, ചക്രവാളത്തിനുമപ്പുറം സിനിമകൾക്ക് കീബോർഡ് വായിച്ചു. ചില പാട്ടുകളുടെ ഓർക്കസ്ട്രേഷൻ ഒരുക്കിയതും സുനിലാണ്. ചിരന്തന തിയറ്റേഴ്സിന്റെ നാടകങ്ങൾക്ക് അർജുനൻ സംഗീതം നൽകിയപ്പോൾ പിന്നണിയിൽ സുനിലുമുണ്ടായിരുന്നു. പൂതേരി രഘുകുമാറിന്റെ ആൽബത്തിന് ഓർക്കസ്ട്രേഷൻ ഒരുക്കി. കണ്ണൂർ രാജൻ തരംഗിണിക്കായി ഒരുക്കിയ പാട്ടുകൾക്കും ഓർക്കസ്ട്രേഷൻ ചുമതല സുനിലിനായിരുന്നു.

ഇതിനിടെ ഗാനമേളകളിലും സജീവമായിരുന്നു. യേശുദാസിന്റെയും ജയചന്ദ്രന്റെയും ഗാനമേളകളിൽ ഓർക്കസ്ട്രേഷൻ ലീഡറായിരുന്നു. യേശുദാസിന്റെ കൂടെ ഗൾഫ് പരിപാടികളിൽ പങ്കെടുത്തു.രണ്ടു സിനിമകൾക്ക് സംഗീതം നൽകി. ‘സ്നേഹദൂതിൽ’ സതീശ് ബാബുവും രാധിക തിലകുമാണ് പാടിയത്. പടം വിജയിക്കാത്തതിനാൽ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടില്ല. ‘ദ് ഓണറബിൾ പങ്കുണ്ണി നായർ’ റിലീസായില്ല. ഇബ്രാഹിം വെങ്ങര ‘ഹുസനുൽ ജമാൽ ബദറുൽ മുനീർ’ രംഗത്ത് അവതരിപ്പിച്ചപ്പോൾ സംഗീത വിഭാഗത്തിന്റെ ചുമതല സുനിലിനായിരുന്നു.

1998ൽ സുനിൽ ഭാസ്കർ രാജശ്രീ റെക്കോർഡിങ് സ്റ്റുഡിയോ തുടങ്ങി. ഗിരീഷ് പുത്തഞ്ചേരി–രവീന്ദ്രൻ ടീം സംഗീതമൊരുക്കിയ ‘വടക്കും നാഥനി’ലെയും കൈതപ്രം രചനയും സംഗീതവും നിർവഹിച്ച ‘കാറ്റത്തെ പെൺപൂവി’ലെയും ഗാനങ്ങൾ റെക്കോർഡ് ചെയ്തത് രാജശ്രീയിലാണ്. സ്റ്റുഡിയോ ഉടമ എന്ന നിലയിലുള്ള തിരക്ക് കാരണം സുനിൽ ഭാസ്കറിന് പഴയതുപോലെ പരിപാടികൾക്ക് പോകാൻ കഴിയുന്നില്ല. എങ്കിലും പ്രഗത്ഭരായ ഏറെ സംഗീതജ്ഞരെയും നടീനടന്മാരെയും സ്റ്റുഡിയോയിലെ പരിപാടികളിലൂടെ ബന്ധപ്പെടാൻ കഴിയുന്നതിന്റെ ചാരിതാർഥ്യത്തിലാണ് സുനിൽ ഭാസ്കർ.

പ്രശസ്തമായ കോഴിക്കോട്ടെ പല സ്റ്റുഡിയോകളും പൂട്ടിപ്പോയെങ്കിലും വെസ്റ്റ്ഹില്ലിൽ പ്രവർത്തിക്കുന്ന രാജശ്രീ ഇപ്പോഴും സജീവമാണ്.  സുനിൽ ഭാസ്കർ–വിനി ദമ്പതികൾക്ക് രണ്ടു മക്കളാണ്–വിദ്യാർഥികളായ രാജശ്രീയും രാജ്കമലും. നടൻ അജിത്ത് കൊല്ലം സംവിധാനം ചെയ്യുന്ന ‘പകൽ പോലെ’ സിനിമയ്ക്ക് സംഗീതം കൊടുക്കുന്നത് സുനിലാണ്. ഗാനരചന ചുനക്കര രാമൻകുട്ടി. ചിത്രത്തിന്റെ പ്രാരംഭ പ്രവൃത്തികൾ ആരംഭിച്ചു.

ഏറെ വൈകാതെ കോഴിക്കോട് ടൗൺഹാളിൽ അക്വേഡിയൻ സോളോ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സുനിൽ ഭാസ്കർ. അതിനുള്ള പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നു.

Your Rating: