Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

27 പിറക്കും മുൻപേ ആ ഗായകരെല്ലാം മരണമടഞ്ഞു

club-27 കർട്ട് കോബെയ്ൻ, ആമി വിൻഹൗസ്,ജാനിസ് ജോപ്ലിന്‍,ജിം മോറിസൺ, ജിമി ഹെൻഡ്രിക്സ്,ബ്രയൻ ജോൺസ്

ഈ പാട്ടാഴ്ചയുടെ ഈണമൊഴുകിയെത്തുന്നത് പതിറ്റാണ്ടുകളായി മൗനം പുതച്ചുകിടക്കുന്ന ചില ശവക്കല്ലറകളിൽ നിന്നാണ്. ജീവിതം കൊണ്ടുമാത്രം നിങ്ങളെ പരിചയപ്പെടുത്തി പാട്ടുകൊണ്ടും മരണം കൊണ്ടും ചരിത്രത്തിൽ അടയാളപ്പെട്ട ചില അമേരിക്കൻ– ഇംഗ്ലിഷ് ഗായകരുടെ കല്ലറകളിൽ നിന്ന്. ഗായകരുടേതായതുകൊണ്ടാകാം ആ കല്ലറകളിൽ നിന്ന് ഇനിയും അവരുടെ വിലാപസംഗീതം നിലച്ചിട്ടില്ല, മരണത്തിനും മൗനത്തിനുമപ്പുറം ആ കല്ലറകളിൽ നിന്ന് അവരുടെ സംഗീതം മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. കാരണം, അവരൊക്കെയും പാട്ടുവഴിയിലൂടെ പാതിദൂരം പോലും നടന്നെത്തും മുൻപേ, മരണത്തിന്റെ ഉന്മാദം തിരഞ്ഞു യാത്രപറയാതെ കടന്നുപോയവരാണ്. ലോകത്തിന്റെ ഏതേതോയിടങ്ങളിൽ പൂക്കളിതളടർന്നും കാറ്റിലില പൊഴിഞ്ഞും മരവിച്ചുറങ്ങുന്ന ആ കല്ലറകളിൽ വടിവൊത്ത അക്ഷരങ്ങളിൽ കൊത്തിവച്ച അവരുടെ പേരുകൾ ഒറ്റ നെടുവീർപ്പിലിങ്ങനെ വായിക്കാം...
ബ്രയൻ ജോൺസ്, ജിമി ഹെൻഡ്രിക്സ്, ജാനിസ് ജോപ്ലിൻ, ജിം മോറിസൺ, കർട്ട് കൊബെയ്ൻ, ആമി വിൻഹൗസ്...
പേരും പാട്ടുശീലങ്ങളും ഭാഷയും ദേശവും ജനനമരണത്തീയതികളുമൊക്കെ വെവ്വേറെയാണെന്നിരിക്കിലും അവരുടെ പേരുകൾ ഇങ്ങനെ ചേർത്തുവായിപ്പിക്കുന്ന മറ്റൊരു മാജിക് ഉണ്ട് ആ കല്ലറകളിൽ... ആ ഗായകരെല്ലാം ജീവിതം സംഗീതശൂന്യമാക്കി കല്ലറകളിലെ കരിങ്കൽമൗനത്തിലേക്കു കുടിയേറിയത് ഒരേപ്രായത്തിലാണ്. ഇരുപത്തിയേഴാം വയസ്സിൽ. അതുകൊണ്ടു തന്നെ മരണത്തിലൂടെ അവരോരോരുത്തരും പുതിയൊരു കൂട്ടായ്മയിലേക്ക് അംഗത്വം സ്വീകരിക്കുകയായിരുന്നു.

‘27 ക്ലബ്’. ജീവിച്ചിരുന്നപ്പോൾ ഒരിക്കലും തമ്മിൽ കാണാതെ, തമ്മിൽ കേൾക്കാതെ മരണംകൊണ്ടു സൗഹൃദം പങ്കിട്ട ഗായകസംഘം. അവരെ ഒരുമിച്ചുചേർത്ത് ‘27 ക്ലബ്’ എന്നു ചരിത്രം വിശേഷിപ്പിച്ചതു കൗതുകം കൊണ്ടായിരിക്കാമെങ്കിലും പിന്നീട് ആ സംഘത്തിലേക്കു ‘മരിച്ചുചേരാൻ’ പലരുംവന്നു, അതിപ്രശസ്തരും അൽപപ്രശസ്തരുമായ ഒട്ടേറെ ഗായകർ.

ബ്രയൻ ജോൺസ്: കഥയിലെ
പ്രഥമ അംഗത്വം

ബ്രയൻ ജോൺസ്, ജിമി ഹെൻഡ്രിക്സ്, ജാനിസ് ജോപ്ലിൻ, ജിം മോറിസൺ... 1969നും1971നും ഇടയിൽ വിടപറഞ്ഞുപോയ ഈ ഗായകർക്കെല്ലാം അവരുടെ മരണസമയത്ത് പ്രായം 27 ആയിരുന്നു എന്ന യാദൃശ്ചികത എഴുപതുകളിലാണ് ആദ്യമായി ചർച്ചചെയ്യപ്പെട്ടു തുടങ്ങിയത്.
ഇംഗ്ലിഷ് ഗായകനായ ബ്രയൻ ജോൺസിനെ സംഗീതലോകം അറിഞ്ഞുതുടങ്ങുന്നത് റോളിങ് സ്റ്റോൺസ് ബാൻഡിലെ അസാമാന്യപ്രതിഭയുടെ തിളക്കം കണ്ടുകൊണ്ടായിരുന്നു. ഗിറ്റാർ, കീബോർഡ്, ഹാർമോണിയം, സിതാർ, അങ്ങനെ വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ ഒരേസമയം വിസ്മയം തീർത്ത ജോൺസ് പക്ഷേ, ജീവിതത്തിന്റെ അപശ്രുതിയിൽ തളർന്നുപോകുയായിരുന്നു. ഇരുപത്തിയേഴാം വയസ്സിലെ (1969) മുങ്ങിമരണം റോളിങ്സ്റ്റോൺസിനും സംഗീതാരാധകർക്കും ഉൾക്കൊള്ളാൻ വീണ്ടും കുറെക്കാലം വേണ്ടിവന്നുവെന്നുമാത്രം.

അമേരിക്കൻ റോക്ക് മാന്ത്രികനായ ജിം ഹെൻഡ്രിക്സിന്റെ സംഗീതജീവിതത്തിനു കേവലം നാലുവർഷത്തെ മാത്രം ആയുസ്സേ ഉണ്ടായിരുന്നുള്ളു. ഗിറ്റാർ വാദകനായും പാട്ടെഴുത്തുകാരനായും ഗായകനായും സംഗീതസദസ്സുകളിലെ നിറഞ്ഞ സാന്നിധ്യമായിരുന്ന ജിം ഇലക്ട്രിക് ഗിറ്റാറിൽ തീർത്ത മാസ്മരികത ആരാധകസിരകളിൽ എത്രവേഗമാണു പുത്തനൊരുന്മാദമായി പൊള്ളിപ്പടർന്നത്. എന്നിട്ടും ഉറക്കഗുളികകൾക്ക് ഉറക്കം മതിയാകാത്തൊരു രാത്രിയിലെപ്പോഴോ മരണത്തിലേക്കു വഴുതിവീഴുകയായിരുന്നു ജിം (1970). ഒടുവിൽ പാടിയ പാട്ടിന്റെ പല്ലവികൾ പോലും മൂളിപ്പൂരിപ്പിക്കാതെ...

അകാലമരണത്തിന്റെ അടുത്ത ഊഴം കാത്തിരുന്നത് അമേരിക്കൻ ഗായികയായ ജാനിസ് ജോപ്ലിനെയായിരുന്നു. (1970) അമേരിക്കൻ സംഗീതലോകത്തെ ഹരമായി മാറിയ പെൺസ്വരം. ബ്ലൂ സംഗീതത്തിന്റെ മാദകത്വം. പാട്ടുജീവിതം ആഘോഷമാക്കിയൊരു തന്നിഷ്ടക്കാരി. അറുപതുകളിൽ ഇത്രയധികം അംഗീകാരങ്ങൾ വാരിക്കൂട്ടിയ മറ്റൊരു ഗായികയുണ്ടായിരുന്നില്ല അമേരിക്കയിൽ. പക്ഷേ, നാല് ആൽബങ്ങളൊരുക്കാൻ മാത്രമുള്ള ആയുസ്സേ ജാനിസ്സിന് അവശേഷിച്ചിരുന്നുള്ളു. ഹെൻഡ്രിക്സിന്റെ മരണശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ജാനിസും വിടപറഞ്ഞു, ഇരുപത്തിയേഴാം വയസ്സിൽ. ഉന്മാദങ്ങൾക്കിടയിലും കടുത്ത ഏകാന്തത വേട്ടയാടിയിരുന്നുവെന്നും ഒടുക്കക്കിടക്കയിലേക്കു കൂട്ടുവിളിച്ചതു മയക്കുമരുന്നുകളെയായിരുന്നെന്നും ജാനിസ് മരണക്കുറിപ്പിലെഴുതി.

തൊട്ടടുത്ത വർഷം 1971ൽ ആയിരുന്നു മറ്റൊരു അമേരിക്കൻ റോക്ക് പ്രതിഭയുടെ അകാലവിയോഗം. ജിം മോറിസൺ. പോപ് വേദികളെ ഇളക്കിമറിച്ച സ്വരയൗവനം. സംഗീതംതന്നെ ലഹരിയായി ആരാധകർക്കു സമ്മാനിച്ച മോറിസണു പക്ഷേ, സംഗീതത്തേക്കാൾ പ്രണയം മയക്കുമരുന്നുകളോടായിരുന്നു. മോറിസണും ഇരുപത്തിയേഴാം വയസ്സിൽ സ്വയം മരണം വരിച്ചതോടെ ആ പ്രായം മരണത്തിലേക്കു വഴിവെട്ടിയൊരു കലണ്ടർകണക്കായി മാറി. ഇരുപത്തിയേഴാം വയസ്സിനെ ചിലരെങ്കിലും അകാരണമായി ഭയക്കാൻ തുടങ്ങി.

‘ഒടുവിൽ അവനും പോയി,
ആ നശിച്ച ക്ലബ്ബിലേക്ക്...’

എങ്കിലും ഇരുപത്തിയേഴാം വയസ്സിനെ മരണത്തിന്റെ അശുഭകരമായ ക്ഷണപ്രായമായി വിധിയെഴുതിയത് 1994 ഏപ്രിലിൽ കർട്ട് ഡൊണാൾഡ് കൊബെയ്നിന്റെ മരണത്തോടുകൂടിയായിരുന്നു. ‘നിർവാണ’ റോക്ബാൻഡിന്റെ ഗായകൻ, ഗിറ്റാർ വാദകൻ, പാട്ടെഴുത്തുകാരൻ എന്നിങ്ങനെ സംഗീതലോകത്ത് അഭിമാനകരമായ വിലാസത്തിന് ഉടമയായിരുന്ന കൊബെയ്ന് ‘27 ക്ലബ്ബി’ന്റെ മരണവിലാസംകൂടി പതിച്ചുകിട്ടുമെന്ന് ആരും കരുതിയിരുന്നില്ല. നിർവാണയുടെ സംഗീതത്തിനു കാതോർക്കാൻ ലോകംമുഴുവൻ ആരാധകർ കാത്തിരിക്കാൻ തുടങ്ങിയപ്പോൾ ഹിറ്റുകൾ സൃഷ്ടിക്കാനുള്ള കടുത്ത മാനസികസംഘർഷം കൊബെയ്നെ പിടിച്ചുലയ്ക്കുന്നത് അധികമാരും അറിഞ്ഞിരുന്നില്ല. മടുപ്പിൽനിന്നു രക്ഷപ്പെടാൻ തിരഞ്ഞെടുത്തതു മയക്കുമരുന്നുകളുടെ മാരകമായ ചേരുവകൾ കൂടിയായപ്പോൾ കൊബെയ്നോടു മരണം ഇരുപത്തിയേഴാം വയസ്സുവരെ ദയകാണിച്ചതിലായിരിക്കണം ചരിത്രത്തിന് അദ്ഭുതം തോന്നിയത്. 

സിയാറ്റിനിലെ ബംഗ്ലാവിൽ ശിരസ്സിൽ സ്വയം നിറയൊഴിച്ച് അവസാനിപ്പിക്കാനുള്ളതായിരുന്നു കൊബെയ്ന് തന്റെ ജീവിതം. യുഎസിൽ മാത്രമായി വിറ്റഴിഞ്ഞ 2.5 കോടി ആൽബങ്ങളുടെയും ലോകത്താകെ വിറ്റഴിഞ്ഞ 7.5 കോടി ആൽബങ്ങളുടെയും ആരാധകരെ നിരാശപ്പെടുത്തി കൊബെയ്ൻ മരണത്തിന്റെ വഴിയേ പിൻനടന്നപ്പോൾ 27–ാം വയസ്സ് സംഗീതലോകത്തു വീണ്ടുമൊരു ദുശ്ശകുനമായി മാറിയതിനു കൊബെയ്നിന്റെ അമ്മയുടെ വാക്കുകൾ കൂടി നിമിത്തമായി.

കൊബെയ്നിന്റെ മരണം ഉൾക്കൊള്ളാനാകാതെ വിങ്ങിപ്പൊട്ടിയ ആ അമ്മ അന്നു കരച്ചിലടക്കി പറഞ്ഞു: ‘ഒടുവിൽ അവനും പോയി, ആ നശിച്ച ക്ലബ്ബിലേക്ക്. ഞാൻ ആവതും പറഞ്ഞതാണ് അങ്ങോട്ടു പോകരുതെന്ന്...’
‘27 ക്ലബ്’ എന്ന ദൗർഭാഗ്യമരണങ്ങളുടെ കൂട്ടായ്മ അങ്ങനെയാണ് അപശകുനമായി എക്കാലത്തേക്കും വിധിയെഴുതപ്പെട്ടത്.
കൊബെയ്നിന്റെ മരണശേഷം 17 വർഷം കഴിഞ്ഞ് 2011ൽ ഇംഗ്ലിഷ് ഗായികയായ ആമി വിൻഹൗസ് മരിച്ചപ്പോഴും വീണ്ടുമൊരിക്കൽ കൂടി ‘27 ക്ലബ്’ വാർത്തകളിൽ നിറയുകയുണ്ടായി. അമിതമായ അളവിൽ മദ്യംകഴിച്ചു മരിച്ചനിലയിൽ ഫ്ലാറ്റിൽ കണ്ടെത്തുകയായിരുന്നു ആമിയെ. ജാസ് സംഗീതത്തിന്റെ സാധ്യതകളിലേക്കു ശ്രോതാക്കളെ ക്ഷണിച്ച ആമിയെ മരണം ക്ഷണിച്ചുകൊണ്ടുപോയതും അവരുടെ ഇരുപത്തിയേഴാം വയസ്സിൽ തന്നെയായിരുന്നു. റോബർട്ട് ജോൺസൺ, റിച്ചി എഡ്‍വേഡ്സ്, ക്രിസ് ബെൽ തുടങ്ങി മറ്റുപല ഗായകരും ഇതിനകം ‘27 ക്ലബ്ബിൽ’ മരണം കൊണ്ട് അംഗത്വമെടുത്തു കഴിഞ്ഞിരിക്കുന്നു.

പാടുന്നുണ്ടാവാം, അവരിപ്പോഴും,
ആരും കേൾക്കാത്ത ഏകാന്തരാവുകളിൽ

ഇരുപത്തിയേഴാം വയസ്സിൽ ഈ ലോകത്തോടു വിടപറഞ്ഞ ഗായകപ്രതിഭകളുടെ പാട്ടോർമകൾക്കു സമർപ്പിക്കാം ഈ മരണക്കുറിപ്പ്. ലോകത്തിന്റെ പലയിടങ്ങളിലായി നിശ്ചലം നിശ്ശബ്ദമുറങ്ങുന്ന ആ ഗായകരുടെയെല്ലാം കല്ലറകൾക്കു സമീപം ഒരുനിമിഷം കാതൊന്നു ചേർത്തുവയ്ക്കൂ... കേൾക്കുന്നില്ലേ ആ കരിങ്കല്ലുകൾക്കിടയിൽനിന്നൊരു നേർത്ത സംഗീതം... മരണത്തിനുപോലും മൗനപ്പെടുത്താനാകാത്തൊരു മധുരസംഗീതം...
 

Your Rating: