Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈകോർത്ത് അവർ പാടി; പാടി, പാടിത്തന്നെ മറഞ്ഞു

viola-beach3 വയോള ബീച്ച് ബാൻഡ് അംഗങ്ങൾ

വയോല. നൊമ്പരത്തോടെ കേട്ടൊരു പെൺപേരായിരുന്നു അത്. എന്റെ പ്രിയ ചങ്ങാതിയുടെ കുഞ്ഞനുജത്തിയുടെ പേര്. പിറക്കും മുൻപേ തന്നെ അവൾക്കു വേണ്ടി അച്ഛൻ കരുതിവച്ചതായിരുന്നുവത്രേ ആ പേര്, അമ്മയുടെ തളിർവിരൽത്തുമ്പുകൾ വയലിനിൽ വായിച്ചുകേൾപ്പിച്ച പാട്ടീണങ്ങളോടുള്ള പ്രിയം കൊണ്ട്... ഓരോ പേരുചൊല്ലിവിളിയിലും ഒരു വയലിൻതന്ത്രിയെ തൊട്ടുണർത്തിയാലെന്നപോലെ അവളുടെ മധുരസ്വരത്തിലുള്ള മറുവിളി കേൾക്കാനുള്ള കൊതികൊണ്ട്. പക്ഷേ അച്ഛന്റെ ആ നീട്ടിവിളിയോരം ചിണുങ്ങിച്ചിരിച്ച് അവൾക്കൊരിക്കലും വന്നുനിൽക്കാൻ കഴിഞ്ഞില്ല. മറുവിളിക്കുപോലും കാത്തുനിൽക്കാതെ മരണം അവളെ കൊണ്ടുപോയ്ക്കഴിഞ്ഞിരുന്നു..അവൾ പിറക്കുന്നതിനുപോലും മുൻപേ..വയോല എന്ന പേരിന് പദനിഘണ്ടുവിൽ പൂവ് എന്നാണ് അർഥം..വയലിന്റെ ആദ്യരൂപമായ സംഗീതോപകരണത്തെയും അത് ഓർമപ്പെടുത്തുന്നു. ആ നൊമ്പരക്കഥ കേട്ടതിൽ പിന്നെ മൂന്നാമതൊരു അർഥം കൂടി ആ പേരിനൊപ്പം ഞാൻ ചേർത്തെഴുതിവച്ചു, മരണം...

ഇക്കഴിഞ്ഞ ശനിയാഴ്ച, പ്രണയദിനത്തിന്റെ തൊട്ടുതലേന്ന് ഞെട്ടലോടെ കേട്ട ചരമവാർത്തകളിൽ ഒന്ന് മറ്റൊരു വയോലയുടേതായിരുന്നു. ഈ വയോല ഒരു പെൺപേരായിരുന്നില്ല. ഒരു യുവഗായകസംഘത്തിന്റെ ഈണപ്പേരായിരുന്നു അത്. വയോല ബീച്ച്. സ്റ്റോക്ഹോമിനടുത്ത് അവർ സഞ്ചരിച്ച വാഹനം ഒരു പാലത്തിൽ നിന്നു മറിഞ്ഞായിരുന്നു അപകടം. നിയന്ത്രണം വിട്ടു പാഞ്ഞ ആ വാഹനം നദിയാഴങ്ങളിലേക്ക് മുങ്ങിത്താണത് വയോല ബീച്ച് എന്ന ഗായകസംഘത്തിലെ നാൽവർസംഘത്തിന്റെ പ്രാണനുംകൊണ്ടായിരുന്നു. പാടിത്തീരാതെ പാതിയിൽ അവസാനിപ്പിച്ച അവരുടെ പാട്ടീണങ്ങളും കൊണ്ടായിരുന്നു. ഇനിയുമൊരു രാഗത്തിന് ശ്രുതി ഇഴചേരും മുൻപേ നിലച്ചുപോയ അവരുടെ നിശ്വാസങ്ങളും കൊണ്ടായിരുന്നു. ഗിറ്റാറിൽ അവർ തൊട്ട ഗാനവിരലുകളും പിയാനോയിലെ പാട്ടുചുംബനങ്ങളും പ്രിയകാതുകൾക്ക് എന്നേയ്ക്കുമായി നഷ്ടപ്പെടുത്തിക്കൊണ്ടായിരുന്നു.

viola-beach2 വയോള ബീച്ച് ബാൻഡ് ഒരു പരിപാടിക്കിടയിൽ

വയോല... ഈണങ്ങളുടെ കടൽയാത്രയ്ക്കു തുടക്കമിട്ടൊരു ബ്രിട്ടീഷ് പോപ് സംഗീതസംഘം. 2013ൽ വാറിങ്ടണിലായിരുന്നു അവരുടെ ആദ്യ പാട്ടുകൂടിക്കാഴ്ച. ഗായകരും ഉപകരണസംഗീതജ്ഞരുമായി ചിലരൊക്കെ മുഖംകാണിച്ചു മടങ്ങിയെങ്കിലും ഒടുവിൽ ക്രിസ് ലിയോനാഡ്, റിവർ റീവ്സ്, തോമസ് ലോവ്, ജാക് ഡകിൻ എന്നിങ്ങനെ നാലു ചെറുപ്പക്കാർ അവരുടെ ഗാനോൽസവങ്ങളുടെ ആഘോഷവേദിയാക്കുകയായിരുന്നു വയോല ബീച്ച് എന്ന ബാൻഡിനെ. അങ്ങനെയാണ് വയോല കൗമാരത്തിന്റെയും യൗവനത്തിന്റെയും കൈവിട്ടുപാട്ടുകളുടെ സമാഹാരമാകുന്നത്. പത്തൊൻപതുകാരന്മാരായിരുന്ന ക്രിസിന്റെയും റിവറിന്റെയും ഉന്മാദം ഗിറ്റാറിലെ കൗമാരക്കമ്പികളുടെ വിരൽതൊട്ടുണർച്ചയിലായിരുന്നെങ്കിൽ ജാക്കിനു ഡ്രമ്മിനോടും തോമസിനു ബാസിനോടുമായിരുന്നു കമ്പം. ജാക്കും ക്രിസും അവരുടെ കുട്ടിക്കാലം മുതൽക്കേ ചങ്ങാതിമാരായിരുന്നു. സ്കൂളിലേക്കുള്ള വഴിനടത്തങ്ങളിൽ കൈകോർത്തുമൂളിപ്പാടിത്തുടങ്ങിയ പാട്ടുചങ്ങാത്തം. ഹൈസ്കൂളിലെത്തിയപ്പോൾ ഇരുവഴി പിരിഞ്ഞെങ്കിലും ആ ചങ്ങാത്തം ബാക്കിയായി. പ്രീസ്റ്റ്ലി കോളജിലെ പഠനകാലത്താണ് ക്രിസ് റിവറിനെ പരിചയപ്പെടുന്നത്.

അധ്യാപകർ പഠിപ്പിച്ച അക്ഷരവടിവൊത്ത സംഗീതം മടുത്തപ്പോൾ ക്രിസും റിവറും ക്ലാസ്മുറിയുടെ ചുമരുകൾക്കപ്പുറമുള്ള പാട്ടുവഴികളിലേക്ക് കാറ്റുകൊള്ളാനിറങ്ങി. അവിടെ അവർ കാത്തിരുന്ന സംഗീതം അവരെ തേടിയെത്തി. കടലോളം കലമ്പിയാർത്തും കാറ്റിനോളം ഒറ്റതിരിഞ്ഞും ഭ്രാന്തുപിടിപ്പിക്കുന്ന സംഗീതം. രാവേറെ തുറന്നിരുന്നൊരു മദ്യശാലയിലെ ഡ്രംസ് ട്രൂപ്പ് വിട്ടാണ് തോമസ് പിന്നീട് അവർക്കൊപ്പം ചേരുന്നത്. പ്രാണനിൽ പാട്ടിന്റെ ലഹരിയും കൊണ്ടുവന്ന തോമസ് അവരുടെ പാട്ടുരീതികളോടു പെട്ടെന്നു പൊരുത്തപ്പെടുകയും ചെയ്തു.

viola-beach4 ഓർമകളിലെ വേദികളിലിനിയും പാടുക....വയോള ബീച്ച് ബാൻഡിന്റെ ലൈവ് പരിപാടിയിൽ നിന്നുള്ള ഒരു സ്നാപ്

പാട്ടുവഴിയേ നാലുപേരും ഒത്തുചേർന്നപ്പോൾ അവരുടെ ചങ്ങാത്തവലയത്തിലേക്ക് ഒരു അദൃശ്യകാമുകിയെപ്പോലെ കടന്നുവരികയായിരുന്നു ആരും കാതോർക്കുന്ന സംഗീതം. വയോല. അതായിരുന്നു ആ സൗഹൃദസുന്ദരരാഗത്തിന് അവർ ചേർത്തുവച്ച പേര്. അവർ ആഗ്രഹിച്ചിരുന്നതുപോലെ വയലറ്റ് നിറമുള്ള സംഗീതം. സ്വിങ്സ് ആൻഡ് വാട്ടർസ്‌ലൈഡ്സ്, 2015ൽ പുറത്തിറങ്ങിയ ആദ്യ സിംഗിളിന് അവർ അങ്ങനെ പേരുവിളിച്ചു. നിലതെറ്റലിന്റെയും നീരൊഴുക്കിന്റെയും കൈവിട്ട മോഹങ്ങളുടെയും നിശാസംഗീതം...

Can I use your lighter please?

You're not with me tonight

And only you could make it right

യുകെയിലെ ഹിറ്റ് സിംഗിൾ ചാർട്ടുകളിലേക്കുള്ള ഈണക്കുതിപ്പ് തുടങ്ങുകയായിരുന്നു അവർ. പ്രണയം പാടുമ്പോൾ അവരെ കേൾക്കാൻ ആരാധികമാർ അനുരാഗം കൊണ്ടു. ആഘോഷത്തിമിർപ്പിന്റെ ആർത്തലപ്പുകളിൽ യുവത്വം അവർക്കൊപ്പം ഹൃദയം കോർത്തു. നിരത്തുകളിലും തെരുവുകളിലും വയോലയുടെ ഈണങ്ങൾക്കു കാതോർത്ത് ഇലപ്പച്ചകൾ വിരൽത്താളമിട്ടു. ലോകപര്യടനങ്ങളും പുരസ്കാരവേദികളും ആ നാൽവർസംഘത്തിന്റെ ദിവാസ്വപ്നങ്ങളിലേക്ക് ഒളികണ്ണെറിഞ്ഞു. 2016 ജനുവരിയിലാണ് അവരുടെ രണ്ടാമത്തെ സിംഗിൾ ലോകം കേൾക്കുന്നത് . ബോയ്സ് ദാറ്റ് സിങ് ലൈക് എ ഫൂൾ

viola-beach5 പാട്ടുകൂട്ടുകാർ...വയോള ബീച്ച് ബാൻഡിലെ അംഗങ്ങൾ

And I need her The Mona Lisa

She said that together

We could take on the world

And she told me that I'll

Never find another girl like her

കഴിഞ്ഞ ദിവസം സ്വീഡനിൽ നടന്ന വെയ്ർ ഈസ് ദ് മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുത്ത് മടങ്ങുമ്പോഴും അടുത്ത സിംഗിൾ ഉൾപ്പെടെ നിരവധി ഈണങ്ങൾ ഗിറ്റാറിലും പിയാനോയിലും കീബോർഡിലുമായി ലോകത്തെ കേൾപ്പിക്കാനുള്ള മുന്നൊരുക്കങ്ങളിലായിരുന്നു അവർ. ആരറിഞ്ഞു, പാതി അനുപല്ലവി പാടിമുഴുമിപ്പിക്കാതെ അവർ പടികടന്നു പോകുകയാണെന്ന്. ഒടുവിലത്തെ വരിയും ഓർമിച്ചുപാടി ഒരുമിച്ചുകൈകോർത്ത് അവർ പാട്ടൊഴി‍ഞ്ഞുപോകുകയാണെന്ന്...

Your Rating: