Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇളയരാജയ്ക്കെതിരെ സോഷ്യൽ മീഡിയ

spb-ilayaraja

താൻ ചിട്ടപ്പെടുത്തിയ ചലച്ചിത്ര ഗാനങ്ങൾ ഉള്‍പ്പെടെയുള്ള പാട്ടുകള്‍ തന്റെ അനുവാദം കൂടാതെ സ്റ്റേജ് ഷോകളിലോ മറ്റു പൊതു പരിപാടികളിലോ പാടരുതെന്ന് ആവശ്യപ്പെട്ട് സംഗീത സംവിധായകൻ ഇളയരാജ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് വക്കീൽ നോട്ടിസ് അയച്ചത് വലിയ ചർച്ചയായിരിക്കുകയാണ്. പകർപ്പവകാശ നിയമപ്രകാരമാണ് ഇളയരാജ ആവശ്യമുന്നയിച്ചത്. ഈ വിഷയത്തിൽ സമ്മിശ്ര പ്രതികരണമാണ് സംഗീത രംഗത്തു നിന്നുണ്ടാകുന്നത്. എന്നാൽ സോഷ്യൽ മീഡിയ വൈകാരികമായിട്ടാണ് സംഭവത്തെ കാണുന്നത്. ഇളയരാജയ്ക്കെതിരായിട്ടാണ് സമൂഹ മാധ്യമങ്ങൾ പ്രതികരിക്കുന്നത്. 

എസ് പി ബാലസുബ്രഹ്മണ്യം ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഇളയരാജയുടെ വക്കീൽ നോട്ടിസിന്റെ കാര്യം പുറംലോകത്തെ അറിയിച്ചത്. വൈകാരികമായി വിഷയത്തെ സമീപിക്കരുതെന്നും മോശം കമന്റുകൾ ഉന്നയിക്കരുതെന്നും അഭ്യർഥിച്ചു കൊണ്ടായിരുന്നു പോസ്റ്റ്. എന്നാൽ അതിനു താഴം വന്ന കമന്റുകൾ നേരെ മറിച്ചായിരുന്നു. വൈകാരികമായിട്ടായിരുന്നു എല്ലാവരും വിഷയത്തെ ഉള്‍ക്കൊണ്ടത്. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ വന്ന കമന്റുകൾ തന്നെ അതിനു തെളിവാണ്.

ഇളയരാജ കലയെ കച്ചവടവൽക്കരിക്കുന്നു എന്നതാണ് പ്രധാന ആരോപണം. കല എല്ലാവർക്കും ആസ്വദിക്കാനുള്ളത്, സംഗീത സംവിധായകൻ മാത്രം വിചാരിച്ചാൽ പാട്ട് പാട്ടാകില്ല. എഴുത്തുകാരനും ആലപിക്കുന്നവർക്കും അതിൽ തുല്യ പങ്കുണ്ട്. പകര്‍പ്പവകാശ നിയമം ശരിയായിരിക്കാം പക്ഷേ മാനുഷികപരമായി ശരിയായ നിലപാടല്ല ഇളയരാജ സ്വീകരിച്ചത്. എന്നിങ്ങനെ പോകുന്നു സമൂഹമാധ്യമങ്ങളുടെ പ്രതികരണം. പൊതു ഇടങ്ങളിൽ തന്റെ അനുമതി വാങ്ങാതെ തന്റെ സംഗീതം ആലപിക്കരുതെന്ന് മാത്രമാണ് ഇളയരാജ ആവശ്യപ്പെട്ടതെന്നും അല്ലാതെ ഒരിക്കലും ഗാനങ്ങൾ പാടരുതെന്ന് പറഞ്ഞിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ  ആരാധകരുടെ വാദം. 

സംഗീത രംഗത്തു നിന്നു സമ്മിശ്ര പ്രതികരണമാണു പുറത്തുവരുന്നത്. ഇളയരാജയ്ക്കെതിരെ അദ്ദേഹത്തിന്റെ സഹോദരനും സംഗീത സംവിധായകനുമായ ഗംഗൈ അമരനും അടക്കമുള്ളവർ പ്രതികരിച്ചിരുന്നു. ഇളയരാജയ്ക്ക് അഹങ്കാരം എന്നായിരുന്നു അദ്ദേഹത്തിന്റെ സഹോദരനും സംഗീത സംവിധായകനും കൂടിയായ ഗംഗൈ അമരന്റെ പ്രതികരണം. നിയമപരമായി ഇളയരാജ പറയുന്നത് ശരിയാണ്. പക്ഷേ സൗഹൃദപരമായി അതു ശരിയാണെന്ന് തോന്നുന്നില്ല. ഒരു ഫോൺ കോളിൽ തീർക്കാമായിരുന്ന പ്രശ്നമാണ് ഇളയരാജ ഈ വിധത്തിലാക്കിയത്. എന്നായിരുന്നു എഴുത്തുകാരൻ മഥൻ കർക്കിയുടെ പ്രതികരണം. പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിന്റെ മകൻ കൂടിയാണ് മഥൻ കർക്കി.