Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈക്കം വിജയലക്ഷ്മിയെ പാട്ടു പഠിപ്പിക്കുന്ന എം.ജയചന്ദ്രൻ; കൗതുകകരം ഈ നിമിഷം

m-jayachandran-teach-vaikom-vijayalakshmi

സിനിമ മേഖലയിൽ സജീവമാകുമ്പോഴും ശാസ്ത്രീയ സംഗീത പഠനവും കച്ചേരികളുമൊന്നും വൈക്കം വിജയലക്ഷ്മി മുടക്കിയിട്ടില്ല. പ്രമുഖ സംഗീത വ്യക്തിത്വങ്ങൾ ഫോൺ വഴി പോലും വിജയലക്ഷ്മിയ്ക്കു സംഗീത പാഠങ്ങൾ പകർന്നു നൽകിയിരുന്നു. ഇന്നു രാവിലെ സംഗീത സംവിധായകൻ എം.ജയചന്ദ്രൻ ഫെയ്സ്ബുക്ക് വഴി പങ്കുവച്ചൊരു വിഡിയോ കണ്ടാൽ ആ സംഗീത പഠനം എത്രമാത്രം ആത്മസ്പർശമുള്ളതായിരുന്നുവെന്ന് അറിയാനാകും. എം.ജയചന്ദ്രൻ പാട്ട് പഠിപ്പിക്കുകയാണു വൈക്കം വിജയലക്ഷ്മിയെ. ചലച്ചിത്ര സംഗീത രംഗം വഴി നമ്മൾ നമ്മള്‍ അടുത്തറിഞ്ഞ രണ്ടു പേർ പാട്ടു പഠനത്തിനായി ഒന്നിക്കുന്ന വിഡിയോ കാണാൻ ഏറെ കൗതുകകരവുമാണ്.

വിജയലക്ഷ്മിയുടെ വൈക്കത്തെ വീട്ടിൽ ആദ്യമായാണു എം.ജയചന്ദ്രൻ എത്തിയത്. അപ്പോഴാണ് ഇങ്ങനെയൊരു വിഡിയോ ചെയ്തത്. വിജയലക്ഷ്മിയുടെ വീട്ടിലെ സംഗീത പഠന മുറിയിലായിരുന്നു പഠനം. മുത്തുസ്വാമി ദീക്ഷിതർ ചിട്ടപ്പെടുത്തിയ ശ്രീമാതൃഭൂതം...എന്ന കീർത്തനമാണ് എം.ജയചന്ദ്രൻ വിജയലക്ഷ്മിയെ പാടി പഠിപ്പിച്ചത്. ഇരുവരും ഒന്നിച്ചു വൈകുന്നേരം സംഗീത കച്ചേരിയും അവതരിപ്പിക്കുന്നുണ്ട്. 

കര്‍ണാടിക് സംഗീതത്തിലെ ഏറ്റവും ശ്രേഷ്ഠമായ കൃതി ആലപിക്കുന്നതിനു മുൻപ് സംഗീതത്തോട് താൻ എത്രമാത്രം ചേർന്നുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഗീതം ദൈവമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഓരോ കൃതികൾ ആലപിക്കുമ്പോഴും നമ്മിലേക്കു ഈശ്വരീയം വന്നുചേരുന്നു. സംഗീതത്തിലൂടെ ഈശ്വരനും മനുഷ്യനും ഒന്നുചേരുന്നിടത്താണ് ഓരോ സംഗീതജ്ഞനും തന്റെ സംഗീതത്തെ സമർപ്പിക്കേണ്ടത്. അദ്ദേഹം പറഞ്ഞു. വിജയലക്ഷ്മി അങ്ങനെയൊരു ഗായികയാണ്. അങ്ങനെയുള്ള കുറേ ഗായകരുടെ തുടക്കം മാത്രമാണ്. ലോകം അറിയുന്ന പ്രതിഭാധനയായ ഒരു സംഗീതജ്ഞയായി വിജയലക്ഷ്മി മാറുമെന്നു തനിക്കുറപ്പുണ്ടെന്നും എം.ജയചന്ദ്രൻ പറഞ്ഞു.

എം.ജയചന്ദ്രനു കീഴിൽ സ്വന്തം വീട്ടിലിരുന്നു സംഗീതം പഠിക്കാനായ അനുഭവം സ്വപ്ന സാക്ഷാത്കാരം എന്നാണ് വിജയലക്ഷ്മി വിശേഷിപ്പിച്ചത്.  2013ല്‍ കമൽ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെയാണ് വിജയലക്ഷ്മി പിന്നണി ഗായികയാകുന്നത്. ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും നേടി. തൊട്ടടുത്ത വര്‍ഷം കമലിന്റെ തന്നെ നടൻ എന്ന ചിത്രത്തിൽ ഔസേപ്പച്ചൻ ഈണമിട്ട ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ എന്ന പാട്ടു പാടി മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും നേടി.