Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യ പാടിയാൽ അത് യുട്യൂബിൽ ഹിറ്റ് ആകും!!!

vidya-vox-songs

എഡ് ഷീരനെന്ന ബ്രിട്ടിഷ് ഗായകന്റെ ഷേപ് ഓഫ് യു എന്ന പാട്ടും നമ്മുടെ ഉദിത് നാരായണനും കവിതാ കൃഷ്ണ മൂർത്തിയും പാടിയ ചീസ് ബഡി ഹേയും തമ്മിലെന്താണു ബന്ധം? പാശ്ചാത്യ സംഗീത സംഘങ്ങളായ ദി ചെയ്ൻ സ്മോക്കേഴ്സും കോൾഡ് പ്ലേയും ചേർന്നു തയ്യാറാക്കിയ സംതിങ് ജസ്റ്റ് ലൈക് ദിസ് എന്ന പാട്ടും ബോളിവുഡിന്റെ പ്രണയ സുന്ദര ഗായകൻ അരിജിത് സിങിന്റെ ചന്നാ മേരേയായും തമ്മിലെന്താണു ബന്ധം? ഈ പാട്ടുകൾ ചേർത്തു വച്ച് പാടിയാൽ അതീവ രസകരമാണു കേൾക്കാൻ. അതാണു ബന്ധം. വായിക്കുമ്പോൾ ഇതെങ്ങനെ ശരിയാകും എന്നു തോന്നാം. പക്ഷേ ഇങ്ങനെയൊക്കെ പാട്ടുകൾ പാടി നടക്കുന്ന ഒരാളെ പരിചയപ്പെടുമ്പോൾ പാട്ടു കേൾക്കുമ്പോൾ എല്ലാ സംശയവും തീരും. കാരണം യുട്യൂബിൽ നമ്മളൊരുപാടിഷ്ടപ്പെടുന്ന വിഡിയോകളില്‍ ഒരെണ്ണമെങ്കിലും ഈ പാട്ടുകാരിയുടേതാണ്. വിദ്യ വോക്സ് അഥവാ വിദ്യ അയ്യർ.  

ഒരു വട്ടം കേട്ടിഷ്ടപ്പെട്ട പാട്ട് പിന്നെയും പിന്നെയും കേട്ടുകൊണ്ടിരിക്കാൻ നമുക്കൊരുപാടിഷ്ടമാണ് അല്ലേ? പാട്ടുകാരാണെങ്കിൽ അത് പിന്നെയും പിന്നെയും പാടി നടക്കും. ചിലരാണെങ്കിൽ ഒന്നു വേറെ രീതിയിൽ പാടി നോക്കും. മറ്റൊരു ഗാനത്തോടു ചേർത്തു വച്ചും ഓർക്കസ്ട്രേഷനിൽ ചെറിയൊരു മാറ്റം വരുത്തിയുമൊക്കെ. ശരിക്കുള്ള ഈണത്തിന്റെ മനോഹാരിത അതേപടി നിർത്തിക്കൊണ്ടു തന്നെ. അതൊരു നല്ല പാട്ടു പഠന രീതി കൂടിയാണ്. പുതിയ കാലത്തെ പാട്ടുകാരെല്ലാം കേട്ടിഷ്ടപ്പെടുന്ന പാട്ടുകളെ വീണ്ടും പാടി വിഡിയോ തയ്യാറാക്കുന്നത് അതുകൊണ്ടു കൂടിയാണ്. അതിൽ ചിലതാകട്ടെ നമുക്കൊരുപാടിഷ്ടം തോന്നും. യഥാർഥ ഗാനത്തിന് ഇത്രയധികം ഭംഗിയുണ്ടായിരുന്നോ ഈ പാട്ടിനെന്ന് അറിയാതെ ചോദിച്ചു പോകും. വിദ്യ വോക്സ് എന്ന ഗായിക തയ്യാറാക്കുന്ന കവർ വേര്‍ഷനുകളെല്ലാം കേട്ടിരുന്ന് നമ്മള്‍ അങ്ങനെ ചിന്തിച്ചു പോയിട്ടുണ്ട് പലവട്ടം...

വിദ്യ കവർ വേർഷൻ പാടിയാൽ അത് ഹിറ്റാകും. എന്നു തന്നെ പറയണം. അങ്ങേയറ്റത്തെ ബിയോൺസയുടേയും ലേഡി ഗാഗയുടെയും പാട്ടു മുതൽ ഇങ്ങേയറ്റത്തുള്ള നമ്മുടെ കുട്ടനാടൻ പുഞ്ച വരെ പാടിയ ഇന്റർനെറ്റിലെ പാട്ടിഷ്ടക്കാരുടെയെല്ലാം പ്രിയപ്പെട്ടതായി മാറി വിദ്യ. 

2015ലാണ് വിദ്യയുടെ ആദ്യ വിഡിയോ ഗാനം യുട്യൂബിലെത്തുന്നത്. ഇന്ന് 2017 എത്തുമ്പോൾ അത് 20 ലക്ഷത്തോളം പേർ സബ്സ്ക്രൈബ് ചെയ്യുന്നൊരു യുട്യൂബ് അക്കൊണ്ടായി മാറി. അത്രയധികം ആളുകൾ വിദ്യയുടെ പാട്ടുകൾ എത്താൻ കാത്തിരിക്കുന്നുണ്ട് എന്ന് അർഥം. വിദ്യ അയ്യറെന്നാണ്  തമിഴ്നാടുകാരുടെ ശരിക്കുള്ള പേര്. വര്‍ഷങ്ങൾക്കു മുൻപ് അമേരിക്കയിലേക്കു കുടിയേറിയതാണ് വിദ്യയുടെ കുടുംബം. അഡെലും ബിയോൺസെയും കോള്‍ഡ് പ്ലേ ബാൻഡും എ.ആർ.റഹ്മാനും ശങ്കർ മഹാദേവനുമൊക്കെയാണ് വിദ്യയുടെ പ്രിയ സംഗീതം. ശങ്കർ ടക്കറെന്ന സംഗീത സംവിധായകനോടൊപ്പം ചേർന്ന് വിദ്യ തയ്യാറാക്കിയ കവർ വേർഷനുകളിലധികവും ഇവരുടെ പാട്ടുകളാണ്. 

ദി ചെയ്ൻസ്മോക്കേഴ്സ് എന്ന മ്യൂസിക് ബാൻഡിന്റെ ക്ലോസർ എന്ന പാട്ടും ഹിന്ദി ഗാനം കബീരയും ചേർത്ത് തയ്യാറാക്കിയ മാഷ് അപ് വിഡിയോയാണ് വിദ്യയുടെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന്. നാലര കോടിയോളം പ്രാവശ്യമാണ് ഈ പാട്ട് യുട്യൂബ് വഴി ഇതുവരെ ആളുകൾ കണ്ടത്. രണ്ടു ദിവസം കൊണ്ട് 20 ലക്ഷം ആളുകളാണ് ഈ വിഡിയോ കണ്ടതും. മലയാളത്തിന്റെ സ്വന്തം കുട്ടനാടന്‍ പുഞ്ചയിലും പള്ളിവാള് ഭദ്രവട്ടകവും വരെ പാടിക്കളഞ്ഞു വിദ്യ. അതും ഇംഗ്ലിഷ് വരികളും കൂടി ചേർത്ത്. ലോക സംഗീത സംഘങ്ങളുടെ ലോക പ്രശസ്തമായ പാട്ടുകളും നമ്മുടെ തനിനാടൻ ഗാനങ്ങളും വരെ ഈ സ്വരത്തിൽ ഭദ്രം. ഇംഗ്ലിഷ്-ഹിന്ദി വിഡിയോകളുടെ മാഷ് അപുകളാണ് ഇവയെല്ലാം. വിദ്യയുടെ സ്വന്തം യുട്യൂബ് അക്കൗണ്ട് വഴി ഇതിനോടകം 32 വിഡിയോകളാണ് എത്തിയിട്ടുള്ളത്. 

ചെന്നൈയിൽ ജനിച്ച് അമേരിക്കയിലെ വിർജീനിയയിൽ വളർന്ന വിദ്യയ്ക്ക് തനി നാടൻ താളങ്ങളാണ് ഏറെ പ്രിയം. അതിലേക്ക് തന്റെ സംഗീത ചിന്താഗതികളും കൂടി ചേർത്തുവച്ച് പാട്ടു ചെയ്യാനാണ് ഏറെയിഷ്ടം. എങ്കിലും തന്റെ ആദ്യ സിംഗിൾ ഈ ഇഷ്ടങ്ങളെയെല്ലാം മാറ്റിവച്ചുകൊണ്ടാണ് വിദ്യ പുറത്തിറക്കിയത്. യുട്യൂബ് ഗായകർക്കിടയിൽ തിളങ്ങി നിന്നൊരാൾ ആദ്യമായി ചെയ്ത സംഗീത വിഡിയോ തന്നെ ഒരു പരീക്ഷണമായിരുന്നു. അതു തന്നെയാണു വിദ്യയുടെ ആർജവവും. ഇംഗ്ലിഷ്, ഹിന്ദി, മലയാളം, തമിഴ് ഭാഷകൾ കൈകാര്യം ചെയ്യാനറിയാം എന്നതാണ് വിദ്യയുടെ മറ്റൊരു പ്രത്യേകത. തെലുങ്കിലും ഭോജ്പുരിയിലും ഫ്രഞ്ചിലുമുള്ള പാട്ടുകൾ വരെ അമേരിക്കയിലിരുന്നുകൊണ്ട് വിദ്യ പാടും. ഏതു ഭാഷയിലെ ഗാനവും ആ ഭംഗി നിലനിർത്തിക്കൊണ്ടു കേൾക്കാൻ സുഖമുള്ള മറ്റൊരു തലത്തിലേക്കു മാറ്റിപ്പാടാനുള്ള പ്രതിഭയും പാട്ടുകൾ തിരഞ്ഞെടുക്കുന്നതിലെ രസികത്വവും മറ്റേതു ഗായകരിൽ നിന്നും വിദ്യയയെ വേറിട്ടു നിർത്തുന്നു. സാധാരണ കവർ ചെയ്യുന്നവർ സ്റ്റുഡിയോയിൽ തന്നെ ദൃശ്യങ്ങളും ചിത്രീകരിക്കാറാണു പതിവ്. പക്ഷേ വിദ്യ കവർ വേര്‍ഷനുകളായാലും മാഷ് അപ് വിഡിയോകളായാലും കിടിലൻ ദൃശ്യങ്ങളിലുള്ള വിഡിയോ തന്നെ തയ്യാറാക്കും. നമ്മെ അത്രയേറേ ആകർഷിക്കുന്ന ദൃശ്യങ്ങളിൽ വിദ്യ പാടി അഭിനയിക്കും ലൊക്കേഷനുകളും എന്തിന് വിദ്യ അണിഞ്ഞിരിക്കുന്ന വസ്ത്രത്തിനു പോലും ഒരു പ്രത്യക ചേലുണ്ടാകും. 

ജോര്‍ജ് വാഷിങ്ടൺ സര്‍വ്വകലാശാലയിൽ നിന്ന് മനശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷമാണ് പാട്ടിനൊപ്പം കളിക്കാനിറങ്ങിയത്. സംഗീതത്തിലെ പുതിയ പരീക്ഷണങ്ങളോടും അതിനേക്കാളുപരി സാങ്കേതികതത്വത്തോടുമുള്ള കൗതുകമാണ് വിദ്യയെ യുട്യൂബിലെ പ്രിയ ഗായികയാക്കി മാറ്റിയത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എങ്ങനെയാണു പുതുസ്വരങ്ങൾക്ക് ഉപയോഗപ്പെടുത്താനാകുക എന്നതിനൊരു മികച്ച ഉദാഹരണമായത്.