Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈലാകത്തിനു ശേഷം 'പ്രണവാകാരം'

e-movie-song-gautami

'ഇ' എന്ന ചിത്രത്തിലെ ഒരു ഗാനം പുറത്തിറങ്ങി. ‘പ്രണവാകാരം’ എന്ന പാട്ടിന് ഈണമിട്ടത് രാഹുൽ രാജാണ്. എസ്രയിലെ ‘ലൈലാകമേ’ എന്ന മനോഹരമായ മെലഡിക്കു ശേഷം രാഹുൽ രാജിൽ നിന്നെത്തിയ പാട്ടിന് പ്രത്യേകതകൾ ഏറെയാണ്. രാഹുലിന്റെ ഏറ്റവും വ്യത്യസ്തമായ കോംപോസിഷനാണ് ഈ പാട്ട്. ഇതാദ്യമായാണ് ഇത്തരമൊരു പാട്ട് ചെയ്യാനുളള അവസരം രാഹുൽ രാജിനു ലഭിക്കുന്നതും. നാട്ടക്കുറിഞ്ഞി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു ശാസ്ത്രീയ ഗാനമാണിത്. രാഹുല്‍ രാജ് ഇതുവരെ ചെയ്ത പാട്ടുകളെല്ലാം മനോഹരമാണ്. പക്ഷേ അവയിൽനിന്നു തീർത്തും വ്യത്യസ്തമാണ് ഈ ഗാനം. നടി ഗൗതമി ഏറെ വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് ‘ഇ’. ഗൗതമിയാണ് ഗാനരംഗത്തിൽ അഭിനയിക്കുന്നതും. 

ഗാനം രചിച്ചത് വിനായക് ശശികുമാറാണ്. പുതിയ ചിത്രങ്ങളിൽ മെലഡിയും ഫാസ്റ്റ് നമ്പർ ഗാനങ്ങളുമൊക്കെ എഴുതിയ വിനായകനിൽനിന്ന് ഇത്തരമൊരു പാട്ടു കേൾക്കുമ്പോഴും ഒരു കൗതുകമാണ്. സരിതാ റാമാണ് ഗായിക. എബി എന്ന ചിത്രത്തിലെ ഒരു ഗാനം പാടി സിനിമയിൽ അരങ്ങേറ്റം കുറിച്ച സരിതയുടെ പ്രതിഭ വെളിവാക്കുന്നു ഈ പാട്ട്. ശാസ്ത്രീയ സംഗീതത്തില്‍ നല്ല ജ്ഞാനമുള്ള സരിത സൂര്യ കൃഷ്ണമൂർത്തിയുടെ കലാ സംഘത്തിലെ സ്ഥിരം ഗായിക കൂടിയാണ്. സരിതയുടെ കരിയർ ബ്രേക്കാകും ഈ പാട്ട് എന്നുതന്നെ കരുതാം. മലയാള സിനിമയിൽ അടുത്തിടെ ഇത്ര മനോഹരമായ ഒരു ക്ലാസിക്കൽ ഗാനവുണ്ടായിട്ടില്ല.

പാട്ടിനെക്കുറിച്ചു ചിന്തിക്കുമ്പോൾ ഗൗതമിയുടെ മുഖമായിരുന്നു മനസ്സിലെന്ന് സംഗീത സംവിധായകൻ രാഹുൽ രാജ് മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു. വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഗൗതമി മലയാളത്തിലേക്കു മടങ്ങിയെത്തുന്നത്. അവരെക്കുറിച്ചോർക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നതെല്ലാം മലയാളത്തിലെ എക്കാലത്തെയും മികച്ച ചില ഗാനങ്ങളാണ്. അതുകൊണ്ട് മടങ്ങിവരവിൽ അഭിനയിക്കുന്ന ആദ്യ ചിത്രത്തിലെ പാട്ട് ആ നിലവാരത്തിലുള്ളതാകണമെന്ന് സംവിധായകൻ കുക്കു സുരേന്ദ്രനും നിർമാതാവ് സംഗീത് ശിവനും ആഗ്രഹമുണ്ടായിരുന്നു. അലൈപായുതേ പോലുള്ള ഏതെങ്കിലും പ്രശസ്തമായ ഒരു കൃതി പുതിയ രീതിയിൽ ചിട്ടപ്പെടുത്താമെന്നായിരുന്നു ആദ്യം ചിന്തിച്ചത്. പക്ഷേ പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു. കാരണം പുതിയ സിനിമയിൽ ഇത്തരം പാട്ടുകൾ വരുന്ന സന്ദർ‍ഭങ്ങൾ തന്നെ കുറവാണല്ലോ. അപ്പോൾ ഇവിടെ അങ്ങനെയൊരു അവസരം വരുമ്പോൾ‌ പുതിയൊരു പാട്ട് സൃഷ്ടിക്കുന്നത് ഒരു അടയാളപ്പെടുത്തലാകും. സംഗീത സംവിധായകനും ഗാനരചയിതാവിനും പാട്ടുകാർക്കും അതൊരു നല്ല അനുഭവവുമായിരിക്കും. അങ്ങനെയാണ് ഈ പാട്ടിലേക്കെത്തിയത്- രാഹുൽ വ്യക്തമാക്കി.

സരിത റാമിന് നല്ലൊരു പാട്ട് നൽകണമെന്ന് ആദ്യമേ ചിന്തിച്ചിരുന്നതാണ്. കോഹിനൂറിലെ ‘ഹേമന്ദമെൻ’ എന്ന പാട്ട് ആദ്യം ഡ്യുയറ്റ് ആയിരുന്നു. അതിലേക്ക് സിലക്ട് ചെയ്തത് സരിതയുടെ സ്വരമായിരുന്നു. പക്ഷേ പിന്നീട് അത് ഡ്യുയറ്റ് ആക്കേണ്ട എന്നു തീരുമാനിച്ചു. ഇത്തവണ ഇങ്ങനെയൊരു പാട്ട് വന്നപ്പോൾ സരിതയായിരുന്നു മനസ്സിൽ ആദ്യം വന്നത്. ഇങ്ങനെയൊരു പാട്ട് ആയതുകൊണ്ട് പാടി ഫലിപ്പിക്കുമോ എന്ന് നോക്കാനായി ട്രാക്ക് പാടാനായിട്ടാണ് ആദ്യം വിളിച്ചത്. പക്ഷേ പാടിക്കഴിഞ്ഞപ്പോൾ സംവിധായകന്‍ കുക്കുവിനും എനിക്കും ഒത്തിരി ഇഷ്ടപ്പെട്ടു. അത്രയേറെ പെർഫെക്‌ഷൻ ആയിരുന്നു സരിതയുടെ ശബ്ദത്തിന്- രാഹുൽ പറഞ്ഞു.

രാഹുലിൽ നിന്ന് ഇങ്ങനെയൊരു പാട്ട് പ്രതീക്ഷിച്ചില്ല. ഇതുവരെ ചെയ്തതെല്ലാം പാശ്ചാത്യ ശൈലി കൂടി ഇഴചേരുന്ന പാട്ടുകളായിരുന്നുവല്ലോ എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയായിരുന്നു: ‘അങ്ങനെയൊരു സാഹചര്യം എനിക്ക് അവസരം കിട്ടുന്ന സിനിമയിൽ വരണ്ടേ...’

അതെന്തായാലും രാഹുലിന്റെയും വിനായകിന്റെയും സരിത റാമിന്റെയും സംഗീത ജീവിതത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നു തന്നെയായിരിക്കും ഇതെന്നു നിസ്സംശയം പറയാം.