Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യഗ്രഹണത്തിന്റെ സംഗീതമെന്ത്? അപൂർവ്വ സൃഷ്ടിയുമായി അമേരിക്കൻ ശാസ്ത്രജ്ഞർ

SOLAR-ECLIPSE/USA

ഈ ഭൂമിയിലെ ഓരോ വസ്തുവിനും പ്രതിഭാസങ്ങൾക്കും അത്ഭുതങ്ങൾക്കും വിസ്മയങ്ങൾക്കും അതിന്റേതായ താളമുണ്ട്. കാൽപനിക ചിന്തകളിൽ നിന്നു പറയുന്നതല്ലിത്. കാലങ്ങളായി ശബ്ദങ്ങളുടെ മാസ്മരികതയിലേക്ക് അത്രമേൽ ആകാംക്ഷയോടെ സഞ്ചരിച്ചവർ കേൾപ്പിച്ചു തന്നിട്ടുള്ളതാണത്. അമേരിക്കയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ സൃഷ്ടിച്ചതും അത്തരത്തിലൊരു സംഗീതമാണ്. അതും ലോകം അടുത്തിടെ കണ്ട ഏറ്റവും മനോഹരമായ ശാസ്ത്ര വിസ്മയത്തിന്റെ സംഗീതം. അമേരിക്കയിലെ പൂർണ സൂര്യഗ്രഹണത്തിൽ നിന്നാണ് ഇവർ സംഗീതം സൃഷ്ടിച്ചത്. സൂര്യന്റെയും ചന്ദ്രന്റെയും ചലനത്തിന്റെ സംഗീതമാണ് തീർത്തത്. സൂര്യഗ്രഹണങ്ങൾ എന്താണെന്ന് സംഗീതത്തിലൂടെ ഇവർ ആവിഷ്കരിച്ചു. 

ജോർജിയ യൂണിവേഴ്സിറ്റിയിലെ ശാസ്ത്ര സംഘമാണ് പ്രകൃതിയുടെ അപൂർവ്വ നിമിഷത്തിന്റെ താളത്തെ ഒപ്പിയെടുത്തത്. അവ്‍റോഷ് കുമാർ എന്നു പേരുള്ളൊരു ഇന്ത്യക്കാരനുമുണ്ട് ഈ സംഘത്തിൽ. ഇക്കഴിഞ്ഞ തിങ്കളാഴ്ച അമേരിക്കയിൽ നടന്ന പൂർണ സൂര്യഗ്രഹണത്തിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതു തയ്യാറാക്കിയത്. ചരിത്രത്തിൽ മുൻപുണ്ടായിട്ടുള്ള എണ്ണമറ്റ സൂര്യഗ്രഹണങ്ങളുടെ വിവരങ്ങളിൽ നിന്ന് ഒരു മോഡൽ ഇവർ നേരത്തെ തയ്യാറാക്കി വച്ചിരുന്നു. അതും ഇപ്പോൾ നടന്ന സൂര്യഗ്രഹണത്തിലെ വിവരങ്ങളും ചേർത്താണ് പുതിയ സംഗീതം തീർത്തത്.

ചുറ്റും അന്ധകാരം തീർത്ത് വിഷകിരണങ്ങൾ വർഷിച്ച് അത്രയും നിശബ്ദതതയോടെയും സൂക്ഷ്മതയോടെയും പ്രകൃതി കളിയ്ക്കുമ്പോൾ എങ്ങനെയിങ്ങനെയൊരു താളത്തിലേക്ക് ഇവരെത്തിയെന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം. അന്ധരായ രണ്ടു പേരോടൊത്ത് ദീർഘനേരമുള്ള സംഭാഷണമായിരുന്നു സൂര്യഗ്രഹണ വിഡിയോകള്‍ കാണുന്നതിനപ്പുറം നടത്തിയ മറ്റൊരു പ്രധാന പഠനം. അവർ എങ്ങനെയാണ് പ്രകൃതിയുടെ ഭാവമാറ്റങ്ങളെയും ചുറ്റുമുള്ള ചലനങ്ങളിലൂടെ തിരിച്ചറിയുക എന്നതായിരുന്നു ഈ സംഭാഷണത്തിലൂടെ മനസിലാക്കിയത്.

പതിയെ ഉയർന്നുപൊങ്ങി പിന്നെ സ്ഥിരത പുലർത്തുന്നതാണ് ഇവർ തീർ‍ത്ത സൂര്യഗ്രഹണത്തിന്റെ സംഗീതം. ചന്ദ്രൻ സൂര്യനെ ആദ്യം മറയ്ക്കുന്ന നേരം ഈ ശബ്ദം ഉയരും പിന്നെ സ്ഥിരതയാര്‍ജിക്കും. സൂര്യൻ പൂർണമായും അര്‍ഥപൂർണമായും മറയുമ്പോൾ ഈ സ്വരം നിശബ്ദമാകും. സൂര്യന്‍ യഥാർഥ അവസ്ഥയിലേക്കു മാറുമ്പോൾ ഈ ശബ്ദവും തിരികെ വരും. കെൻറക്കിയിലെ ഹോപ്കിൻസ്‍വില്ലയിലാണ് ഏറ്റവുമധികം ദൈര്‍ഘ്യമുള്ള സൂര്യഗ്രഹണം അനുഭവപ്പെട്ടത്. രണ്ടു മിനുട്ട് 40 സെക്കൻഡ്. ഇവിടുത്തെ ഗ്രഹണം പഠന വിധേയമാക്കിയാണ് സൂര്യഗ്രഹണമെന്തെന്ന് സംഗീതത്തിലൂടെ ശാസ്ത്ര സംഘം ആവിഷ്കരിച്ചത്.